അനുരാധ ഘാന്‍ഡിയുടെ “സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്”- ജാതിയെക്കുറിച്ചുള്ള അധ്യായം 2

അനുരാധ ഘാന്‍ഡിയുടെ സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്(Scripting the Change: Selected Writings of Anuradha Ghandy) എന്ന പുസ്തകത്തിലെ ജാതിയെക്കുറിച്ചുള്ള അധ്യായം
മൊഴിമാറ്റം_ നര്‍മ്മദ

ഭാഗം 2

രാഷ്ട്ര ആവിർഭാവനം

പുരാതന ഇന്ത്യയിലെ രാഷ്ട്ര ആവിർഭാവനം(ഉദയം), ആറാം നൂറ്റാണ്ടിലെ കോശല, മഗധ രാജവാഴ്ച്ചയുടെ ഉത്ഭവത്തോടെയായിരുന്നു. പ്രഥമ-ആദിമ രാഷ്ട്രങ്ങളിലെ ഭരണവർഗ്ഗങ്ങൾ തങ്ങളുടെ ഭരണം ആധികാരികമാക്കുവാനായി യാഗങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ആശ്രയിച്ചുപോന്നു. ആദിമ രാഷ്ട്രങ്ങളുടെ പ്രധാന കർത്തവ്യം വർണ്ണ സമ്പ്രദായത്തിലും സ്വകാര്യ സ്വത്തവകാശങ്ങളെയും ഉയർത്തിപിടിക്കുക എന്നതായിരുന്നു. ഉപഹാരങ്ങൾ /ദക്ഷിണ എന്നിവ കപ്പമായി മാറി. കപ്പം കൊടുക്കേണ്ടതിൽ നിന്നും ഉന്നത വർണ്ണങ്ങളായ ബ്രാഹ്മണരും ക്ഷത്രിയരും ഒഴിവാക്കപ്പെട്ടിരുന്നു. സ്ഥിര സൈന്യങ്ങൾ നിയോഗിക്കപ്പെട്ടു.

വർണ്ണാശ്രമ പ്രത്യയശാസ്ത്രം, ബ്രാഹ്മണ്യ ക്ഷത്രിയ താത്പര്യങ്ങൾക്കനുസൃതമായി വർഗ്ഗ സ്ഥിതിയെ പ്രതിനിധീകരിക്കയും താങ്ങിനിർത്തുകയും ചെയ്തു. വൈശ്യരെയും ശൂദ്രരെയും ബ്രാഹ്മണ ക്ഷത്രിയ വിഭാഗങ്ങൾ വലയം ചെയ്യുകയും, വൈശ്യർ മർദ്ദനത്തെ സ്വയം സ്വീകരിച്ച ഉപജാതിയായും, ശൂദ്രർ ഇഷ്ടപ്രകാരം ഒഴിവാക്കുവാനും ശിഥിലമാക്കപ്പെടുവാനും കഴിയുന്നവയായും കണക്കാക്കപ്പെട്ടു. വർഗ്ഗ വ്യത്യാസം തീവ്രമാകുന്ന പശ്ചാത്തലത്തിൽ വര്‍ണ്ണവിഭജനം ദൃഢമായി. സാമൂഹിക അകലവും സ്വവംശ വിവാഹവും കർക്കശമായി.

പുതുതായി രൂപം കൊണ്ട വർഗ്ഗങ്ങളായ, വർണ്ണ സമ്പ്രദായത്തിന്‍റെ താഴെ തട്ടിലുള്ള രണ്ടു വർണ്ണങ്ങളും, കീഴ്പ്പെടാത്ത ഗോത്രങ്ങളും ഈ പ്രത്യയശാസ്ത്രത്തെയോ ബ്രാഹ്മണ്യാധിപത്യത്തിന്‍റെ വർണ്ണ അധികാര ശ്രേണിയെയോ അംഗീകരിച്ചില്ല. ലോകായത, മഹാവീർ, ബുദ്ധ മറ്റു എതിർ ഛേദങ്ങളുടെയും, ദാർശനിക വ്യവസ്ഥകളുടേയും ഉത്ഭവനം വേദിക് യാഗങ്ങൾ അടിസ്ഥാനമാക്കിയ ബ്രാഹ്മണ്യാധിപത്യത്തിനും വർണ്ണ സമ്പ്രദായത്തിനും വെല്ലുവിളികൾ ഉയർത്തികൊണ്ടുള്ളതായിരുന്നു. ഇത്തരം പുതിയ മതശാഖകൾ സംഘടിത സംഘങ്ങളായിരുന്ന വ്യാപാരികളുടെയും കൈവേലക്കാരുടെയും അർദ്ധഗോത്ര രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പിന്തുണയാർജ്ജിച്ചിരുന്നു. പിന്നീട് മൗര്യൻ സാമ്രാജ്യത്തിന്‍റെ സ്ഥാപനത്തോടെ രാഷ്ട്ര ആവിർഭാവനം ഖനീഭവിച്ചപ്പോൾ യാഗങ്ങളുടെ പ്രാധാന്യം കുറയുകയും, കാർഷിക സമ്പദ് വ്യവസ്ഥ പ്രഥമ സ്ഥാനമുറപ്പിക്കുകയും ചെയ്തു. തത്‌ഫലമായി ബ്രാഹ്മണ്യം അതിരൂക്ഷമായ പരിവർത്തനങ്ങൾക്ക് വിധേയമായി. യാഗങ്ങളുടെ പ്രാധാന്യം കുറച്ചുകൊണ്ടും ബുദ്ധമതത്തിൽ നിന്നും ആശയങ്ങൾ കടമെടുത്തുകൊണ്ടും, ആശയശാസ്ത്രപരമായ ഭരണം പുനസ്ഥാപിക്കുവാൻ ബ്രാഹ്മണ്യം ശ്രമിച്ചിരുന്നു. ബ്രാഹ്മണ-ക്ഷത്രിയ ആധിപത്യത്തിലൂന്നിയ ജാതി സമ്പ്രദായത്തെ ഊട്ടിയുറപ്പിക്കുന്നതിനായി പല വർഗ്ഗങ്ങളും ജനങ്ങളും നടത്തിയ പോരാട്ടങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നുണ്ട്. ബ്രാഹ്മണ്യം, പുരാതന ഇന്ത്യയിലെ രാഷ്ട്ര ആവിർഭാവത്തിനും, ഖനീഭവനത്തിനും, വർണ്ണങ്ങളുടെ രൂപത്തിൽ വർഗ്ഗ സമൂഹം വികസിപ്പിക്കുവാനും, ആധികാരികത കൊണ്ടുവരാനും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

