മാധ്യമപ്രവര്‍ത്തകന്‍ വിചാരണാ തടവുകാരെ കാണുന്നത് കുറ്റകൃത്യമാണോ?

തേജസ് സബ് എഡിറ്റര്‍ അഭിലാഷ് പടച്ചേരിയെ കസ്റ്റഡിയിലെടുത്തത്തിന് എന്‍.ഐ.എ പറയുന്ന ന്യായീകരണങ്ങളിലൊന്ന്, അദ്ദേഹം ജയിലില്‍ കഴിയുന്ന നിയമവിദ്യാര്‍ത്ഥി അലനെയും ജേര്‍ണലിസം വിദ്യാര്‍ത്ഥി താഹയെയും കണ്ടു എന്നതാണ്… ! “വെറും കുറ്റാരോപിതർ മാത്രമായി തടവിൽ കഴിയുന്ന രണ്ട് ചെറുപ്പക്കാരെ ജയിലിൽ സന്ദർശിച്ചാൽ നിങ്ങളും അവരുടെ കൂട്ടത്തിൽ പെടുമെന്ന്! നിങ്ങൾ അറസ്റ്റ് ചെയ്യാൻ യോഗ്യതയുള്ള കുറ്റവാളിയാകുമെന്ന്! ഇനി അഥവാ അലനും താഹയും ശിക്ഷിക്കപ്പെട്ട പ്രതികളായാൽ പോലും അവരെ സന്ദർശിക്കുന്നവർ എങ്ങനെയാണ് കുറ്റവാളികളാകുക ? മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി പി റഷീദ് എഴുതുന്നു…

അഭിലാഷ് പടച്ചേരി അറസ്റ്റ് ചെയ്യപ്പെടാൻ യോഗ്യതയുള്ള മാവോയിസ്റ്റാണെന്നതിന് എൻഐഎ പറയുന്ന ന്യായീകരണങ്ങളിലൊന്ന് വളരെ സംഭ്രമജനകമായിത്തന്നെ ഏഷ്യാനെറ്റ് വാർത്തയിൽ ഇപ്പോൾ അവതരിപ്പിക്കുന്നത് കേട്ടു. “അഭിലാഷ് പടച്ചേരി അലനെയും താഹയെയും ജയിലിൽ സന്ദർശിച്ചതായാണ് എൻഐഎ നൽകുന്ന സൂചന”

വെറും കുറ്റാരോപിതർ മാത്രമായി തടവിൽ കഴിയുന്ന രണ്ട് ചെറുപ്പക്കാരെ ജയിലിൽ സന്ദർശിച്ചാൽ നിങ്ങളും അവരുടെ കൂട്ടത്തിൽ പെടുമെന്ന്! നിങ്ങൾ അറസ്റ്റ് ചെയ്യാൻ യോഗ്യതയുള്ള കുറ്റവാളിയാകുമെന്ന്! ഇനി അഥവാ അലനും താഹയും ശിക്ഷിക്കപ്പെട്ട പ്രതികളായാൽ പോലും അവരെ സന്ദർശിക്കുന്നവർ എങ്ങനെയാണ് കുറ്റവാളികളാകുക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പൊങ്ങച്ചം പറയുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജൻസിക്ക് പക്ഷെ ഈ ചോദ്യങ്ങളൊന്നും പ്രസക്തമല്ല. അവരുടെ ഭാഷ്യങ്ങൾ ചോദ്യം ചെയ്യാതെ, തുപ്പൽ തൊടാതെ വിഴുങ്ങാൻ മാധ്യമങ്ങളും ആ നുണകൾ അപ്പാടെ ഏറ്റെടുക്കാൻ ഫ്യൂഡൽ ബോധത്തിൽ ഇന്നും ജീവിക്കുന്ന ജനങ്ങളുമുള്ളപ്പോൾ ആരെ പേടിക്കാൻ

ഇന്നലെ കേരള പോലീസും എൻഐഎയും സി പി ജലീലിന്റെ തറവാട്ട് വീട്ടിലും ഉമ്മയും സഹോദര ഭാര്യയും ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വീട്ടിലും റെയ്ഡ് നടത്തി കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആ വീട്ടിലെ സകലരുടെയും ഫോണുകൾ അന്യായമായി പിടിച്ചെടുത്തതിനെയും മാധ്യമം ഓൺലൈൻ സൈറ്റിൽ പറഞ്ഞത് “ഫോണുകൾ കണ്ടെടുത്തു” എന്നാണ്. ഈ കേസെന്നല്ല, ഒരു കേസിലും പെടാത്തവരുടെ ഫോണുകൾ അന്യായമായി പിടിച്ചെടുത്ത സംഭവം അങ്ങനെ റിപ്പോർട്ട് ചെയ്യുന്നതിന് പകരം പോലീസ് എന്താണോ പറയുന്നത് അത് തത്ത പറയുന്നത് പോലെ അതേപടി ആവർത്തിക്കുക മാത്രമാണ് മാധ്യമം ചെയ്തത്. അവർ നിത്യവും ഉപയോഗിക്കുന്ന ഫോൺ അവർ ഒളിപ്പിച്ചു വെച്ചിരുന്നില്ല, കണ്ടെടുക്കാൻ. പക്ഷെ മാധ്യമം ഉപയോഗിക്കുന്ന വാക്ക് “കണ്ടെടുത്തു” എന്നാണ്

മേൽപ്പറഞ്ഞത് രണ്ടും ശ്രദ്ധയിൽപ്പെട്ടത്. മിക്കവാറും ഏതാണ്ടെല്ലാ മാധ്യമങ്ങളും ഇത് തന്നെ ആവർത്തിച്ചിരിക്കാനാണ് സാധ്യത. ഇതൊക്കെ കാണുമ്പോൾ ഈ ജനാധിപത്യം പൊള്ളയാണെന്ന മാവോയിസ്റ്റുകളുടെ വാദം എങ്ങനെ തള്ളിക്കളയും.


_ സി പി റഷീദ്

Click Here