ഉറക്കം വരാത്തതിന് ഒരു മരുന്ന്; വേര പാവ്‌ലോവ
കവിത
ഉറക്കം വരാത്തതിന് ഒരു മരുന്ന്
_ വേര പാവ്‌ലോവ
വിവർത്തനം_ വി. രവികുമാർ
കുന്നിറങ്ങി വരുന്ന ചെമ്മരിയാടുകളെയല്ല,
മച്ചിലെ വിള്ളലുകളല്ല…
നിങ്ങളെണ്ണേണ്ടത് നിങ്ങൾ സ്നേഹിച്ചവരെ,
നിങ്ങളുടെ സ്വപ്നങ്ങളില്‍ താമസമാക്കി
നിങ്ങളുടെ ഉറക്കം കെടുത്തിയവരെ,
ഒരിക്കൽ നിങ്ങൾക്കെല്ലാമായിരുന്നവരെ,
കൈകളിൽ നിങ്ങളെയെടുത്തോമനിച്ചവരെ,
നിങ്ങളെ സ്നേഹിച്ചവരെ…
പുലർച്ചയോടെ നിങ്ങൾ ഉറക്കം പിടിക്കും,
കണ്ണീരോടെ.
ഞാൻ നിനക്കെഴുതുന്ന കത്തുകളിൽ
_ വേര പാവ്‌ലോവ
വിവർത്തനം_ വി. രവികുമാർ
ഞാൻ നിനക്കെഴുതുന്ന കത്തുകളിൽ
ഒറ്റ വാക്കു പോലുമുണ്ടാവില്ല,
കൊഞ്ചലായി, വീരസ്യമായി, വായാടിത്തമായി,
ചാപല്യമായി, കാപട്യമായി, നുണകളായി,
ധാർഷ്ട്യമായി, കോപമായി, പരാതിയായി,
വിഡ്ഢിത്തമായി, വേദാന്തമായി…
ഞാൻ നിനക്കെഴുതുന്ന കത്തുകളിൽ
ഒറ്റ വാക്കു പോലുമുണ്ടാവില്ല.
വേര പാവ്‌ലോവ Vera Pavlova റഷ്യൻ കവി. 1963ൽ മോസ്ക്കോയിൽ ജനിച്ചു. സംഗീതചരിത്രത്തിൽ ബിരുദം. 14 കവിതാസമാഹാരങ്ങൾക്കു പുറമേ ഓപ്പെറകൾക്കുള്ള ഗാനങ്ങളും എഴുതിയിട്ടുണ്ട്.