തലയിണയ്ക്കടിയിൽ ചന്ദ്രന്റെ ഒരു തളിരില വയ്ക്കൂ

ഹൈമേ സബീനസ് (Jaime Sabines 1926-1999) മെക്സിക്കൻ കവി. മരണവും നൈരാശ്യവും, അന്യവൽക്കരണം, ജീവിതത്തിലുള്ള വിശ്വാസം എന്നിവ പ്രധാനപ്പെട്ട പ്രമേയങ്ങൾ.

കവിത_ ചന്ദ്രൻ
വിവർത്തനം_ വി രവികുമാർ

ഒരു സ്പൂണളവിലോ രണ്ടു ഗുളികയായോ
രണ്ടു മണിക്കൂർ ഇടവിട്ട് ദിവസേന
നിങ്ങൾക്ക് ചന്ദ്രനെ സേവിക്കാം.
ഉറക്കഗുളികയായും വേദനസംഹാരിയായും
നിങ്ങൾക്കതു പ്രയോജനപ്പെടും.
തന്നെയുമല്ല, തത്ത്വചിന്ത തലയ്ക്കു പിടിച്ചവർക്ക്
അതിന്റെ കട്ടു വിടാനും അതു നല്ലതാണ്‌.
മുയലിന്റെ പാദത്തേക്കാൾ നല്ലൊരു മന്ത്രരക്ഷയാണ്‌
ചന്ദ്രന്റെ ഒരു കഷ്ണം.
സ്നേഹിക്കാനൊരാളെ കണ്ടെത്താനും
ആരുമറിയാതെ പണക്കാരനാവാനും
ഡോക്ടർമാരെയും ആശുപത്രികളേയും അകറ്റിനിർത്താനും
അതു നിങ്ങളെ സഹായിക്കുന്നു.
കുട്ടികൾ ഉറങ്ങാൻ മടി കാണിക്കുമ്പോൾ
പഞ്ചാരമിട്ടായിയായി അതവർക്കു കൊടുക്കാം,
പ്രായമായവരുടെ കണ്ണിൽ
രണ്ടോ നാലോ തുള്ളി നിലാവിറ്റിക്കുന്നത്
സുഖമരണത്തിനും നല്ലതാണ്‌.

തലയിണയ്ക്കടിയിൽ ചന്ദ്രന്റെ ഒരു തളിരില വയ്ക്കൂ,
നിങ്ങൾ കാണാനാഗ്രഹിച്ചത് നിങ്ങൾക്കു കാണാം.
ചന്ദ്രനിലെ വായു ഒരു ചിമിഴിൽ
എപ്പോഴും കൂടെക്കൊണ്ടുനടക്കുന്നത്
മുങ്ങിമരണത്തിൽ നിന്നു നിങ്ങളെ രക്ഷിക്കും.
തടവുകാർക്കും നിരാശാഭരിതർക്കും
ചന്ദ്രന്റെ ചാവി കൊടുക്കൂ.
മരണശിക്ഷ വിധിക്കപ്പെട്ടവർക്കും
മരണം വരെ ജീവിതം വിധിക്കപ്പെട്ടവർക്കും
ഇതുപോലെ നല്ലൊരു ടോണിക്കില്ല,
കൃത്യമായ ഇടവേളയിൽ,
മതിയായ അളവിലുള്ള ചന്ദ്രനെപ്പോലെ.

Follow us on | Facebook | Instagram Telegram | Twitter