വിചാരണപോലുമില്ലാതെ തടവില്‍ കിടക്കുന്നവര്‍ക്കുവേണ്ടി ആര് ശബ്ദമുയർത്തും?


_ കെ സഹദേവന്‍

അലനും താഹക്കും ജാമ്യം കിട്ടി. കഫീൽഖാനും ജാമ്യം കിട്ടി. രാഷ്ട്രീയ തടവുകാർ ഒരു കണക്കിന് ഭാ​ഗ്യവാന്മാരാണ് അവർക്ക് വേണ്ടി ശബ്ദിക്കാൻ കുറച്ചുപേരെങ്കിലും ഉണ്ടല്ലോ. ഞാൻ ആലോചിക്കുന്നത് മറ്റൊരു കൂട്ടരെക്കുറിച്ചാണ്. ഇന്ത്യയിലെ തടവറകളിൽ ചെയ്ത തെറ്റെന്താണെന്ന് പോലും അറിയാതെ, ജാമ്യമെടുക്കാൻ ആളുകളില്ലാതെ, വിചാരണ കാത്തുകിടക്കുന്ന ലക്ഷങ്ങളെക്കുറിച്ച്. പണമോ, സ്വാധീനമോ, സാമൂഹ്യ-സാംസ്കാരിക മൂലധനമോ ഇല്ലാത്ത സാധാരണക്കാരായ മനുഷ്യർ. ഉടുത്തിരിക്കുന്ന വസ്ത്രത്തിന്‍റെ, ചെയ്യുന്ന തൊഴിലിന്‍റെ, താമസിക്കുന്ന ഇടങ്ങളുടെ, ജനിച്ച ജാതിയുടെ, കുലത്തിന്‍റെ പേരിൽ ഏതൊക്കെയോ കാരണങ്ങളാൽ ജയിലിൽ എത്തപ്പെട്ടവർ. ഇവിടെയൊരു ഭരണസംവിധാനം ചലിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ മാത്രം ഭരണകൂടത്താൽ ജയിലിലാക്കപ്പെട്ടവർ.

അവരുടെ എണ്ണമെത്ര? അവർ ആരാണ്? എന്താണ് അവരുടെ കുറ്റം? എന്തുകൊണ്ടാണവരുടെ വിചാരണ നടക്കാത്തത്? ചോദ്യങ്ങളില്ല. ഉത്തരം പറയേണ്ട ബാധ്യതയും ആർക്കുമില്ല. ഒരു മാധ്യമങ്ങളും അവരെക്കുറിച്ച് ഫീച്ചറുകൾ എഴുതില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനവും അവർക്കുവേണ്ടി ശബ്ദമുയർത്തില്ല. കാരണം അവരുടെ കണ്ണിൽ ഇവർ മനുഷ്യരേയല്ല.

ഒരിക്കൽ ചിറ്റൂർ സബ്ജയിലിൽ കണ്ട കാഴ്ച ശരിക്കും നടുക്കമുളവാക്കുന്നതായിരുന്നു. 20നും 25നും പ്രായമുള്ള ഒട്ടനവധി തടവുപുള്ളികളായിരുന്നു അന്ന് ജയിലിലുണ്ടായിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലെടുക്കാൻ വന്നവരായിരുന്നു അവർ. പലർക്കും അവരുടെ പേരിലുള്ള കുറ്റമെന്താണെന്ന് പോലും അറിയില്ല. ജാമ്യമെടുക്കാൻ ആളില്ലാത്തതിന്‍റെയും ഭാഷയറിയാത്തതിന്‍റെയും ഒക്കെ പേരിൽ തടവിൽ കിടക്കാൻ വിധിക്കപ്പെട്ടവർ. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന ഏതാണ്ട് നാല് ലക്ഷത്തോളം വരുന്ന തടവുകാരിൽ 3 ലക്ഷത്തോളം പേർ വിചാരണത്തടവുകാരാണ്. ഇതിൽ തന്നെ വലിയൊരു ശതമാനം വർഷങ്ങളായി വിചാരണകാത്ത് കഴിയുന്നവരും.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail