ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ
ഹൊർഹെ ലൂയിസ് ബോർഹസ് (Jorge Luis Borges) 1899 ആഗസ്റ്റ് 24ന് ബ്യൂണേഴ്സ് അയഴ്സിൽ ജനിച്ചു. ബോർഹസ് ജനിച്ച് അധികം വൈകാതെ കുടുംബം നഗരപ്രാന്തമായ പലേർമോയിലേക്കു താമസം മാറ്റി. ഇറ്റാലിയൻ കുടിയേറ്റസമൂഹത്തിൽ വേരുകളുള്ള പലേർമോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയകുടിപ്പകകളുടേയും റൗഡികളുടേയും കേന്ദ്രം എന്ന ചീത്തപ്പേരു സമ്പാദിച്ചിരുന്നു. പക്ഷേ ബോർഹസ്സിന്റെ ബാല്യമാവുമ്പോഴേക്കും പലേർമോയ്ക്ക് അതിന്റെ പഴയ കുപ്രസിദ്ധിയുടെ നിറപ്പകിട്ടുകൾ നഷ്ടമായി വരികയായിരുന്നു. എന്നാല്ക്കൂടി കാബറേകളും വേശ്യാലയങ്ങളും വഴിപിഴച്ച സ്ത്രീകളും അക്രമികളായ പുരുഷന്മാരും ടാംഗോനൃത്തം ചെയ്യുകയും കത്തിമുനയിൽ പ്രതികാരം നടത്തുകയും ചെയ്യുന്ന സാഹസികരായ കുറ്റവാളികളുമൊക്കെച്ചേർന്ന ഒരു പലേർമോയുടെ ചിത്രം ചെറുപ്പക്കാരനായ ബോർഹസ്സിന്റെ ഭാവനയെ ഉത്തേജിപ്പിക്കാൻ പോന്നതായിരുന്നു. അതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ ആദ്യകാലകഥകളിൽ കാണാം.
ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ BUY NOW
പലേർമോ ബോർഹസ്സിന്റെ കൗമാരഭാവനയെ ഉത്തേജിപ്പിച്ചിരിക്കാമെങ്കിലും മദ്ധ്യവർഗ്ഗത്തിൽ പെട്ട അച്ഛനമ്മമാർക്ക് അവിടവുമായി അത്ര പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞില്ല. അച്ഛൻ ഹൊർഹെ ഗില്ലെർമോ ബോർഹസ് ഹസ്ലം (Jorge Guillermo Borges Haslam) വക്കീലും മനഃശാസ്ത്രാദ്ധ്യാപകനും സ്പെൻസറുടെ അനാർക്കിസ്റ്റ് ചിന്തകളോട് അനുഭാവമുള്ളയാളുമായിരുന്നു. ജീവിതകാലം മുഴുവൻ നേത്രരോഗങ്ങൾ വേട്ടയാടിയ അദ്ദേഹം സമാശ്വാസം കണ്ടത് പ്രാദേശികചരിത്രങ്ങൾ പ്രമേയമാക്കി നോവലുകൾ എഴുതുന്നതിലാണ്. അമ്മ അസെവെദോ സുവാരെസ് ഡി ബോർഹസ് (Acevedo Suarez de Borges) സൈനികരുടെ നീണ്ട പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവരുടെ അമ്മയ്ക്ക് വാളുകളും യൂണിഫോമുകളും സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളുമടങ്ങിയ വലിയൊരു ശേഖരവും ഉണ്ടായിരുന്നു.
ബോർഹസ്സിന്റെ അച്ഛനമ്മമാർ ഇംഗ്ലീഷ് സംസാരിക്കുകയും വായിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ അച്ഛൻ കേണൽ ഫ്രാൻസിസ്ക്കോ ബോർഹസ് ലാഫിനെർ വിവാഹം ചെയ്തത് ഫ്രാൻസിസ് ആൻ ഹസ്ലം എന്ന ഇംഗ്ലീഷുകാരിയെയാണ്. 1874ൽ കേണൽ വെടിയേറ്റു കൊല്ലപ്പെട്ടപ്പോൾ മുത്തശ്ശി ആനി മകന്റെയൊപ്പം താമസമാക്കി. മുത്തശ്ശിയുടെ കഥപറച്ചിൽ രീതിയിൽ നിന്നാണ് തന്റെ സംക്ഷിപ്തമായ ശൈലി രൂപപ്പെട്ടതെന്ന് ബോർഹസ് പലപ്പോഴും പറയാറുണ്ട്. സ്പാനിഷും ഇംഗ്ലീഷും ഒരേപോലെ ഉപയോഗത്തിലിരുന്ന ആ കുടുംബാന്തരീക്ഷത്തിൽ അവ വ്യത്യസ്തഭാഷകളാണെന്നു തനിക്കറിയില്ലായിരുന്നു എന്ന് ബോർഹസ് പില്ക്കാലത്തു പറയുന്നുണ്ട്.
ബോർഹസ്സിന്റെ അച്ഛൻ മകന് തത്ത്വശാസ്ത്രത്തിന്റെ പ്രാഥമികപാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. സീനോയുടെ വിരോധാഭാസം (Zeno’s Paradox) വിശദീകരിക്കാൻ ഒരു ചെസ്സ് ബോർഡായിരുന്നു ഉപാധി. (വേറെയും കാര്യങ്ങളുണ്ട് എന്ന കഥയിൽ ഈ തത്ത്വശാസ്ത്രപഠനം പരാമർശിക്കപ്പെടുന്നുണ്ട്.) മനസ്സു കൊണ്ടും ശരീരം കൊണ്ടും കരുത്തയായിരുന്ന അമ്മ തൊണ്ണൂറ്റൊമ്പതാം വയസ്സിൽ മരിക്കുന്നതുവരെ മകന്റെ കാര്യങ്ങൾ നോക്കിനടത്തി. രണ്ടു വയസ്സിനു താഴെയുള്ള സഹോദരി നോറ ആയിരുന്നു ബോർഹസ്സിന്റെ ഏറ്റവും അടുത്ത സ്നേഹിത. ലൈബ്രറിയും പൂന്തോട്ടവുമായിരുന്നു അവരുടെ വിഹാരരംഗങ്ങൾ. ഇവ രണ്ടും വഴി തുലഞ്ഞുപോകുന്ന രാവണൻകോട്ടകളായി പിന്നീട് കഥകളിൽ പുനരവതരിക്കുന്നുണ്ട്. വേനല്ക്കാലത്ത് കുടുംബം അഡ്രോഗിലെ ഗ്രാമീണവസതിയിലേക്കു താമസം മാറ്റിയിരുന്നു. ബോർഹസ്സിന്റെ പല കഥകളിലും നടക്കുന്ന കൊലപാതകങ്ങളെയും ചൂഴ്ന്നുനില്ക്കുന്നത് അഡ്രോഗിലെ “യൂക്കാലിപ്റ്റസ് മരങ്ങളുടെ അവിച്ഛിന്നഗന്ധ”മാണ്. മൃഗശാലകൾ ബോർഹസ്സിന്റെ കൗമാരത്തിലെ മറ്റൊരാകർഷണമായിരുന്നു. ജിവിതാവസാനകാലത്തും അദ്ദേഹം അതോർക്കുന്നുണ്ട്: “കടുവ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു നോക്കി കൂടിനു മുന്നിൽ ഞാൻ എത്രനേരം വേണമെങ്കിലും നില്ക്കുമായിരുന്നു. കറുത്ത വരകളും സ്വർണ്ണവരകളും കലർന്ന ആ വന്യസൗന്ദര്യം എനിക്കിഷ്ടമായിരുന്നു. ഇന്നന്ധനായ എനിക്ക് ഒരേയൊരു നിറമേ ശേഷിച്ചിട്ടുള്ളു- അത് കടുവയുടെ നിറമാണ്, മഞ്ഞനിറം.“
ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ BUY NOW
ബോർഹസ് പൊതുവേ അന്തർമുഖനും ലജ്ജാലുവുമായ ഒരു കുട്ടിയായിരുന്നു. പുറംലോകവുമായി ആകെ ബന്ധമുണ്ടായിരുന്നത് എവാരിസ്റ്റോ കരീഗോ (Evaristo Carriego) എന്ന അയൽവീട്ടുകാരൻ കവിയുമായിട്ടായിരുന്നു. ബോർഹസ്സിന് അർജ്ജന്റീനിയൻ പാരമ്പര്യമായി കരുതപ്പെടുന്ന ‘വികാരജീവിയായ പൗരുഷ’ത്തിന്റെ പ്രതീകമായിരുന്നു മുൻപിൻ നോട്ടമില്ലാത്ത ഈ കവി. യൂറോപ്പിൽ ഏഴുകൊല്ലം താമസിച്ചിട്ട് ബ്യൂണേഴ്സ് അയഴ്സിലേക്കു മടങ്ങുമ്പോൾ അദ്ദേഹം ഇങ്ങനെ സ്വയം സമ്മതിക്കുന്നുണ്ട്: “അപകടം പതിയിരിക്കുന്ന തെരുവുകളും സൂര്യാസ്തമയത്തിന്റെ കാഴ്ചകളുമുള്ള ഒരു നഗരപ്രാന്തത്തിലാണ് ഞാൻ വളർന്നത് എന്നായിരുന്നു വർഷങ്ങളായി എന്റെ വിശ്വാസം. കുന്തമുനകൾ പോലത്തെ കമ്പികൾ കൊണ്ടു വേലി കെട്ടിയ ഒരു പൂന്തോട്ടത്തിലും അസംഖ്യം ഇംഗ്ലീഷ് പുസ്തകങ്ങൾ നിറഞ്ഞ ഒരു ലൈബ്രറിയിലുമായിരുന്നു എന്റെ ജീവിതം എന്നതാണ് വാസ്തവം.”
ബോർഹസ് ഒരെഴുത്തുകാരനാകും എന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. അച്ഛന്റെ സാഹിത്യപരിശ്രമങ്ങൾക്ക് വഷളായിവന്ന കാഴ്ചക്കുറവ് തടയിട്ടിരുന്നു; മകൻ ആ പാരമ്പര്യം ഏറ്റെടുക്കും എന്നൊരു ധാരണ എല്ലാവർക്കുമുണ്ടായിരുന്നു. ബോർഹസ് ആറാം വയസ്സിൽ എഴുത്തു തുടങ്ങി; സെർവാന്റസ്സിന്റെ മട്ടിലുള്ള വിചിത്രകഥകളിലായിരുന്നു തുടക്കം. ഒമ്പതാം വയസ്സിൽ വിവർത്തനം ചെയ്ത ഓസ്ക്കാർ വൈൽഡിന്റെ “സന്തുഷ്ടനായ രാജകുമാരൻ” എന്ന കഥ ഒരു പ്രാദേശികപത്രത്തിൽ അച്ചടിക്കുകയും ചെയ്തു.
1908ൽ ബോർഹസ്സിന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങി. (അച്ഛന്റെ അനാർക്കിസ്റ്റ് ചിന്തകൾ കാരണം അതുവരെ മക്കളെ സ്കൂളിൽ അയച്ചിരുന്നില്ല.) പക്ഷേ അർജ്ജന്റീനിയൻ ദേശിയവാദവും ഇംഗ്ലീഷ് വിരോധവും മാത്രം പഠിപ്പിച്ചിരുന്ന പ്രൈമറി സ്കൂൾ ബോർഹസ്സിനു വെറുപ്പായി. ഒടുവിൽ 1914ൽ ജീവിതം കീഴ്മേൽ മറിച്ച ഒരു മാറ്റത്തോടെ അദ്ദേഹം അവിടെ നിന്നു മോചനം നേടി. കാഴ്ചശക്തി കുറഞ്ഞുവന്നതിനാൽ നേരത്തേ ജോലിയിൽ നിന്നു പിരിഞ്ഞ അച്ഛൻ കുടുംബത്തോടെ ജനീവയിലേക്കു പോകാൻ തീരുമാനിച്ചു. അവിടെ സ്വിറ്റ്സർലന്റുകാരനായ ഒരു നേത്രരോഗവിദഗ്ധനെ കാണുക എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ അതിനിടയിൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിനാൽ പിന്നീട് നാലുകൊല്ലം അവർക്ക് ജനീവയിൽത്തന്നെ കഴിയേണ്ടിവന്നു. ബോർഹസ്സും നോറയും അവിടെ കാൽവിൻ കോളേജിൽ ചേർന്നു. ഇവിടെ വച്ച് ഇരുവരും ലാറ്റിൻ, ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിച്ചു.
ബോർഹസ്സിനെ എഴുത്തുകാരനാക്കിയതിൽ കാൽവിൻ കോളേജിലെ കാലം നിർണ്ണായകമായിരുന്നു. വെർലെയ്ൻ, റാങ്ങ്ബോ, മല്ലാർമേ തുടങ്ങിയ ഫ്രഞ്ച് സിംബലിസ്റ്റ് കവികളുടെ രചനകൾ പരിചയിക്കുന്നത് ഇവിടെ വച്ചാണ്. ലോകത്തെ മനസ്സിലാക്കുന്നതിനും ആവിഷ്കരിക്കുന്നതിനും പുതിയൊരു വഴി അമൂർത്തസാഹിത്യത്തിൽ അദ്ദേഹം കണ്ടു. കവിതയുടെ എല്ലാ സൂക്ഷ്മലക്ഷ്യങ്ങളും ഒരുമിക്കുന്ന വാൾട്ട് വിറ്റ്മാന്റെ കവിതകൾ ആദ്യമായി വായിക്കുന്നതും ആർതർ ഷോപ്പൻഹോവറുടെ തത്ത്വചിന്തയുമായി ആയുഷ്കാലബന്ധം സ്ഥാപിക്കുന്നതും ഇക്കാലത്താണ്. വാൾട്ട് വിറ്റ്മാന്റെ ഒരു കവിതയുടെ ജർമ്മൻ വിവർത്തനം വായിച്ച് ആവേശം കയറിയ ബോർഹസ് പിന്നീട് Leaves of Grass ഇംഗ്ലീഷിൽത്തന്നെ വായിക്കുകയും ‘ഇന്ദ്രിയങ്ങൾ നേരിട്ടെത്തിക്കുന്ന വിവരങ്ങളിൽ നിന്നു കവിതയെഴുതുന്ന ആ കവി’യുടെ ഭ്രാന്തനായ ആരാധകനാവുകയും ചെയ്തിരുന്നു. വിറ്റ്മാന്റെ ശൈലിയെ അനുകരിച്ചാണ് ബോർഹസ് തന്റെ ആദ്യത്തെ കവിത എഴുതിയതും. തോമസ് കാർലൈൽ മറ്റൊരു പ്രധാനകാര്യവും ബോർഹസ്സിനെ പഠിപ്പിച്ചു: ഒരു പുസ്തകം എഴുതാനുള്ള ആശയം രൂപീകരിക്കാനായാൽ അതെഴുതിയപോലെതന്നെയായി.
ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ BUY NOW
യുദ്ധം കഴിഞ്ഞതോടെ ബോർഹസ് കുടുംബം സ്പെയിനിലേക്കു പോയി. ബാഴ്സിലോണ, മജോർക്ക, സെവിയേ തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചതിനു ശേഷം അവർ ഒടുവിൽ മാഡ്രിഡിൽ താമസമാക്കി. ഒരു സ്പാനിഷ് എഴുത്തുകാരനാവുക എന്ന നിയോഗം ഗൗരവത്തോടെ ഏറ്റെടുക്കാൻ ബോർഹസ് തീരുമാനിക്കുന്നത് ഇവിടെ വച്ചാണ്. ഒരു ചരിത്രനോവൽ എഴുതാൻ അച്ഛനെ സഹായിച്ചുകൊണ്ടായിരുന്നു തുടക്കം. 1921ൽ നോവൽ പുറത്തുവന്നു. ആര് ആരെയാണു സഹായിച്ചതെന്ന് പിൽക്കാലത്ത് വായനക്കാർക്കു സംശയം തോന്നിയിട്ടുണ്ട്! മാഡ്രിഡിൽ വച്ചു പരിചയപ്പെട്ട ആൻഡലൂഷ്യൻ കവി റഫായെൽ കാൻസിനോസ് അസ്സെൻസിന്റെ പ്രേരണയാൽ 1920ൽ ബോർഹസ് അൾട്രായിസ്റ്റാസ് (Ultraistas) എന്ന സംഘത്തിൽ അംഗമായി. എല്ലാ ശനിയാഴ്ചയും കഫേ കൊളോണിയലിൽ ഒത്തുചേരുന്ന അൾട്രായിസ്റ്റുകൾ അമേരിക്കൻ ജാസ് ഇഷ്ടപ്പെടുന്നവരും സ്പാനിഷ് എന്നതിനെക്കാൾ യൂറോപ്യൻ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നവരുമായിരുന്നു. പ്രത്യേകിച്ചേതെങ്കിലും പാരമ്പര്യത്തിൽ, ദേശീയപാരമ്പര്യത്തിൽ വിശേഷിച്ചും, താൻ കെട്ടിക്കിടക്കേണ്ടതില്ല എന്ന ബോദ്ധ്യം ബോർഹസ്സിനുണ്ടാവുന്നത് ഈ സംഘത്തിലെ ആശയസംവാദങ്ങളിൽ നിന്നാണ്. പാസിഫിസം, അനാർക്കി, റഷ്യൻ വിപ്ലവം, സ്വതന്ത്രചിന്ത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കവിതകളും ലേഖനങ്ങളുമായി രണ്ടു പുസ്തകങ്ങൾ ഇക്കാലത്തെഴുതിയെങ്കിലും 1921ൽ സ്പെയിനിൽ നിന്നു പോരുന്നതിനു മുമ്പായി രണ്ടും അദ്ദേഹം നശിപ്പിച്ചുകളഞ്ഞു.
ഏഴു വർഷത്തെ വിദേശവാസം അവസാനിപ്പിച്ച് കുടുംബം 1921 മാർച്ചിൽ ബ്യുണേഴ്സ് അയഴ്സിൽ തിരിച്ചെത്തി. അവരുടെ അഭാവത്തിൽ തിരിച്ചറിയാൻ പറ്റാത്തവിധം വളർന്നുപോയ നഗരം അവസരങ്ങളുടെ ഖനിയാണ് ചെറുപ്പക്കാരനായ ഒരെഴുത്തുകാരനു മുന്നിൽ തുറന്നിട്ടത്. അച്ഛന്റെ പഴയ സ്നേഹിതനും കവിയുമായ മാസിഡോണിയോ ഫെർണാണ്ടെസ് (Macedoneo Fernandez) ബോർഹസ്സിന് ഗുരുസ്ഥാനീയനായിരുന്നു. സങ്കീർണ്ണമായ ചിന്തകൾക്കും തലതിരിഞ്ഞ ഒരു എഴുത്തുരീതിക്കും ഉടമയായ ഫെർണാണ്ടെസ് സംശയദൃഷ്ടിയോടെയല്ലാതെ ഒന്നിനേയും കാണരുതെന്ന് തന്റെ പുതിയ ശിഷ്യനെ പഠിപ്പിച്ചു.
മാഡ്രിഡിൽ നിന്നു താൻ കൊണ്ടുപോന്ന അൾട്രായിസം പ്രചരിപ്പിക്കാനായി ബോർഹസ് ‘പ്രിസ്മ’ എന്നൊരു പ്രസിദ്ധീകരണം തുടങ്ങി. മന:ശാസ്ത്രനോവൽ, ദീർഘകവിതകൾ, തേഞ്ഞ പ്രതീകങ്ങൾ, സാമ്പ്രദായികരീതിയിലുള്ള കാവ്യരൂപങ്ങൾ തുടങ്ങിയവയെ പാടേ തള്ളിക്കളയുകയും പകരം രൂപകങ്ങളുടെ ശക്തിയിൽ അധിഷ്ഠിതവും അനാവശ്യമായ വിശേഷണങ്ങളിൽ നിന്നും ചമയങ്ങളിൽ നിന്നും മുക്തവുമായ ഒരു കവിതരീതി മുന്നോട്ടുവയ്ക്കുകയും ചെയ്യുക എന്നതായിരുന്നു പ്രിസ്മയുടെ പ്രഖ്യാപിതലക്ഷ്യം. കവിതകളും മാനിഫെസ്റ്റോകളും നോറയുടെ ചിത്രീകരണങ്ങളും നിറഞ്ഞ ബ്രോഡ്ഷീറ്റ് വലിപ്പത്തിലുള്ള മാസിക ഇടയ്ക്കിടെ ബ്യുണേഴ്സ് അയഴ്സിന്റെ ചുമരുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
1923ൽ ബോർഹസ്സിന്റെ ആദ്യത്തെ കവിതാസമാഹാരം പുറത്തുവന്നു. Fervor de Buenos Aires എന്ന 64 പേജുള്ള പുസ്തകത്തിന്റെ കവർ നോറ ചെയ്ത ഒരു വുഡ്കട്ടായിരുന്നു. അച്ഛന്റെ ധനസഹായത്തോടെ പ്രിന്റ് ചെയ്ത പുസ്തകത്തിന്റെ 300 കോപ്പികളിൽ മിക്കതും സൗജന്യമായി വിതരണം ചെയ്യേണ്ടിവന്നു.
1923ൽ അച്ഛന്റെ ചികിത്സ തുടരാനായി കുടുംബം വീണ്ടും സ്വിറ്റ്സർലന്റിലേക്കു പോയി. സ്പെയിനിൽ അൾട്രായിസം മിക്കവാറും ഇല്ലാതായിക്കഴിഞ്ഞിരുന്നു. അടുത്ത കൊല്ലം ബ്യൂണേഴ്സ് അയഴ്സിൽ തിരിച്ചെത്തുമ്പോൾ എഴുതിത്തുടങ്ങിയ കവി എന്നൊരു ഖ്യാതി ബോർഹസ്സിനെ കാത്തിരിക്കുണ്ടായിരുന്നു. 1924 മുതൽ 1933 വരെയുള്ള കാലത്ത് അദ്ദേഹം രണ്ടു കവിതാസമാഹാരങ്ങളും മൂന്നു ലേഖനസമാഹാരങ്ങളും തന്റെ കൗമാരകാലവിഗ്രഹമായ ഇവാരിസ്റ്റോ കരീഗോയെയുടെ ഒരു ചെറിയ ജീവചരിത്രവും പ്രസിദ്ധീകരിച്ചു. എന്നാൽ ഇക്കാലത്തെഴുതിയ കവിതകളെ അമിതമായ പ്രാദേശികതയുടെ പേരിൽ അദ്ദേഹം പിന്നീടു തള്ളിക്കളയുകയുമുണ്ടായി.
