സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മഹാമാരി

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മനുഷ്യരാശി നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മിക്ക രാജ്യങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ പ്രയാണം ആരംഭിച്ച് ഏകദേശം 210 രാജ്യങ്ങളിൽ 34,28,422 ആളുകളിൽ പടർന്നു പന്തലിക്കുകയും 2,43,831 ആളുകളുടെ ജീവൻ എടുക്കുകയും ചെയ്ത മഹാമാരി. ഇനി ഇന്ത്യയിലെ കണക്കുകൾ നോക്കുമ്പോൾ 39,980 ഇതിനോടകം തന്നെ വൈറസ് സ്ഥിരീകരിക്കുകയും 1,301 ആളുകളുടെ ജീവൻ നഷ്ട്ടമാവുകയും ചെയ്തു.

കോവിഡ്-19 എന്ന ഈ മഹാമാരി ലോക സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും. ഇതൊരു പക്ഷേ ഹൈപ്പർ ഗ്ലോബലൈസേഷൻ്റെയോ ഡി ഗ്ലോബലൈസേഷൻ്റെ തുടക്കമായിട്ടാണ് പല സാമ്പത്തിക വിദഗ്ധരും കാണുന്നത്. കോവിഡ്-19 ഇന്ത്യയുടെ സമ്പദ്ഘടനയെ എങ്ങനെയൊണ് ബാധിക്കാൻ പോകുന്നത്, അതിനു നിരവധി ചാനലുകൾ ഉണ്ട് എന്നതാണ് വസ്തുത. പ്രധാനമായും ഉത്പാദന മേഖലയിൽ വന്ന മാന്ദ്യമാണ്. രാജ്യത്തിൻ്റെ പ്രധാനമന്ത്രി മാർച്ച് 25 മുതൽ 24 വരെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട് അതും മെയ് 3 വരെ നീട്ടുകയും ചെയ്തു. ഈ ഒരു കാലയളവിൽ ഇന്ത്യയിൽ ജോലി ചെയ്തിരുന്നവർക്ക് ജോലി ചെയ്യാൻ പറ്റാത്ത ഒരവസ്ഥയും വാടക വീടുകളിൽ നിന്ന് ഇറക്കി വിടുകയും ചെയ്ത ഒരു സാഹചര്യം നമ്മൾ കണ്ടതാണ് ഒട്ടുമിക്ക വ്യവസായ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്. ആവശ്യ സാധനങ്ങളായ ഭക്ഷ്യവിതരണം, ആരോഗ്യസംരക്ഷണം, ബാങ്കിംഗ്, നിയമ നിർവ്വാഹണ സംവിധാനങ്ങൾ ഇതല്ലാത്ത മറ്റെല്ലാം തന്നെ അടഞ്ഞു കിടക്കുന്നു. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 13.6 കോടി ജനങ്ങൾക്ക് കോവിഡ്-19 മൂലം തങ്ങളുടെ ജോലി നഷ്ടമാകും എന്നു പറയുന്നു. മുൻ റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു “സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ അതിൻ്റെ ഏറ്റവും ഭീകരമായ അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്”.

കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സുപ്രധാനമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രധാനമായും കാർഷിക മേഖലയിൽ നിന്ന് കാർഷികേതര മേഖലകളിലേക്കുള്ള നീക്കമാണ്. ജി.ഡി.പിയുടെ ഒരു വിഹിതം എടുത്തു നോക്കുമ്പോൾ മൊത്തം സാമ്പത്തിക ഉത്പാദദനത്തിൻ്റെ 15 ശതമാനം താഴെയാണ് കാർഷികമേഖല വന്നിട്ടുള്ളത്. തൊണ്ണൂറുകളിൽ ഇത് 27 ശതമാനം ആയിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. ഇവിടെയാണ് കഴിഞ്ഞ ഒരു മാസക്കാലമായി നിശ്ചലമായി കിടക്കുന്നത്. അന്താരാഷ്ട്ര നാണയനിധി മാനേജിങ് ഡയറക്ടർ ക്രിസ്റ്റിയാലിന ജോർജീവ ഇങ്ങനെ അഭിപ്രായപെടുന്നു, “നമ്മൾ 2009ലേതിന് സമാനമോ അതിനേക്കാൾ മോശമായ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് കടന്നുകൊണ്ടിരിക്കുന്നത് ഇതിൽ നിന്ന് കരകയറാൻ ഏകദേശം ഒരു വർഷമെങ്കിലും വേണ്ടിവന്നേക്കാം”. ഒരു വർഷക്കാലയളവിൽ ഇതിൽ നിന്ന് കര കയറാൻ സാധിക്കുമോ ? പല സാമ്പത്തിക വിദഗ്ധരും ഈയൊരു പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കേരള മാതൃക വികസനം എന്നാണ് പൊതുവേ എന്നാണ് പൊതുവേ പറയാറുള്ളത്. കോവിഡ്-19നെ തടഞ്ഞു നിർത്തുന്നതിലും ആരോഗ്യ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനങ്ങളിലും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. എന്നാൽ, കോവിഡ്-19ൻ്റെ വ്യാപനം കേരളത്തിൻ്റെ സമ്പദ്ഘടനയെ ബാധിക്കുമോ ? ബാധിക്കുമെന്നതിൽ തർക്കമില്ല എന്നാണ് എൻ്റെ അഭിപ്രായം എന്തെന്നാൽ, അറബ് രാജ്യങ്ങളുടെ തകർച്ച തന്നെയാണ് പ്രധാനമായും ക്രൂഡോയിലിൻ്റെ വിലയിലുള്ള ഇടിവും കോവിഡും കൂടെ ആയപ്പോഴേക്കും ഈ തകർച്ച ഏറെക്കുറെ ഉറപ്പായി. ഒരു ലക്ഷം കോടി രൂപയുടെ അടുത്ത് എത്തിച്ചിരുന്ന സമ്പദ്ഘടനയാണ് നിശ്ചലമാകുന്നത്. കേരളത്തിലെ വ്യവസായ മേഖലയിലും സേവനമേഖലയിലും ഇതിൻ്റെ പ്രകമ്പനം പെട്ടെന്ന് തന്നെ കാണാൻ സാധിക്കും. മറ്റൊന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വ്യാവസായിക മേഖലയിലും ഉൽപ്പാദന മേഖലയിൽ സ്വയംപര്യാപ്തതയിൽ എത്തി കഴിഞ്ഞിട്ടുണ്ട്. കേരളമാകട്ടെ നമ്മൾ ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന അരി പോലും 15-20 ശതമാനം മാത്രമാണ് ഇവിടെ ഉത്പ്പാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനം ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ഒരു അവസ്ഥയെ നമ്മൾ നോക്കി കാണുമ്പോൾ കേരളം സാമ്പത്തികപരമായി വലിയ തകർച്ച നേരിടേണ്ടിവരും. കോവിഡ് വൈറസിൻ്റ വ്യാപനം തടയുന്നതിലും ആഗോളതലത്തിൽ ലിക്വിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു കഴിഞ്ഞാൽ മാത്രമേ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ സാധിക്കുകയുള്ളൂ.


_ മുഹമ്മദ് വഫ

Photos Courtesy_ Various Media

Click Here