കാമുകന്‍ പുരോഹിതന്‍ വിപ്ലവകാരി

നിരോധിക്കപ്പെട്ട ലഘുലേഖകൾ ഞാൻ വിതരണം ചെയ്തിട്ടുണ്ട്;
“സ്വാതന്ത്ര്യം വിജയിക്കട്ടെ!” എന്നാർത്തുവിളിച്ചുകൊണ്ട്
പട്ടാളക്കാർക്കു മുന്നിലൂടെ തെരുവിലൂടെ ഞാൻ നടന്നുപോയിയിട്ടുണ്ട്.
എന്നാൽ നിന്റെ വീടു നില്ക്കുന്നിടം കടന്നുപോകുമ്പോൾ
എന്റെ മുഖം വിളറിപ്പോകുന്നു, ഞാനാകെ വിറച്ചുപോകുന്നു.
_ ഏണെസ്റ്റോ കാർഡിനൽ

ലാറ്റിനമേരിക്കയിലെ ഏറ്റവും ആദരണീയരായ കവികളിൽ ഒരാളും വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവുമായ ഫാദർ ഏണെസ്റ്റോ കാർഡിനൽ നിക്കരാഗ്വയിലെ മനാമയിൽ വച്ച് ഈ ഞായറാഴ്ച അന്തരിച്ചു. അദ്ദേഹത്തിന്‌ 95 വയസ്സായിരുന്നു.

നിക്കരാഗ്വൻ വിപ്ലവകവിയും റോമൻ കത്തോലിക്കാ പുരോഹിതനുമായ ഏണെസ്റ്റോ കാർഡിനൽ (Ernesto Cardenal) 1925 ജനുവരി 20ന്‌ ഗ്രനാഡയിൽ ജനിച്ചു. ജസ്യൂട്ട് സ്കൂളുകളിലെ പഠനത്തിനു ശേഷം മെക്സിക്കോ യൂണിവേഴ്സിറ്റിയിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും ഉപരിപഠനം കഴിഞ്ഞ് 1957ൽ ദൈവശാസ്ത്രപഠനത്തിനു ചേർന്നു. 1965ൽ പുരോഹിതനായി.

Epigramas(1961) എന്ന പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്ന ആദ്യകാലകവിതകൾ നിക്കരാഗ്വയിലെ സൊമോസയുടെ ഏകാധിപത്യത്തെ തള്ളിപ്പറയുന്ന രാഷ്ട്രീയ കവിതകൾക്കൊപ്പം ഐറണി സൂക്ഷ്മമായി ഉപയോഗപ്പെടുത്തുന്ന പ്രണയകവിതകൾ കൂടി ഉൾക്കൊള്ളുന്നു. La Hora (1960) മദ്ധ്യ അമേരിക്കൻ ചരിത്രത്തിൽ അമേരിക്കൻ സാമ്രാജ്യത്വവും ആഭ്യന്തരസ്വേച്ഛാധിപത്യവും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള ദീർഘമായ ഒരു ഡോക്ക്യുമെന്ററി കവിതയാണ്‌. പ്രതിഷേധകവിതയിൽ ഒരു മാസ്റ്റർപീസായി ഇതു കരുതപ്പെടുന്നു.

Salmos(1964) ദാവീദിന്റെ സങ്കീർത്തനങ്ങളുടെ ആധുനികകാലത്തെ പൊളിച്ചെഴുത്താണ്‌. തന്റെ മതവിശ്വാസവും വിപ്ലവാഭിമുഖ്യവും തമ്മിലുള്ള സംഘർഷം ഈ കവിതകളിലാകെ വ്യാപിച്ചുകിടക്കുന്നു. Oración por Marilyn Monroe y otros poemas (1965) സമകാലികസംഭവങ്ങളെ വിശകലനം ചെയ്യുന്ന കവിതകളാണ്‌. മരിലിൻ മൺറോയുടെ മരണത്തെ കാർഡിനൽ കാണുന്നത് മുതലാളിത്തവ്യവസ്ഥയുടെ അപമാനവീകരണത്തിന്റെ ഉദാഹരണമായിട്ടാണ്‌.

El estrecho dudoso (1966), Homenaje a los indios americanos (1969), Oráculo sobre Managua (1973) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ മറ്റു കവിതാഗ്രന്ഥങ്ങൾ. Vida en el amor (1970) ദാർശനികലേഖനങ്ങളും En Cuba(1972) ക്യൂബൻ അനുഭവങ്ങളുടെ വിവരണവുമാണ്‌. 1979ൽ അനെസ്റ്റേസിയോ സൊമോസയെ സ്ഥാനഭ്രഷ്ടനാക്കിയ സാൻഡിനിസ്റ്റ വിപ്ളവത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പുതിയ സർക്കാരിൽ അദ്ദേഹം സാംസ്കാരികവകുപ്പിന്റെ മന്ത്രിയുമായിരുന്നു.

