അമ്മാ… ഞാന്‍ എപ്പോൾ തിരിച്ച് വന്നാലും നിങ്ങളെ നന്നായി നോക്കും; അലന്‍

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലടക്കപ്പെട്ട നിയമ വിദ്യാര്‍ത്ഥി അലൻ ഷുഹൈബിന് രോഗിയായ ബന്ധുവിനെ കാണാന്‍ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു. അമ്മയുടെ രോഗിയായ സഹോദരിയെ കാണാനാണ് അലന്‍ പരോളിന് അപേക്ഷിച്ചിരുന്നത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെ പത്തരയോടെയാണ് അലന്‍ വീട്ടിലെത്തിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കൊപ്പം വന്‍ പൊലീസ് സന്നാഹത്തോടെയാണ് വീടിനു സമീപമുള്ള ബന്ധുവീട്ടിലേക്ക് അലനെ കൊണ്ടുപോയത്. ഉച്ചയോടെ പരോള്‍ സമയം അവസാനിച്ച അലന്‍ ജയിലിലേക്ക് മടങ്ങി. ഈ സന്ദര്‍ശനത്തെ കുറിച്ചു അലന്‍റെ അമ്മ സബിത ശേഖർ എഴുതുന്നു;

ഞാൻ ഇപ്പോൾ വളരെയധികം എന്‍റെ ആരോഗ്യം നോക്കുന്നു, അവൻ വരുന്നത് വരെ ജീവനോടെ ഇരിക്കാൻ.
അവന്റെ പ്രിയപ്പെട്ട ലീല മേമ്മയെ (Grandma’s sis) കാണാൻ അവൻ വന്നു. വെറും മൂന്ന് മണിക്കൂർ. സാധാരണ വളരെ ക്ഷീണിച്ച് കിടക്കുന്ന മേമ്മ ഇന്ന് നല്ല energyയിലായിരുന്നു. അവനെ മനസ്സിലായി. അവ്യക്‌തമായി എന്തൊക്കെയോ പറഞ്ഞു. അവൻ ടൂറിന് പോയതാണെന്നാണ് ഞാൻ പറഞ്ഞിരുന്നത്.

Script എഴുതിയിട്ടല്ലല്ലോ നമ്മൾ ജീവിക്കുന്നത് അതുകൊണ്ട് ഇതുപോലെയുള്ള സന്ദർഭങ്ങളെ നേരിടാൻ നല്ല മനശക്തി വേണം. അവന് ഇഷ്ടമുള്ള ഭക്ഷണം കൊടുത്തും അവനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തും അതിനിടയിൽ വാ തോരാതെ വർത്തമാനം പറയാനും ഞാനും ശുഐബും മത്സരിച്ചു.

അവന്‍റെ mental strength നന്നായിട്ടിരിക്കുന്നു എന്നതാണ് ഞങ്ങൾക്കുള്ള ആകെ ആശ്വാസം. “എപ്പോൾ തിരിച്ച് വന്നാലും അമ്മാ… നിങ്ങളെ ഞാൻ നന്നായി നോക്കും” എന്ന അവന്‍റെ ഉറപ്പിൽ ഞങ്ങളുടെ കരിഞ്ഞ ജീവിതം തളിർക്കുന്നു. ഞാൻ ഇപ്പോൾ വളരെയധികം എന്‍റെ ആരോഗ്യം നോക്കുന്നു. അവൻ വരുന്നത് വരെ ജീവനോടെ ഇരിക്കാൻ…”

Click Here