വേണം മലപ്പുറത്തൊരു ജനറൽ ആശുപത്രി


ഇർഷാദ് മൊറയൂർ

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രണ്ടു കുട്ടികൾ മരിക്കാനിടയായ സംഭവം ദുഃഖകരമാണ്. സർവ്വശക്തൻ അവരുടെ കുടുംബങ്ങൾക്ക് അതിനെ തരണം ചെയ്യാനുള്ള കരുത്ത് നൽകട്ടെ.

പ്രസ്തുത സംഭവത്തിൽ ഒന്നാമത് പ്രതി സർക്കാരും ആരോഗ്യ വകുപ്പുമാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡിന്‍റെ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന് നേരത്തെ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികൾ നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. മാത്രമല്ല, അതോടൊപ്പം ചർച്ച ചെയ്യേണ്ട മറ്റൊരു വിഷയം കൂടെയുണ്ട്. സംഭവത്തിൽ യു.ഡി.എഫ് സംഘടനകളുടെ, പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്‍റെ പ്രതിഷേധങ്ങൾ കണ്ടു. സർക്കാരിനെതിരെ ‘വമ്പിച്ച’ പ്രതിഷേധം നടത്തുകയാണവർ. യഥാർത്ഥത്തിൽ അവരും ഇതിൽ കുറ്റക്കാരല്ലേ? പരിമിതമായ സൗകര്യം മാത്രമുണ്ടായിരുന്ന മഞ്ചേരി ജില്ലാശുപത്രി ‘മെഡിക്കൽ കോളേജ്’ എന്ന് പേര് മാറ്റി മലപ്പുറത്തെ ജനതയെ വഞ്ചിച്ചത് അവരല്ലേ?

മഞ്ചേരിയിലെ ‘മെഡിക്കൽ കോളേജ്’ കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ വലിയ പ്രതിസന്ധിയിലായത് മലപ്പുറത്തുകാരാണ്. ആകെയുണ്ടായിരുന്ന ഒരു ജില്ലാശുപത്രിയാണ് മെഡിക്കൽ കോളേജാക്കി മാറ്റിയത്. UDFന്‍റെ ദീർഘ വീക്ഷണമില്ലായ്മക്കും വിഡ്ഢിത്തത്തിനും വില കൊടുക്കേണ്ടി വന്നത് യഥാർത്ഥത്തിൽ മലപ്പുറം ജനതയാണ്. ഇത് എന്താണ് ചർച്ച ചെയ്യാതെ പോകുന്നത്?

കഴിഞ്ഞ UDF സർക്കാരിന്‍റെ തീരുമാനമായിരുന്നു എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജ് എന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിച്ചു കൊണ്ടിരുന്ന മലപ്പുറത്തുകാർ വലിയ പ്രതീക്ഷയോട് കൂടിയാണ് ഈ തീരുമാനം കണ്ടിരുന്നത്. പക്ഷെ, പദ്ധതി നടപ്പിലായപ്പോൾ മലപ്പുറത്തുകാർക്ക് നഷ്ടമായത് അവർ കോടികൾ പിരിച്ചെടുത്തു ഉണ്ടാക്കിയ ജനറൽ ആശുപത്രിയായിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ജനപക്ഷത്തു നിലയുറപ്പിക്കുന്ന SDPI പോലുള്ള രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങളെയും അഭ്യർത്ഥനകളെയും തള്ളി കളഞ്ഞു കൊണ്ടു നിലവിലെ ജനറൽ ആശുപത്രി ‘ബോർഡ് മാറ്റി വെക്കൽ ശാസ്ത്രക്രിയ’ നടത്തി മെഡിക്കൽ കോളേജ് ആയി പ്രഖ്യാപിച്ചു ഒരു ജനതയെ മുഴുവൻ വഞ്ചിക്കുകയായിരുന്നു UDF സർക്കാർ അന്ന് ചെയ്തത്..

UDF സർക്കാരിലെ അപ്രമാദിത്വം ഉള്ള ഘടക കക്ഷിയായ ലീഗിന്‍റെ വികസന കാഴ്ചപ്പാടിന്‍റെ പോരായ്മയുടെ ഉദാഹരണം കൂടിയായിരുന്നു ഈ തീരുമാനം. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും വികസനത്തിൽ പതിനാലാം സ്ഥാനത്തുമുള്ള മലപ്പുറം ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ തുടരുകയാണ്. ഇപ്പോൾ കോവിഡ് ആശുപത്രിയായി മെഡിക്കൽ കോളേജ് പ്രഖ്യാപിക്കുകയും ചികിത്സാരംഗത്തെ മറ്റ് സൗകര്യങ്ങൾ മുഴുവൻ അടച്ചിടുകയും ചെയ്തതോട് കൂടി മെഡിക്കൽ കോളേജിനെ ആശ്രയിച്ചിരുന്ന ജില്ലക്കാർ മുഴുവൻ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ അഭയം തേടേണ്ട സാഹചര്യമാണുള്ളത്

വർഷങ്ങൾക്ക് മുന്നേ പാണ്ടിക്കാട് അപകടം നടന്നപ്പോൾ അവിടെ അപകടം പറ്റിവരെ ചികിൽസിക്കാൻ പോലും അവിടെ സൗകര്യമില്ലായിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോഴും. കോവിഡ് ആശുപത്രിയാക്കി ഉയർത്തിയതോടെ മറ്റുള്ള സൗകര്യങ്ങൾ ഇല്ലാതെയായി. നമുക്കൊരു ജനറൽ ആശുപത്രി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമായിരുന്നില്ല.

പറഞ്ഞു വന്നത് ആ കുട്ടികളെ ‘കൊലപ്പെടുത്തിയത്’ ആരോഗ്യ വകുപ്പും സർക്കാരും മാത്രമല്ല, യു.ഡി.എഫും മുസ്‌ലിം ലീഗും കൂടിയാണ്. കൊറോണയും അതിന്‍റെ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിയന്ത്രണങ്ങളും കാരണം സാമ്പത്തിക രംഗത്തുള്ള വൻ തകർച്ച കാരണം തുടർ ചികിൽസയും മറ്റും മെഡിക്കൽ കോളേജിനെ ആശ്രയിച്ചിരുന്ന ജില്ലക്കാർ മുഴുവൻ പ്രയായസത്തിലാണ്. അതിനാൽ തന്നെ ജില്ലക്ക് നഷ്ടമായ ജനറൽ ആശുപത്രി വീണ്ടെടുക്കാനുള്ള രാഷ്ട്രീയ ജനകീയ പോരാട്ടം ഉയർന്നു വരേണ്ടതുണ്ട്.

Like This Page Click Here

Telegram
Twitter