ആദിവാസികളെ ചരിത്രത്തില്‍ നിന്നും പുറന്തള്ളി, ജീവിതപരിസരങ്ങളില്‍ നിന്നും ആട്ടിയോടിച്ചു
ലോക ആദിവാസി ദിനം: ദിനാചരണങ്ങളിൽ നിന്നും ദൈനംദിന വ്യവഹാരങ്ങളിലേക്ക് കടക്കുമോ ആദിവാസി ഉത്കണ്ഠകൾ?
കെ സഹദേവൻ
ആഗസ്ത് 9, ലോക ആദിവാസി ദിനം. 1994ലാണ് ഐക്യരാഷ്ട്ര സഭയുടെ മുന്‍കൈയ്യില്‍ തദ്ദേശീയ ജനതയുടെ അവകാശ സംരക്ഷണത്തിനായി ആദിവാസി ദിനാചരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കുന്ന എല്ലാ ദിനാചരണങ്ങളും വളരെ സമുചിതമായി കൊണ്ടാടാറുള്ള ഇന്ത്യയില്‍ തദ്ദേശീയ ജനതയ്ക്കായുള്ള ഈ ദിനാചരണം പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രമാണ് ഔദ്യോഗിക തലത്തിൽ വിപുലമായ രീതിയിൽ ആചരിക്കാന്‍ തുടങ്ങിയത്. എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം കണ്ടെത്താന്‍ രണ്ട് പ്രധാന വ്യക്തികളുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
ഒന്നാമത്തെ വ്യക്തി ഡോ. ജയ്പാല്‍ സിംഗ് മുണ്ടയാണ്. ഇന്ത്യൻ ഭരണഘടനാ സമിതിയിലെ, ഝാര്‍ഘണ്ഡില്‍ നിന്നുള്ള, ഏക ആദിവാസി പ്രതിനിധി. 1946 ഡിസമ്പര്‍ 19ന്, ഡോ. ജയ്പാല്‍ സിംഗ് മുണ്ട ഭരണഘടനാ നിർമ്മാണ സമിതി യോഗത്തിൽ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി,
”എന്റെ ജനങ്ങളുടെ ചരിത്രം കുടിയേറി വന്നവരാല്‍ നയിക്കപ്പെട്ട കലാപങ്ങളുടെയും ക്രമരാഹിത്യങ്ങളുടെയും ഫലമായി നിരന്തരമായ ചൂഷണങ്ങള്‍ക്കും കുടിയിറക്കലിനും വിധേയമാക്കപ്പെട്ടതിന്റെ ചരിത്രമാണ്.”
സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും തുടര്‍ന്നുകൊണ്ടിരിക്കുന്ന കുടിയിറക്കപ്പെടലിന്റെയും വംശഹത്യയുടെയും കഥകള്‍ പുറംലോകം ചര്‍ച്ച ചെയ്യുന്നതിലുള്ള വിമുഖതയായിരുന്നു ആദിവാസി ദിനാചരണത്തോട് മുഖം തിരിഞ്ഞ് നില്‍ക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിച്ച ഘടകം.
രണ്ടാമത്തെ വ്യക്തി, ആസ്ട്രിയന്‍ ആന്ത്രപോളജിസ്റ്റ് ഹെയ്മന്‍ഡോര്‍ഫ് ആണ് (Christof Von Furer Haimendorf). 1940ലും പിന്നീട് 1970ലും ഇന്ത്യയിലെ ആദിവാസി ഗോത്ര ജനതയെക്കുറിച്ച് ആധികാരികമായ പഠനം നടത്തിയ ഹെയ്മന്‍ഡോര്‍ഫ് ഇന്ത്യന്‍ സമൂഹത്തോട് പൊതുവില്‍ ചോദിക്കുന്ന ചോദ്യമിതാണ്;
”മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയത്തിലൂന്നി ജീവിച്ചിരുന്ന ഒരു സമൂഹത്തിന് നിലനില്‍ക്കാന്‍ ഇന്ന് ഗവണ്‍മെന്റ് സബ്‌സിഡികൾ ആവശ്യമുണ്ടെന്ന വസ്തുതയെ നിങ്ങള്‍ എങ്ങിനെയാണ് വിശദീകരിക്കുവാന്‍ പോകുന്നത്?”. (Haimendorf, 1970)