ബോർഹസ്സിന്റെ ഇരുപതുകളിലാണ് മൂന്നു സ്ത്രീകൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. സ്കാൻഡിനേവിയൻ വംശജയായ നോറ ലാങ്ങ് അവാങ്ങ് ഗാർദ് ഗ്രൂപ്പിൽ പെട്ട ഒരു കവിയായിരുന്നു. അവരുടെ വീട്ടിൽ എല്ലാ ആഴ്ചയും നടന്നുപോന്നിരുന്ന സാഹിത്യസദസ്സിൽ ബോർഹസ്സും സന്ദർശകനായിരുന്നു. കവിതകളും കത്തുകളും കൊണ്ട് അവരുടെ സ്നേഹം പിടിച്ചുപറ്റാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഫലവത്തായില്ല. സമ്പന്നനും എഴുത്തുകാരനുമായ ഒലീവെരിയോ ഗിരോന്റോ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. 1925ൽ പരിചയപ്പെട്ട വിക്റ്റോറിയ ഒകാമ്പോ (Victoria Ocampo) എഴുത്തുകാരിയും വിവർത്തകയുമായിരുന്നു. 1930ൽ അവർ തുടങ്ങിയ സുർ (El sur) എന്ന സാഹിത്യമാസിക ബോർഹസ്സിനു വലിയ പ്രോത്സാഹനം നൽകി. 1928ൽ പരിചയപ്പെട്ട എൽസ അസ്റ്റെറ്റെ (Elsa Astete) എന്ന സുന്ദരിയായ ഇരുപതുകാരി ബോർഹസ്സുമായി ഒരു ഹ്രസ്വപ്രണയത്തിനു ശേഷം പെട്ടെന്ന് മറ്റൊരാളെ വിവാഹം ചെയ്തു. എന്നാൽ നാല്പതുകൊല്ലത്തിനു ശേഷം അവർ തമ്മിൽ വീണ്ടും കാണുകയും അത് ബോർഹസ്സിന്റെ ആദ്യത്തെ വിവാഹത്തിലേക്കെത്തുകയും ചെയ്തു.
ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ BUY NOW
ഇക്കാലത്താണ് ബോർഹസ് രാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവമായത്. മുൻ പ്രസിഡന്റായിരുന്ന ഹിപ്പോലിറ്റോ റിഗോയനെ പിന്തുണയ്ക്കുന്ന ചെറുപ്പക്കാരായ ബുദ്ധിജീവികളുടെ സംഘത്തിൽ അദ്ദേഹം പ്രമുഖനായ ഒരംഗമായിരുന്നു. റിഗോയൻ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജനങ്ങളുമായി ബന്ധമില്ലാത്ത അയാളുടെ ഭരണം അവരെ നിരാശപ്പെടുത്തി. ഒടുവിൽ റിഗോയനെ ഒരു മിലിട്ടറി ജൂണ്ട സ്ഥാനഭ്രഷ്ടനാക്കി. അർജ്ജന്റീനയ്ക്ക് പിന്നീടനുഭവിക്കേണ്ടിവന്ന ഏകാധിപത്യങ്ങളുടെ തുടക്കമായിരുന്നു അത്. ജീവിതാന്ത്യം വരെ രാഷ്ട്രീയത്തിനോടു ബോർഹസ്സിനുണ്ടായിരുന്ന വെറുപ്പിന്റെ തുടക്കവുമായിരുന്നു അത്.
ഈ സമയത്ത് അദ്ദേഹത്തിന്റെ കാഴ്ചശക്തി അപകടകരമായ നിലയിലേക്കു മാറുകയായിരുന്നു. അച്ഛനെ പൂർണ്ണമായി കീഴടക്കിക്കഴിഞ്ഞ അന്ധത ഒടുവിൽ മകനെയും ബാധിക്കാൻ തുടങ്ങുകയായിരുന്നു. 1927ൽ ബോർഹസ് തിമിരത്തിനുള്ള ഒരു ശസ്ത്രക്രിയക്കു വിധേയനായി; അത്തരം എട്ടു ശസ്ത്രക്രിയകളിൽ ആദ്യത്തേതായിരുന്നു അത്. ഒന്നും വിജയം കണ്ടില്ല, ജീവിതാന്ത്യത്തോടെ അദ്ദേഹം പൂർണ്ണമായ അന്ധതയ്ക്കു കീഴടങ്ങുകയും ചെയ്തു.
1932ൽ Discusion എന്ന ലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. ഇക്കാലത്ത് ബോർഹസ്സിനെ വശീകരിച്ച സിനിമയുടെ മാന്ത്രികലോകത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളായിരുന്നു ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഇതേ വർഷം തന്നെയാണ് ഒകാമ്പോയുടെ സാഹിത്യസദസ്സിൽ വച്ച് സെസാറെസ് (Adolfo Bioy Cesares) എന്ന പതിനേഴുകാരനായ എഴുത്തുകാരനെ ബോർഹസ് പരിചയപ്പെടുന്നത്. ഫ്രഞ്ച് സിംബലിസത്തിന്റെ ആരാധകനായിരുന്ന ഈ അവാങ്ഗാർദ് സാഹിത്യകാരന്റെ Megafono എന്ന മാസിക ബോർഹസ്സിന്റെ രചനകൾ വിപുലമായ ഒരു വായനസമൂഹത്തിന് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തു.