മൗര്യ സാമ്രാജ്യം

മൂന്നാം സെഞ്ച്വറി ബി.സിയിൽ മഗധ പ്രദേശത്ത് രൂപംകൊണ്ട മൗര്യ സാമ്രാജ്യമാണ് പൂർണ രൂപത്തിലെത്തിലെത്തിയ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രം സംവിധാനം (സിന്ധു നദീതട സംസ്കാരത്തിന് ശേഷം). ശൂദ്ര തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ള, “പുരാതന സാമുദായിക രാഷ്ട്ര ഉടമസ്ഥാവകാശത്തിലുള്ള “രാഷ്ട്രമായിരുന്നു അത്. മൗര്യന്മാരുടെ ഉറവിടം സ്പഷ്ടമല്ലെന്നിരിക്കെ, രാഷ്ട്രത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നത് ബ്രാഹ്മണനായ ചാണക്യൻ (കൗടില്യന്‍) ആണ്. അതിനാൽ തന്നെ ചാണക്യന്‍റെ “അർത്ഥശാസ്ത്രത്തെയാണ് ഭരണനിർവ്വഹണത്തിന്‍റെ “ആദ്യത്തേതും നിഷ്കപടവുമായ വിവരണങ്ങളായി കണക്കാക്കുന്നത്. പ്രത്യശാസ്ത്രപരവും മതപരവുമായ മറയില്ലാതെയാണ് അർത്ഥശാസ്ത്രം, രാഷ്ട്രതന്ത്രത്തിന്‍റെ പെരുമാറ്റ ചട്ടങ്ങൾ അവതരിപ്പിച്ചത്. കൃഷിയുടെയും വ്യാപാരത്തിന്‍റെയും കടമകൾ ഏറ്റെടുത്തു നടത്തുന്ന കേന്ദ്രീകൃത ഭരണസംവിധാനമായിരുന്നു മൗര്യന്മാരുടേത്. അർത്ഥശാസ്ത്രം വിഭാവനം ചെയ്ത ഈ രാഷ്ട്രം, ഭൂമി തെളിക്കുവാനും, കലപ്പയ്ക്കടിപ്പടുത്തുവാനും കൃഷിക്ക് ഉപയോഗപ്രദമാക്കുവാനുമായി ശൂദ്ര സംഘങ്ങളെ സ്ഥിരപ്പെടുത്തി. ഈ ഏകാധിപത്യ വാഴ്ച്ചയ്ക്ക് കീഴിൽ, ശൂദ്ര തൊഴിലിന്‍റെ സഹായത്തോടെ രാഷ്ട്രം നേരിട്ട് നോക്കി നടത്തുന്നവയെ “സീദ” നിലങ്ങളായും, വൈശ്യരായ സ്വതന്ത്ര കർഷകർ കൃഷി ചെയ്യുന്നതുമായിരുന്ന നിലങ്ങളെ “രാഷ്ട്ര” നിലങ്ങളായും കരുതി പോന്നു. രാഷ്ട്ര നിലങ്ങളിൽ നിന്നും ബഹുവിധ രീതിയിൽ കപ്പം ചുമത്തിയിരുന്നു. കൃഷിക്കാവശ്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്തുകൊണ്ട് രാഷ്ട്രം, വൈശ്യരിൽ നിന്നും കപ്പവും, ശൂദ്രരിൽ നിന്ന് തൊഴിലും ആവശ്യപ്പെട്ടു. അടിമത്വം നിലനിന്നിരുന്നുവെങ്കിലും, അവരെ അടിസ്ഥാനമായും ഭൂവുടമകളുടെ വീട്ടുജോലികൾക്കും, രാഷ്ട്രത്തിന് കരത്തിന്‍റെ രൂപത്തിൽ ലഭിച്ചിരുന്ന ധാന്യത്തിന്‍റെ തുടർപ്രക്രിയയിൽ ഏർപ്പെടാനും, വ്യാപാര സമാനങ്ങളുടെ ഉത്പാദനത്തിലേർപ്പെടാനുമായിരുന്നു.

