യുഎപിഎ എന്ന കുളിമുറിയിൽ ഇരു മുന്നണികളും നഗ്നരാണ്

യുഎപിഎ എന്ന കുളിമുറിയിൽ ഇരു മുന്നണികളും നഗ്നരാണ് എന്ന് പല വട്ടം തെളിഞ്ഞതാണ്. എന്നിട്ടും യുഎപിഎ നിയമം ഭേദഗതി ചെയ്ത് കൊണ്ടുവന്ന കോൺഗ്രസിനുവേണ്ടി പണിയെടുക്കുന്ന മുസ്‌ലിം സംഘടനകൾ, കോൺഗ്രസ് നടത്തിയ മുസ്‌ലിം വിരുദ്ധ ഭരണകൂട ഭീകരതകളെ മൊത്തം റദ്ദ് ചെയ്‌തു കൊണ്ടാണ് സംസാരിക്കുന്നത്…


_ നാസർ മാലിക്

അലൻ താഹ വിഷയത്തിൽ യുഡിഎഫ് എടുത്ത താല്‍പര്യം സക്കരിയ, ശറഫുദ്ധീൻ എന്നിവരുടെ കാര്യത്തിൽ കർണ്ണാടക ഭരിക്കുന്ന കാലത്തു കോൺഗ്രസ് എടുത്തിരുന്നുവെങ്കിൽ ബാംഗ്ലൂർ കേസ് എന്നേ തീർന്ന് സക്കരിയ അടക്കമുള്ളവർ മോചിതർ ആയേനെ. കോൺഗ്രസ് ഭരിക്കുന്ന കാലവും സംഘ്പരിവാർ പെരുമാറുന്ന അതെ രീതിയിലാണ് പ്രോസിക്യൂഷൻ ബാംഗ്ലൂർ കേസിൽ പെരുമാറിയത്. നാല് മാസം കൊണ്ട് വിചാരണ തീർക്കണം എന്ന സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ട് കൂടി കോൺഗ്രസ് ഹിന്ദുത്വബോധത്തിൽ ഊന്നിയാണ് പ്രവർത്തിച്ചത്.

ബാംഗ്ലൂർ കേസിൽ പ്രതികൾ എന്നാരോപിച്ചവരെ വെറുതെ വിട്ടാൽ അത് സംഘ്പരിവാർ ഇലക്ഷനിൽ കോൺഗ്രസിന് എതിരെ ഉപയോഗിക്കും എന്ന ഹിന്ദുത്വ വിധേയത്വ ബോധം കൊണ്ടാണ് കോൺഗ്രസ് സംഘ്പരിവാർ കൈകാര്യം ചെയ്ത പോലെ തന്നെ കേസ് കൈകാര്യം ചെയ്തത്. എന്നിട്ട് കോൺഗ്രസ് ഇപ്പോൾ കർണ്ണാടകയിൽ എന്തായി എന്നും നോക്കണം ! അലൻ താഹ വിഷയത്തിൽ ഇടതുപക്ഷവും ഹിന്ദുത്വ ദേശീയവാദം പാര്‍ലമെന്‍റില്‍ സംഘ്പരിവാർ ആയുധമാക്കും എന്ന ഭയംകൊണ്ടാണ് യുഎപിഎയുമായി മുന്നോട്ട് പോയത്. യുഎപിഎ എന്ന കുളിമുറിയിൽ ഇരു മുന്നണികളും നഗ്നരാണ് എന്ന് പല വട്ടം തെളിഞ്ഞതാണ്. എന്നിട്ടും യുഎപിഎ നിയമം ഭേദഗതി ചെയ്ത് കൊണ്ടുവന്ന കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്ന മുസ്‌ലിം സംഘടനകൾ, കോൺഗ്രസ് നടത്തിയ മുസ്‌ലിം വിരുദ്ധ ഭരണകൂട ഭീകരതകളെ മൊത്തം റദ്ദ് ചെയ്‌തു കൊണ്ടാണ് സംസാരിക്കുന്നത്.

90 ശതമാനവും ഭിന്നശേഷിക്കാരനായ വീൽചെയറിനെ ആശ്രയിക്കുന്ന സായിബാബ അടക്കമുള്ളവർ ഇതെ യുഎപിഎയുടെ ഇരകളായി ജയിലിൽ കഴിയുന്നു. ഇരു മുന്നണികളുടെയും ഈ വിഷയത്തിലുള്ള കാപട്യം തുറന്ന് കാട്ടി മുസ്‌ലിം സംഘടനകൾ ഒന്നടങ്കം യോജിക്കാവുന്ന സംഘടനകൾക്ക് ഒപ്പം നിന്ന് പോരാട്ടം ശക്തമാക്കേണ്ട ഘട്ടമാണിത്. എന്നാൽ മുസ്‌ലിം സംഘടനകൾ കോൺഗ്രസിൽ വീണ്ടും അഭയം കാണുന്നുവെന്ന ദുരവസ്ഥയിൽ നിന്ന് മനസ്സിലാക്കാം മുസ്‌ലിം സമുദായം കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചരിത്രത്തിൽ നിന്ന് പാഠം ഉൾകൊള്ളാത്ത സമൂഹം ആണെന്ന്.

സിഖ് കൂട്ട കൊലക്ക് ശേഷം സിഖുകാരിൽ ഉണ്ടായ സ്വത്വ ശാക്തീകരണമാണ് ഡൽഹി മുസ്‌ലിം വംശഹത്യ നടക്കുന്ന സമയം മുസ്‌ലിങ്ങളെ രക്ഷ ഏറ്റെടുക്കാൻ മാത്രം കരുത്ത് അവർക്ക് നൽകിയത്. എന്നാൽ മുസ്‌ലിം സമൂഹം ഇന്നും മാറിമാറി ഇവിടെത്തെ മുന്നണി സംവിധാനത്തിൽ പ്രതീക്ഷ അർപ്പിച്ചാണ് യുഎപിഎ പോലുള്ള വിഷയങ്ങൾക്ക് പരിഹാരം കാണുവാൻ ശ്രമിക്കുന്നത് എന്നത് തന്നെ എന്തൊരു വിരോധാഭാസമാണ്. യുഎപിഎ കൊണ്ടുവന്ന കോൺഗ്രസ് വന്ന് യുഎപിഎ ഇരകളെ രക്ഷിക്കുമെന്ന് ഇപ്പോഴും വിശ്വസിച്ചു അവർക്ക് വേണ്ടി പണിയെടുക്കുന്ന മുസ്‌ലിം സംഘടനാ വക്താക്കളെ നിങ്ങളൊന്നും ഒരു കാലത്തും നന്നാവില്ല അല്ലെ ?

Click Here