ബോർഹസ്സിന്റെ ആദ്യത്തെ കഥ Hombre de la esquina rosada (തെരുവുമൂലയിലെ മനുഷ്യൻ) ആയിരുന്നു. കടുത്ത റിയലിസവും കഥാന്ത്യത്തിലെ ട്വിസ്റ്റും കൊണ്ട് കഥ വളരെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ കഥ എങ്ങനെ സ്വീകരിക്കപ്പെടും എന്ന സന്ദേഹത്താൽ ഫ്രാൻസിസ്ക്കോ ബുസ്റ്റോസ് എന്ന കള്ളപ്പേരിലാണ് ബോർഹസ് അത് ക്രിട്ടിക്ക എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചത്. 1933 മുതൽ 1934 വരെ ഇതേ പത്രത്തിൽ ഒരു ലേഖനപരമ്പരം അദ്ദേഹം എഴുതി. Historia universal de la infamia (ദുഷ്കീർത്തിയുടെ ആഗോളചരിത്രം) എന്ന ഈ പരമ്പര മറ്റു പുസ്തകങ്ങളിൽ നിന്ന് ആശയങ്ങളും കഥാപാത്രങ്ങളും കടമെടുത്ത് അവയെ പുനരാവിഷ്കരിക്കുകയായിരുന്നു. മിത്തും യാഥാർത്ഥ്യവും ഇടകലരുന്ന, ജീവചരിത്രക്കുറിപ്പുക്കളുടെ സ്വഭാവത്തിലുള്ള ഈ കഥകളുടെ മുഖമുദ്ര വായനക്കാരന് അവിശ്വാസം തോന്നേണ്ടതില്ലാത്ത ഒരു വസ്തുനിഷ്ഠതയായിരുന്നു. ചരിത്രവും പുരാണവും പാരഡിയുമൊക്കെ ഒന്നിനൊന്നിണങ്ങിപ്പോകുന്ന ഈ “ആഗോളചരിത്രം” തീർത്തും മൗലികമായ ഒരു ശബ്ദത്തിന്റെ വരവറിയിച്ചു. മാജിക്കൽ റിയലിസത്തിന്റെ തുടക്കം ഇതിൽ നിന്നാണെന്നു വാദിക്കുന്നവരുമുണ്ട്. കടൽക്കൊള്ളക്കാരും കൊലപാതകികളും തെമ്മാടികളുമൊക്കെയടങ്ങുന്ന കുറ്റവാളികളുടെ ഈ ‘കുപ്രസിദ്ധമായ ജീവചരിത്രങ്ങളോ’ട് ബോർഹസ്സിന് പിൽക്കാലത്ത് ഒരു വിപ്രതിപത്തി വന്നിരുന്നു. 1954ലെ പുതുക്കിയ പതിപ്പിനെഴുതിയ മുഖവുരയിൽ, ‘ചെറുകഥയെഴുതാൻ പ്രാപ്തി വരാത്ത ഒരു ചെറുപ്പക്കാരൻ മറ്റുള്ളവരുടെ കഥകൾ മാറ്റിയെഴുതിയും വളച്ചൊടിച്ചും (പലപ്പോഴും കലാപരമായ ന്യായീകരണങ്ങൾ ഇല്ലാതെതന്നെ) സ്വയം രസിപ്പിക്കുകയായിരുന്നു’ എന്ന് അദ്ദേഹം തന്റെ പുസ്തകത്തിൽ നിന്ന് അകലം പാലിക്കുന്നുണ്ട്. 1935ലാണ് ബോർഹസ് El acercamiento a Almotásim (അൽ മുറ്റാസിമിനോടുള്ള സമീപനം) എന്ന കഥ എഴുതുന്നത്. ഒരു സാങ്കല്പികനോവലിന്റെ നിരൂപണം എന്ന മുഖംമൂടി ധരിച്ച ഈ കഥ ‘ബോർഹസ്യൻ’ എന്നു വിശേഷിപ്പിക്കാവുന്ന ശൈലിയുടെ പ്രാരംഭരൂപമായിരുന്നു.
അച്ഛന്റെ ആരോഗ്യസ്ഥിതി വഷളായതോടെ ബോർഹസ്സിന് ഒരു വരുമാനമാർഗ്ഗം കണ്ടുപിടിക്കേണ്ട അവസ്ഥയായി അങ്ങനെ മുനിസിപ്പൽ ലൈബ്രറിയുടെ മിഗുവെൽ കെയ്ൻ ബ്രാഞ്ചിൽ അദ്ദേഹം അസിസ്റ്റന്റ് ജോലി സ്വീകരിച്ചു. ജോലി കഴിഞ്ഞുള്ള സമയം അദ്ദേഹം വായനയ്ക്കും ഇംഗ്ലീഷ്, അമേരിക്കൻ നോവലുകളുടെ വിവർത്തനത്തിനുമായി മാറ്റിവച്ചു. (വിർജീനിയ വുൾഫ്, വില്ല്യം ഫാക്നർ എന്നിവരുടെ കൃതികൾ സ്പാനിഷിലേക്ക് ആദ്യമായി വിവർത്തനം ചെയ്യുന്നത് ബോർഹസ്സാണ്.)
ഹൊർഹെ ബോർഹസ് 1938 ഫെബ്രുവരി 14നു മരിച്ചു. അതേ വർഷം കൃസ്തുമസ്സിന്റെ തലേന്നാണ് ബോർഹസ് ഒരപകടത്തിൽ പെടുന്നത്. ഒരു കോണിപ്പടി ഓടിക്കയറുന്നതിനിടയിൽ നെറ്റി ഒരു കിളിവാതിലിൽ തട്ടി ചെറിയൊരു മുറിവു പറ്റി. മുറിവ് സാരമുള്ളതായിരുന്നില്ലെങ്കിലും അണുബാധയുണ്ടായി; ജ്വരവും ജ്വരസ്വപ്നങ്ങളും വേട്ടയാടിയ ഒരാഴ്ചയ്ക്കു ശേഷം ശസ്ത്രക്രിയയ്ക്കു വിധേയനായി. അത് സെപ്റ്റിസേമിയ (രക്തത്തിൽ വിഷാംശം കലരുന്ന രോഗം)യിലേക്കു നയിച്ചു. ഒരു മാസത്തേക്ക് ബോർഹസ് ജീവിതത്തിനും മരണത്തിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു.
രോഗവും തുടർന്നുണ്ടായ മതിഭ്രമങ്ങളും തന്റെ മസ്തിഷ്കത്തെയും സർഗ്ഗശക്തിയേയും നശിപ്പിച്ചോയെന്ന് ബോർഹസ്സിനു പേടിയായി. ഒരു കഥയെഴുതി അതു പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതാണ് “Pierre Menard, autor del Quijote” (പിയർ മിനാർഡ്, കിഹോത്തെയുടെ ഗ്രന്ഥകാരൻ). സെർവാന്റെസ്സിന്റെ മാസ്റ്റർപീസ് പദംപ്രതി മാറ്റിയെഴുതുന്ന ഒരാൾ തീർത്തും വ്യത്യസ്തമായ മറ്റൊരു മാസ്റ്റർപീസ് സൃഷ്ടിക്കുകയാണ്! ഇതിനെ തുടർന്നെഴുതിയ Tlön, Uqbar, Orbis Tertius (ട്ലോൺ, ഉക്ബാർ, ഓർബിസ് ടേർട്ടിയസ്) എന്ന കഥയിൽ ഒരു ഭാവനാലോകം നമ്മുടെ ലോകത്തെ സാവധാനം കൈയേറുകയാണ്. ഒകാമ്പോയുടെ ‘Sur’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഈ രണ്ടു കഥകളും സ്പാനിഷ് സാഹിത്യലോകത്ത് ബോർഹസ്സിന്റെ സ്ഥാനം ഉറപ്പിച്ചു. 1953ൽ പ്രസിദ്ധീകരിച്ച El Sur (തെക്ക്) എന്ന കഥയിൽ തന്റെ രോഗവും മുക്തിയും ബോർഹസ് കഥാവിഷയമാക്കുന്നുണ്ട്.
ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ BUY NOW
പിന്നീട് ജോലി കഴിഞ്ഞുകിട്ടുന്ന ഒഴിവുനേരത്ത് ലൈബ്രറിയുടെ നിലവറയിലിരുന്ന് ബോർഹസ് കഥകളെഴുതാൻ തുടങ്ങി. സത്യവും മിഥ്യയും, ചരിത്രവും തത്ത്വശാസ്ത്രവും, ശാസ്ത്രവും മതവും വിദഗ്ധമായി പിരിച്ചുചേർത്ത ഈ പുതിയ കഥകൾ സാഹിത്യസൂചനകളും വാക്കുകളുടെ കളികളും കൊണ്ട് സമൃദ്ധവുമായിരുന്നു. ‘ബാബിലോൺ ലോട്ടറി’ അദൃശ്യവും പ്രീതിപ്പെടുത്താൻ പറ്റാത്തതുമായ ശക്തികൾ ഭരിക്കുന്ന ഒരു കാഫ്കെയ്സ്ക് ലോകത്തിന്റെ ചിത്രീകരണമായിരുന്നു; ‘ബാബേൽ ലൈബ്രറി’യാകട്ടെ, മുനിസിപ്പൽ ലൈബ്രറിയിലെ മടുപ്പിക്കുന്ന ജോലിയെക്കുറിച്ചുള്ള ഒരു അന്യാപദേശവും.
