2021 ബഡ്ജറ്റ് കമ്പനി രാജിന് വേണ്ടിയുള്ളത്

2021 ബഡ്ജറ്റ് കമ്പനി രാജിന് വേണ്ടിയുള്ളത്; സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകേറാനും, അതിജീവിക്കാനും സഹായകമായ നടപടികൾക്ക് വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കുന്നത്…

രാജ്യം കോവിഡ് പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയ ശേഷം മോദി സർക്കാർ അവതരിപ്പിച്ച ആദ്യത്തെ ബഡ്ജറ്റ് സാമ്പത്തിക തകർച്ചയ്ക്ക് പരിഹാരം കാണാനോ, തൊഴിലും ഉപജീവന മാർഗ്ഗങ്ങളും നഷ്ടപ്പെട്ട് ഏറ്റവും ദുരിതങ്ങൾ അനുഭവിക്കുന്ന ജനാവിഭാഗങ്ങൾക്ക് ആശ്വാസം പകരനോ ഉള്ള ഒരു ശ്രമവും നടത്തുന്നില്ല. നേരെ മറിച്ച്, പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ ചുമലിൽ കെട്ടിയേൽപ്പിക്കാനും, വൻകിട കോർപ്പറേറ്റുകൾക്ക് അവരുടെ സമ്പത്ത് കുന്നുകൂട്ടാൻ പിന്നേയും അവസരങ്ങൾ സൃഷ്ടിക്കാനും വേണ്ടിയുള്ള നിർദ്ദേശങ്ങൾ ആണ്‌ പുതിയ ബഡ്ജറ്റിൽ ഉള്ളത്.

സമ്പദ് വ്യവസ്ഥ മെച്ചപ്പെടാൻ ഇന്ന് അടിയന്തരമായി ചെയ്യേണ്ടത് പൊതുധന നിക്ഷേപവും പൊതു ഉപഭോഗവും പരമാവധി പ്രോത്സാഹിപ്പിക്കൽ ആണെന്നിരിക്കെ, ബഡ്ജറ്റ് വിഭാവന ചെയ്യുന്നത് ഇതിന് കടകവിരുദ്ധമായ നടപടികൾ ആണ്‌. പൊതുമേഖലയെ വൻതോതിൽ വിറ്റു തുലയ്ക്കലും സ്വകാര്യവൽക്കരിക്കലും ആണ് ബഡ്ജ്റ്റിലെ നിർദ്ദേശങ്ങളുടെ കാതലായ വശം.

തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കാനോ, സാധാരണ ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കാൻ വേണ്ടി അവരുടെ കയ്യിൽ നേരിട്ട് പണം എത്തിക്കാനോ ഉള്ള ഒരു പരിപാടിയും ഇല്ലെന്നതാണ് ബഡ്ജറ്റിലെ മുഴച്ചു നിൽക്കുന്ന പോരായ്മ.

കോവിഡ് മഹാമാരിക്കും ലോക്ക് ഡൗണിനും ഇടയിൽ, ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ ഒന്നാം നിരയിലുള്ള നൂറിൽപ്പരം വ്യക്തികളുടെ ആസ്തിയിൽ 13 ലക്ഷം കോടി രൂപയുടെ വർദ്ധനവ് ആണ്‌ ഉണ്ടായത്. കുന്നുകൂടിയ ഈ സ്വകാര്യ സമ്പത്തിനെ തൊടാൻ പോലും ബഡ്ജറ്റ് ഉദ്ദേശിക്കുന്നില്ല. സമ്പത്തിനു മേലുള്ള അധിക നികുതി ചുമത്തലോ, ഇടപാടുകളിലുള്ള നികുതി ചുമത്തലോ വഴിയായി സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താനുള്ള ധനസ്രോതസ്സുകളിൽ ഒന്നായി ഇതിനെ ബഡ്ജറ്റ് കാണുന്നില്ല.

ഇന്ത്യയുടെ റവന്യു നയം പരിഷ്കരിക്കാനുള്ള മാർഗ്ഗം അതിസമ്പന്ന വിഭാഗങ്ങളിൽ നിന്നും അധികമായി റവന്യു വരുമാനം ഉറപ്പാക്കുന്നതും, ജി.എസ്.ടിയിലും ആദായ നികുതിയിലും ഇടത്തരക്കാർക്ക് ഇളവുകൾ നൽകലും മറ്റും ആണ്‌. എന്നാൽ, അത് ചെയ്യുന്നതിന് പകരം, മേൽ പറഞ്ഞതുപോലെ അങ്ങേയറ്റം പിന്തിരിപ്പൻ നികുതി നയവും റവന്യു നയവും തുടരുകയാണ് ഇപ്പോഴും ചെയ്യുന്നത്.

എല്ലാ കാർഷികോൽപ്പന്നങ്ങൾക്കും ന്യായമായ മിനിമം താങ്ങുവില നിയമപ്രകാരം ഉറപ്പാക്കാനുള്ള ആവശ്യം ദീർഘകാലമായി ഉന്നയിച്ചു പോരുന്ന കൃഷിക്കാരുടെ പ്രശ്നത്തോട് സർക്കാർ ഇപ്പോഴും നിഷേധാത്മക നയമാണ് സ്വീകരിക്കുന്നത്. രാജ്യത്തെ ചെറുകിട കർഷകരുടേയും മൈക്രോ ഫൈനാൻസ് വയ്പ്പകളിൽപ്പെട്ടവരുടേയും കടബാധ്യതയുടെ പ്രശ്നം അതീവ ഗുരുതരാവസ്ഥയിൽ എത്തിനിൽക്കുകയാണ്. ചെറുകിടക്കാരുടെ കടബാധ്യതകൾ സർവ്വത്രികമായി എഴുതിത്തള്ളേണ്ടതിന്റെ ആവശ്യം രാജ്യം മുഴുവൻ ഉയർന്നു വന്നിട്ടും ഈ ബഡ്ജറ്റ് അത് പാടേ അവഗണിച്ചിരിക്കുന്നു.

സാമ്പത്തികമായ അതിജീവനത്തിനുള്ള അടിസ്ഥാന ആവശ്യം പോലും അവഗണിക്കുന്ന ഈ ബഡ്ജറ്റ് പൂർണ്ണമായും തിരുത്തി എഴുതണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നതോടൊപ്പം, ഈ രാജ്യത്തെ അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ബഡ്ജറ്റിനെതിരെ പ്രതിഷേധം ഉയർത്താൻ ആഹ്വാനം ചെയ്യുന്നു.


ദീപങ്കർ ഭട്ടാചാര്യ
ജനറൽ സെക്രട്ടറി, സി.പി.ഐ.എം.എൽ

Like This Page Click Here

Telegram
Twitter