ഡോ. ജയ്പാൽ സിംഗ് മുണ്ടയുടെ പ്രസ്താവനയുടെയും ഹെയ്മന്‍ഡോര്‍ഫിന്റെ ചോദ്യങ്ങളുടെയും പൊരുൾ കണ്ടെത്താന്‍ സ്വാതന്ത്ര്യത്തിന് മുന്നും പിന്നുമുള്ള ഇന്ത്യയുടെ രാഷ്ട്രീയ- സാമ്പത്തിക- വികസന ചരിത്ര വഴികളിലൂടെ സഞ്ചരിച്ചാല്‍ മതിയാകും.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യം നാമവരെ ചരിത്രത്തില്‍ നിന്ന് പുറന്തള്ളി. കോണ്‍ഗ്രസ്സും ഇതര ദേശീയ പ്രസ്ഥാനങ്ങളും പിറവിയെടുക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ മുൻപെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരായി പോരാട്ടത്തിന് തുടക്കം കുറിച്ച ഇന്ത്യയിലെ ആദിപോരാളികളെക്കുറിച്ച്, ഇന്ത്യയിലെ ആരണ്യകങ്ങളില്‍ നടന്ന നൂറുകണക്കായ പ്രക്ഷോഭങ്ങളെക്കുറിച്ച്, ഇന്ത്യയുടെ ഔദ്യോഗിക ചരിത്രഗ്രന്ഥങ്ങള്‍ മൗനംപാലിച്ചു. താന്തിയാ തോപെയും റാണി ലക്ഷ്മീഭായിയും നിറഞ്ഞുനിന്ന സ്വാതന്ത്ര്യ ചരിത്ര കഥകളില്‍ നിന്ന് ഇരുവരുടെയും സമകാലീനരായിരുന്ന താത്യാ ഭീലും ഖാജ്യാ നായ്കും അടക്കമുള്ള നൂറുകണക്കായ ആദിവാസി പോരാളികള്‍ നിഷ്‌കാസിതരായി.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം 1857ലെ ‘ശിപായി ലഹള’ അല്ലെന്നും 1812ലെ ‘പൈക ബിദ്രോഹ്’ ആണെന്നും കണ്ടെത്തിയവർ 1774ൽ ബംഗാൾ പ്രസിഡൻസിയിൽ പഹാഡിയ സർദാർ എന്ന് വിളിക്കപ്പെടുന്ന ആദിവാസികളുടെ മുൻ കൈയ്യിൽ നടന്ന ‘ഹൽബ പ്രക്ഷോഭ’ത്തെ വിസ്മൃതിയിലേക്ക് തള്ളി.
1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ അതിനും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1913ല്‍ രാജസ്ഥാനിലെ മാന്‍ഗഢില്‍ നടന്ന കൂട്ടക്കൊലയെ (Mangargh Massacre) നാം സൗകര്യപൂര്‍വ്വം മറന്നു. ബ്രിട്ടീഷ് പട്ടാളം നടത്തിയ ആ കൂട്ടക്കൊലയ്ക്ക് ഇരകളാക്കപ്പെട്ടവര്‍ ഭീല്‍ വംശജരായ ആദിവാസികളായിരുന്നു എന്നത് തന്നെ കാരണം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരാണെന്ന ചോദ്യത്തിന് ബാജിറൗട്ട് എന്ന് നാം ഉത്തരം പറയാറില്ല. 12 വയസ്സുകാരനായ ബാജി ബ്രിട്ടീഷ് പോലീസിനെ തോണിയില്‍ കയറ്റാന്‍ വിസമ്മതിച്ചതിന് തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ബാലനാണ്. ”നുഹേന്‍ ബന്ധു, നുഹേന്‍ ഏ ചിത, ഏ ദേശ തിമിര തലേ ഏ അലിഭാ മുക്തി സലിത” (ചങ്ങാതീ , ഇതൊരു ചിതയല്ല, രാഷ്ട്രം നിരാശയുടെ അന്ധകാരത്തില്‍പെട്ടുഴലുമ്പോള്‍, ഇത് സ്വാതന്ത്ര്യ ദീപമാണ്. ഇത് നമ്മുടെ സ്വാതന്ത്ര്യ ജ്വാലയാണ്) എന്ന് ഒഡിയ കവി സച്ചി റൗട്‌റേ ഹൃദയംപൊട്ടിപ്പാടിയത് ബാജിറൗട്ടിന്റെ ചിതക്കരികില്‍ നിന്നുകൊണ്ടായിരുന്നു. (ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ആദിവാസികളും, കെ.സഹദേവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്).