ധാതു ഖനനം രാഷ്ട്രത്തിന്‍റെ കുത്തകയായിരുന്നു. ഇതേസമയത്തിനുള്ളിൽ തന്നെ ശൂദ്രരായ ആശ്രിത കർഷകരും തൊഴിലാളികളുമടങ്ങുന്ന വർഗ്ഗം ഊട്ടിയുറപ്പിക്കപ്പെട്ടു. എന്നാൽ വ്യാപാര ആവശ്യങ്ങൾക്കായി നഗരങ്ങളിൽ അധിവസിച്ച വൈശ്യർ തങ്ങളുടെ കർഷക സഹോദരരിൽ നിന്നും സ്വയം വേറിട്ടു നിൽക്കുവാൻ തുടങ്ങി. പിന്നീടങ്ങോട്ടുള്ള നൂറ്റാണ്ടുകളിൽ കൃഷി ശൂദ്രരുടെ മുഖമുദ്രയായി മാറി. സാധാരണക്കാരായ സ്വതന്ത്ര കർഷകർ ശൂദ്രവർണ്ണത്തിലേക്ക് അടിച്ചുതാഴ്ത്തപ്പെടുകയും, വൈശ്യ വർണ്ണം കച്ചവടക്കാരുടെയും വ്യാപാരികളുടെയും കുത്തകയായി മാറുകയും ചെയ്തു. അതേസമയം, ഓഹരി ദല്ലാളുകളെ കൊണ്ടും ആശ്രിത കർഷകരെ കൊണ്ടും തങ്ങളുടെ നിലം കൃഷി ചെയ്യിപ്പിച്ചിരുന്ന “ക്ഷേത്രസ്വാമികളുടെ” വർഗ്ഗം സാധാരണാവത്ക്കരിക്കപ്പെട്ടു. മൗര്യ സാമ്രാജ്യ കാലഘട്ടത്തിലും എ.ഡി മൂന്നാം നൂറ്റാണ്ട് വരേയ്ക്കും സമ്പദ്‌വ്യവസ്ഥയുടെ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു വ്യാപാരം. മൗര്യ സാമ്രാജ്യ കാലഘട്ടത്തിൽ ദക്ഷിണ- ഉത്തരപദങ്ങളിലൂടെ വ്യാപാരം വികസിച്ചിരുന്നു. കാലക്രമേണ റോമാ സാമ്രാജ്യവുമായുള്ള (ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ) വ്യാപാരം പ്രധാനമായി. ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങൾക്ക് വിവിധ ദക്ഷിണേഷ്യൻ സമൂഹങ്ങളുമായും ചൈനയുമായുള്ള ബന്ധങ്ങൾ നിലനിന്നിരുന്നു. അതിനാൽ തന്നെ കൈവേലക്കാരും വ്യാപാരികളുമടങ്ങുന്ന വർഗ്ഗം കമ്പോളവുമായി ബന്ധമുള്ളതും സാമൂഹികപരവും സാമ്പത്തികപരവുമായി പ്രാധാന്യമുള്ളതായിരുന്നു. കൈത്തൊഴിലാളികളുടെയും വ്യാപാരികളുടെയും സംഘടനകൾ ശക്തിയേറിയതുമായിരുന്നു. കൈത്തൊഴിലാളികളുടെ സംഘടനം എന്നാൽ നിശ്ചിതമായും പരമ്പരാഗതമായിരുന്നില്ല.

