അവര്‍ സംഘടിച്ചത് സഹിക്കാൻ കഴിയാത്തവര്‍ രാഷ്ട്രീയ പരിമിതിയുള്ളവര്‍
കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തെ കുറിച്ചു അഡ്വ പി എ ഷൈനയുടെ പ്രതികരണം…
ഇന്നലെ വരെയില്ലാതിരുന്ന പ്രശ്നം ഇന്നെങ്ങനെ പായിപ്പാടുണ്ടായി എന്ന് അതിശയിക്കുകയും ധാർമ്മിക രോഷം കൊള്ളുകയും ഗൂഢാലോചന ചിക്കിത്തിരയുകയും ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ. പായിപ്പാട് ഇതുവരെ പ്രശ്നം ഉണ്ടായിരുന്നില്ല എന്നതല്ല ശരി; അതു നിങ്ങൾ കണ്ടിരുന്നില്ല എന്നതാണു സത്യം. അതു നിങ്ങളെ കാണിക്കാൻ ആയിരങ്ങൾ തെരുവിലിറങ്ങേണ്ടിവന്നു. അവരെ അടിച്ചോടിച്ച് സമാധാനിക്കുന്ന ഭരണകൂടവും മനസ്സിലാക്കണം ഇതോടെ കാര്യങ്ങൾ അവസാനിക്കുകയില്ല. അവരുടെ പ്രശ്നങ്ങളെ കാണുകയും പരിഹരിക്കുകയും ചെയ്യാത്തിടത്തോളം കാലം അവർ ഇനിയും ഇറങ്ങും; ഇറങ്ങേണ്ടിവരും.
കേരളത്തിലെ അസംഘടിത തൊഴിലാളികളുടെ ഏറ്റവും വലിയ കൂട്ടമായ ഇതര സംസ്ഥാന തൊഴിലാളികളുടെ ഏക പ്രശ്നം കൊറോണയോ ലോക്ഡൗണോ അല്ല. അവർ ഇന്നുവരെ നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ ക്രൈസിസ് ആണ് ഇത്. എന്നാൽ അസംഘടിത തൊഴിലാളികൾ എന്ന നിലയ്ക്ക് ഓരോ ദിവസവും അവർ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതിന്റെ പരിഹാരം നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി അവരുടെ സംഘടിതമായ മുന്നേറ്റങ്ങൾ തന്നെയാണ്. കൂടുതൽ ശക്തമായി ഇനിയും അതുണ്ടാവും. അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് അവർ സംഘടിച്ചത്, സ്വന്തം രാഷ്ട്രീയാവബോധത്തെപ്പറ്റി ഊറ്റം കൊള്ളുന്ന മലയാളിക്ക് ഇതു സഹിക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം രാഷ്ട്രീയ പരിമിതി കൊണ്ടാണെന്നു മനസ്സിലാക്കിയാൽ മതി.
ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ട്. തൊഴിലില്ലാത്ത സാഹചര്യത്തിൽ അവരെ ഒരു തൊഴിലുടമയും തീറ്റിപ്പോറ്റുകയില്ല. ഒരു വീട്ടുടമയും അവരെ സൗജന്യമായി താമസിപ്പിക്കുകയും ഇല്ല. സാമാന്യബോധമുള്ള ആർക്കും ഇതു ഊഹിക്കാൻ സാധിക്കും. ഇതു കൈകാര്യം ചെയ്യാൻ മാത്രം കാര്യപ്രാപ്തിയുള്ള തദ്ദേശ ഭരണകൂടങ്ങളോ ജില്ലാ ഭരണകൂടങ്ങളോ നമുക്ക് ഉണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
ഇന്ന് ലോക്ഡൗൺ കേവലം 6 ദിവസങ്ങൾ പിന്നിടുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ പതിനഞ്ചും ഇരുപതും ദിവസങ്ങൾ കഴിയുമ്പോൾ എന്താകും അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്തരം കണക്കുകൂട്ടലിൽ നിന്നാണ് ഞങ്ങളെ നാട്ടിലേക്കയക്കണം എന്ന് തൊഴിലാളികൾ പറയുന്നത്. ഇവർ കൂട്ടം കൂടിയത് വൻതോതിൽ വൈറസ് പരത്തുന്ന ഒരു സാമൂഹികവിരുദ്ധ പ്രവർത്തനമാണെന്ന് എന്ന് ആരോപിക്കുന്നവർ അവരുടെ താമസസ്ഥലം ഒന്നു സന്ദർശിക്കുന്നത് നന്നായിരിക്കും. 20 – 30 പേർ ചെറിയ മുറികളിൽ തിങ്ങിക്കൂടി വേണ്ടത്ര ശുദ്ധജലമോ സാനിറ്ററി സംവിധാനങ്ങളോ ഇല്ലാതെ പലപ്പോഴും പണിതീരാത്ത കെട്ടിടങ്ങളുടെയോ ഉപയോഗശൂന്യമായ കെട്ടിടങ്ങളുടെയും ഉള്ളിലാണ് അവർ അന്തിയുറങ്ങുന്നത്. അവിടെ ഏതുതരം സാമൂഹിക അകലമാണ് അവർക്ക് പാലിക്കാൻ കഴിയുക? അന്നന്നത്തെ അധ്വാനത്തിലൂടെ മാത്രം അന്നം കണ്ടെത്താൻ കഴിയുന്ന കോടിക്കണക്കിന് ദരിദ്രജനങ്ങളുടെ ഇന്ത്യയെ പറ്റി മനസ്സിലാക്കാത്ത, അവരെ ചൂഷണം ചെയ്യുന്ന, മധ്യവർഗ്ഗ, ഉപരിവർഗ്ഗ പ്രതിനിധികളാണ് ഇത്തരം സമരങ്ങൾക്കെതിരേ പടവാളോങ്ങുന്നത്.
_ അഡ്വ പി എ ഷൈന
മാര്‍ച്ച് 29 2020
Related articles
പായിപ്പാട് പ്രതിഷേധം യാഥാര്‍ത്ഥ്യം ഇതാണ്, ഭരണകൂടം പ്രചരിപ്പിക്കുന്നത് നുണകള്‍ !
പായിപ്പാട് പ്രതിഷേധം; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേസ്- അറസ്റ്റ്, കോട്ടയത്ത് നിരോധനാജ്ഞ