ചരിത്രത്തിന്റെ ഓര്‍മ്മത്താളുകളില്‍ നിന്ന് പടിയിറക്കിയവരെ പിന്നീട് നാം ജീവിതപരിസരങ്ങളില്‍ നിന്ന് ആട്ടിയോടിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്ത് കുടിയിറക്കപ്പെട്ടവരില്‍ 57 ശതമാനവും ആദിവാസികളാണെന്ന വസ്തുത നാം ശ്രദ്ധിക്കാറേയില്ല. അണക്കെട്ടുകള്‍, വൈദ്യുത പദ്ധതികള്‍, വ്യവസായ പാര്‍ക്കുകള്‍, ഖനനപദ്ധതികള്‍, സംരക്ഷിത വനങ്ങള്‍, സഫാരി പാര്‍ക്കുകള്‍, വന്യജീവി കേന്ദ്രങ്ങള്‍, പ്രത്യേക സാമ്പത്തിക പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പക്കപ്പെട്ടത് ഏകദേശം 50 ദശലക്ഷം ആദിവാസികളെയാണ്. അതായത് കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് ഇരട്ടിയോളം വരുന്ന ജനങ്ങളെ! ഇന്ത്യന്‍ ജനസംഖ്യയുടെ 9 ശതമാനത്തില്‍ താഴെവരുന്ന ജനവിഭാഗമാണ് ആദിവാസികള്‍ എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ഭൂപ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു സമൂഹം, നിലവിലെ മാനവ വികസന സൂചികയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണെന്ന വസ്തുത നമ്മെ അലട്ടാറില്ല. ഭൂമിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളെ നാം ശ്രദ്ധിക്കാറേയില്ല. ഡസന്‍ കണക്കായ നിയമങ്ങള്‍ ആദിവാസി ജനതയ്ക്കായി നിര്‍മ്മിക്കപ്പെട്ട രാജ്യത്ത് ഏറ്റവുമധികം ചൂഷണത്തിന് വിധേയരാക്കപ്പെടുന്നവരും അവര്‍ തന്നെ. വനാവകാശ നിയമങ്ങളും പെസ ആക്ടുകളും നിലനില്‍ക്കുമ്പോള്‍ തന്നെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായ പാര്‍ക്കുകള്‍ക്കും വേണ്ടി നിഷ്‌കരുണം കുടിയൊഴിക്കപ്പെടുന്നവര്‍ ആദിവാസി വിഭാഗങ്ങളാണ്.
ഹിരാക്കുഡില്‍, കോയല്‍കാരോയില്‍, ഗന്ധമര്‍ദ്ദനില്‍, താവയിലും ബാര്‍ഗിയിലും, നര്‍മ്മദയിലും ഒക്കെ ”വിശാല രാജ്യതാല്‍പ്പര്യത്തിനായി സ്വയം ബലിയര്‍പ്പിക്കാന്‍” നെഹ്‌റു തൊട്ടിങ്ങോട്ടുള്ള ഭരണാധികാരികള്‍ ആദിവാസികളോട് ആവശ്യപ്പെട്ടു.
” പൊതു ആവശ്യ”(Public Purpose) മെന്നും, ”ഉത്കൃഷ്ട മേഖലകൾ” (Eminent Domain) എന്നും വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ആദിവാസി വനമേഖലകൾ വൻകിട കമ്പനികൾക്ക് ഒന്നൊന്നായി തീറെഴുതിക്കൊടുത്തു. രാജ്യത്തിന്റെ സാമ്പത്തിക- വ്യാവസായിക നയങ്ങൾക്ക് കീഴെയായിരുന്നു, ഭരണഘടനയിലടക്കം വാഗ്ദാനം ചെയ്യപ്പെട്ട, ആദിവാസി സംരക്ഷണ നിയമങ്ങൾ! (ഇന്ത്യയുടെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നതെന്ത്? കെ.സഹദേവൻ വിദ്യാർത്ഥി പബ്ലിക്കേഷൻസ്).
ഏറ്റവും ഒടുവിലായി ഇന്ത്യയുടെ വന സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് വന (സംരക്ഷണ) ഭേദഗതി നിയമം – 2023 ലോകസഭയിൽ പാസാക്കപ്പെട്ടത് ഇക്കഴിഞ്ഞ ജൂലൈ 18നായിരുന്നു. 10 കോടിയോളം വരുന്ന ആദിവാസി ജീവിതങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാഴ്ത്തിയിരിക്കുകയാണ് ഈ നിയമ നിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്.
