കോർപ്പറേറ്റ് താൽപര്യങ്ങളെ നഗ്നമായി സേവിക്കുന്ന നീക്കങ്ങൾ

EIA പരിസ്ഥിതി നയം സംബന്ധിച്ച കരട്; പോരാട്ടം ജനറല്‍ കൗൺസിലിനുവേണ്ടി ചെയർപെർസൺ എം എൻ രാവുണ്ണി, ജനറല്‍ കൺവീനർ ഷാന്‍റോ ലാൽ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവന;

മെമ്മോറാണ്ടങ്ങൾ, കത്തുകൾ, കമന്‍റുകള്‍ അങ്ങിനെ വിവിധ രൂപത്തിൽ കേന്ദ്ര സർക്കാരിന്‍റെ പരിസ്ഥിതി നയത്തിനെതിരായ പ്രതിഷേധങ്ങൾ ലക്ഷകണക്കിന് കുമിയുകയാണ്. എല്ലാറ്റിനേയും സ്വകാര്യവൽക്കരിക്കുകയും അധികാര കേന്ദ്രീകരണത്തിന്‍റെതുമായ വികസനനയമാണ് കേന്ദ്ര സർക്കാർ പിടിവാശിയോടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനെ സേവിക്കുന്ന വിദ്യാഭ്യാസനയവും മുന്നോട്ടു വെക്കുന്നു. ‘വെൽഫയർ സ്റ്റേറ്റ്’ എന്ന കെയ്നിയൻ സിദ്ധാന്തത്തെ ആധാരമാക്കിയുള്ള മുതലാളിത്ത സാമ്പത്തിക നയത്തിന്‍റെ നിരാകരണം മാത്രമല്ല തികച്ചും സാമ്രാജ്യത്ത, കോർപ്പറേറ്റ് താൽപര്യങ്ങളെ നഗ്നമായി സേവിക്കുന്ന ഈ നീക്കങ്ങൾ തികച്ചും രാജ്യദ്രോഹവും ജനവിരുദ്ധവുമാണ്.

പ്രതിഷേധങ്ങളുടെ മുമ്പിൽ ഒരുപക്ഷെ തൽക്കാലം പിൻവാങ്ങാൻ തയ്യാറായാൽ തന്നെ, വ്യക്തവും ശക്തവുമായ വർഗ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ സുചിന്ത്യമായി എടുത്ത തീരുമാനത്തിൽ നിന്നും BJP-RSS സർക്കാർ അന്തിമമായി ഒരിക്കലും പിന്മാറുകയില്ല. ഇന്നല്ലെങ്കിൽ നാളെ അനുകൂല സാഹചര്യത്തിൽ നടപ്പാക്കുക തന്നെ ചെയ്യും. ഭരണപ്പാർട്ടികളായ ഇന്നത്തെ പ്രതിപക്ഷങ്ങളിലോ അവയുടെ സർക്കാരുകളിലോ വലിയ വ്യാമോഹങ്ങൾ വെച്ചു പുലർത്തേണ്ടതില്ല. ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോൾ ആദിവാസി ഭൂസംരക്ഷണ നിയമത്തിന്‍റെ കാര്യത്തിൽ ഇവരൊക്കെ ഏത് ഭാഗത്തായിരുന്നു? എന്ത് നിലപാടാണ് സ്വീകരിച്ചത്? ഇതിന്‍റെയൊക്കെ പുറകിലെ വർഗ താൽപ്പര്യങ്ങളെയാണ് നാം കാണേണ്ടത്. വർഗപ്രശ്നങ്ങളേയും വർഗതാൽപര്യങ്ങളേയും വർഗസമരങ്ങളേയും മറന്നതാണ് ഈ നാട് ഇന്നനുഭവിക്കുന്ന ദുരന്തങ്ങളുടെ അടിസ്ഥാന കാരണം. അവയെ ഇനിയെങ്കിലും ഒരിക്കലും മറക്കാതിരിക്കുക.

പ്രതിക്ഷേധങ്ങളുടെ, എതിർപ്പുകളുടെ ഒരു വെള്ളപ്പൊക്കം തന്നെ ഇവിടെ പരിസ്ഥിതി അടക്കമുള്ള ജനദ്രോഹ നിലപാടുകൾക്കെതിരെ ഉയർന്നു വരേണ്ടതുണ്ട്. മേൽപറഞ്ഞ രാജ്യദ്രോഹ- ജനദ്രോഹ നയങ്ങളുടെ പുറകിലെ വർഗതാൽപ്പര്യങ്ങളേയും വർഗങ്ങളേയും അവരുടെ രാഷ്ട്രീയങ്ങളേയും ഒഴുക്കിയെടുത്തു കൊണ്ടുപോകാൻ കഴിയുന്ന വെള്ളപ്പൊക്കം.

CAAയും അതിനോടനുബന്ധ ബില്ലുകളും കൊണ്ടുവന്നു. ഇന്നിതാ EIA, വിദ്യാഭ്യസ നയം, അങ്ങിനെ അവർ ഭരണ വർഗങ്ങളും അവരുടെ രാഷ്ട്രീയ പാർട്ടികളും ശല്ല്യം ചെയ്ത് കൊണ്ടേ ഇരിക്കുക്കുകയാണ്. കഴിഞ്ഞ എഴുപതിലേറെ വർഷങ്ങളായി നാമിതൊക്കെ വ്യത്യസ്ത ഭാവത്തിലും രൂപത്തിലും അനുഭവിച്ചതാണല്ലൊ. ഇനിയൊരു ഓട്ടയടക്കലിനും ഇടം നൽകാത്ത വിധം പാത്രം അത്രമേൽ തകർന്നു ഉപയോഗശൂന്യമായ കഴിഞ്ഞിരിക്കുന്നു.

വിയർപ്പും രക്തവും ചിന്താതെ വെറും പ്രേരണയൊ ബോധ്യപ്പെടുത്തലൊ ഭാഗ്യംകൊണ്ടു മാത്രമൊ കാര്യങ്ങൾ നേടിയെടുക്കാമെന്ന് കരുതേണ്ടതില്ല. CAAക്കെതിരായതിലും ശക്തമായ ആസൂത്രിതമായ തയ്യാറെടുപ്പുകളുമാണ് ഇനിയുണ്ടാകേണ്ടത്. ജനാധിപത്യ, രാജ്യസ്നേഹ, മനുഷ്യ സ്നേഹ പുരോഗമന ശക്തികളും വ്യക്തികളും അതിനായി ആഞ്ഞ് തുനിഞ്ഞിറങ്ങാൻ വൈകിക്കൂട. ഭരണ പാർട്ടികൾക്കകത്ത് തന്നെ ശരിയായ ധ്രുവീകരണങ്ങളും ശരിയായ തീരുമാനങ്ങളും അപ്പോൾ മാത്രമെ ഉയർന്നു വരികയുള്ളു. പൗരത്വ പ്രശ്നകാലത്തെ നമ്മുടെ അനുഭവവും അതാണ്. വ്യാമോഹങ്ങൾ കൈയൊഴിയുക! സമരത്തിന് തയ്യാറാവുക! വിജയം വരിക്കാൻ മനസുറപ്പിക്കുക !

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail