പലസ്തീൻ വിമോചനയുദ്ധത്തിലെ പുതിയ മുന്നേറ്റം | കെ മുരളി


കെ മുരളി(അജിത് )
മാവോയിസ്റ്റ് സൈദ്ധാന്തികൻ

ഇതാദ്യമായല്ല ഫലസ്തീൻ ജനത സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ ആക്രമണം നടത്തുന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ ആക്രമണത്തിന് ചില പ്രത്യേക സവിശേഷതകളുണ്ട്. മുമ്പത്തേതിൽ നിന്ന് അവ അതിനെ വേർതിരിക്കുന്നു. ഫലസ്തീന്റെ വിമോചനത്തിനായി നിലകൊള്ളുന്ന എല്ലാ സംഘടനകളും, സയണിസ്റ്റ് അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന എല്ലാ സംഘടനകളും ഈ യുദ്ധത്തിൽ പങ്കാളികളാണ്. അവർ പങ്കാളികളായ സംയുക്ത പ്രവർത്തന കേന്ദ്രങ്ങൾ പോരാളികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു. 2021 ഇൻതിഫാദയുടെ സമയത്താണ് ഈ ഐക്യം രൂപപ്പെടാൻ തുടങ്ങിയത്. അതിനെ തുടർന്ന്, ലയൺസ് ഡെൻ, ജെനിൻ ബ്രിഗേഡ് തുടങ്ങിയ സായുധ സംഘങ്ങൾ ഉയർന്നുവന്നു. വിവിധ സംഘടനകളിൽ നിന്നുള്ളവർ അതിൽ അംഗങ്ങളാണ്. അധിനിവേശക്കാർക്കെതിരെ അവർ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടു. അത്തരം ആക്രമണങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരുന്നു.

ഹമാസിനെ നയിക്കുന്നത് ഇസ്ലാമിക ആശയശാസ്ത്രമാണ്. പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പിഎഫ്എൽപി) മാർക്സിസം-ലെനിനിസത്തെ ഉയർത്തിപ്പിടിക്കുന്നു. ഫലസ്തീനിലെ മറ്റ് വിവിധ ദേശീയ വിമോചന ശക്തികൾ, മറ്റ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ശക്തികൾ, ലെബനനിലെ ഹിസ്ബുള്ള, ചുറ്റുമുള്ള രാജ്യങ്ങളിലെ പലസ്തീൻ അഭയാർത്ഥികൾ – ഇവരെല്ലാം നേരിട്ടോ അല്ലാതെയോ ഈ യുദ്ധത്തിൽ പങ്കാളികളാണ്. അതിനാൽ, ഈ യുദ്ധത്തെ ഇസ്രായേലും ഹമാസും തമ്മിലുള്ളതോ ഇസ്രായേലും ഗാസയും തമ്മിലുള്ളതോ ആയി ചിത്രീകരിക്കുന്നത് തെറ്റാണ്. ഇത് ഒരു പുതിയ അദ്ധ്യായമാണ്, സയണിസ്റ്റ് കൊളോണിയൽ ഭരണത്തിനെതിരായ ഫലസ്തീൻ ജനതയുടെ ദേശീയ വിമോചന യുദ്ധത്തിലെ ഒരു പുതിയ ഘട്ടം.

പങ്കെടുക്കുന്ന സംഘടനകൾ അവരുടെ പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ ഒരു പൊതു നിലപാട് അവരെ ഒന്നിപ്പിക്കുന്നു. ഇവരെല്ലാം ദ്വിരാഷ്ട്ര പരിഹാരത്തെ നിരാകരിക്കുന്നു. അമേരിക്ക പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി പ്രകാരം, സയണിസ്റ്റുകൾ ഭരിക്കുന്ന ഒരു രാജ്യവും ഫലസ്തീനികൾക്കായി കുറച്ച് പ്രദേശം അനുവദിക്കുന്ന മറ്റൊരു രാജ്യവുമുണ്ടാകും. യുദ്ധത്തിൽ അണിനിരന്ന ഫലസ്തീൻ സംഘടനകൾക്ക് ഇത് സ്വീകാര്യമല്ല. ഈ സാമ്രാജ്യത്വ പദ്ധതി യാസർ അറാഫത്തിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) അംഗീകരിച്ചു. ഫലസ്തീനികൾക്ക് സയണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കുറച്ച് സ്വയംഭരണം അനുവദിച്ചത് അതിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ഫലസ്തീൻ അതോറിറ്റിക്ക് യുഎന്നിൽ സ്വന്തമായി പതാകയും അംഗത്വവും ഉണ്ടെങ്കിലും ഫലത്തിൽ അത് മുനിസിപ്പൽ ഭരണമല്ലാതെ മറ്റൊന്നുമല്ല. പോരടിക്കുന്ന സംഘടനകളെ ആക്രമിക്കാനും അവരുടെ നേതാക്കളെയും പ്രവർത്തകരെയും ജയിലിൽ അടയ്ക്കാനും അതിന്റെ പോലീസിനെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോളും ഇത് തന്നെയാണ് ചെയ്യുന്നത്.

ഇതിനെ എതിർത്ത് ഇന്നത്തെ മുന്നേറ്റത്തിൽ ഉൾപ്പെട്ട സംഘടനകൾ ഫലസ്തീന്റെ സമ്പൂർണ വിമോചനത്തിന് വേണ്ടി നിലകൊള്ളുന്നു. “നദി മുതൽ കടൽ വരെ രാഷ്ട്രത്തെ സ്വതന്ത്രമാക്കുക” എന്ന അവരുടെ മുദ്രാവാക്യത്തിൽ ഇത് വ്യക്തമാണ്. കിഴക്ക് ജോർദാൻ നദിയുടെ പടിഞ്ഞാറൻ തീരം മുതൽ പടിഞ്ഞാറ് മദ്ധ്യധരണ്യാഴി കടൽ വരെ എന്നാണ് ഇതിനർത്ഥം. ഇസ്രായേൽ എന്നറിയപ്പെടുന്ന കുടിയേറ്റ കൊളോണിയൽ രാജ്യത്തിന്റെ സമ്പൂർണ്ണ നാശം എന്നാണ് ഇതിനർത്ഥം. അതാണ് ഈ സംഘടനകളുടെ പ്രഖ്യാപിത നിലപാട്.

ഇത് നാസികൾ നടത്തിയ ജൂത വംശഹത്യയുടെ ആവർത്തനത്തിന് തുല്യമാകുമെന്ന് അമേരിക്കൻ സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ക്യാമ്പ് അവകാശപ്പെടുന്നു. ഈ ഐക്യ സമരത്തിൽ ഹമാസാണ് പ്രധാന പങ്കാളി. ഇത് ഒരു ഇസ്ലാമിക ആശയശാസ്ത്രം ഉയർത്തിപ്പിടിക്കുന്നതിനാൽ, അത് അനിവാര്യമായ ഫലമാകുമെന്ന് കരുതുന്നവരുണ്ട്. ഹമാസ് എന്താണ് പറയുന്നത്?

2018-ൽ അംഗീകരിച്ച പൊതുതത്ത്വങ്ങളെയും നയങ്ങളെയും കുറിച്ചുള്ള അതിന്റെ രേഖ, അതിന്റെ വൈരുദ്ധ്യം സയണിസ്റ്റ് പദ്ധതിയുമായാണ്, അവരുടെ മതം കാരണം ജൂതന്മാരുമായല്ലെന്നു വ്യക്തമാക്കുന്നു. ഹമാസ് ജൂതർക്കെതിരെ സമരം ചെയ്യുന്നത് അവർ ജൂതന്മാരായതുകൊണ്ടല്ലെന്നും എന്നാൽ ഫലസ്തീൻ പിടിച്ചടക്കുന്ന സയണിസ്റ്റുകൾക്കെതിരെയാണ് സമരം നടത്തുന്നതെന്നും അതിൽ പറയുന്നു. യഹൂദമതത്തെയും ജൂതന്മാരെയും അവരുടെ കൊളോണിയൽ പദ്ധതിയും അനധികൃത അധിനിവേശവുമായി നിരന്തരം ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നത് സയണിസ്റ്റുകളാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ജൂത പ്രശ്‌നവും ജൂതവിരോധവും വിരുദ്ധതയും ജൂത പീഡനവും അടിസ്ഥാനപരമായി യൂറോപ്യൻ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രതിഭാസങ്ങളാണെന്നും അറബികളുടെയും മുസ്‌ലിംകളുടെയും ചരിത്രവുമായോ അവരുടെ പൈതൃകവുമായോ അതിന് ബന്ധം ഇല്ലെന്നും ഇത് ഓർമ്മിപ്പിക്കുന്നു. പലസ്തീൻ എപ്പോഴും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും നാഗരിക നവീകരണത്തിന്റെയും മാതൃകയായിരിക്കുമെന്ന് അത് പ്രഖ്യാപിക്കുന്നു.

പിഎഫ്എൽപി ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. ഒരൊറ്റ ഫലസ്തീൻ രാഷ്ട്രമാണ് ഏക പരിഹാരമെന്ന വീക്ഷണം അതിനുണ്ട്. അറബികളും ജൂതരും വിവേചനമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ജനകീയ ജനാധിപത്യ ഫലസ്തീൻ, വർഗങ്ങളും ദേശീയ അടിച്ചമർത്തലുകളും ഇല്ലാത്ത ഒരു രാജ്യം, അറബികൾക്കും ജൂതന്മാർക്കും അവരുടെ ദേശീയ സംസ്കാരം വികസിപ്പിക്കാൻ അനുവദിക്കുന്ന ഒരു രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ് അതിന്റെ ലക്ഷ്യമെന്ന് അത് പ്രഖ്യാപിക്കുന്നു. ഈ ഐക്യത്തിലെ മറ്റ് സംഘടനകൾക്കും ഈ രണ്ട് പ്രമുഖ സംഘടനകൾക്ക് സമാനമായ നിലപാടുകളാണ് ഉള്ളത്. ജൂതരെ മൊത്തമായി ഉന്മൂലനം ചെയ്യുകയോ ആ ഭൂമിയിൽ നിന്ന് ആട്ടിയോടിക്കുകയോ ചെയ്യണമെന്ന കാഴ്ചപ്പാട് അവരിൽ ആർക്കും ഇല്ല. പക്ഷേ, കൊളോണിയൽ സയണിസ്റ്റ് ഭരണകൂടത്തെ പൂർണമായും നശിപ്പിക്കണമെന്ന് അവരെല്ലാം ശഠിക്കുന്നു.

മറുവശത്ത്, ആ രാജ്യത്തെ ഭരണവർഗം അവരുടെ രാജ്യം സ്ഥാപിച്ച അന്നു മുതൽ എല്ലാ അറബികളെയും തുരത്താൻ പരമാവധി ശ്രമിച്ചു. മനുഷ്യാവകാശത്തിന്റെ കാര്യമായാലും കൃഷിഭൂമി, ജലം തുടങ്ങിയ വിഭവങ്ങളുടെ കാര്യമായാലും ഫലസ്തീനികളോട് വിവേചനം കാണിക്കുന്ന നയമാണ് അവർക്കുണ്ടായിരുന്നത്. അവർ അന്താരാഷ്ട്ര കരാറുകൾ ആവർത്തിച്ച് ലംഘിക്കുകയും സയണിസ്റ്റ് ആവാസകേന്ദ്രങ്ങൾ തുടർച്ചയായി വിപുലീകരിക്കുകയും ചെയ്തു. ഫലസ്തീനികളുടെ സാംസ്കാരിക ആചാരങ്ങളെയും മതവിശ്വാസങ്ങളെയും അവർ ചവിട്ടിമെതിച്ചു. അവർ വംശീയ, വർണ്ണവിവേചന നയങ്ങൾ തുടർച്ചയായി നടപ്പിലാക്കുന്നു. ഏത് രാഷ്ട്രീയ പാർട്ടി ഭരണത്തിലായാലും പതിറ്റാണ്ടുകളായി ഇത് തുടരുന്നു. ഇസ്രായേൽ ജൂത ജനതയുടെ ദേശീയ രാഷ്ട്രമാണെന്ന് ആ രാജ്യത്തിന്റെ അടിസ്ഥാന നിയമം വ്യക്തമായി പ്രഖ്യാപിക്കുന്നു. കൂടാതെ, ഇസ്രായേലിലെ ദേശീയ സ്വയം നിർണ്ണയാവകാശം ജൂത ജനതക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പ്രസ്താവിക്കുന്നു.

ഒരു വശത്ത്, വംശീയ, വർണ്ണവിവേചന കൊളോണിയൽ ഭരണവർഗം. അതിന്റെ ഭരണകൂടം. അതിന്റെ സൈന്യം. അതിനെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ ശക്തികൾ. (അമേരിക്കൻ സാമ്രാജ്യത്വം ഇസ്രായേൽ രാഷ്ട്രത്തിന് പ്രതിവർഷം 300 കോടി ഡോളർ സംഭാവന നൽകുന്നു.) മറുവശത്ത്, എല്ലാ പൗരന്മാർക്കും അവരുടെ മതവിശ്വാസങ്ങൾ പരിഗണിക്കാതെ, വിവേചനമോ അടിച്ചമർത്തലുകളോ ഇല്ലാതെ, ജീവിക്കാൻ കഴിയുന്ന ഒരു വിമോചിത ഫലസ്തീൻ സ്ഥാപിക്കാൻ പോരാടുന്ന ശക്തികൾ. ഇതാണ് ഈ യുദ്ധത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം. ജനാധിപത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന, ജനങ്ങളുടെ വിമോചനത്തിന് വേണ്ടി നിലകൊള്ളുന്ന ഒരാൾ ഏത് വശം തിരഞ്ഞെടുക്കണം? ഉത്തരം വളരെ വ്യക്തമാണ്.

അടിച്ചമർത്തുന്നവരുടെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയെയും നിരീക്ഷണ സംവിധാനങ്ങളെയും പോലും അതിജീവിച്ച് അവരെ പ്രഹരിക്കാൻ കഴിയുമെന്ന് ലോകജനതയ്ക്ക് നൽകിയ ശക്തമായ ഓർമ്മപ്പെടുത്തൽ – ഇത് ഈ യുദ്ധത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഗാസ പൂർണമായും മുള്ളുവേലി ‘സ്മാർട്ട്’ വേലികൾ, വാച്ച് ടവറുകൾ, ഭൂഗർഭ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള സെൻസറുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. എല്ലാ ടെലിഫോൺ ആശയവിനിമയങ്ങളും ഇലക്ട്രോണിക് സിഗ്നലുകളും പൂർണ നിരീക്ഷണത്തിലാണ്. ഫലസ്തീൻ വിമോചന പോരാളികൾ ഇതിനെ ഓരോന്നിനെയും അതിജീവിച്ച് അതിർത്തി ഭേദിച്ച് ശക്തമായ കടന്നാക്രമണം നടത്തി. അന്തിമ വിശകലനത്തിൽ, വിജയം നിർണ്ണയിക്കുന്നത് സാങ്കേതികവിദ്യയല്ല, മറിച്ച് പോരാടി വിജയിക്കാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയമാണ്. “പോരാടാൻ ധൈര്യപ്പെടുക, വിജയം വരിക്കാൻ ധൈര്യപ്പെടുക.” — ഫലസ്തീൻ പോരാളികളുടെ ധീരമായ മുന്നേറ്റത്തിൽ മാവോ സേതുങ്ങിന്റെ ഈ വാക്കുകൾ ഒരിക്കൽ കൂടി സാധൂകരിക്കപ്പെട്ടിരിക്കുന്നു.