വികസന സൂചികയില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതെന്ന് അവകാശപ്പെടുന്ന കേരളത്തിലും ആദിവാസി വിഭാഗങ്ങളുടെ ജീവിതം അങ്ങേയറ്റം പരിതാപാവസ്ഥയിലാണെന്ന് നമുക്കറിയാം. അടിസ്ഥാന സൗകര്യങ്ങള്‍പോലും ലഭ്യമാകാതെ കോളനികളില്‍ ജീവിക്കേണ്ടിവരുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് അവർ അര്‍ഹിക്കുന്ന ഭൂമി നല്‍കാന്‍ നാളിതുവരെയുള്ള എല്ലാ ഗവണ്‍മെന്റുകളും വിമുഖത കാട്ടി. മധുമാര്‍ കൊല്ലപ്പെടുന്നതും, കുടകിലെ തോട്ടങ്ങളിലേക്ക് അടിമപ്പണിക്കായി കടത്തപ്പെടുന്നതും ഇതേ കേരളത്തിലാണ്.
ഈയടുത്ത ദിവസങ്ങളില്‍ വയനാട്ടിലെ കാട്ടിക്കുളത്ത് നടന്ന ഒരു സെമിനാറില്‍ വെച്ച് ഒരു ആദിവാസി സ്ത്രീ പറഞ്ഞത്, “തന്റെ അമ്പത്തിമൂന്ന് വയസ്സിനിടയില്‍ ഏറ്റവും സമാധാനത്തോടെ ഉറങ്ങിയത് ലോക്ഡൗണ്‍ സമയത്ത് മാത്രമായിരുന്നു” എന്നാണ്. മുഖ്യധാരാ സമൂഹം ചലനരഹിതമായ ഒരു കാലത്ത് മാത്രമായിരുന്നു കേരളത്തിലെ ആദിവാസികള്‍ക്ക് സമാധാനപൂര്‍വ്വം ജീവിക്കാന്‍ സാധിച്ചത് എന്ന അവരുടെ വാക്കുകള്‍ അങ്ങേയറ്റത്തെ ലജ്ജയോടെ മാത്രമേ കേള്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍, രാജ്യത്ത് ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തിരുത്തിക്കൊണ്ട് മണിപ്പൂരിലെ ആദിവാസി സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും വംശഹത്യ നടത്തുന്നതും നാം കാണുന്നു. വംശീയ വിദ്വേഷം രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി മാറ്റിയ ആർ.എസ്.എസും സംഘ് പരിവാരങ്ങളും രാജ്യത്തൊട്ടാകെ ആദിവാസി ജനതയ്ക്ക് മേല്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതും നാം കാണുന്നു.
ചരിത്രം പക്ഷെ ഒരേ സഞ്ചാരപഥത്തില്‍ തന്നെ എപ്പോഴും ചരിച്ചുകൊണ്ടിരിക്കുമെന്ന് കരുതേണ്ടതില്ല. ആദിവാസി സമൂഹങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരായി ആഗോളതലത്തിൽ തന്നെ തദ്ദേശീയ ജനത ഉണർന്നു കഴിഞ്ഞിരിക്കുന്നു.
ആസ്‌ത്രേലിയന്‍ (മുൻ) പ്രധാനമന്ത്രി കെവിന്‍ റഡ്ഡിന്റെ (Kevin Rudd) വാക്കുകള്‍ പുതിയ ചരിത്രഗതിയെപ്പറ്റിയുള്ള സൂചനകള്‍ നമുക്ക് തരുന്നു. 2008ല്‍ ചരിത്രത്തിന്റെ തെറ്റിന് ആസ്‌ത്രേലിയന്‍ ജനതയ്ക്ക് വേണ്ടി ഗോത്രജനതയോട് മാപ്പ് പറഞ്ഞുകൊണ്ട് കെവിന്‍ റഡ്ഡ് ഇങ്ങനെ പറഞ്ഞു: ”To the mothers and fathers, to the brothers and sisters, we say sorry, And for the indignity and degradation on a proud people and proud culture we say sorry”.
അടുത്ത ഊഴം കനേഡിയന്‍ പ്രധാനമന്ത്രിയുടേതായിരുന്നു. ഇതേവര്‍ഷം സ്റ്റീഫന്‍ ഹാര്‍പെര്‍ ( Stephen Harper) മുന്‍കാല ഗവണ്‍മെന്റിന്റെ ചെയ്തികള്‍ക്ക് കനേഡിയന്‍ തദ്ദേശീയ ജനതയോട് മാപ്പിരന്നു.
2009 ഡിസമ്പര്‍ 19ന് ‘നേറ്റീവ് അമേരിക്കന്‍ അപോളജി റെസല്യൂഷനില്‍’ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബറാക് ഒബാമയും ഒപ്പുവെച്ചു.
ചരിത്രത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും പടിയിറക്കപ്പെട്ട ഇന്ത്യന്‍ ആദിവാസി ഗോത്ര ജനതയോട് നാം എപ്പോഴായിരിക്കും മാപ്പ് പറയുന്നത്?
Follow us on | Facebook | Instagram | Telegram | Twitter | Threads