സ്വവംശ വിവാഹവും കർക്കശ വിവാഹ കീഴ്‌വഴക്കങ്ങളും

സാമൂഹിക ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വ്യത്യസ്തമെങ്കിലും, ഗോത്ര സ്വവംശ അനുഷ്ഠാനമായ വിവാഹ നിയമങ്ങളിലെ കാർക്കശ്യത ബ്രാഹ്മണ്യം സ്വീകരിച്ചു. ആദ്യ വേദ കാലഘട്ടത്തിൽ ഗോത്ര സ്വവംശ വിവാഹങ്ങൾ സംഘങ്ങളുടെ സ്വംശീകരണ പ്രക്രിയയിൽ കർക്കശമുള്ളതായിരുന്നില്ല. എന്നാൽ വർഗ്ഗ വിഭജനത്തിന്‍റെ ഉത്‌ഭവവും, കൂടുതൽ തൊഴിലാളികളുടെ ആവശ്യകതയും, വിവാഹ നിയമങ്ങൾ കർക്കശമാക്കുന്നതിലൂടെ ഉയർന്ന രണ്ടു വർണ്ണങ്ങൾ സ്വയം താഴ്ന്ന രണ്ടു വർണ്ണങ്ങളിൽ നിന്നും അകലം പാലിക്കുകയും ചെയ്തു. അതേസമയം പുരുഷന് താഴ്ന്ന ഗോത്രത്തിൽ നിന്നും സ്ത്രീയെ വേൾക്കാൻ അനുമതി നൽകുന്ന സാമൂഹിക ക്രമം അനുവദിക്കുകയും ചെയ്തു. ഈ സമ്പ്രദായ പ്രകാരം പരിവർത്തനം ചെയ്ത ബ്രാഹ്മണ-ക്ഷത്രിയർക്ക് സ്വന്തം ഗോത്രങ്ങളിൽ നിന്നും (സ്വാംശീകരണം നടന്ന വൈശ്യ-ശുദ്രരിൽ നിന്നും) വിവാഹനുമതിയുണ്ടായിരുന്നു. അവ അക്ഷത്രിയരായ പ്രഭുക്കന്മാരോടൊപ്പവും രാജാക്കന്മാരോടൊപ്പവും രാഷ്ട്രീയ സഖ്യത്തിന് അനുമതി നൽകി. അതേസമയം താഴ്ന്ന രണ്ടു വർണ്ണങ്ങളിലും വിവാഹനിയമങ്ങൾ കർക്കശമായിരുന്നില്ല. അതിനാൽ തന്നെ തൊഴിലാളി സംഖ്യ ദ്രുതഗതിയിൽ വർധിച്ചു. ആദിമ സമ്പദ് വ്യവസ്ഥിതിയിൽ മനുഷ്യത്തൊഴിലാണ് ഉൽപ്പാദകപരമായ മൂലധനം. അതിനാൽ തന്നെ വിവാഹ നിയമങ്ങൾ പോലും വർഗ്ഗ താത്പര്യങ്ങൾക്കനുസൃതമായി വികസിക്കുകയും കർക്കശ വർണ്ണ വിഭജനത്തിലൂടെ ആശയശാസ്ത്ര ആധികാരികത നേടുകയും ചെയ്തു.

ബുദ്ധിസത്തിന്‍റെയും ജൈനിസത്തിന്‍റെയും വ്യാപനം

കന്നുകാലി സമ്പത്ത് ഉൾപ്പെടുന്ന മൃഗബലി പോലുള്ള ചിലവേറിയ അനുഷ്ഠാനങ്ങൾ കൊണ്ട് കാർഷിക സമ്പദ് വ്യവസ്ഥയ്ക്ക് ഉപകാരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കരമടയ്ക്കുകയും തൊഴിൽ പ്രദാനം ചെയ്യുകയും ചെയ്തിരുന്ന വൈശ്യരും ശൂദ്രരും തങ്ങളുടെ താഴ്ന്ന സമൂഹ സ്ഥാനങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും, യാഗങ്ങളെയും അതിനെ താങ്ങുന്ന ബ്രാഹ്മണ്യാധിപത്യത്തിനെയും എതിർത്തുകൊണ്ടു ഉയർന്നുവന്ന മഹാവീര, ബുദ്ധ മതച്ഛേദങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. ഇത്തരം മതശാഖകൾ വർണ്ണ സമ്പ്രദായത്തെ എതിർത്തിരുന്നു. ബുദ്ധ മഠങ്ങൾ താഴെക്കിടയിലുള്ള ചണ്ഡാളരുൾപ്പെടെ എല്ലാവരെയും സ്വീകരിച്ചിരുന്നു. എന്നാൽ പുതുതായി രൂപംകൊണ്ട ഉത്പാദന ബന്ധങ്ങളെ എതിർക്കുവാൻ ബുദ്ധനോ മഹാവീരനോ തയ്യാറായില്ല. മാത്രമല്ല, തങ്ങളുടെ യജമാനന്‍റെ അനുവാദമില്ലാതെ ഒരു അടിമയ്ക്ക് സംഘത്തിൽ ചേരുവാൻ കഴിയുമായിരുന്നില്ല. “സീദ” നിലങ്ങളിൽ നിന്നുള്ള ശൂദ്രർക്കും ഇത് വിലക്കപ്പെട്ടതായിരുന്നു. എങ്കിൽ കൂടി കൈവേലക്കാരുടെയും വ്യാപാര സംഘങ്ങളുടെയും ശക്തമായ പിന്തുണയോടെ ഈ മതച്ഛേദങ്ങൾ ഇന്ത്യ മുഴുവൻ വ്യാപിച്ചു. അവരുടെ തത്വശാസ്ത്രപരമായ ഉള്ളടക്കങ്ങളും ഘടകങ്ങളും കാലാന്തരത്തിൽ മാറ്റത്തിന് വിധേയമായെങ്കിലും ആയിരം വർഷത്തോളം ശക്തമായ വെല്ലുവിളി ഉയർത്തികൊണ്ട് നിലനിന്നു. ആദ്യകാല തപസ്വികളും ബുദ്ധ ജൈന സന്യാസിമാരും, വ്യാപാരികളുടെയും, കൈത്തൊഴിലാളികളുടെയും ഉപഹാരങ്ങളാൽ നിലനിന്നു പോന്ന സമ്പന്ന ആശ്രമങ്ങളുടെ ഭാഗമായി തീർന്നു. രണ്ടാം നൂറ്റാണ്ടു മുതൽക്കേ രാജഭരണ സംഭാവനകൾ വർദ്ധിക്കുകയും, ഭൂദാനങ്ങൾ ലഭിക്കുകയും, ഇത്തരം സന്യാസ മഠങ്ങൾ വമ്പിച്ച ഭൂവുടമസ്ഥ സ്ഥാപനങ്ങളായി മാറുകയും ചെയ്തു. എങ്കിൽപോലും ഈ മതങ്ങൾ തങ്ങളുടെ സ്വാധീനം നിലനിർത്തി. ബുദ്ധിസം, വർണ്ണ സമ്പ്രദായത്തെയും ബ്രാഹ്മണ്യാധിപത്യത്തെയും എതിർത്തു നിൽക്കുന്ന മതമായി തങ്ങളുടെ പ്രതിച്ഛായക്ക് കോട്ടം തട്ടാതെ പാലിച്ചുപോന്നു.