വിയറ്റ്നാം യുദ്ധകാലത്തും മറ്റനേകം വിമോചന യുദ്ധങ്ങളിലും ലോകം ഇത് കണ്ടുകഴിഞ്ഞതാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജനകീയ യുദ്ധങ്ങളിലും അത് കാണുന്നുണ്ട്. ബഹുജനങ്ങളുടെ നിശ്ചയദാർഢ്യത്തിനും സർഗ്ഗാത്മകതയ്ക്കും തോൽപ്പിക്കാൻ കഴിയാത്ത ഒരു സാങ്കേതികവിദ്യയും ലോകത്തിലില്ല. ശത്രുവിന്റെ അത്യാധുനിക സാങ്കേതിക വിദ്യയ്‌ക്കെതിരെ ജനങ്ങൾക്ക് നിലകൊള്ളാൻ കഴിയില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഇത് വെറും ഭീരുത്വവും പരാജയ ചിന്തയുമാണ്. മാത്രവുമല്ല, സാങ്കേതികവിദ്യ ഇന്ന് അതിജീവിക്കാനാവാത്തതോ അപ്രാപ്യമായതോ അല്ല. ജനങ്ങൾക്ക് അത് വശമാക്കാൻ കഴിയും. ഈ ആക്രമണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ട ചില ഫലസ്തീൻ റോക്കറ്റ് ലോഞ്ചറുകളുടെ ടിവി ദൃശ്യങ്ങൾ ഇതിന് തെളിവാണ്. ഒരു ഹാർഡ്‌വെയർ കടയിൽ നിന്നും വാങ്ങിയ സാധനങ്ങളും വെൽഡിംഗ് മെഷീനും ഉപയോഗിച്ച് ആർക്കും നിർമ്മിക്കാൻ കഴിയുന്ന ഒന്നായിരുന്നു അവ. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ വളരെ അടിസ്ഥാനപരമായ ചില സാങ്കേതികവിദ്യ കൊണ്ട് മറികടന്നു. മാത്രവുമല്ല അത് ജനകീയമാക്കി. ഗുണനിലവാരത്തിലെ പിന്നാക്കാവസ്ഥ എണ്ണം കൊണ്ട് മറികടന്നു.

ഏത് മിസൈൽ ആക്രമണത്തെയും നേരിടാൻ ശേഷിയുള്ള തങ്ങളുടെ ‘ഇരുമ്പ് മറ’യെക്കുറിച്ച് സയണിസ്റ്റുകൾ വീമ്പിളക്കുകമായിരുന്നു. ഇസ്രയേലിലേക്ക് വരുന്ന ഏത് മിസൈൽ വിക്ഷേപണവും ഇത് കണ്ടെത്തും. അതിനെ നേരിടാൻ ഒരു മിസൈൽ ഉടൻ വിക്ഷേപിക്കുകയും ഇങ്ങോട്ട് വരുന്നതിനെ വായുവിൽ തന്നെ നശിപ്പിക്കുകയും ചെയ്യും. അതെ, പണ്ട് ഇത് ചെയ്യുന്നതിൽ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ അവർ നേരിട്ടത് ആയിരക്കണക്കിന് മിസൈലുകളാണ്. അവയെയെല്ലാം നേരിടുക അസാധ്യമായിരുന്നു. അവയിൽ പലതും ‘ഇരുമ്പ് മറ’ തകർത്ത് ലക്ഷ്യത്തിലെത്തി. മിസൈലുകളുടെ ഈ വലിയ ശേഖരം സ്വരുക്കൂട്ടുന്നതിൽ ഫലസ്തീൻ വിമോചന പോരാളികൾ എങ്ങനെ വിജയിച്ചു? അവർക്ക് വലിയ ആയുധ ഫാക്ടറികൾ ഉണ്ടായിരുന്നില്ല. അത്തരത്തിലൊന്നും പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് വിഭവങ്ങളും ഉണ്ടായിരുന്നില്ല. അവർക്കുണ്ടായിരുന്നത് ജനങ്ങളാണ്. ബഹുജനങ്ങളുടെ പങ്കാളിത്തവും അവരുടെ സർഗ്ഗാത്മകതയും ആശ്രയിച്ചാണ് അസാധ്യമായത് സാധ്യമാക്കിയത്. ഈ ചിതറിക്കിടക്കുന്ന സാധ്യതകളെ സംഘടിപ്പിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്തപ്പോൾ അത് ശത്രുവിന്റെ പ്രതിരോധഘടനയെ തകർക്കാൻ കഴിവുള്ള ഒരു വലിയ ശക്തിയായി മാറി. അതിന്റെ മറവിൽ ആയിരക്കണക്കിന് പോരാളികൾ അധിനിവേശക്കാരന്റെ കൈവശമുള്ള പ്രദേശത്തേക്ക് ഇരച്ചകയറി. വിജയകരമായി ആക്രമണങ്ങൾ നടത്തി. അവിടെത്തന്നെ നിലയുറപ്പിക്കാനും കുറച്ചുനാൾ കൂടി പോരാട്ടം തുടരാനും അവർക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ആക്രമണത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തവർക്ക് പകരം വെടിയുണ്ടകളും പോരാളികളും എത്തിച്ച് അവരെ ശക്തിപ്പെടുത്തിയിട്ടുണ്ടാകണം.

വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് സയണിസ്റ്റുകൾക്ക് അറിയാമായിരുന്നിട്ടും അവർ മനഃപൂർവ്വം പ്രതികരിക്കാതിരിക്കുകയായിരുന്നു എന്ന് അവകാശപ്പെടുന്ന കഥകൾ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം പാശ്ചാത്യ പത്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗാസയിൽ എന്തോ വലിയ ഒരുക്കം നടക്കുന്നുണ്ടെന്ന് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഇസ്രായേൽ സർക്കാരിനെ അറിയിച്ചതായി പറയപ്പെടുന്നു. ഹമാസിനെ പൂർണ്ണമായി നശിപ്പിക്കാനുള്ള സമ്പൂർണ ആക്രമണത്തിന് ന്യായീകരണമായി ഇത് ഉപയോഗിക്കാമെന്ന കണക്കുകൂട്ടലിൽ സയണിസ്റ്റുകൾ അത് അനുവദിച്ചു. ഇതാണ് കഥ. മർദ്ദകന്റെ സാങ്കേതികവിദ്യയുടെ വമ്പിച്ച പരാജയം മറയ്ക്കാൻ, മർദ്ദിതരുടെ സർഗ്ഗാത്മകതയും സൃഷ്ടിപരതയും നിഷേധിക്കാനുള്ള ശ്രമമാണ് ഇത് എന്ന് ഒറ്റനോട്ടത്തിൽ തോന്നിയാൽ തെറ്റുപറയാനാവില്ല. അതല്ല, ഇത് ശരിയാണെന്ന് തന്നെ നമുക്ക് കരുതാം. അപ്പോഴും അടിസ്ഥാനപരമായ ചിലത് അത് വെളിപ്പെടുത്തുന്നുണ്ട്. തങ്ങൾക്കെതിരെ വലിയ ആക്രമണം നടത്താനുള്ള ശേഷി മർദ്ദിതർക്ക് ഇല്ല എന്ന ധിക്കാരപരമായ ചിന്ത എല്ലായിടത്തും, എക്കാലത്തും, എല്ലാ ചൂഷക വർഗങ്ങൾക്കും ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ചില മുൻകൂർ വിവരങ്ങളുണ്ടെങ്കിൽപ്പോലും, അത് സംഭവിക്കുന്നത് തടയുന്നതിൽ അവർ പലപ്പോഴും പരാജയപ്പെടുന്നത്. ഇത് അവരുടെ വർഗ സ്വഭാവത്തിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ബലഹീനതയാണ്.

ഫലസ്തീൻ വിമോചനയുദ്ധത്തിലെ പുതിയ കുതിച്ചുചാട്ടം ജൂത കുടിയേറ്റക്കാർക്കിടയിൽ, പ്രത്യേകിച്ച് പുതിയ വാസസ്ഥലങ്ങളിൽ, വളരെയധികം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ മൂന്നാമത്തെ പ്രത്യേകത. കുറച്ചുകാലമായി ഇത് പ്രകടമായിക്കൊണ്ടിരിക്കുകയായിരുന്നു. അതിപ്പോൾ വളരെയധികം വർദ്ധിച്ചിരിക്കുന്നു. രാജ്യം വിടുന്ന ജൂതന്മാരുടെ എണ്ണം ശ്രദ്ധേയമായ രീതിയിൽ കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ യുദ്ധം പശ്ചിമേഷ്യയുടെ മുഖഛായ തന്നെ മാറ്റുമെന്ന് സയണിസ്റ്റ് മേധാവി നെതന്യാഹു പറഞ്ഞിരുന്നു. അത് തീർച്ചയായും സംഭവിക്കും. വിമാനങ്ങളിൽ കയറിപറ്റാൻ തിരക്കുകൂട്ടുന്ന ടെൽ അവീവ് എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ ഇത് വളരെ വ്യക്തമായി തെളിയിച്ചു. കുടിയേറ്റക്കാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ വലിയൊരു വിഭാഗം ഇരട്ട പൗരത്വമുള്ളവരാണ്. ഫലസ്തീൻ വിമോചന സേനയുടെ പുതിയ ആക്രമണത്തെ തുടർന്ന് മറ്റ് രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾക്കുള്ള ആവശ്യം കുത്തനെ ഉയർന്നു. ഇരട്ട പൗരത്വമുള്ളവർ പുറത്തുകടക്കാനുള്ള ഉപാധിയായി അത് കാണുന്നു.