1941ൽ ബോർഹസ് El jardin de senderos que se bifurcan (പിരിയുന്ന പാതകളുടെ ഉദ്യാനം), Artifices (നിർമ്മിതികൾ) എന്നീ രണ്ടു സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. 1944ൽ ഇവ രണ്ടും ചേർത്തിറക്കിയ Ficcions ആധുനികാനന്തരസാഹിത്യത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു പുസ്തകമാണ്. സാമ്പ്രദായികസാഹിത്യം, വിചിത്രകഥകൾ, ചരിത്രാഖ്യാനം, ഫാന്റസി, സയൻസ് ഫിൿഷൻ, തത്ത്വശാസ്ത്രം ഇതൊക്കെയാണ്, ഇതിനൊക്കെ അപ്പുറവുമാണ് ഈ കഥകൾ. പുസ്തകം വായനക്കാരെ ആകർഷിച്ചുവെങ്കിലും അക്കൊല്ലത്തെ പ്രധാനപ്പെട്ട സാഹിത്യസമ്മാനങ്ങളൊന്നും അതിനു കിട്ടിയില്ല. എന്നാൽ ഒകാമ്പോ തന്റെ മാസികയുടെ 1941 ജൂലൈ ലക്കം ”ബോർഹസ്സിനൊരു പ്രായശ്ചിത്ത“ത്തിനായി മാറ്റിവച്ചു. അക്കാലത്തെ പ്രധാനപ്പെട്ട എല്ലാ സ്പാനിഷ് എഴുത്തുകാരും അതിൽ എഴുതുകയും ചെയ്തു.
ഇക്കാലത്ത് ബോർഹസ് കഥകൾക്കു പുറമേ രാഷ്ട്രീയലേഖനങ്ങളും എഴുതിയിരുന്നു. പ്രത്യേകിച്ചൊരു നിലപാടിൽ നിന്നുകൊണ്ടെഴുതിയതല്ലെങ്കിലും ആശങ്കപ്പെടുത്തിക്കൊണ്ട് ഉയർന്നുവരുന്ന ജൂതവിരോധം, നാസിസം, ഫാസിസത്തിലേക്കുള്ള അർജ്ജന്റീനയുടെ പതനം തുടങ്ങിയവയെ വിമർശിക്കുന്നതായിരുന്നു ആ ലേഖനങ്ങൾ. അർജ്ജന്റീനയിൽ കഥകളെക്കാൾ ബോർഹസ്സിനെ പ്രശസ്തനാക്കിയത് ഈ ലേഖനങ്ങളായിരുന്നു. ഫാസിസ്റ്റുകൾ അധികാരത്തിലെത്തിയപ്പോൾ ബോർഹസ്സിനെ ഒതുക്കാൻ അവർക്കതു കാരണമാവുകയും ചെയ്തു. 1946ൽ ഹുവാൻ പെറോൺ (Juan Peron) അധികാരമേറ്റയുടനെ ബോർഹസ്സിനെ ബ്യൂണേഴ്സ് അയഴ്സ് മുനിസിപ്പൽ മാർക്കറ്റിലെ പൗൾട്രി ഇൻസ്പെക്ടറായി പ്രൊമോട്ട് ചെയ്തു; പിരിച്ചുവിടലിനു സമാനമായ ആ സ്ഥാനക്കയറ്റം നിരസിച്ച ബോർഹസ് ജോലിയിൽ നിന്നു രാജി വയ്ക്കുകയും ചെയ്തു. സ്വേച്ഛാധിപത്യത്തിന്റെ വക്താക്കളായ പെറോണിസ്റ്റുകൾക്കെതിരെ പ്രത്യക്ഷമായ പ്രതിഷേധങ്ങൾക്കൊന്നും ബോർഹസ് അതേവരെ പോയിരുന്നില്ല. എന്നാൽ രാജിക്കു ശേഷം നടന്ന ഒരു സാഹിത്യസമ്മേളനത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സ്വേച്ഛാധിപത്യങ്ങൾ അടിച്ചമർത്തലിനു വളം വയ്ക്കുന്നു, സ്വേച്ഛാധിപത്യങ്ങൾ ദാസ്യത്തിനു വളം വയ്ക്കുന്നു, സ്വേച്ഛാധിപത്യങ്ങൾ ക്രൂരതയ്ക്കു വളം വയ്ക്കുന്നു; ഇതിലൊക്കെ ജുഗുപ്സാവഹമാണ് അവ മൂഢതയ്ക്കു വളം വയ്ക്കുന്നു എന്ന വസ്തുത.“
ഈ സമയമായപ്പോഴേക്കും ബോർഹസ് തിരക്കുള്ള ഒരു പ്രഭാഷകൻ ആയിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷ്, അമേരിക്കൻ സാഹിത്യങ്ങളെക്കുറിച്ചു സംസാരിക്കാൻ അർജ്ജന്റീനയുടേയും ഉറുഗ്വേയുടെയും പല ഭാഗങ്ങളിൽ നിന്നും ക്ഷണങ്ങൾ വന്നു. അതിനാൽ ലൈബ്രറിയിലെ ജോലി നഷ്ടപ്പെട്ടത് വരുമാനത്തിനു തടസ്സമായില്ല.
എന്നാൽ പെറോൺ ഭരണകൂടം ബോർഹസ്സിനേയും സുഹൃത്തുക്കളേയും പീഡിപ്പിക്കാൻ ആവശ്യമായതൊക്കെ ചെയ്തുപോന്നു. ഒരു പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തതിന് അമ്മയേയും നോറയേയും 1948ൽ പോലീസ് അറസ്റ്റു ചെയ്തു. അമ്മയെ വീട്ടുതടങ്കലിലാക്കി; നോറയെ വേശ്യകളെ പാർപ്പിക്കുന്ന ഒരു ജയിലിലാണ് താമസിപ്പിച്ചത്. ബോർഹസ്സിന്റെ പ്രസംഗങ്ങളിൽ ഒരു പോലീസ് ചാരനും കേൾവിക്കാരനായിട്ടുണ്ടാവും.
ഇതിനിടയിലും അദ്ദേഹം കഥയെഴുത്ത് തുടർന്നു. 1949ൽ El Aleph പ്രസിദ്ധീകരിച്ചു. 1950ൽ അദ്ദേഹം Socieda Argentina de Escritores (അർജ്ജന്റീനിയൻ എഴുത്തുകാരൗടെ സംഘടന)യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അംഗങ്ങൾ മിക്കവരും പെറോൺ വിരുദ്ധരായതിനാൽ വൈകാതെ ഗവണ്മെന്റ് അത് അടച്ചുപൂട്ടുകയും ചെയ്തു. 1952ൽ ബോർഹസ്സിന്റെ ഏറ്റവും പ്രശസ്തമായ ലേഖനസമാഹാരം Otras Inquisiciones (മറ്റു മതവിചാരണകൾ) പുറത്തുവന്നു.