ബ്രാഹ്മണ്യം പുതിയ രൂപത്തിൽ

യാഗങ്ങളുടെ ക്ഷയത്തോടെ ബ്രാഹ്മണരുടെ സാമൂഹിക കർത്തവ്യങ്ങൾക്ക് മാറ്റങ്ങൾ സംഭവിക്കുകയും, തത്‍ഫലമായി, ബ്രാഹ്മണ്യം പരിവർത്തനങ്ങൾക്ക് വിധേയമായി. രാജാക്കന്മാരാൽ സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ബ്രാഹ്മണർ, രാജ്യാതിർത്തിയിലുള്ള നിലങ്ങൾ കാർഷികവൃത്തിക്ക് വിധേയമാക്കുകയും, അവിടുത്തെ ഗോത്രങ്ങളെ ആര്യവത്ക്കരിക്കയും ചെയ്തു. അശോക ചക്രവർത്തിയുടെ കാലം മുതൽക്കേ സ്വതന്ത്ര കർഷകരും, ബ്രാഹ്മണരും കൃഷി നടത്തുവാനായി പുത്തൻ നിലങ്ങളിലേക്ക് കുടിയേറുവാൻ തുടങ്ങി. കാടുകളിൽ ബ്രാഹ്മണർ കെട്ടിപ്പടുത്തിയ ആശ്രമങ്ങളാണ് പ്രധാനമായും ഗോത്രവർഗ്ഗക്കാരുമായി സമ്പർക്കം പുലർത്തുവാനും അവരെ കലപ്പയുടെയും വേദങ്ങളുടെയും ആജ്ഞയ്ക്കടിപ്പെടുത്തുവാനും സഹായിച്ചത്. പ്രാദേശിക ഗോത്രങ്ങൾ ഒട്ടാകെ ശൂദ്രവർണ്ണത്തിലെ വിവിധ ജാതികളിലേക്ക് സ്വംശീകരിക്കപ്പെട്ടു. അവർ തങ്ങളുടെ ഗോത്ര ആചാരങ്ങൾ നിലനിർത്തുകയും, ഭൂതൊഴിലാളികളായി മാറുകയും, കൃഷിക്കാവശ്യമായ കൃത്യങ്ങൾ ഏറ്റെടുക്കുകയും നിർവ്വഹിക്കുകയും ചെയ്തു.

അതേസമയം, ഗോത്ര പ്രഭുക്കൾ ബ്രാഹ്മണ വർണ്ണത്തിലേക്ക് സ്വംശീകരിക്കപ്പെട്ടു. ബ്രാഹ്മണർ അവരുടെ മതത്തിന്‍റെ രൂപം തന്നെ മാറ്റി. ബലിദാന യാഗങ്ങൾ പ്രതീകാത്മകമായി മാറി. ബുദ്ധിസത്തിൽ നിന്നും അഹിംസാ തത്വങ്ങൾ കടമെടുക്കപ്പെട്ടു. ഗ്രാമീണ ജീവിതത്തിന്‍റെയും യുദ്ധങ്ങളുടെയും വാഴ്‌ത്തു പാട്ടായ പഴയ വേദ നീതിശാസ്ത്രങ്ങൾ പുതിയ ദൈവങ്ങളുടെ രൂപീകരണത്തിനും, കൃഷ്ണ, ശിവ, പിന്നീട് രൂപപ്പെട്ട വിഷ്ണു പോലുള്ള ആരാധനാ സമ്പ്രദായങ്ങൾക്ക് വഴിതെളിച്ചു. ഗോത്രചാരാങ്ങളെയും സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന്, ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണർ മാത്രം അനുഷ്ഠിച്ചു പോരുന്ന “അഗ്നി” ആചാരങ്ങളുടെ ഉത്ഭവം വേദികമല്ല. “അമ്മ ദേവിയെ” ആരാധിക്കുന്നത് പോലുള്ള ഗോത്രാചാരങ്ങൾ എല്ലാം തന്നെ ഹിന്ദുമതത്തിലേക്ക് സ്വാംശീകരിക്കപ്പെട്ടതാണ്. ജന്മിത്വത്തിന്‍റെ ആവിർഭാവത്തോടെ സ്ത്രൈണ നാമങ്ങളായ മാതാങ്ങി, ചണ്ഡാലി, കൈവർത്തി തുടങ്ങിയവയും അവരുടെ ഗോത്രകുല ചിഹ്നങ്ങളെയും ഹിന്ദുമതത്തിന്‍റെ കുടക്കീഴിലേക്ക് കൊണ്ടുവന്നു. പ്രധാന ദൈവമായ വിഷ്ണുവിന്‍റെ അവതാരങ്ങളുടെ രൂപത്തിലാണ് ഹിന്ദു സർവ്വദൈവത ക്ഷേത്രത്തിലേക്ക് ദേവമാരെയും ദേവിമാരെയും കൂട്ടിച്ചേർത്തത്. സാമൂഹിക ശ്രേണിയുടെ അടിത്തട്ടു വരെയും കാർഷിക സമ്പദ് വ്യവസ്ഥ വ്യാപിപ്പിക്കുവാനായുള്ള, ഗോത്രങ്ങളുടെയും അർദ്ധ ഗോത്രങ്ങളുടെയും സ്വാംശീകരണത്തിന്‍റെ സാമൂഹിക പ്രക്രിയയുടെ ആശയശാസ്ത്രപരമായ പ്രകടനമാണിത്. ഈ പ്രക്രിയയിലെ വർണ്ണാശ്രമധർമത്തിന്‍റെ പ്രാധാന്യവും, കാർഷിക സമ്പദ് വ്യവസ്ഥ വിവൃതമാക്കുന്നതിലും, മിച്ച തുക ഉത്പാദിപ്പിക്കുന്നതിലുമുള്ള, കൃഷിയോടനുബന്ധമായ ദൈനംദിനവും കാലികവുമായ ആചാരങ്ങളിലുമുള്ള ബ്രാഹ്മണരുടെ പ്രധാന പങ്ക്, അവരുടെ സാമൂഹിക പ്രാധാന്യവും അടിത്തറയും വർദ്ധിപ്പിച്ചു.