ലോകമെമ്പാടുമുള്ള ജൂതരുടെ അഭയകേന്ദ്രമായി ഇസ്രായേൽ സ്ഥാപിക്കപ്പെട്ടുവെന്ന് സയണിസ്റ്റ് ഭരണകൂടം അവകാശപ്പെടാറുണ്ട്. യഥാർത്ഥത്തിൽ, യൂറോപ്യൻ ജൂതന്മാർക്കുള്ള പ്രത്യേകാവകാശങ്ങളും ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരോടുള്ള വിവേചനവും സയണിസ്റ്റ് ഭരണകൂടത്തിൽ അന്തർലീനമാണ്. ആ രാജ്യം യഥാർത്ഥത്തിൽ വാഗ്ദത്ത ഭൂമിയല്ലെന്ന് അവിടെ കുടിയേറിയവരിൽ പലരും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ഇതിന് ഫലസ്തീൻ ദേശീയ വിമോചന സമരം മാത്രമല്ല കാരണം. ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. ഇസ്രായേലിലെ സമ്പത്തിന്റെ കേന്ദ്രീകരണം വളരെ അധികമാണ്. സാമ്പത്തിക നിയന്ത്രണം ഏതാണ്ട് ഇരുപതോളം ജൂത കുടുംബങ്ങളുടെ കൈകളിലാണ്. എല്ലാ മുതലാളിത്ത മിനുക്കുപണികൾക്കും പിന്നിൽ നിലകൊള്ളുന്ന യാഥാർത്ഥ്യം ഇതാണ്. രാജ്യത്തിന്റെ വരുമാനത്തിന്റെ 60 ശതമാനവും അവരുടേതാണ്. മറ്റേതൊരു ഭരണവർഗത്തെയും പോലെ, വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, സയണിസ്റ്റ് ഭരണവർഗവും അങ്ങേയറ്റം യാഥാസ്ഥിതികമായ മതശക്തികളെ പ്രോത്സാഹിപ്പിക്കുന്നു. അഴിമതിക്കേസിലെ പ്രതിയാണ് നെതന്യാഹു. തനിക്കെതിരായ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയിൽ ഈ ശക്തികളെ ആശ്രയിച്ച് സർക്കാർ രൂപീകരിച്ചു. സുപ്രീം കോടതിയുടെ ഏത് ഇടപെടലും നിയന്ത്രിക്കാനും തടയാനുമുള്ള നിയമനിർമ്മാണം അവരുടെ പിന്തുണയോടെ നടത്തി. ഇപ്പോഴത്തെ ഭരണാധികാരികളുടെ ഈ നടപടികൾ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജൂതരുടെ ഇടയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. നിയമം അനുശാസിക്കുന്ന പ്രകാരം സൈന്യത്തിൽ റിസർവ് പട്ടാളക്കാരായി പ്രവർത്തിക്കാൻ തയ്യാറല്ലെന്ന് പല ജൂത യുവാക്കളും പ്രഖ്യാപിച്ചിരുന്നു. ഫലസ്തീൻ വിമോചന യുദ്ധത്തിന്റെ പുതിയ ആക്രമണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ജൂതന്മാർക്കിടയിലെ അസംതൃപ്തിയും അനൈക്യവും ഉയർന്ന തലത്തിലായിരുന്നു.

ഈ വിഷമകരമായ സാഹചര്യം മറികടക്കാൻ നെതന്യാഹു ഫലസ്തീൻ ആക്രമണത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. ദേശീയ ഐക്യത്തിന്റെ പേരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുക്കുന്ന അടിയന്തര യുദ്ധ മന്ത്രിസഭയ്ക്ക് ആഹ്വാനം നൽകി. ഫലസ്തീൻ ആക്രമണം ഇസ്രായേലിനുള്ളിൽ വലിയ ആഘാതം സൃഷ്ടിച്ചു. അതിനോടുള്ള പ്രതികരണമായി ജൂതർക്കിടയിൽ വിശാലമായ ഐക്യം ഉയർന്നുവന്നിട്ടുമുണ്ട്. എന്നിട്ടും, ഇതൊക്കെയാണെങ്കിലും, യുദ്ധ മന്ത്രിസഭാ നീക്കം ആഗ്രഹിച്ചതുപോലെ വിജയിച്ചില്ല. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി അതിൽ ചേരാൻ വിസമ്മതിച്ചു. യാഥാസ്ഥിതിക മത പാർട്ടികളെ ഒഴിവാക്കാതെ തങ്ങൾ പങ്കെടുക്കില്ലെന്ന് അത് വ്യക്തമാക്കി. , ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രചാരമുള്ള പത്രമാണ് ഹാരെറ്റ്സ്. ഫലസ്തീൻ ആക്രമണത്തിന്റെ പിറ്റേന്ന് ഇറങ്ങിയ ലക്കത്തിലെ മുഖപ്രസംഗം യുദ്ധത്തിന് ഉത്തരവാദി നെതന്യാഹു മാത്രമാണെന്ന് പ്രഖ്യാപിച്ചു. തന്റെ യാഥാസ്ഥിതിക മത, രാഷ്ട്രീയ സുഹൃത്തുക്കളുമായി ചേർന്ന് ഫലസ്തീനികളെ പ്രകോപിപ്പിച്ചതിന്റെ നേരിട്ടുള്ള ഫലമാണിതെന്ന് അത് വാദിച്ചു. അനൈക്യം നിലനിൽക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സയണിസ്റ്റ് ഭരണവർഗത്തിനുള്ളിലെ ഭിന്നിപ്പിന്റെ ആഴത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നു. ഫ്രാൻസ് പോലുള്ള ചില യൂറോപ്യൻ സാമ്രാജ്യത്വ ശക്തികൾക്ക് യുഎസുമായുള്ള ഭിന്നതകളുമായി ഇതിന് ചില ബന്ധങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. സയണിസ്റ്റ് കൊളോണിയൽ ഭരണത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്നതിന് അനുകൂലമായ ജൂത പൊതുജനാഭിപ്രായത്തെ ഫലസ്തീൻ വിമോചന ശക്തികൾ തൊടുത്തുവിട്ട ആക്രമണം തീർച്ചയായും ശക്തിപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത്, മുൻകാലങ്ങളിൽ കണ്ടിരുന്ന ജൂതരുടെ ഉറച്ച ഐക്യം ഇപ്പോൾ കാണുന്നില്ല. ഇത് ഒരു പ്രധാന ഘടകമാണ്. യുദ്ധം നീളും തോറും സയണിസ്റ്റ് ഭരണകൂടത്തിനു് മുന്നിൽ ഇത് സൃഷ്ടിക്കുന്ന പ്രതിബന്ധവും വർദ്ധിച്ചുവരും എന്ന് ഉറപ്പാണ്.

