എഴുതി വെച്ചേക്കുക, ഞാനൊരിന്ത്യൻ മുസൽമാൻ

ബിഹാര്‍ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ അസദ് അഷ്‌റഫിന്‍റെ മാധ്യമങ്ങള്‍ തിരസ്ക്കരിച്ച ഒരു കവിത. പലസ്തീൻ കവി മഹ്മൂദ് ദർവീഷിന്‍റെ ‘ഐഡന്‍റിറ്റി കാർഡ്’ എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ് ഈ കവിത…

എഴുതി വെച്ചേക്കുക, ഞാനൊരിന്ത്യൻ മുസൽമാൻ

_ അസദ് അഷ്‌റഫ്‌
വിവർത്തനം_ സി അഹമ്മദ് ഫായിസ്

28642
ഇതാണെന്‍റെ ആധാർ നമ്പർ
നിങ്ങളുടെ ആഡംബരപൂർണ്ണമായ അയല്‍പക്കങ്ങളിലെ
‘പരാജിതമായ പാകിസ്ഥാനി’ലാണെന്‍റെ ജീവിതം
എനിക്കഞ്ചു മക്കളാണുള്ളത്
വരുന്ന ഡിസംബറിലത് ആറാവും
അവരിലൊരാളെ ബലാത്സംഗം ചെയ്യാൻ മാത്രം നിങ്ങളെ കോപപരവശനാക്കുന്നുണ്ടോയത്?

ഞാനൊരു ഇന്ത്യൻ മുസൽമാനാണ്
ഞാനെന്‍റെ കൂട്ടുകാരോടൊപ്പം കഠിനമായി പണിയെടുക്കുന്നു
ഞാനാണ് നിങ്ങളുടെ ബിരിയാണി പാകം ചെയ്തത് ,
നിങ്ങളെയുറുദു പഠിപ്പിച്ചത്
ഒരു സംസ്ക്കാരത്തിന് വേണ്ടിയുള്ള നിങ്ങളുടെ ഭ്രാന്തമായ ആഗ്രഹം പൂർത്തീകരിച്ചത് ,
അതൊരിക്കലെന്‍റെതായിരുന്നു.

നിങ്ങളുടെ രുചിയാന്വേഷണങ്ങളിൽ നിന്നാണ്,
ബിരിയാണിക്ക് വേണ്ടിയുള്ള നിങ്ങളുടെ വിശപ്പിൽ നിന്നാണ്
എന്‍റെ സംസ്കാരത്തോടുള്ള നിങ്ങളുടെ ഭ്രാന്തമായ അഭിനിവേശത്തിൽ നിന്നാണ്
അവർക്ക് വേണ്ട ഭക്ഷണം, യൂണിഫോം, സ്കൂൾ പുസ്തകങ്ങൾ… എല്ലാം ഞാൻ നേടുന്നത് .
എന്‍റെയാറ് മക്കൾക്ക് വേണ്ടിയാണത് ചെയ്യുന്നതെന്ന് നിങ്ങളോർക്കണം.
ഇല്ല, ഞാൻ നിങ്ങളുടെ വാതിൽക്കൽ വന്നു യാചിക്കാറില്ല .
നിങ്ങളുടെ ഉമ്മറപ്പടിക്കൽ ഏറാൻ മൂളി നിൽക്കാറുമില്ല.
എന്‍റെയാറു മക്കളിലൊരാളെ ബലാത്സംഗം ചെയ്യാൻ മാത്രം നിങ്ങളെ കോപപരവശനാക്കുന്നുണ്ടോയത് ?
എഴുതി വെച്ചേക്കുക,
ഞാനൊരിന്ത്യൻ മുസൽമാൻ

