അവന് നിങ്ങൾ നഷ്ടപ്പെടുത്തിയതെന്ത് ?

തിരികെപ്പോകുമ്പോൾ
എ അയ്യപ്പന്‍റെ നെഞ്ചിൽ
റോസാപ്പൂക്കളുണ്ടായിരുന്നു
ബാലഭാസ്കറിന്‍റെ നെഞ്ചിൽ
വയലിനും.
ചുണ്ടിൽ ഹൽവയുടെ മധുരവിജയവുമായ് ചേരമാൻ പള്ളിയിൽ
ഉറങ്ങാൻ കൊതിച്ചവനെ മാത്രം
എന്തിനാണു നിങ്ങൾ പച്ചയ്ക്ക് കത്തിച്ചു കളഞ്ഞത് ?
അവനു നിങ്ങൾ നഷ്ടപ്പെടുത്തിയതെന്തു…!
ശുദ്ധജലത്താലൊരു സ്നാനം
ചുണ്ടിൽ അലുവയുടെ മധുരം
പ്രാർത്ഥനയുടെ നേർത്ത സ്വരം.
രാഷ്ട്രീയശരിയാർന്ന ഖബർ
എന്ന ഒടുക്കത്തെ ഭവനം
എന്നാൽ അവൻ നേടിയതോ
അത്യുന്നതമായ
രക്തസാക്ഷിത്വം !
നജ്മൽ ബാബു..
താങ്കൾ ദുഖിക്കുന്നതെന്തിനു..
രക്തസാക്ഷിയെ സ്നാനപ്പെടുത്തെണ്ടതില്ലെന്ന് ഹദീസ് പറയുന്നത് താങ്കൾക്ക് വേണ്ടിയല്ലേ
താങ്കൾ സ്വയംശുദ്ധി ചെയ്തവൻ !
രക്തസാക്ഷിയെ ഭക്ഷിപ്പിക്കുന്നുണ്ടെന്ന്
ഖുർആൻ‌ പറയുന്നതും താങ്കൾക്കു വേണ്ടിയല്ലേ
താങ്കൾക്ക് മധുരം നൽകുന്നു മലാഖമാർ
അവശേഷിക്കുന്ന….. ആ പ്രാർത്ഥന…
ആയിരം നാവുകൾ അതിങ്ങനെ ഉരുവിടാൻ പ്രവാചകൻ പഠിപ്പിച്ചതും താങ്കൾക്ക് വേണ്ടിയല്ലേ
“അല്ലാഹ്..
ഇദ്ദേഹത്തിന്‍റെ ആതിഥ്യം സ്വീകരിക്കേണമേ
ഇദ്ദേഹത്തെ വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും സ്നാനപ്പെടുത്തേണമേ
ഇദ്ദേഹത്തിന്‍റെ ഭവനത്തെക്കാൾ ഉത്തമമായ ഭവനം പകരം നൽകേണമേ
ഇദ്ദേഹത്തിന്‍റെ കുടുംബത്തെക്കാൾ ഉത്തമമായ കുടുംബം പകരം നൽകേണമേ
ഇദ്ദേഹത്തിന്‍റെ ഇണയെക്കാൾ ഉത്തമമായ ഇണയെ പകരം നൽകേണമേ.”
അല്ലെങ്കിലും
ബന്ധുക്കളാൽ ഇടംകണ്ണും
മിത്രങ്ങളാൽ വലം കണ്ണും ചൂഴ്ന്നെടുക്കപ്പെട്ടവൻ തന്നെയായിരുന്നല്ലോ
ഓരോ വിപ്ലവകാരിയും !
_ ഷമീന ബീഗം

Follow us on | Facebook | Instagram Telegram | Twitter

Leave a Reply