രാജകൊട്ടാരത്തിൽ അവർ രാജാക്കന്മാരുടെ ബ്രാഹ്മണ-ക്ഷത്രിയ വേരുകൾ തെളിയിക്കുന്ന വംശാവലി വിശദീകരിക്കുന്നതിൽ വ്യാപ്തരായതിനാൽ തന്നെ, ബ്രാഹ്മണ്യത്തെ രാജാക്കന്മാർ താങ്ങി നിർത്തി. എങ്കിൽ പോലും, വലിയ ഭൂപ്രദേശങ്ങൾ കയ്യടക്കിവാണ കുശാനർ, ശാകർ പോലുള്ള വൈദേശിക ശക്തികളുടെ പടയേറ്റത്താലും, കൈവേലക്കാരുടെയും വ്യാപാര സംഘടനകളുടെയും ശക്തിയാലും, ബുദ്ധ-ജൈന മതങ്ങളുടെ സ്വാധീനത്താലും, എ.ഡി ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ബ്രാഹ്മണ്യത്തിനോ ജാതി സമ്പ്രദായത്തിനോ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാനായില്ല.

ദക്ഷിണ ദേശത്തിലേക്കുള്ള വിപുലീകരണം

ഡെക്കാനിലൂടെയുള്ള വ്യാപാര മാർഗ്ഗങ്ങളിലൂടെ ബി.സി ആറാം നൂറ്റാണ്ടിൽ ഇരുമ്പിനോടൊപ്പം ആര്യധർമ്മവും ദക്ഷിണത്തിലേക്ക് വ്യാപിച്ചിരുന്നു.. എന്നാൽ ബ്രാഹ്മണ സംഘം ദക്ഷിണത്തിലേക്ക് വരുന്നതിനു മുൻപ് തന്നെ വർണ്ണ സമ്പ്രദായം ഉത്തരേന്ത്യയിൽ കർക്കശമായിരുന്നു. തെക്കേ ഇന്ത്യയിൽ തൊഴിൽ വിഭജനവും, വികസിത സംസ്കാരത്തോടെയുള്ള വർഗ്ഗ വിഭജിത സമൂഹവും, ഗോത്ര സമൂഹത്തിനകത്ത് നേരത്തെ തന്നെ രൂപപ്പെട്ടിരുന്നു. സമൂഹം അർദ്ധ ഗ്രോത്രമായിരുന്നു. മുഴുവനായും വർഗ്ഗ സമൂഹത്തിലേക്കുള്ള പരിവർത്തന കാലഘട്ടമായിരുന്നു അത്. അവർ വ്യത്യസ്ത ഉപജീവന വ്യവസ്ഥകളിലൂടെയും സമൂഹ സംഘങ്ങളിലൂടെയും ഗോത്രവർഗ്ഗങ്ങളുമായി സഹവർത്തിച്ചു പോന്നു. വ്യത്യസ്ത ഉപജീവന സമ്പ്രദായങ്ങൾ തമ്മിലുള്ള വഴക്കുകളും കയ്യേറ്റങ്ങളും തുടരുന്നുണ്ടായിരുന്നു. കാർഷിക ഇതര സംഘങ്ങൾക്ക് വിളനിലങ്ങൾ കടന്നാക്രമിക്കുന്നത് വിഭവങ്ങൾ ശേഖരിക്കാനായുള്ള പ്രധാനോപാധിയായിരുന്നു. കടൽ മാർഗ്ഗമായി വ്യാപാരം പുരോഗമിച്ചു. ഇരുമ്പിനെ കുറിച്ചുള്ള തങ്ങളുടെ അറിവും, കാർഷികവിദ്യയിലെ മികവും, വർണ്ണാശ്രമധർമ്മവും, തൊഴിലാളി പാർപ്പിടങ്ങളിലൂടൊപ്പവും പ്രഭുക്കന്മാരോടൊപ്പവും ഇഴുകിച്ചേർന്നു പോകുവാൻ ബ്രാഹ്മണരെ പ്രാപ്തരാക്കി.
കർഷകരും തൊഴിലാളികളും തമ്മിൽ സംഘട്ടനങ്ങൾ ചെറുക്കുവാനും സമൂഹക്രമം പുലർത്തുവാനും വർണ്ണാശ്രമധർമ്മം സഹായിച്ചു. ഉത്തരേന്ത്യയിലെ മാറ്റങ്ങൾക്കനുസരിച്ച്, കർഷക സമുദായത്തെ ശൂദ്ര വർണ്ണങ്ങളിലേക്ക് ഉൾച്ചേർത്തു. കർഷകരോട് അടുത്തുനിൽക്കുന്ന പ്രഭുക്കന്മാർ പ്രത്യേകമായൊരു വർഗ്ഗമായി മാറിയില്ല.