നിലവിലെ ഫലസ്തീൻ ആക്രമണം യുഎസിന്റെ പശ്ചിമേഷ്യൻ നയങ്ങളെ തകിടം മറിച്ചിരിക്കുന്നു. വ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഒരു കാര്യമാണിത്. ഏതാനും വർഷങ്ങളായി, അറബ് രാജ്യങ്ങളെ സയണിസ്റ്റ് ഭരണകൂടവുമായി അടുപ്പിക്കാൻ യുഎസ് സാമ്രാജ്യത്വം ശ്രമിക്കുകയായിരുന്നു. ചൈനയെയും റഷ്യയെയും നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന് ഈ മേഖലയിലെ ശാക്തികസാന്നിധ്യം കുറച്ച് മറ്റിടങ്ങളിലേക്ക് പുനർവിന്യസിക്കണം. ട്രംപിന്റെ കാലത്ത് അബ്രഹാംസ് ഉടമ്പടിയിലൂടെ യുഎഇയും ബഹ്‌റൈനും സയണിസ്റ്റുകളുമായി കൈകോർത്തു. ബൈഡന്റെ കീഴിൽ സൗദി അറേബ്യയെയും സമാനമായ ഒരു കരാറിലേക്ക് തള്ളിവിടുകയായിരുന്നു. ചൈനയുടെ ആഭിമുഖ്യത്തിൽ കൈവരിച്ച സൗദി-ഇറാൻ ബന്ധങ്ങളുടെ ദൃഢീകരണം തടയാനും ബൈഡന്റെ നീക്കം ലക്ഷ്യമിട്ടിരുന്നു. സൗഹൃദ കരാറിൽ ഒപ്പിടുന്നതിന്റെ വക്കിലായിരുന്നു സൗദി . എന്നാൽ ഫലസ്തീൻ ആക്രമണം സ്ഥിതിഗതികളിൽ സമൂലമായ മാറ്റം വരുത്തി. സൗദി ഭരണാധികാരികൾക്ക് പിന്മാറേണ്ടി വന്നു. അതിലുപരിയായി, യുദ്ധത്തിന് സയണിസ്റ്റുകളാണ് കാരണക്കാർ എന്ന് പരസ്യമായി അപലപിക്കേണ്ടിവന്നു. ഗാസയിൽ,, നടക്കുന്ന ബോംബാക്രമണം, പ്രത്യേകിച്ച് അൽ-അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ നടന്നത്, സമീപഭാവിയിൽ സയണിസ്റ്റുകളുമായി എന്തെങ്കിലും ഉടമ്പടി ചെയ്യാനുള്ള സാധ്യതയെ ഇല്ലാതാക്കി.

യുഎസ് താൽപ്പര്യങ്ങൾക്ക് ഏറ്റ ഈ തിരിച്ചടിയാണ് ഗാസാ തീരത്ത് ഒരു വലിയ നാവിക-മറൈൻ സേനയെ അത് വിന്യസിച്ചതിന് പിന്നിലെ പ്രധാന കാരണം. ഫലസ്തീൻ ആക്രമണത്തിന് തൊട്ടുപിന്നാലെ ബൈഡൻ നടത്തിയ പ്രസ്താവനയ്ക്ക് പിന്നിലെ പ്രധാന പ്രചോദനവും ഇതായിരുന്നു. ‘ആരും ഈ സാഹചര്യം’ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ ചെയ്യരുതെന്ന് ബൈഡൻ അന്ന് ഭീഷണിപ്പെടുത്തി. പ്രത്യക്ഷത്തിൽ ഇറാൻ, റഷ്യ, ചൈന എന്നിവരാണ് ‘ആരോ’ എങ്കിലും, ആ വാക്കുകൾ അറബ് രാജ്യങ്ങൾക്കെതിരെയും ആയിരുന്നു. ചൈനയുടെയും റഷ്യയുടെയും കീഴിൽ രൂപപ്പെടുന്ന സാമ്രാജ്യത്വ ക്യാമ്പുമായി അടുത്ത ബന്ധത്തിലേക്ക് നീങ്ങുന്നതിനേ കുറിച്ച് അവരുടെ ഭാഗത്ത് നിന്നുള്ള ഏതൊരു ചിന്തക്കും എതിരായ ഒരു മുന്നറിയിപ്പായിരുന്നു അത്. എന്നാൽ ആ സാമ്രാജ്യത്വ രാജ്യങ്ങൾക്ക് ഇപ്പോഴുള്ള ശേഷികൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. നിലവിലെ പശ്ചിമേഷ്യൻ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ മൂലധനവും സാങ്കേതിക ശേഷിയും ചൈനയ്ക്കുണ്ട്. യുഎസ് സാമ്രാജ്യത്വ ക്യാമ്പിന്റെ സംയുക്ത യുദ്ധശ്രമത്തെ നേരിടാൻ കഴിയുമെന്ന് റഷ്യ തെളിയിച്ചിട്ടുമുണ്ട്. ആ ചേരിയിലേക്ക് മാറുന്നത് അത്ര അപകടകരമാകില്ലെന്ന് ചില അറബ് രാജ്യങ്ങളെ ചിന്തിപ്പിക്കാൻ ഇതെല്ലാം പ്രേരണ ആയേക്കാം.

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ബോംബാക്രമണത്തിന് ശേഷം ലോക രോഷം പൊട്ടിപ്പുറപ്പെട്ടു. എന്നിട്ടും സയണിസ്റ്റ് ഭരണകൂടത്തെ കുറ്റപ്പെടുത്തലിൽ നിന്ന് രക്ഷിക്കാനാണ് ബൈഡൻ പ്രത്യേകം ശ്രദ്ധിച്ചത്. അമേരിക്ക അതിന്റെ സയണിസ്റ്റ് കാവൽ നായയെ പ്രതിരോധിക്കാൻ പരമാവധി ശ്രമിക്കുന്നതോടൊപ്പം, എതിരു നിൽക്കുന്ന സാമ്രാജ്യത്വ ചേരി പശ്ചിമേഷ്യയിൽ നടത്തുന്ന നീക്കങ്ങളെയും അത് തടയണം. ആ പ്രദേശത്തെ ദല്ലാൾ ഭരണകൂടങ്ങളുടെ കൂറ് നിലനിറുത്താൻ അത് കുതന്ത്രം മെനയണം. അതിനാൽ, ഗാസയിലെ നരഹത്യാപരമായ ബോംബാക്രമണം ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം, യുഎസ് ഉദ്യോഗസ്ഥരും യുഎസ് ക്യാമ്പിലെ മറ്റുള്ളവരും ‘മാനുഷിക’ ആശങ്കകളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി! ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കാൻ നെതന്യാഹുവിനെ താൻ ബോധ്യപ്പെടുത്തിയതായി ബൈഡൻ ഇപ്പോൾ അവകാശപ്പെടുന്നുണ്ട്. ഇരുപത് ലക്ഷം ആളുകൾക്ക് ഇരുപത് ട്രക്കുകൾ! ബോംബുവർഷം ധാരമുറിയാതെ തുടരുകയുമാണ്. നിരോധിത രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് അടങ്ങിയ ബോംബുകൾ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയെപ്പോലുള്ള യുഎസ് അനുകൂല അന്താരാഷ്ട്ര സംഘടനകൾ പോലും പരസ്യമായി പ്രതിഷേധിക്കുന്ന തരത്തിൽ സയണിസ്റ്റുകൾ യുദ്ധനടപടികളെക്കുറിച്ചുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുകയാണ്. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വ ചേരി ഇപ്പോഴും സയണിസ്റ്റ് ഭരണകൂടത്തോടും അതിന്റെ സൈന്യത്തോടും ‘പ്രൊഫഷണൽ’ ആയിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അതേസമയം, സയണിസ്റ്റുകൾ ഫലസ്തീനിൽ നടത്തുന്ന വംശഹത്യയെയും അവരുടെ അധിനിവേശത്തെയും അപലപിച്ച് തെരുവിലിറങ്ങുന്ന എല്ലാവരെയും ആക്രമിക്കാൻ അവരുടെ സ്വന്തം രാജ്യങ്ങളിൽ തങ്ങളുടെ കാവൽ നായ്ക്കളെ അഴിച്ചുവിടുകയുമാണ്.