ക്ളാഡിയാ, ഈ വരികൾ നിനക്കായി
_ ഏണെസ്റ്റോ കാർഡിനൽ

ഈ വരികൾ നിനക്കായർപ്പിക്കട്ടെ ഞാൻ, ക്ളാഡിയാ,
നിനക്കു മാത്രമുള്ളതാണവയെന്നതിനാൽ;
പൊടിപ്പും തൊങ്ങലുമതിൽ വച്ചിട്ടില്ല ഞാൻ ക്ളാഡിയാ,
നിനക്കതെളുപ്പം മനസ്സിലാവട്ടെയെന്നതിനാൽ.
നിനക്കുള്ളതാണെങ്കിലും നിനക്കവ മുഷിഞ്ഞെന്നിരിക്കട്ടെ,
ഒരുനാളവ സ്പാനിഷ് അമേരിക്കയാകെ പരന്നുവെന്നു വരാം, .
അവയെഴുതിയ പ്രണയത്തെ നീ തള്ളിപ്പറഞ്ഞുവെന്നിരിക്കട്ടെ,
അന്യസ്ത്രീകൾ ആ പ്രണയത്തെ സ്വപ്നം കണ്ടുവെന്നുവരാം, ;
ഈ വരികൾ വായിക്കുന്ന മറ്റു കാമുകർക്കു കിട്ടിയെന്നു വരാം,
ഈ കവിക്കു നിന്നിൽ നിന്നു കിട്ടാത്ത ചുംബനങ്ങൾ, ക്ളാഡിയാ.
_ ഏണെസ്റ്റോ കാർഡിനൽ

കവിയുടെ മുതിർച്ചയെക്കുറിച്ച് ഏണെസ്റ്റോ കാർഡിനൽ ഒരഭിമുഖത്തിൽ ഇങ്ങനെ പറയുന്നു: “മുതിരുമ്പോൾ മുമ്പെഴുതാൻ പറ്റാതിരുന്ന കാര്യങ്ങൾ നിങ്ങൾക്കെഴുതാൻ പറ്റുന്നു. ഒരു പ്രത്യേകപ്രമേയത്തിൽ നിന്നോ സന്ദർഭത്തിൽ നിന്നോ കവിത പുറത്തെടുക്കാൻ അന്നു നിങ്ങൾക്കു കഴിഞ്ഞിരുന്നില്ല. പിന്നീട്, നിങ്ങളുടെ സാങ്കേതികവൈദഗ്ധ്യം മെച്ചപ്പെട്ടു എന്നതിനാൽ, നിങ്ങൾക്കതിനു കഴിയുന്നു.

ചെറുപ്പത്തിൽ അസാദ്ധ്യമെന്നു തോന്നിയിരുന്ന കാര്യങ്ങൾ അനായാസമായി ചെയ്യാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്. ചിത്രകാരന്മാരുടെ കാര്യത്തിലും ഇതു ശരിയാണെന്നു തോന്നുന്നു; അവരുടെ കാര്യത്തിൽ മാത്രമല്ല, എല്ലാ കലാകാരന്മാരുടെയും കാര്യത്തിൽ, അല്ല, സർഗ്ഗാത്മകമായി പണിയെടുക്കുന്ന എല്ലാവരുടെയും കാര്യത്തിൽ ഇതു ശരിയാണ്‌. രാഷ്ട്രീയക്കാർ പോലും കാലക്രമേണ പക്വത ആർജ്ജിക്കുന്നുണ്ട്; അവർ കൂടുതൽ തീക്ഷ്ണബുദ്ധികളോ സൂത്രശാലികളോ ആയെന്നുവരാം…”

ആഞ്ഞുപതിക്കുന്ന മഴത്തുള്ളികൾ
കോണി കയറിവരുന്ന കാലടികൾ പോലെയാണ്‌;
വാതിലിൽ കാറ്റിന്റെ പ്രഹരങ്ങൾ
കയറിവരാൻ പോകുന്ന ഒരു സ്ത്രീയെപ്പോലെയാണ്‌.

എന്നോടേറ്റവുമടുത്തവൾ
നീയായിരുന്നു,
എന്നിട്ടും നിന്നെ ഞാൻ കണ്ടിട്ടില്ല,
യുഗങ്ങളായി.

എന്നെക്കാണാൻ സ്വപ്നത്തിൽ നീ വന്നു,
എന്നാൽ പോയപ്പോൾ നീ വിട്ടുപോയ ശൂന്യത,
അതെത്ര യഥാർത്ഥമായിരുന്നു.
_ ഏണെസ്റ്റോ കാർഡിനൽ

ലേഖനവും കവിതകളുടെ വിവർത്തനവും_ വി രവികുമാർ

Follow us on | Facebook | Instagram Telegram | Twitter