എന്നാൽ, പ്രാദേശിക ഗോത്ര പ്രഭുക്കൾ ബ്രാഹ്‌മണ വർഗ്ഗത്തിലേക്ക് സ്വാംശീകരിക്കപ്പെട്ടു. ബി.സി മൂന്നാം നൂറ്റാണ്ട് മുതൽക്കേ ദക്ഷിണേന്ത്യയിൽ ബുദ്ധിസവും ജൈനിസവും വ്യാപിക്കുകയും അവർ നഗരത്തിലെ വ്യാപാരികളെയും കൈവേലക്കാരേയും, വ്യത്യസ്ത അർദ്ധ ഗോത്രങ്ങളെയും ആകർഷിച്ചു. റോമൻ സാമ്രാജ്യവുമായുള്ള കച്ചവട ബന്ധം ബുദ്ധിസ്റ്റ്- ജൈന സംഘങ്ങളിലേക്ക് കൈത്തൊഴിലാളികളും വ്യാപാരികളും വൻതോതിൽ പണമൊഴുക്കുന്നതിന് കാരണമായി. മൂന്നു മതങ്ങളും രാഷ്ട്രീയ സ്വാധീനത്തിനായി മത്സരിക്കുകയും, മൂന്നു മതങ്ങൾക്കും കൂടുതലോ കുറവോ പിന്തുണ ലഭിക്കുകയും ചെയ്തു.

വിവിധ ഛേദങ്ങളുടെ രൂപം സ്വീകരിച്ചുകൊണ്ട് ബ്രാഹ്മണ്യം സ്വയം വികസിച്ചു. ഇവയിൽ പ്രധാനമായവയാണ് ശൈവിസവും, വൈഷ്ണവിസവും. ഈ ആരാധനാ സമ്പ്രദായങ്ങൾ ബഹുജന പുരാവൃത്തങ്ങളിൽ നിന്നും സ്വീകരിക്കുകയും, വേദഗ്രന്ഥ സംബന്ധമായ മതത്തെ പരിവർത്തനപ്പെടുത്തി, കർഷകരിലും മറ്റു സാധാരണക്കാരിലും സ്വീകാര്യമാകുന്ന തരത്തിൽ വ്യത്യസ്ത ബഹുജന ആരാധനാ സമ്പ്രദായങ്ങൾ രൂപീകരിക്കുകയും ചെയ്തു. പുത്തൻ ബ്രാഹ്മണ്യത്തിനായുള്ള ദാർശനിക വിവരണങ്ങൾ എ.ഡി എണ്ണൂറിൽ ശങ്കരാചാര്യർ സംഭാവന ചെയ്തു. വീരശൈവ ധർമ്മോപദേശകനായ ശങ്കരൻ ബുദ്ധിസത്തെയും ജൈനിസത്തെയും വെല്ലുവിളിക്കുക മാത്രമല്ല, മറിച്ച് മതത്തെ സംഘടനാപരമായി ശക്തിപ്പെടുത്തുകയും ഗണിതശാസ്ത്രത്തെ രാജ്യത്തുടനീളം പരിചയപ്പെടുത്തുകയും ചെയ്തു.