എല്ലാവരുമടങ്ങാത്ത കോപത്തോടെ ജീവിക്കുന്നൊരു നാട്ടിൽ
ആത്മാഭിമാനമില്ലാത്ത, എന്നാൽ പേടിപ്പെടുത്തുന്ന ഒരു പേരുമായാണ് ഞാൻ ജീവിക്കുന്നത്
നിങ്ങളുടെ കോപം എനിക്കെതിരെ വളരും മുൻപേ
എന്‍റെ വേരുകളിവിടെ ആഴ്ന്നിറങ്ങിയിരുന്നു,
എന്‍റെ വലിയുപ്പയാണീ നാട് നട്ട് നനച്ചു വളർത്തിയത്
ഏതാണ് നിന്‍റെ മാതാവ്?
എന്‍റെയീയവസ്ഥയിൽ നിങ്ങൾ സന്തോഷവാനാണോ?
അഭിമാനിക്കതക്ക വണ്ണമുള്ളതെങ്കിലുമുള്ളയൊരു പേരല്ല ഞാൻ
എഴുതിയെടുക്കുക,
ഞാനൊരിന്ത്യൻ മുസൽമാൻ

മുടിയുടെ നിറം : കറുപ്പ്
കണ്ണിന്‍റെ നിറം : നിന്‍റെ കണ്ണിനോളം കറുപ്പ്
രൂപപ്രകൃതി :
തലക്ക് മുകളിൽ ഒരു തൊപ്പിയുണ്ട്
എന്‍റെ കൈ പാറയോളം കഠിനമാണ്
നിങ്ങൾ തൊട്ടാൽ പോറലേറ്റേക്കാം
എന്‍റെ വിലാസം :
നിങ്ങളുടെ നഗരങ്ങളിലെ പരാജിതമായ പാകിസ്ഥാനിലാണെന്‍റെ ജീവിതം
എന്‍റെ പൂര്‍വികന്മാര്‍ അംഗീകരിക്കപ്പെടുന്നതീ തെരുവുകളിൽ മാത്രമാണ്
അപരിചിതർക്ക് അവർ കേവലം നാമമില്ലാത്തവർ മാത്രം
അവിടെയെല്ലാ പുരുഷന്മാരും പാടത്തും ഫാക്റ്ററികളിലെയും തൊഴിലാളികളാണ്
പൊടുന്നനെയുള്ള സന്ദർശനങ്ങൾ നടത്തിയിവിടെ തങ്ങുന്ന
നിങ്ങൾക്കായിവിടെ ബിരിയാണി വിളമ്പി വെച്ചിട്ടുണ്ട്
എന്‍റെയാറു മക്കളിലൊരുവളെ ബലാത്സംഗം ചെയ്യാൻ മാത്രം നിങ്ങളെ കോപാപരവശനാക്കുന്നുണ്ടോയത് ?
എഴുതി വെക്കുക,
ഞാനൊരിരിന്ത്യൻ മുസൽമാൻ!

നിങ്ങളെന്‍റെ ചരിത്രത്തെ ,
ഞങ്ങൾ നട്ടു നനച്ച സംസ്കാരത്തെ മോഷ്ടിച്ചു
ഞാനും എന്‍റെയെല്ലാ മക്കളും, ചെറുമക്കളും
ഞങ്ങൾക്കായൊന്നുമിവിടെയിട്ടേച്ചു പോകുന്നില്ല
സംശയാലുക്കളായ അയൽക്കാരുടെ ഈയിടുങ്ങിയ നാറിയ വഴികളൊഴികെ
ആളുകൾ പറയുന്നത് പോലെ
നിങ്ങളുടെ ഗവർമെന്‍റ് അവരെയും കൊണ്ടുപോകുമോ?
അതിനാൽ എഴുതി വെക്കുക
ഞാൻ നിങ്ങളെ വെറുക്കുന്നില്ല
ഒന്നും മോഷ്ടിക്കുന്നുമില്ല
പക്ഷെ ഇനിയുമവരെന്നെ പട്ടിണിക്കിടുകയാണെങ്കിൽ
എന്നെ അടിച്ചമർത്തുന്നവരുടെ ഇറച്ചി ഞാൻ തിന്നും
കരുതിയിരിക്കുക, എന്‍റെ കോപത്തെ കുറിച്ച് കരുതിയിരിക്കുക
ഞാനൊരു ഇന്ത്യൻ മുസൽമാൻ !

The malayalam translation of a poetry written last year by Asad Ashraf which was not published in one weekly citing the reason that it is not suitable one to be published.

സി അഹമ്മദ് ഫായിസ്

Photo Courtesy_ TRTWorld

Leave a Reply