കത്തിക്കരിഞ്ഞ ഫാറൂഖിയ മസ്ജിദിന്റെ ചുമരിലെഴുതിയിരുന്നു, “ചായ് ബേച്, ദേശ് ന ബേച്”
വംശഹത്യ നടന്ന ഡൽഹിയിലെ പ്രദേശങ്ങൾ സന്ദർശിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള സെക്രട്ടറി നൗഷാദ് സി എ എഴുതുന്നു…
ഡ്രൈനേജിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ അഴുകിയ 5 മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ശിവ് വിഹാറിൽ അഗ്നിക്കിരയാക്കപ്പെട്ടത് നൂറുകണക്കിന് വീടുകളാണ്. മാധ്യമ പ്രവർത്തകർക്കും സുപ്രീം കോടതി അഡ്വക്കേറ്റുമാർക്ക് പോലും ഇപ്പോഴും അങ്ങോട്ട് പ്രവേശനം ലഭിച്ചിട്ടില്ല. സന്ദർശിക്കാൻ അവസരം ലഭിച്ചയിടങ്ങളിലെ വിവരങ്ങൾ പുറത്ത് വിടാൻ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് മാധ്യമ പ്രവർത്തകർ പറഞ്ഞത്. ഡ്രൈനേജുകൾക്കിടയിൽ ചവിട്ടിത്താഴ്ത്തിയ നിലയിൽ അഴുകിയ 5 മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിവരം നൽകുക എന്നല്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് പോലും അതീവ ദുഷ്കരം.
സന്നദ്ധ പ്രവർത്തകർ പറയുന്നു: ശിവ് വിഹാറിൽ അഞ്ഞൂറിലധികം വരുന്ന സംഘ്പരിവാർ പ്രവർത്തകർ പോലീസ് വലയത്തിലാണത്രെ ആക്രമണം നടത്തി നീങ്ങിയത്. അക്രമണവും തീവെപ്പും നടത്തിയശേഷം പരിസരവാസികൾ അവിടങ്ങളിൽ കൊള്ളയടി തുടർന്നുകൊണ്ടിരുന്നു. ആൾക്കൂട്ടം മോജ്പൂരിൽ എത്തുമ്പോൾ പ്രദേശവാസികൾ സുരക്ഷക്കായി ചെറുത്ത് നിൽക്കാൻ തീരുമാനിച്ചതോടെ അവർ പിൻമാറുകയായിരുന്നു. ചെറുത്ത് നിൽക്കാൻ തീരുമാനിക്കുന്നവരെ അത്രമേൽ ഭയക്കുന്നുണ്ട് ഇക്കൂട്ടർ.
പാട്ടും പറച്ചിലും വരയും മാത്രമല്ല ചായവരെ ഇൻഖിലാബിയാക്കി എത്ര സർഗാത്മകമായാണ് നമ്മുടെ കാമ്പസുകൾ ചെറുത്ത് നിൽക്കുന്നതെന്ന് ജാമിഅക്ക് മുമ്പിലെത്തിയാൽ ബോധ്യപ്പെടും. “ഇൻഖിലാബി ചായ രുചിച്ച് നോക്കു മോദിജി രാജ്യം വിൽക്കൽ അവസാനിപ്പിക്കും.” ചായ വിൽക്കുന്നിടത്തെ എഴുത്തങ്ങനെയാണ്.
കത്തിക്കരിഞ്ഞ ഫാറൂഖിയ മസ്ജിദിന് മുന്നിലെ ചുമരിലും എഴുതിയത് കണ്ടിരുന്നു,
”ചായ് ബേച്, ദേശ് ന ബേച്”
ചായ വിറ്റോളൂ രാജ്യം വിൽക്കരുതെന്ന്.
ശാഹീൻ ബാഗിലേക്കായിരുന്നു അവസാനമായി പോയത്. രാത്രി വൈകിയും തുടരുന്ന പ്രക്ഷോഭത്തിൽ സംസാരിക്കണമെങ്കിൽ തലേദിവസം തന്നെ അറിയിക്കണമായിരുന്നു. എന്നാൽ ഞങ്ങളെ കണ്ടതോടെ പ്രദേശവാസികളായ സാഹിദും, അത്ഹറും നേരെ വേദിയിലേക്ക് നയിച്ചു. ഭക്ഷണ സമയമായിരുന്നു. സിഖ് വിഭാഗക്കാർ നടത്തുന്ന ഭക്ഷണ വിതരണ (ലങ്കർ) സ്റ്റാളുകളുടെ മുന്നിലെ നീണ്ട ക്യൂ വംശീയ അക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ ഐക്യപ്പെടൽ കൂടിയായിരുന്നു..
ശാഹീൻ ബാഗിൽ വിദ്യാർത്ഥികൾ ചെയ്ത ഗ്രാഫിറ്റി വർക്കിലെ വരികളിൽ…..
“ജിസ് മേ ന ഹൊ ഇൻക്വിലാബ്..
മൗത് ഹെ വൊ സിന്ദഗി.
റൂഹേ ഉമമ് കി ഹയാത്..
കശ്മകശെ ഇൻക്വിലാബ്.
(മരണതുല്യമീ ജീവിതം വിപ്ലവമില്ലെങ്കിൽ
വിപ്ലവ ജീവിതത്തിലെ സംഘർഷങ്ങളത്രെ
ജനതകളുടെ ജീവിതോർജ്ജം)”
പോരാട്ടത്തിന് ഐക്യപ്പെടാൻ സമയമായിരിക്കുന്നു… എഴുന്നേറ്റ് നിൽക്കാം നമുക്ക് ഒരുമിച്ച്…
_ നൗഷാദ് സി എ
2018 മാര്ച്ച് 3
Photos Courtesy Farooqia Mosque_ Xavier GALIANA, AFP
Shaheen Bagh_ Noushad CA