രാജ്യദ്രോഹകേസുകൾ; ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പാത സുഗമമാക്കുന്ന ഇടതു സർക്കാർ

ഇടതു ജനാധിപത്യ മുന്നണി സർക്കാർ ഭരിക്കുന്ന കേരളത്തിൽപ്പോലും ആരാണ് രാജ്യദ്രോഹികൾ, എന്താണ് രാജ്യദ്രോഹം എന്നൊക്കെ ദൈനംദിനാടിസ്ഥാനത്തിൽ നിശ്ചയിച്ചു പോലീസിൽ റിപ്പോർട്ട് ചെയ്യുന്ന ജോലി സംഘ് പരിവാർ സ്വയം ഏറ്റെടുത്ത പ്രതീതിയാണ്…


കെ എം വേണുഗോപാലൻ

ഇന്ത്യൻ ഭരണഘടന ഏതൊരു പൗരനും ഉറപ്പുനൽകുന്ന സുപ്രധാനമായ അവകാശങ്ങളിലൊന്ന് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ ഈ സ്വാതന്ത്ര്യത്തെ അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ താല്പര്യങ്ങൾക്കൊത്ത് പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ഇന്ന് സൗകര്യപ്രദമായി ഉപയോഗിക്കുന്ന ക്രിമിനൽ നിയമമാണ് ഇന്ത്യൻ പീനൽ കോഡിലെ 124 A എന്ന ജാമ്യമില്ലാവകുപ്പിന്റെ രൂപത്തിലുള്ള രാജ്യദ്രോഹനിരോധന നിയമം.

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നു നാലര വർഷത്തിലധികം പിന്നിടുകയും മറ്റൊരു പൊതുതെരഞ്ഞെടുപ്പിനു ആഴ്ചകൾ മാത്രം ബാക്കിയിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ, രാജ്യം മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധമുള്ള ഫാസിസ്റ്റ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

നിയമവാഴ്ചയെ നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതിനും അനുകൂലമായ ഒരു രാഷ്ട്രീയ -സാമൂഹ്യ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പ്രാപ്തിയുള്ളതും, ഭരണഘടനാധിഷ്ഠിതമായ മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധവും ആയ ഒരു പുതിയ ബി.ജെ.പിയിതര സർക്കാരിനെ കേന്ദ്രത്തിൽ അധികാരത്തിലേറ്റാൻ രാജ്യത്തെമ്പാടുമുള്ള ജനാധിപത്യ ഇടതുപക്ഷ പുരോഗമന ശക്തികൾ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോൾ , ഇടതുപക്ഷത്തിന്റെ ഭരണ പ്രാതിനിധ്യം അവശേഷിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണി സർക്കാരിന് അത്തരം പരിശ്രമങ്ങളുടെ ആശാകേന്ദ്രമാകാൻ പല കാരണങ്ങളാലും അർഹതയുണ്ട്.

എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ഇന്ന് കേരളത്തിൽ നിയമസഭയിലോ പാർലമെന്റിലോ കാര്യമായ പ്രതിനിധ്യമില്ലാതിരുന്നിട്ടും ബി.ജെ.പി -സംഘ് പരിവാർ ശക്തികൾ പലപ്പോഴും രാഷ്ട്രീയമായി വിയോജിക്കുന്നവരെ നിശ്ശബ്ദരാക്കാൻ പോലീസിനെക്കൊണ്ട് വ്യാജ കേസ്സുകൾ എടുപ്പിക്കുന്നതായി ദിവസേനയെന്നോണം അനുഭവങ്ങൾ ഉണ്ടാവുന്നു.

വിദ്യാർഥികളും യുവജനങ്ങളും സ്ത്രീകളും ഒറ്റയ്‌ക്കൊറ്റക്കോ, സംഘടനകൾ വഴിയോ ശ്രമിക്കുന്ന ഓരോ പുരോഗമനപരമായ ആവിഷ്കാരത്തെയും അടിച്ചമർത്താൻ “രാജ്യദ്രോഹ നിയമം” എന്നു വിളിക്കപ്പെടുന്ന ഐ പി സി 124 A ആണ് കേരളത്തിലെ പോലീസധികാരികളുടെ ഒത്താശയോടെ ഫാസിസ്റ്റ് ശക്തികളുടെ കയ്യിൽ ആയുധമാകുന്നത് എന്ന് കാണാൻ കഴിയും.

ശബരിമലയിൽ സ്ത്രീകൾക്കുണ്ടായിരുന്ന പ്രവേശനവിലക്ക് നീക്കിയ സുപ്രീം കോടതിവിധി നടപ്പാക്കിക്കിട്ടാൻ ഏതാനും സ്ത്രീകൾ നടത്തിയ ധീരമായ പരിശ്രമങ്ങൾക്കിടെയും സംഘപരിവാർ ശക്തികൾ പരാതികൾ ചമച്ചുണ്ടാക്കി പോലീസിനെക്കൊണ്ട് ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസ്സെടുപ്പിച്ചിരുന്നു.

സമീപകാലത്ത് നടന്ന ചില സംഭവങ്ങൽ നോക്കുക, സംഘ് പരിവാർ ആൾക്കൂട്ട ആക്രമണങ്ങളിൽ നിന്നു കാശ്മീരികൾക്ക് സംരക്ഷണം നൽകാനുള്ള ആവശ്യം പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ പതിച്ചതിന്റെ പേരിൽ മലപ്പുറത്തെ രണ്ടു വിദ്യാർഥികൾക്കെതിരെ പോലീസ് രാജ്യദ്രോഹനിയമമനുസരിച്ചു ജാമ്യമില്ലാക്കേസ് എടുത്തു.