1955ൽ പെറോണിനെ പുറത്താക്കി പട്ടാളം ഭരണം പിടിച്ചെടുത്തു. ഒകാമ്പോയുടെ ഉത്സാഹത്തിൽ പുതിയ ഗവണ്മെന്റ് അദ്ദേഹത്തെ നാഷണൽ ലൈബ്രറിയുടെ ഡയറക്ടറായി നിയമിച്ചു. അപ്പോഴേക്കും അദ്ദേഹം പൂർണ്ണമായി അന്ധനായിക്കഴിഞ്ഞിരുന്നു. അതിലെ വൈരുദ്ധ്യം അദ്ദേഹം കാണാതെപോയില്ല. 1968ൽ Rita Guibertനു നല്കിയ ഒരു ഇന്റെർവ്യൂവിൽ അദ്ദേഹം പറയുന്നുണ്ട്: “അച്ഛൻ വഴിയ്ക്ക് അഞ്ചാമത്തെയോ ആറാമത്തെയോ തലമുറയിലാണു ഞാൻ; കാഴ്ച നശിച്ചവരായി പലരുമുണ്ടായിരുന്നു. ഞാൻ കണ്ടുനിൽക്കെയാണ് എന്റെ അച്ഛന്റെയും മുത്തശ്ശന്റെയും കാഴ്ച പോയത്. എന്റെ കാഴ്ചശക്തി ഒരിക്കലും നല്ലതായിരുന്നില്ല; വിധി എന്താണെനിക്കു കരുതിവച്ചിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. വിധിക്കു കീഴടങ്ങിക്കൊണ്ടും എന്നാൽ മനസ്സു കടുപ്പിക്കാതെയും ഒരു കൊല്ലത്തിലധികം അച്ഛൻ തന്റെ അന്ധത കൊണ്ടുനടന്നത് ഞാൻ ആദരവോടെ കണ്ടു. ഈ സഹനശീലം എല്ലാ അന്ധർക്കും പൊതുവേ ഉള്ളതാണെന്നു തോന്നുന്നു, പെട്ടെന്നു ശുണ്ഠി വരുന്നത് ബധിരർക്കു പൊതുവേ ഉള്ളതാണെന്നപോലെ. അതിനി തനിക്കു ചുറ്റുമുള്ളവരുടെ സഹാനുഭൂതിയെക്കുറിച്ച് അന്ധർക്ക് ഒരു തോന്നലുള്ളതുകൊണ്ടാവാം. ബധിരരെക്കുറിച്ച് ധാരാളം തമാശക്കഥകൾ ഉണ്ടെന്നതും അന്ധരെക്കുറിച്ച് ഒന്നുപോലും ഇല്ലെന്നതും ഇതിന്റെ തെളിവാണെന്നു വരാം. അന്ധരെ കളിയാക്കുന്നത് വളരെ ക്രൂരമായിപ്പോകും എന്നൊരു ധാരണ നിലവിലുണ്ട്. ഞാൻ എത്ര ശസ്ത്രക്രിയകൾക്കു വിധേയനായി എന്നതിനു കണക്കില്ല; 1955ൽ നാഷണൽ ലൈബ്രറിയുടെ ഡയറക്ടറായി നിയമിതനാവുമ്പോൾ എനിക്കു വായിക്കാൻ പറ്റാതായിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാൻ “പാരിതോഷികങ്ങളുടെ കവിത” എഴുതുന്നത്. അതിൽ ഞാൻ പറഞ്ഞിട്ടുണ്ട്: “ദൈവത്തിന്റെ ഈ വൈദഗ്ധ്യപ്രകടനത്തെ ആരും കണ്ണീരു കൊണ്ടോ ശകാരം കൊണ്ടോ വില കെടുത്താതിരിക്കട്ടെ: എത്ര ഉജ്ജ്വലമായ ഐറണിയോടെയാണ് അവനെനിക്ക് ഒരേ സമയം പുസ്തകങ്ങളും ഇരുട്ടും തന്നത്!” നാഷണൽ ലൈബ്രറിയിലെ 800000 പുസ്തകങ്ങൾ കൈവരുമ്പോൾ ഞാൻ പൂർണ്ണാന്ധകാരത്തിലേക്കടുക്കുകയായിരുന്നു. പക്ഷേ അതൊരു വേദനാജനകമായ പ്രക്രിയയായിരുന്നില്ല; കാരണം ഇരുൾ പരന്നത് അത്ര സാവധാനത്തിലായിരുന്നു. വലിയ അക്ഷരങ്ങളുള്ള പുസ്തകങ്ങൾ മാത്രം വായിക്കാൻ പറ്റുന്ന ഒരു സമയമുണ്ടായിരുന്നു, പിന്നെ പുസ്തകത്തിന്റെ ടൈറ്റിൽ പേജോ പുറംചട്ടയോ വായിക്കാവുന്ന സമയമായി, ഒടുവിൽ ഒന്നും വായിക്കാൻ പറ്റാത്ത സമയവുമായി. സാവധാനത്തിലുള്ള ഒരസ്തമയം; അതെനിക്കു പ്രത്യേകിച്ചു വേദനാജനകമായിരുന്നുവെന്നു ഞാൻ പറയുന്നില്ല.
എന്റെ അന്ധത തീർച്ചയായും എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ഇന്നേവരെ നോവൽ എഴുതിയിട്ടില്ല; കാരണം, നോവൽ വായനക്കാരന് അനുക്രമമായ ഒരസ്തിത്വമാണെന്നതിനാൽ എഴുത്തുകാരനും അത് തീർത്തും അനുക്രമമായ ഒരസ്തിത്വമായിരിക്കണം. നേരേ മറിച്ച് ഒരു കഥ ഒറ്റവായനയിൽ നിങ്ങൾ ഉൾക്കൊള്ളുന്നതൊന്നാണ്. (എഡ്ഗാർ അലൻ) പോ പറയാറുണ്ടായിരുന്നപോലെ: ‘നീണ്ട കവിത എന്നൊന്നില്ല.’“ അന്ധത കവിതയിലേക്കുള്ള തിരിച്ചുവരവിനും കാരണമായി. കവിത നിയതഘടനകളാണു പിന്തുടരുന്നതെന്നതിനാൽ കാഴ്ചയില്ലാത്തത് എഴുത്തിനു വിഘാതമായില്ല. ബ്യൂണേഴ്സ് അയഴ്സിലെ തെരുവുകളിലൂടെ പതിവുള്ള ദീർഘമായ നടത്തകളായിരുന്നു ബോർഹസ്സിന്റെ കവിതാരചനാവേളകൾ. ”നടത്തയ്ക്കിടയിൽ തലയ്ക്കുള്ളിൽ എനിക്കൊരു സോണെറ്റ് കൊണ്ടുനടക്കാം, മാറ്റിയെഴുതാം, മിനുക്കിയെടുക്കാം. ദീർഘമായ ഒരു ഗദ്യരചനയുടെ കാര്യത്തിൽ അതു നടക്കില്ല.“
ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ BUY NOW
1956ൽ അദ്ദേഹം ബ്യൂണേഴ്സ് അയഴ്സ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ്, അമേരിക്കൻ സാഹിത്യങ്ങളുടെ പ്രൊഫസ്സറായി നിയമിതനായി. അതേ വർഷം സാഹിത്യത്തിനുള്ള ദേശീയസമ്മാനവും ലഭിച്ചു. അദ്ദേഹത്തെക്കുറിച്ച് ലേഖനങ്ങൾ പുറത്തുവരാൻ തുടങ്ങി. ഇക്കാലത്തെഴുതിയ ‘ബോർഹസ്സും ഞാനും’ എന്ന ചെറിയ കഥ ദാർശനികമായ ഒരു ആത്മകഥ ആയിരുന്നു. 1960ൽ പ്രസിദ്ധീകരിച്ച El hacedor (സ്രഷ്ടാവ്) തനിക്കേറ്റവും ഇഷ്ടപ്പെട്ടതും ഏറ്റവും വ്യക്തിപരവുമായ പുസ്തകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കഥകളും കവിതകളും ലേഖനങ്ങളും ഉൾപ്പെടുന്ന ഐ പുസ്തകം Dreamtigers എന്ന പേരിലാണ് ഇംഗ്ലീഷിൽ വന്നിരിക്കുന്നത്. 