ഭീകര-അന്യവൽക്കരണങ്ങളിൽ നിങ്ങളുടെ കോൺട്രിബ്യുഷൻ എത്രയായിരുന്നു ?

തബ്‌ലീഗുകാരുടെ ചുറ്റുമുള്ള വായു പോലും കോവിഡ് വൈറസുകളെ വഹിക്കുന്നുണ്ടാവാമെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ടുള്ള ഒരു രോഗ പ്രതിരോധ മഹാമഹം സംഘി പ്രചരണങ്ങളായും, ഫേക് ന്യൂസുകളായും, തബ്‌ലീഗുകാർക്ക് സാമൂഹികാവബോധം ഉണ്ടാക്കലായുമൊക്കെ മതത്തിനു അകത്തും, പുറത്തുമായി ഓൾറെഡി നടന്നു കഴിഞ്ഞ നിലക്ക് ഈ കോവിഡ് ഭീഷണി കഴിയും വരേക്കും അവരെ ആരും സ്പർശിക്കില്ല-തല്ലിക്കൊല്ലില്ല എന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു.

അവർക്ക് മൊത്തത്തിൽ ചികിത്സ നിഷേധിക്കണം, ഐസൊലേഷനിട്ടു ഒറ്റപ്പെടുത്തണം, ചത്തു തീരട്ടെ എന്നതൊക്കെ പല കോണുകളിൽ നിന്നും ഉയർന്നു കേട്ടിരുന്നുവെങ്കിലും നിശ്ചിത അകലം പാലിച്ചു കൊണ്ടുള്ള ഒരു തീയിട്ടു ചുട്ടെരിക്കലാണെങ്കിൽ പോലും ഇപ്പോഴത്തെ ഈ പ്രചാരണ കോലാഹലങ്ങൾക്കിടയിൽ അവരുടെ അടുത്തേക്ക് ആരും പോവില്ലെന്നു തന്നെയാണ് കരുതിയത്. മുസ്‌ലിം മാംസവും, രക്തവും ദേശീയതാ തീൻമേശയിലെ സ്‌റ്റേപ്പിൾ ഡയറ്റ് ആയി മാറിയ ഒരു രാജ്യത്തു നമുക്ക് വീണ്ടും തെറ്റി എന്നു മാത്രമേ പറയാനുള്ളൂ.

ആത്മഹത്യ ചെയ്യുന്നത് കൊടിയ പാപമാണെന്നറിഞ്ഞിട്ടും ഹിമാചലിൽ കഴിഞ്ഞ ദിവസം വ്യക്തിഹത്യക്കും, സാമൂഹിക ബഹിഷ്ക്കരണങ്ങൾക്കും വിധേയനായി സ്വയം ജീവനൊടുക്കേണ്ടി വന്ന നിസാമുദ്ദിൻ കോൺഗ്രിഗേഷന്റെ ഭാഗം പോലുമല്ലാതിരുന്ന ദിൽഷാദ് എന്ന തബ്‌ലീഗ് പ്രവർത്തകൻ, ഐസൊലേഷനിലിരിക്കെ കുപ്രചരണങ്ങൾ താങ്ങാനാവാതെ ബിൽഡിങ്ങിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ച മറ്റൊരു തബ്‌ലീഗുകാരൻ – ഈയൊരു പാറ്റേണിൽ ലഭിച്ചു കൊണ്ടിരുന്ന മാംസവും രക്തവുമൊന്നും തന്നെ രുചികരമായി തോന്നാത്തത് കൊണ്ട് അല്ലെങ്കിൽ മതിയാവാത്തത് കൊണ്ടു കൂടിയാവുമല്ലോ ഇന്നു ഡൽഹിയിൽ ഡയറക്റ്റ് കോണ്ടാക്റ്റിലൂടെയുള്ള കോവിഡ് പകർച്ചയെന്ന ഭീഷണിയെ പോലും അവഗണിച്ചു, നേരിട്ട് തന്നെ മെഹ്ബൂബ് അലിയെന്ന ആ 22കാരനെ തല്ലിക്കൊല്ലാൻ അവർ ശ്രമിച്ചിട്ടുണ്ടാവുക. വേട്ടയാടിപിടിച്ച മനുഷ്യന്റെ പച്ച മാംസത്തിനും, രക്തത്തിനും വേണ്ടിയുള്ള ഈയൊരു ത്വരക്ക് മറ്റെവിടെയെങ്കിലും, മറ്റേതെങ്കിലും കാലത്തു നമുക്ക് സമാനതകൾ കണ്ടെത്താനാവുമോ ?

