സർക്കാർ വിചാരണ തടവുകാർക്ക് ഇടക്കാല ജാമ്യം നൽകണം

സമൂഹത്തിൽ നിന്നും നിർബന്ധമായി വേർതിരിച്ച് അകറ്റപെട്ടവരാണ് തടവുകാർ. പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലാണ് തടവുകാരുടെ ജീവിതം. ജയിലിനകത്ത് എന്തു സംഭവിക്കുന്നു എന്നു അറിയാൻ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികൾ പൊതുസമൂഹത്തിനില്ല…


അഡ്വ. തുഷാർ നിർമ്മൽ സാരഥി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ സർക്കാർ തയ്യാറാകണം. നിലവിൽ തടവുകാർക്ക് 2 ആഴ്ച പരോൾ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഈ ഉത്തരവ് ശിക്ഷിക്കപ്പെട്ടു തടവിൽ കഴിയുന്ന തടവുകാർക്ക് മാത്രമാണ് ബാധകമാകുക എന്നാണ് മനസ്സിലാക്കാനാകുന്നത്. നമ്മുടെ ജയിലുകളിലുള്ള തടവുകാരിൽ മഹാഭൂരിപക്ഷവും വിചാരണത്തടവുകാരാണ് എന്നിരിക്കെ ശിക്ഷാ തടവുകാർക്ക് പരോൾ അനുവദിക്കുന്നത് കൊണ്ട് ജയിലിനകത്തെ ജനസംഖ്യയിൽ വലിയ കുറവ് വരാൻ സാധ്യതയില്ല. ഈ നടപടി കൊണ്ട് കോവിഡ് പ്രതിരോധത്തിന് വലിയ പ്രയോജനം ഉണ്ടാകുകയില്ല.

നമ്മുടെ ജയിലുകൾ അതിന്റെ ശേഷിയുടെ എത്രയോ അധികം തടവുകാരെ കൊണ്ട് നിറഞ്ഞതാണ്. ഈ അവസ്ഥയിൽ ജയിലിനകത്തു രോഗവ്യാപനം ഉണ്ടായാൽ അതു ഗുരുതരമായ ഫലങ്ങളാകും ഉണ്ടാക്കുക. ‘ബ്രെക്ക് ദി ചെയ്ൻ’ എന്നോ ‘ക്രഷ് ദി കർവ്’ എന്തു പേരിട്ടു വിളിച്ചാലും സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾ വിജയത്തിൽ എത്തണമെങ്കിൽ ജയിലിലെ രോഗവ്യാപന സാധ്യതകളെ കൂടി ഇല്ലാതാക്കിയാലെ പറ്റൂ. വിചാരണ തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ട് ജയിൽ ജനസംഖ്യയിൽ കുറവ് വരുത്തി കൊണ്ടേ അതു സാധ്യമാകൂ.

കോവിഡ് വ്യാപനം ഇത്ര രൂക്ഷമല്ലാതിരുന്ന കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന തലത്തിൽ ഒരു ഹൈപവർ കമ്മറ്റി ഉണ്ടാക്കുകയും 7 വർഷം ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ആരോപിതരായി തടവിൽ കഴിയുന്ന എല്ലാ തടവുകരെയും ജാമ്യത്തിൽ വിട്ടയക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ തീവ്രമായ രോഗവ്യാപനം ഉള്ള ഈ സമയത്ത് അത്തരം ഒരു നടപടി സ്വീകരിക്കാതിരിക്കുന്നത് ഒട്ടും ന്യായമല്ല.

സമൂഹത്തിൽ നിന്നും നിർബന്ധമായി വേർതിരിച്ച് അകറ്റപെട്ടവരാണ് തടവുകാർ. പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലാണ് തടവുകാരുടെ ജീവിതം. ജയിലിനകത്ത് എന്തു സംഭവിക്കുന്നു എന്നു അറിയാൻ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികൾ പൊതുസമൂഹത്തിനില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ ജയിലുകളിൽ തടവുകാരുടെ നിലവിലെ എണ്ണം, പരോൾ അനുവദിക്കപ്പെട്ടവരുടെ എണ്ണം ജയിൽ സ്റ്റാഫിന്റെ എണ്ണം, കോവിഡ് ബാധിച്ച തടവുകാരുടെയും ജയിൽ സ്റ്റാഫിന്റെയും എണ്ണം, ജയിലുകളിൽ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം. കൂടാതെ തടവിൽ കഴിയുന്നവർക്ക് വീട്ടുകാരെ ബന്ധപ്പെടുന്നതിനു വേണ്ടി ടെലിഫോൺ, വീഡിയോ കോൺഫറൻസിങ്ങ് മുതലായ സൗകര്യങ്ങളും അവസരങ്ങളും ഉദാരമാക്കുകയും വേണം.

Follow | Facebook | Instagram Telegram | Twitter