ഫലസ്തീന്റെ വിമോചനത്തെ പിന്തുണയ്ക്കുന്ന ചില പുരോഗമന ശക്തികൾ ഈ യുദ്ധത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ മടിക്കുന്നു. ഹമാസും യുദ്ധത്തിൽ പങ്കെടുക്കുന്ന മറ്റു ചില സംഘടനകളും ഇസ്ലാമിക ആശയയശാസ്ത്രം ഉയർത്തിപ്പിടിക്കുന്നതാണ് ഇതിന് കാരണം. ഇത് തെറ്റാണ്. അവർ യുദ്ധത്തിന്റെ രാഷ്ട്രീയത്തിനല്ല പ്രധാന സ്ഥാനം നൽകുന്നത്. യുദ്ധം രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. ഒരു യുദ്ധത്തിന്റെ രാഷ്ട്രീയത്തെ മുൻനിർത്തിയാണ് അത് നീതിയുക്തമാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത്. അത് ന്യായമാണോ, അന്യായമാണോ, ആരാണ് ന്യായമായ യുദ്ധം നടത്തുന്നത്, അത് തീരുമാനിക്കാനുള്ള ഒരേയൊരു ശാസ്ത്രീയ രീതി ഇതാണ്. തീർച്ചയായും, ന്യായമായ യുദ്ധത്തിൽ പങ്കെടുക്കുന്ന ശക്തികളുടെ സ്വഭാവവും പരിഗണിക്കേണ്ടതുണ്ട്. എന്നാൽ ആ യുദ്ധത്തിൽ ഒരു നിലപാട് എടുക്കുമ്പോൾ അതിന് രണ്ടാം സ്ഥാനമേയുള്ളു. ന്യായമായ ഒരു യുദ്ധത്തിൽ പങ്കെടുക്കുന്നവർ യുദ്ധമര്യാദകളുടെ ചില നിയമങ്ങൾ ലംഘിച്ചാലും, അത് ആ യുദ്ധത്തിന്റെ സ്വഭാവത്തെ മാറ്റില്ല. ഇത്തരം ലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ, ന്യായമായ പക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന് ശേഷമാണ് അവരെ വിമർശിക്കേണ്ടത്. അല്ലാത്തപക്ഷം, അത് നിഷ്ക്രിയത്വത്തിലേക്ക്, യുദ്ധത്തിലെ അന്യായമായ പക്ഷത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നതിലേക്ക് നയിക്കും.

ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഫലസ്തീൻ പോരാളികൾ ജൂത സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുട്ടികളുടെ ശിരഛേദം ചെയ്യുകയും ചെയ്തതിനെക്കുറിച്ച് പാശ്ചാത്യ സാമ്രാജ്യത്വ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ബൈഡൻ ഇത് ആവർത്തിച്ചു. അത്തരം കൃത്യമായ വാർത്തകളൊന്നുമില്ലെന്ന് ഉടൻ തന്നെ ഒരു വൈറ്റ് ഹൗസ് വക്താവിന് സമ്മതിക്കേണ്ടി വന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്‌തതിന്റെയും കുട്ടികളെ കഴുത്തറുത്തു കൊന്നതിന്റെയും വാർത്തയുടെ ഉറവിടം മാധ്യമ പ്രവർത്തകർക്ക് എത്ര ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. ആരോ പറയുന്നത് ആരോ കേട്ടു എന്നല്ലാതെ, അത് എവിടെ, എപ്പോൾ സംഭവിച്ചു എന്നതിന് ഒരു സാക്ഷിയും ഉണ്ടായിരുന്നില്ല. സയണിസ്റ്റ് മനശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായി ഈ കഥ ബോധപൂർവം നട്ടുപിടിപ്പിച്ചതാണെന്ന് വളരെ വ്യക്തമാണ്. ഫലസ്തീനി വിമോചന ശക്തികൾക്കെതിരെ വിദ്വേഷം ഇളക്കിവിടുക, പ്രത്യേകിച്ച്, യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങളെ നിർവീര്യമാക്കുകയോ സ്വപക്ഷത്തേക്ക് ആകർഷിക്കുകയോ ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ഗാസയിലെ ആശുപത്രിയിലെ മനുഷ്യത്വരഹിതമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം മറച്ചുവെക്കുന്നത് മറ്റൊരു ഉദാഹരണമാണ്. തങ്ങൾ ഉത്തരവാദികളല്ലെന്ന് ‘തെളിയിക്കാൻ’ സയണിസ്റ്റുകൾ അവതരിപ്പിച്ച ദൃശ്യം യഥാർത്ഥത്തിൽ 2022 ൽ നിർമ്മിച്ച ഒരു ദൃശ്യമാണെന്ന് altnews.in ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്! സയണിസ്റ്റ് യുദ്ധത്തടവുകാരോട് മോശമായി പെരുമാറുന്ന ചില ദൃശ്യങ്ങൾ ഫലസ്തീൻ വിമോചന ശക്തികൾ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇത് തെറ്റാണ്. സയണിസ്റ്റുകളുടെ ഒരു കുറ്റകൃത്യവും അതിന് ന്യായീകരണമാകുന്നില്ല. ഇത്തരം ചെയ്തികളെ വിമർശിക്കുമ്പോൾ തന്നെ ഇത് പൊതു സമീപനമായിരുന്നില്ല എന്നും യുദ്ധത്തിൽ പങ്കെടുക്കുന്ന സംഘടനകളുടെ ഔദ്യോഗിക സമീപനം അല്ലെന്നും കൂടി ഓർക്കണം.

ജൂത കുടിയേറ്റ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ സംബന്ധിച്ചിടത്തോളം, ആ കേന്ദ്രങ്ങളുടെ യഥാർത്ഥ സ്വഭാവം നമ്മൾ ആദ്യം അറിയേണ്ടതുണ്ട്. അവ സയണിസ്റ്റ് ഔട്ട്‌പോസ്റ്റുകളാണ്. അവിടെ താമസിച്ചിരുന്ന കുടിയേറ്റക്കാർ സാധാരണക്കാരല്ല. അവർ ഒരു സായുധ ജനവിഭാഗമാണ്. എല്ലാ ജൂത യുവാക്കൾക്കും നിർബന്ധിത സൈനിക പരിശീലനം ആവശ്യമാണ്. സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ആളുകൾക്ക് ആയുധങ്ങൾ വഹിക്കാനും ഉപയോഗിക്കാനും അവകാശമുണ്ട്. ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്നും ജലസ്രോതസ്സുകളിൽ നിന്നും തുരത്താൻ അത് അവർ ഉപയോഗിക്കാറുണ്ട്. ഫലസ്തീനികളെ കൊല്ലുകപോലും ചെയ്തിട്ടുണ്ട്. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോൾ, അവരെ നിരപരാധികളായ സാധാരണക്കാരായി കണക്കാക്കാനാവില്ല. സയണിസ്റ്റ് ഭരണകൂടത്തിന്റെ കോളനിവൽക്കരണ പ്രവർത്തനങ്ങളുടെ അവിഭാജ്യഘടകമായിരുന്നു അവർ. അത് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും അവർക്ക് ലഭിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് അവർ അവിടെ താമസിച്ചിരുന്നത്. അവർ നിരായുധരായ സാധാരണക്കാരല്ല, സയണിസ്റ്റ് ഭരണകൂടത്തിന്റെ മഫ്ടിയിലുള്ള സൈനികരായിരുന്നു. അതിനാൽ, അവർ ഫലസ്തീൻ ദേശീയ വിമോചന യുദ്ധത്തിന്റെ ആക്രമണ ലക്ഷ്യങ്ങളാണ്. അവരെ ആക്രമിക്കുക, അവരെ തുരത്താൻ ഭയം സൃഷ്ടിക്കുക, ഇതെല്ലാം ആ വിമോചനയുദ്ധത്തിന്റെ ന്യായമായ പ്രവൃത്തികളാണ്.

