സമുദായത്തിന്റെയും സമൂഹത്തിന്റെയും ഓർമ്മയിൽ പോലുമില്ലാത്ത സക്കരിയ
ഷെരീഫ് സി വി
15 വര്‍ഷമായി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് വിചാരണ പോലുമില്ലാതെ യൗവ്വനം ഇരുമ്പഴികള്‍ക്കുള്ളിലായ ഒരു ചെറുപ്പക്കാരനുണ്ട് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍. പേര് സക്കരിയ. വീട്, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍. കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ പ്രായം 19 വയസ്സ് മാത്രം. വിചാരണപോലും ഇല്ലാതെ ആ ചെറുപ്പക്കാരന്‍ ഇന്നും ജയിലില്‍ തന്നെ കഴിയുന്നു. ഒരു രാജ്യവും ഭരണകൂടവും, ഭീകര മൗനം പാലിക്കുന്ന ജനതയും ഒരു യുവാവിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയുടെ നേര്‍സാക്ഷ്യം.
2009 ഫെബ്രുവരി 5ന് ജോലി ചെയ്തിരുന്ന തിരൂരിലെ സ്ഥാപനത്തില്‍ നിന്നാണ് സക്കരിയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബംഗളൂരു സ്ഫോടനത്തിനായി ടൈമർ ഉണ്ടാക്കാൻ സഹായിച്ചുവെന്നായിരുന്നു കേസ്. ആദ്യം മുതല്‍ തന്നെ തീര്‍ത്തും ദുരൂഹമായ നടപടികളായിരുന്നു സക്കരിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഒരു അറസ്റ്റ് നടക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും ഗൗനിക്കാതെയായിരുന്നു സക്കരിയയുടെ അറസ്റ്റ്. സാധാരണ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയുടെ വീട്ടുകാരെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്യുക. എന്നാൽ സക്കരിയയുടെ കാര്യത്തില്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അറസ്റ്റിനു ശേഷം നാലാം ദിവസമാണ് സക്കരിയയുടെ വീട്ടിൽ വിവരമറിയുന്നത് പോലും. അതാകട്ടെ, അറസ്റ്റ് നടന്ന് നാല് ദിവസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയതിന്റെ ചാനല്‍ വാര്‍ത്തകളില്‍ നിന്നും.
2008ല്‍ ബാംഗ്ലൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് വേണ്ടി ടൈമറുകളും മൈക്രോ ചിപ്പുകളും പന്ത്രണ്ടാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കി എന്നതാണ് സക്കരിയക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ രണ്ട് സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം സാക്ഷിയായ നിസാമുദ്ദീന്‍ കന്നഡ അറിയാത്ത തന്നെ കര്‍ണാടക പൊലീസ് തെറ്റിദ്ധരിപ്പിച്ച് പേപ്പറുകളില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് പിന്നീട് തുറന്നുപറഞ്ഞിരുന്നു. രണ്ടാം സാക്ഷിയായ ഹരിദാസ്, താനിതുവരെ സക്കരിയയെ നേരില്‍ കണ്ടിട്ടില്ലെന്നും പറയുന്നു.
രണ്ട് സാക്ഷികളും സത്യം തുറന്ന് പറഞ്ഞിട്ടും നീതിയും നിയമവും സകരിയയുടെ കാര്യത്തിൽ കണ്ണടച്ച് നിൽക്കുകയാണ്. ലോകത്തിന്റെ ഏത് മൂലയിൽ എന്ത് അനീതി നടന്നാലും പ്രതികരിക്കുന്ന പ്രബുദ്ധ കേരളത്തിലെ പലരും സകരിയ എന്ന പേര് തന്നെ കേട്ടിട്ടുണ്ടാകില്ല , 15 വർഷം പിന്നിട്ട ഭരണകൂട ഭീകരതയെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകില്ല . സമുദായത്തിൻ്റെയും, സമൂഹത്തിൻ്റെയും ഓർമ്മയിൽ പോലുമില്ലാത്ത സക്കരിയ. നിലവിളിക്കാനും, ഒച്ചവയ്ക്കാനും ഒരു സംഘടനയുടെയും പിൻബലമില്ലാത്ത സക്കരിയ. ആർക്കും വേണ്ടാത്ത, ആരുമോർക്കാത്ത, ഓർമ്മിപ്പിക്കാത്ത സക്കരിയയെ ഓർക്കാനും ഓർമ്മിപ്പിക്കാനും ആരെങ്കിലുമുണ്ടാകണം. സകരിയക്ക് നീതി ലഭ്യമാക്കണം, സ്വാതന്ത്യ്രത്തിന്റെ ശുദ്ധവായു സകരിയക്കും ശ്വസിക്കണം.
_ ഷെരീഫ് സി വി
Follow us on | Facebook | Instagram | Telegram | Twitter | Threads