മറ്റൊരു സംഭവത്തിൽ ഒരു കാശ്മീരി എഴുത്തുകാരൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽനിന്നുള്ള അനുഭവക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ഒരു മലയാള കവിത പരിചയപ്പെടുത്തുന്ന ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ ചിത്രകാരനായ സുധി ഷണ്മുഖനെതിരെ തൃശൂരിൽ മതിലകം പോലീസ് കേസ് എടുത്തു .

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല (സിയുകെ)യിൽ രണ്ടാം വർഷ പി ജി വിദ്യാർത്ഥിയും ആന്ധ്രാപ്രദേശ് സ്വദേശിയുമായ രാം എഴുതിയ ഒരു ഫേസ് ബുക്ക് പോസ്റ്റിനെത്തുടർന്നു ഫെബ്രുവരി മൂന്നാം വാരത്തിൽ കാസർഗോഡ് പോലീസ് എടുത്ത രാജ്യദ്രോഹക്കേസും സമാന സ്വഭാവത്തിലുള്ളതാണ്.

ഇടതു ജനാധിപത്യ മുന്നണി സർക്കാർ ഭരിക്കുന്ന കേരളത്തിൽപ്പോലും ആരാണ് രാജ്യദ്രോഹികൾ, എന്താണ് രാജ്യദ്രോഹം എന്നൊക്കെ ദൈനംദിനാടിസ്ഥാനത്തിൽ നിശ്ചയിച്ചു പോലീസിൽ റിപ്പോർട്ട് ചെയ്യുന്ന ജോലി സംഘ് പരിവാർ സ്വയം ഏറ്റെടുത്ത പ്രതീതിയാണ്. ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന ഉന്നത പോലീസ് അധികാരികളോ, അവരെ നിയന്ത്രിക്കുന്ന ഭരണകൂടമോ ആകട്ടെ , ഇത്തരം കേസുകൾ എന്തുകൊണ്ട് കൂടെക്കൂടെ ഉണ്ടാവുന്നുവെന്നോ, പരാതി നൽകുന്നവർ ബി.ജെ.പി -സംഘ് പരിവാർ പ്രവർത്തകർ ആണെന്നതിലടങ്ങിയ സാമൂഹ്യവും രാഷ്ട്രീയവുമായ ആപൽ സൂചനയെന്തെന്നോ ഒരിക്കലും പരിശോധിക്കാൻ തയ്യാറായിട്ടില്ല.

വിദ്യാർത്ഥി -യുവജനങ്ങളും , സ്ത്രീകളും അസംഘടിതരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടങ്ങുന്ന സാധാരണക്കാരായ മനുഷ്യരുടെ വിയോജിക്കാനുള്ള അവകാശത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ ഒരു പറ്റം ഫാസിസ്റ്റുകൾ രാജ്യദ്രോഹ നിയമത്തെ മറയാക്കുമ്പോൾ, സവിശേഷമായ ഈ അടിച്ചമർത്തലിൽനിന്നു ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഇടത് ജനാധിപത്യ സർക്കാരിന് ബാധ്യതയുണ്ട്.

ആളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ, പ്രത്യേകിച്ചും അധികാരികളോടും ഭരണത്തോടുമുള്ള വിയോജിപ്പിന്റെ ശബ്ദങ്ങൾ, അതിലും വിശേഷിച്ച് ബി.ജെ.പി- ആർ.എസ്.എസ്സ് മാതൃകയിലുള്ള ഷോവിനിസത്തോടും ജിംഗോയിസത്തോടും യുദ്ധവെറിയോടും, ജാതീയവും വർഗ്ഗീയവും അങ്ങേയറ്റം പ്രതിലോമപരവുമായ സങ്കുചിത ദേശീയതയോടും എതിർപ്പ് പ്രകടിപ്പിക്കുന്ന ആവിഷ്കാരങ്ങൾ ശരിയായ അർത്ഥത്തിലുള്ള ഭരണഘടനാ വാഴ്ചയുടെ ആരോഗ്യകരമായ നിലനിൽപ്പിന്റെ അടയാളമാണ്.

മറിച്ചൊരു ധാരണ ഉണ്ടാക്കാൻ അറിഞ്ഞോ അറിയാതെയോ ഇടനൽകുന്ന അടിച്ചമർത്തൽ നയം സർക്കാർ ഏതു ലേബലിൽ നടപ്പാക്കിയാലും അന്തിമ വിശകലനത്തിൽ അത് ഫാസിസ്റ്റുകൾക്ക്‌ അവരുടെ വഴികൾ സുഗമമാകാനേ ഉപകരിക്കൂ. സാമാന്യ ജനങ്ങൾക്കിടയിൽ നുണകൾ കെട്ടഴിച്ചുവിട്ട് സ്വീകാര്യത വർധിപ്പിച്ചുകൊണ്ട് അധികാരത്തിലേക്ക് ചവുട്ടിക്കയറാൻ ഫാസിസ്റ്റ് ശക്തികൾക്ക് വഴിയൊരുക്കുന്നതിന് തുല്യമായിരിക്കും അത് എന്ന് തോന്നുന്നു. മുൻപൊരിക്കലും കേരളത്തിലെ ജനസാമാന്യത്തിനിടയിൽ ലഭിച്ചിട്ടില്ലാത്ത സ്വീകാര്യത ഹിന്ദുത്വ ഫാസിസ്റ്റുകൾക്കു ലഭിക്കാൻ കേരളത്തിലെ ഇടതു ജനാധിപത്യ സർക്കാർ അറിഞ്ഞോ അറിയാതെയോ ഉപകരണമായിത്തീരുന്നത് ഒട്ടും ആശാസ്യമല്ല.

Leave a Reply