ഗാസയിൽ മരിച്ചവരിൽ ഭൂരിഭാഗവും സയണിസ്റ്റ് ബോംബുകളാൽ കൊല്ലപ്പെട്ടവരാണ്. ഒരു അധിനിവേശ പ്രദേശത്തെ ജനങ്ങൾക്ക് അവരുടെ സ്വയം നിർണ്ണയത്തിനായി ആയുധങ്ങളേന്തി പോരാടാൻ അവകാശമുണ്ടെന്ന് യുദ്ധ മര്യാദകളെക്കുറിച്ചുള്ള അന്താരാഷ്ട്ര നിയമം പറയുന്നു. നാലാം ജനീവ കൺവെൻഷനിൽ ചേർത്ത ആദ്യ പ്രോട്ടോക്കോളിൽ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതേസമയം, ആ പ്രദേശത്ത് ജീവിക്കുന്നവർക്ക് ഭക്ഷണം, വെള്ളം, ആരോഗ്യസംരക്ഷണം, ശരിയായ ആവാസ വ്യവസ്ഥ എന്നിവ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അധിനിവേശസേനയ്ക്കുണ്ട്. അക്രമത്തിൽ നിന്ന് സംരക്ഷിക്കപ്പെടാനും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ആസ്വദിക്കാനും ആ ജനങ്ങൾക്ക് അവകാശമുണ്ട്. കുടിവെള്ളവും ഭക്ഷണവും ഇന്ധനവും ആരോഗ്യസംരക്ഷണ അവശ്യവസ്തുക്കളും പോലും നിഷേധിച്ചുകൊണ്ട് സയണിസ്റ്റുകൾ ഗാസയിലെ ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം ഈ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്. ഫലസ്തീൻ പോരാളികൾ സിവിലിയൻ വീടുകളിൽ നിന്ന് റോക്കറ്റുകൾ വിക്ഷേപിക്കുകയും സാധാരണക്കാരെ മറയാക്കി ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് സയണിസ്റ്റുകളും അവരുടെ സാമ്രാജ്യത്വ ഉപദേഷ്ടാക്കളും നൽകുന്ന ന്യായീകരണം. അവർക്ക് ഇതിനെ നേരിടേണ്ടതുണ്ട്. അതുകൊണ്ടാണ് സാധാരണക്കാർക്ക് പരിക്കേൽക്കുന്നത്. ഇവരുടെ ന്യായം സമ്മതിച്ചുകൊടുത്താലും അതിന്റെ മറവിൽ നടത്തുന്ന ആക്രമണവും ഉപരോധവും അപ്പോഴും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഒരു കെട്ടിടത്തിൽ സായുധ സേനയുടെ സാന്നിധ്യമുണ്ടെന്ന സംശയമോ, ഒരു സായുധ സേനയിലെ അംഗങ്ങൾ ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയമോ, ആ കെട്ടിടത്തിന് നേരെ ആക്രമണം നടത്തുന്നതിനുള്ള ന്യായീകരണമല്ലെന്ന് ജനീവ കൺവെൻഷൻ സ്പഷ്ടമാക്കുന്നുണ്ട്.

അവിടെ നാം കാണുന്നത് തുറന്നതും രേഖപ്പെടുത്തപ്പെട്ടതുമായ അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണ്. നേരെമറിച്ച്, ഫലസ്തീൻ പോരാളികൾക്കെതിരായ കുറ്റാരോപണങ്ങൾ ഒന്നുകിൽ നിരാകരിക്കപ്പെടുകയോ ആരോപണങ്ങൾ മാത്രമായി അവശേഷിക്കുകയോ ചെയ്യുന്നു. ഗാസയുടെ വടക്കൻ ഭാഗത്തുള്ളവരെല്ലാം തെക്കോട്ട് മാറണമെന്ന് ആവശ്യപ്പെട്ട് സയണിസ്റ്റുകൾ ഉത്തരവിറക്കിയിരുന്നു. ഇത് ആദ്യം 24 മണിക്കൂറിനുള്ളിൽ ചെയ്യേണ്ടിയിരുന്നു. ഇത്തരമൊരു നീക്കം തീർത്തും അസാധ്യമായതുകൊണ്ട് ലോകമെമ്പാടുമുള്ള വിമർശനങ്ങൾക്ക് അത് കാരണമായി. സയണിസ്റ്റുകൾക്ക് അവരുടെ സമയപരിധിയിൽ ഇളവ് നൽകേണ്ടിവന്നു. എന്നാൽ 24 മണിക്കൂറിലധകം സമയം കൊടുത്താലും ഈ നിർബന്ധിത പലായനം ഇപ്പോഴും അസാധ്യമാണ്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികൾ വടക്കുഭാഗത്താണ്. അവ മുറിവേറ്റവരാൽ നിറഞ്ഞിരിക്കുന്നു, ചിലരുടെ അവസ്ഥ വളരെ ഗുരുതരമാണ്. അവരുടെ തെക്കോട്ട് സ്ഥലംമാറ്റം വധശിക്ഷയ്ക്ക് തുല്യമാകുമെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് പോലും പ്രഖ്യാപിക്കേണ്ടിവന്നു. എന്നാൽ സയണിസ്റ്റുകൾക്ക് വേണ്ടത് അതാണ്. ഫലസ്തീനികൾ എത്രത്തോളം മരിച്ചുവോ അത്രയും നല്ലത് അവർക്ക്. നാസികൾ ജൂതരെ കൊന്നതിന്റെ എണ്ണം അവകാശപ്പെടുമ്പോലെ ഉണ്ടോ എന്ന് ചെറുതായി സംശയിക്കുന്ന വരെപോലും ആക്രോശത്തോടെ നേരിടുന്നവരാണ് സയണിസ്റ്റുകൾ. തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ഭയാനകതകളെക്കുറിച്ച് അലറിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഹിറ്റ്‌ലറുടെ നാസി സംഘത്തിൽ നിന്ന് നേരിട്ട് അനുഭവിച്ചു പഠിച്ച എല്ലാ പാഠങ്ങളും അവർ ഫലസ്തീനികൾക്ക് നേരെ സ്ഥിരമായി പ്രയോഗിക്കുന്നു. ഗാസ ഇന്നത്തെ വാർസോ ഗെറ്റൊ ആയി മാറിയിരിക്കുന്നു.

ഫലസ്തീൻ പ്രശ്നം സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഫലസ്തീനിലേക്ക് ജൂതന്മാരെ ഇറക്കുമതി ചെയ്യുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒത്താശയിലാണ്. നൂറ്റാണ്ടുകളായി അറബികൾ അധിവസിച്ചിരുന്ന പ്രദേശമാണിത്. ഒരു ചെറിയ ജൂത ജനവിഭാഗം ഉണ്ടായിരുന്നു, കൂടുതലും പട്ടണങ്ങളിൽ മാത്രമായി പരിമിതപ്പെട്ടാണ് അവർ കഴിഞ്ഞിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സാറിസ്റ്റ് റഷ്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജൂതന്മാർക്കെതിരെ നടന്ന കൂട്ടക്കൊലകളുടെ ഫലമായി നിരവധി ആളുകൾ കുടിയേറി. എന്നാൽ അപ്പോഴും ഫലസ്തീനിലെ ജൂത ജനസംഖ്യ മൊത്തം ജനസംഖ്യയുടെ പത്തിലൊന്ന് പോലും എത്തിയിട്ടില്ല. ആ കുടിയേറ്റ തരംഗത്തിലെ 3% ജൂതന്മാർ മാത്രമേ ഫലസ്തീനിൽ എത്തിയിട്ടുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 24 ലക്ഷം ജൂതരാണ് ഈ കാലയളവിൽ യൂറോപ്പ് വിട്ടത്. അവരിൽ ഭൂരിഭാഗവും യുഎസിലേക്ക് പോയി, ഏകദേശം 20 ലക്ഷം. പിന്നീട് ഫലസ്തീനിലെ ജൂത ജനസംഖ്യ വർധിക്കാൻ തുടങ്ങി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളായിരുന്നു ഇതിന്റെ പ്രധാന കാരണം.

ഒന്നാം ലോകമഹായുദ്ധ സമയത്ത് ജർമ്മനിയുമായി സഖ്യമുണ്ടാക്കിയ തുർക്കി ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഫലസ്തീൻ. ജൂതന്മാരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുന്നതിനായി ബ്രിട്ടീഷുകാർ ബാൽഫോർ പ്രഖ്യാപനം എന്നറിയപ്പെടുന്ന ഒരു വാഗ്ദാനം നൽകി. ജൂതരെ ഫലസ്തീനിൽ സ്ഥിരതാമസമാക്കാൻ അനുവദിക്കുമെന്ന് അതിൽ പറഞ്ഞിരുന്നു. ഇതേസമയത്തു തന്നെ ഒട്ടോമൻ സേനയ്‌ക്കെതിരായ അറബികളുടെ ഗറില്ലാ യുദ്ധത്തെ ബ്രിട്ടീഷുകാർ സഹായിക്കുകയും നയിക്കുകയും ചെയ്തിരുന്നു. അവർക്കും ഒരു സ്വതന്ത്ര രാജ്യം വാഗ്ദാനം ചെയ്തു. ഇതിനിടയിൽ ഫ്രഞ്ചുകാരുമായി രഹസ്യ ചർച്ചകൾ നടത്തി യുദ്ധം അവസാനിച്ചശേഷം ഓട്ടോമൻ നിയന്ത്രിത പ്രദേശങ്ങൾ ഇരുവർക്കുമിടയിൽ വിഭജിക്കാൻ ഒരു പദ്ധതിയും തയ്യാറാക്കി. അങ്ങനെ യുദ്ധം അവസാനിച്ചതോടെ ഫലസ്തീൻ ബ്രിട്ടന്റെ അധീനതയിലായി. ചില സമയങ്ങളിൽ ജൂത കുടിയേറ്റം അനുവദിക്കുകയും മറ്റ് അവസരങ്ങളിൽ അത് തടയുകയും, അറബികളും ജൂതരും തമ്മിൽ സംഘർഷം ഉണ്ടാക്കുകയും, ആ പ്രദേശത്ത് തങ്ങളുടെ പിടി ശക്തമാക്കാൻ ഇത് ഉപയോഗിക്കുകയും ചെയ്യുന്ന നയമാണ് അവർ സ്വീകരിച്ചത്.