ദക്ഷിണത്തിലെ രാഷ്ട്ര ആവിർഭാവനം

എ.ഡി രണ്ടാം നൂറ്റാണ്ടിലെ ശതവാഹനമാരുടെ ഭരണം സ്ഥാപിക്കപ്പെടുന്നതോടെയാണ് ഡെക്കാൻ പ്രദേശത്തു രാഷ്ട്രം രൂപം കൊള്ളുന്നത്. “ആന്ധ്രാസ്” എന്നറിയപ്പെട്ടിരുന്ന ശതവാഹനന്മാർ ബ്രാഹ്മണ്യത്തെയും ചാതുർവർണ്യത്തെയും പിന്തുണച്ചിരുന്നു. ഇതേസമയം അവർ ഡെക്കാനിലെ ഗുഹാസന്യാസി മഠങ്ങളെയും നാഗാർജുനകൊണ്ടയിലെയും കാഞ്ചിയിലെയും ബുദ്ധകേന്ദ്രങ്ങളെയും സാമ്പത്തികമായി സഹായിച്ചിരുന്നു. എ.ഡി അഞ്ഞൂറ്റി എഴുപത്തിയഞ്ചിൽ പല്ലവ രാജവംശത്തിന്‍റെ സ്ഥാപനമാണ് പ്രധാനമായ ആദ്യ രാഷ്ട്ര രൂപീകരണമായി കണക്കാക്കുന്നത്. മറ്റു ഉത്പ്പാദന ബന്ധങ്ങൾക്കുമേൽ കാർഷിക സമ്പദ് വ്യവസ്ഥ ആധിപത്യം പുലർത്തി. പല്ലവ രാഷ്ട്രം രാഷ്ട്രീയപരവും സൈനികപരവുമായ സംഘാടനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും, ബ്രാഹ്മണ ഗ്രാമങ്ങൾ അറിവിന്‍റെയും പഠനത്തിന്‍റെയും കേന്ദ്രങ്ങളാക്കികൊണ്ടും, സംസ്കൃത ഭാഷയെ ഉയർത്തികൊണ്ടുവന്നും, ബ്രാഹ്മണ്യത്തെ അകമഴിഞ്ഞ് പിന്തുണച്ചു. ഭൂവുടമകളായ കർഷകവർഗ്ഗത്തെ അടിസ്ഥാനമാക്കിയായിരുന്നു പല്ലവ ഭരണം. രാജാക്കന്മാർ കാർഷികവൃത്തിയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. കാളകളെ ഉപയോഗിച്ചുകൊണ്ട് ഉഴാൻ സാധിക്കുന്ന തരത്തിലുള്ള മൂന്നു ലക്ഷം കലപ്പകൾ ആദ്യ പല്ലവ രാജാവ് വിതരണം ചെയ്തതായി പറയപ്പെടുന്നു. ഈസമയം മുതൽക്കാണ് മൂന്നു മതങ്ങളും തമ്മിൽ സംഘട്ടനങ്ങൾ തുടങ്ങുന്നതും, പല ചരിത്ര രേഖകൾക്കനുസൃതമായി, രാജാക്കന്മാർ മത പരിവർത്തനം നടത്തുന്നതും, വൻതോതിൽ മറ്റു മത സംഘങ്ങളെ വേട്ടയാടുന്നതും. മഹേനുര വർമൻ എന്ന പല്ലവ രാജാവ് ജൈനമതത്തിൽ നിന്നും ശൈവിസം സ്വീകരിക്കുകയും പിന്നീട് എണ്ണായിരത്തോളം ജൈനമത വിശ്വാസികളെ ഇല്ലായ്മ ചെയ്യുകയും ചെയ്യ്തു. ആദ്യ പല്ലവ രാജാവും ജൈനമതം വെടിഞ്ഞ് ശൈവിസം സ്വീകരിച്ചതാണ്. ഹൊയ്സാല വംശവും ജൈനമത അനുയായികളായിരുന്നു.

ജനങ്ങളുടെ മേൽ അധികാരമുണ്ടായിരുന്ന രാജാവിനെ പുനഃസ്ഥാപിച്ച ദേശത്തിന്‍റെ ഭരണാധികാരിയായ ചക്രവർത്തിക്ക് ബ്രാഹ്മണ്യം ആധികാരികത നൽകി. രാഷ്ട്ര ആവിർഭാവനത്തിന് ആധികാരികത നൽകിയ ധർമ്മനിഷ്ഠമായ അടിത്തറ ബ്രാഹ്മണ്യമായി മാറി. ബന്ധുത്വ ഘടനയെ പൊട്ടിച്ചെറിയാനും അതിർത്തി വർഗ്ഗ തര സത്വങ്ങളെ രൂപീകരിക്കുവാനും വർണ്ണ സമ്പ്രദായം പ്രധാനോപാധിയായി. അതിനാൽ തന്നെ ദക്ഷിണേന്ത്യയിൽ രാഷ്ട്രത്തിന്‍റെ സഹായത്തോടെയാണ് ബ്രാഹ്‌മണ്യം അടിയുറച്ചത്. “ഘടികകൾ”എന്നറിയപ്പെടുന്ന ബ്രാഹ്മണ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മതഗ്രന്ഥങ്ങളും, ആയോധന കലകൾക്കും പരിശീലനം നൽകിയിരുന്നു എന്ന വസ്തുത പരിശോധിച്ചാൽ ബ്രാഹ്മണരും ഭരണവർഗ്ഗവും തമ്മിലുള്ള ഇഴപിരിക്കാനാകാത്ത ബന്ധം വ്യക്തമാകും. ഇത്തരം കേന്ദ്രങ്ങളിൽ ഭരണ നിർവ്വഹണ കലകൾക്കും പരിശീലനം നൽകിയിരുന്നു.
തുടരും…

ലേഖനം ഒന്നാം ഭാഗം
അനുരാധ ഖാണ്ടിയുടെ “സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്” -ജാതിയെക്കുറിച്ചുള്ള അധ്യായം-ഭാഗം 1

Follow us on | Facebook | Instagram Telegram | Twitter