1961ൽ സാമുവൽ ബക്കറ്റിനൊപ്പം Formentor Prix International സമ്മാനത്തിനർഹനായതോടെ സ്പാനിഷ് ലോകത്തിനു പുറത്തേക്കും അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. ഇതിനിടെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ ഒരു പ്രഭാഷണപരമ്പരയ്ക്ക് അദ്ദേഹത്തിനു ക്ഷണം കിട്ടി. അമ്മയാണ് സഹായിയായി പോയത്. “ഞാൻ സന്ദർശിച്ച രാജ്യങ്ങളിൽ വച്ചേറ്റവും സൗഹൃദപരവും ക്ഷമാശീലവും മഹാമനസ്കവുമായി എനിക്കു തോന്നിയത് അമേരിക്കയാണ്. ഞങ്ങൾ തെക്കേ അമേരിക്കക്കാർ കാര്യങ്ങളെ കാണുന്നത് സൗകര്യത്തിന്റെ കണ്ണിലൂടെയാണ്, എന്നാൽ അമേരിക്കക്കാർ നൈതികതയിലൂടെയാണ് എന്തിനേയും കാണുന്നത്. ഇത് എനിക്കു വലിയ ബഹുമാനം തോന്നിക്കുന്ന കാര്യമാണ്. അംബരചുംബികൾ, പേപ്പർ ബാഗുകൾ, ടെലിവിഷൻ, പ്ലാസ്റ്റിക്കുകൾ, ഗാഡ്ജറ്റുകളുടെ അവിശുദ്ധവനം ഇതൊന്നും കണ്ണില്പെടാതിരിക്കാൻ അതെന്നെ സഹായിക്കുകയും ചെയ്തു.“ 1967ൽ അദ്ദേഹം തന്റെ പഴയ സ്നേഹിതയായ എൽസ അസ്റ്റെറ്റ് മില്ലനെ (Elsa Astete Millan) വിവാഹം ചെയ്തു. എന്നാൽ ഇരുകൂട്ടർക്കും ഹിതകരമായ ബന്ധമായില്ല അത്. ഗൃഹഭരണവുമായി ഒതുങ്ങിക്കഴിയാനാണ് എൽസ ആഗ്രഹിച്ചത്; ബോർഹസ്സാവട്ടെ, യാത്രയുടെ ഹരത്തിലുമായിരുന്നു. എൽസയ്ക്ക് സ്പാനിഷ് മാത്രമേ അറിയൂ; അമേരിക്കൻ യാത്രകളിലും മറ്റും അതവർക്ക് ബുദ്ധിമുട്ടായി. ഒടുവിൽ 1970ൽ ഇരുവരും വേർപിരിഞ്ഞു. ബോർഹസ് വീണ്ടും അമ്മയോടൊപ്പം താമസമായി. അതേ വർഷം El informe de Brodie (ഡോ. ബ്രോഡിയുടെ റിപ്പോർട്ട്) എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. മരിയ കൊഡാമ എന്ന വിദ്യാർത്ഥിനിയുമായി ബോർഹസ് ഇതിനിടെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ സ്ഥിരം ശ്രോതാവായിരുന്ന മരിയ ജാപ്പനീസ് വംശജയായ അർജ്ജന്റീനക്കാരിയായിരുന്നു. അവർ പിന്നീട് ബോർഹസ്സിന്റെ സെക്രട്ടറിയായി; പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുമായി.
1973ൽ ഹുവാൻ പെറോൺ വീണ്ടും അർജ്ജന്റീനയുടെ പ്രസിഡന്റായി. ബോർഹസ് നാഷണൽ ലൈബ്രറിയുടെ ഡയറക്ടർ സ്ഥാനം രാജിവച്ച് തന്റെ പ്രഭാഷണങ്ങളും എഴുത്തുമായി കഴിയാൻ തീരുമാനിച്ചു. 1975ലാണ് El libro de arena (മണലിന്റെ പുസ്തകം) പ്രസിദ്ധീകരിച്ചത്. അതേ വർഷം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ നിത്യസഹായമായിരുന്ന അമ്മ മരിക്കുകയും ചെയ്തു; അവർക്ക് 99 വയസ്സായിരുന്നു. അമ്മയും മകനും എന്നതിനുപരി സഹോദരനും സഹോദരിയുമായിട്ടാണ് ആളുകൾ അവരെ കണ്ടിരുന്നത്. 1976ൽ പെറോണിന്റെ വിധവ ഇസബെല്ലയുടെ ഭരണം പട്ടാളം അട്ടിമറിച്ചപ്പോൾ ബോർഹസ് വീണ്ടും രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. ഹൊർഹെ റഫായെൽ വിദേലയുടെ നേതൃത്വത്തിലുള്ള പുതിയ ഗവണ്മെന്റിന് ബോർഹസ് നല്കിയ പിന്തുണ അർജ്ജന്റീനയിലെ ഇടതുപക്ഷത്തെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ തുടർച്ചയായുണ്ടായ മനുഷ്യാവകാശലംഘനങ്ങൾ അദ്ദേഹത്തെ മാറ്റിച്ചിന്തിപ്പിച്ചു. ഫാൿലാന്റ് യുദ്ധം കൂടിയായപ്പോൾ (രണ്ടു കഷണ്ടിക്കാർ തമ്മിൽ ഒരു ചീപ്പിനു വേണ്ടി നടത്തിയ കശപിശ എന്നാണ് ഫാൿലാന്റ് ദ്വീപിനു വേണ്ടി ബ്രിട്ടണും അർജ്ജന്റീനയും തമ്മിൽ നടത്തിയ യുദ്ധത്തെ ബോർഹസ് വിശേഷിപ്പിച്ചത്!) അദ്ദേഹം എന്നെന്നേക്കുമായി രാഷ്ട്രീയത്തിൽ നിന്നു പിന്മാറുകയും ചെയ്തു. മരിയ കൊഡാമയോടൊപ്പം അദ്ദേഹം തന്റെ ലോകസഞ്ചാരം തുടർന്നു. ഈ യാത്രകളിലൊന്നിൽ തന്റെയൊരു ബാല്യകാലസ്വപ്നം സഫലമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു- ജീവനുള്ള ഒരു കടുവയെ തലോടുക.
1984ൽ അദ്ദേഹത്തിന്റെ ഒടുവിലത്തെ പ്രധാനപ്പെട്ട കൃതിയായ ‘അറ്റ്ലസ്’ പ്രസിദ്ധീകരിച്ചു. ബോർഹസ്സിന്റെ നിരീക്ഷണങ്ങളും കൊഡാമ എടുത്ത ഫോട്ടോകളും സമാഹരിച്ച ഒരു മിത്തിൿ യാത്രാവിവരണമായിരുന്നു അത്. രണ്ടു കൊല്ലം കഴിഞ്ഞ് ബോർഹസ്സും മരിയ കൊഡാമയും വിവാഹിതരായി. 1986 ജൂലൈ 16ന് എമ്പത്താറാം വയസ്സിൽ, കരളിലെ ക്യാൻസറിനെ തുടർന്ന് ജനീവയിൽ വച്ച് ബോർഹസ് മരിച്ചു.
_ വി രവികുമാർ
ബോർഹസ്സിൻ്റെ സ്വപ്നവ്യാഘ്രങൾ BUY NOW
Follow us on | Facebook | Instagram | Telegram | Twitter | Threads