ഗോഹത്യയുടേയും, നുഴഞ്ഞു കയറ്റത്തിന്റെയും, കശ്മീരിന്റെയും, താടിയുടെയും, തൊപ്പിയുടെയുമൊക്കെ പേരിൽ ഒരൽപം മുൻപ് വരെ വ്യാപകമായിരുന്ന ആൾക്കൂട്ട കൊലകൾക്ക് അവർ കണ്ടെത്തിയ ഒരു കൾമിനേഷൻ പോയന്റായിരുന്നല്ലോ എൻ.ആർ.സി- സി.എ.എ അടിസ്ഥാനപ്പെടുത്തിയുള്ള ഡീറ്റെൻഷൻ സെന്ററുകൾ.

ചോദ്യം മുസ്‌ലിങ്ങളോടാണ്, അറബിപ്പേരുള്ള ലിബറലുകളോടാണ്. ദേശീയതയെ അടിസ്ഥാനപ്പെടുത്തി നടന്ന ഭീകര-അന്യവൽക്കരണങ്ങളിലെ നിങ്ങൾ ഓരോരുത്തരുടെയും കോൺട്രിബ്യുഷൻ എത്രയായിരുന്നുവെന്നൊന്നു മുൻ നിലപാടുകളെയും എഴുത്തുകളെയും അടിസ്ഥാനപ്പടുത്തി വിലയിരുത്താൻ ഈ ലോക്ഡൗൺ സാഹചര്യമൊന്നു ഉപയോഗപ്പെടുത്തി നോക്കാമോ ?

ഐ.ബിയും, റോയും, മറ്റു ഭരണകൂട മെഷിനറികളും പടച്ചു വിട്ട മുസ്‌ലിം ഭീകരവാദ കഥകളോടും, ദേശീയതാ നിർവചനങ്ങളോടും പൊരുത്തപ്പെട്ടു നിങ്ങൾ അന്നു കൊലക്കു വിട്ടു കൊടുത്ത അനേകം വിലിഫൈഡ് മുസ്‌ലിം ഐഡന്റിറ്റികളിൽ ഒന്നായി മാറിയാണ് ഈ എൻ.ആർ.സി- സി.എ.എ കാലത്തു ഞാനും നിങ്ങളുമൊക്കെ ഒരു വംശഹത്യയുടെ വക്കത്തു നിൽക്കുന്നതെന്ന് നിങ്ങൾക്ക് ഇപ്പോയെങ്കിലും തിരിച്ചറിയാനാവുന്നുണ്ടോ ?

വീണ്ടും ശങ്കരൻ തെങ്ങിൽമേൽ തന്നെ എന്നു പറഞ്ഞ പോലെ ഇപ്പോൾ തബ്‌ലീഗിനെ ചൊല്ലിയുള്ള അപസർപ്പക കഥകളുടെ ഓരം ചേർന്നു കാറ്റിനൊപ്പിച്ചു തൂറ്റുന്ന നിങ്ങളുടെയൊക്കെ പേനയും, നാവും എന്നെയും നിങ്ങളെയും ഈ കോവിഡ് കാലത്തിനു ശേഷം ഇനിയൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് പോലും പറഞ്ഞയക്കേണ്ടതില്ലാത്ത വിധം അണുവാഹകരായും, കീടങ്ങളായും, മാലിന്യങ്ങളായുമൊക്കെ കണ്ട് തെരുവിൽ പേപ്പട്ടിയെ കണക്കെ തല്ലിക്കൊല്ലാനുള്ള ന്യായവാദങ്ങളാണ് ചമച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇപ്പോഴെങ്കിലും മനസ്സിലാവുന്നുണ്ടോ ?
_ ബാസിത് എം

Click Here