നാസി ഭരണകൂടത്തിന്റെ ജൂതവംശഹത്യ ലോകമെമ്പാടും ജൂതരോട് സഹതാപം സൃഷ്ടിച്ചു. ഇരു ലോകയുദ്ധങ്ങൾക്കും ഇടയിലുള്ള കാലത്ത് രൂപംകൊണ്ട സയണിസ്റ്റ് പ്രസ്ഥാനം ഇത് മുതലെടുത്തു. യൂറോപ്പിൽ നിന്ന് ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റത്തെ അത് സജീവമായി പ്രോത്സാഹിപ്പിച്ചു. അവിടെ ഇസ്രായേൽ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. 1948-ലാണ് ഇസ്രായേൽ സ്ഥാപിതമായത്. നാസി ഭരണത്തിൻ കീഴിലും നേരത്തെ നടന്ന കൂട്ടക്കൊലയിലും ജൂതർ അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുത്ത് യുഎസും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയനും ഇതിനെ പിന്തുണച്ചു. ഇതൊരു തെറ്റായിരുന്നു. സോവിയറ്റ് യൂണിയൻ ഉടൻ തന്നെ അത് തിരുത്തുകയും ഫലസ്തീൻകാരുടെ പക്ഷത്തിന് പിന്തുണ നൽകുകയും ചെയ്തു. പക്ഷേ, ആ തെറ്റ് വരുത്തിയ ദോഷം ബാക്കിയായി. ഈ ഭൂപ്രദേശം രണ്ടായി വിഭജിക്കാനുള്ള നിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ മുന്നോട്ടുവന്നു. എന്നാൽ ആ പ്രദേശത്തിന്റെ ഭൂരിഭാഗവും ജൂതരുടെ നിയന്ത്രണത്തിലാകുമായിരുന്നു. സ്വാഭാവികമായും ഇത് ഫലസ്തീനുകൾക്ക് സ്വീകാര്യമായിരുന്നില്ല. അന്നുമുതൽ, അയൽ അറബ് രാജ്യങ്ങളുമായുള്ള യുദ്ധങ്ങളിലൂടെയും ഫലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് തുരത്തുന്നതിലൂടെയും സയണിസ്റ്റ് ഭരണകൂടം അതിന്റെ നിയന്ത്രണത്തിലുള്ള പ്രദേശം വിപുലീകരിച്ചു. ഫലസ്തീനിൽ അവശേഷിക്കുന്നവർ ഗാസ മുനമ്പിലേക്കും വെസ്റ്റ് ബാങ്കിലേക്കും ഒതുങ്ങാൻ നിർബന്ധിതരായി.

ഫലസ്തീൻ ആക്രമണത്തിന് തൊട്ടുപിന്നാലെ സയണിസ്റ്റ് രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് മോദി സർക്കാർ രംഗത്തെത്തി. ‘ഭീകര’ സംഘടനയായ ഹമാസ് നടത്തിയ ‘ഭീകര’ ആക്രമണമാണെന്ന് അപലപിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഇസ്രായേലിനുള്ള ഈ പിന്തുണ അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിന് പ്രശ്നം സൃഷ്ടിക്കുമെന്ന് കരുതി, ഒരു ‘സ്വതന്ത്ര പലസ്തീൻ രാജ്യം’ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ വകുപ്പ് പ്രസ്താവന ഇറക്കുകയും ചെയ്തു. (അതായത് ദ്വിരാഷ്ട്ര പരിഹാരം) ഒരു പ്രാധാന്യവുമില്ലാത്ത ഔപചാരിക പ്രസ്താവനയായിരുന്നു ഇത്. സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ തകർച്ചയെ തുടർന്ന് ഇന്ത്യൻ ഭരണവർഗങ്ങൾ അമേരിക്കൻ ചേരിയിലേക്ക് ചായാൻ തുടങ്ങി. അന്നുമുതൽ അവർ സയണിസ്റ്റ് ഭരണകൂടവുമായി പരസ്യമായി സഹകരിക്കുന്നു. കോൺഗ്രസ് ഭരണകാലത്താണ് അവരുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. നരസിംഹ റാവു ആയിരുന്നു പ്രധാനമന്ത്രി. അതിനുശേഷം ഈ ബന്ധം ക്രമാനുഗതമായി ദൃഢമായിക്കൊണ്ടിരിക്കുകയാണ്. മോഡിയിലൂടെയുള്ള സംഘപരിവാർ ഭരണത്തിൻ കീഴിൽ അത് കൂടുതൽ ശക്തമായി. സയണിസ്റ്റ് ഭരണകൂടം അവിടെയുള്ള ഫലസ്തീനികളെ തുടർച്ചയായി ആക്രമിക്കുന്നു. ഇവിടെ സംഘി ഗവൺമെന്റിന്റെ പിന്തുണയോടെയും സംരക്ഷണത്തോടെയും മുസ്ലീങ്ങളും ദലിതുകളും ആദിവാസികളും ആർഎസ്എസ് പടച്ചുവിടുന്ന ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് ഗുണ്ടകളാൽ ആക്രമിക്കപ്പെടുന്നു. ഈ സാമ്യം ഒട്ടും യാദൃശ്ചികമല്ല. രണ്ടുപേരും വംശീയവാദികളാണ്. സയണിസത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും ആശയശാസ്ത്രങ്ങൾ വംശീയമാണ്. സയണിസ്റ്റ് ഭരണകൂടം എന്നും അമേരിക്കൻ ചേരിയിലായിരുന്നു. ഇന്ത്യൻ ഭരണവർഗങ്ങൾ അതിനോട് കൂടുതൽ അടുക്കുന്നു. ഇരുവരും ഒന്നിക്കുന്നതിന് ഇതും ഒരു പ്രധാന കാരണമാണ്. ഗാസയിൽ സയണിസ്റ്റുകൾ സാധാരണക്കാരെ ബോംബിട്ട് കൊല്ലുമ്പോൾ, ഇവിടെ മോദി സർക്കാരും അത് തന്നെയാണ് ചെയ്യുന്നത് എന്ന് മറക്കരുത്. ഈ വർഷം മൂന്ന് തവണ അത് ഛത്തീസ്ഗഡിലെ ആദിവാസി കർഷകർക്ക് മേൽ ബോംബിട്ടു കഴിഞ്ഞു.

ഗാസയിലേക്ക് അതിക്രമിച്ചുള്ള കരയുദ്ധത്തിന് സയണിസ്റ്റുകൾ എല്ലാ തയ്യാറെടുപ്പുകളും നടത്തിവരികയാണ്. അത് നടപ്പാക്കി ഹമാസിനെ പൂർണമായി തകർക്കുന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഒരു അനുബന്ധ ലക്ഷ്യമെന്ന നിലയിൽ, ഒരു വലിയ വിഭാഗം ഫലസ്തീനികളിലെ ഈജിപ്തിലേക്ക് തുരത്താനും അവർ ശ്രമിക്കും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല സംഭവിക്കാൻ പോകുന്നത്. ദിവസങ്ങളോളം തുടർച്ചയായി ആക്രമണം നേരിട്ടാലും പിടിച്ചുനിൽക്കാനുള്ള കഴിവ് ഹമാസ് ഇതിനകം തെളിയിച്ചിട്ടുണ്ട്. തുരങ്കങ്ങളുടെ വിപുലമായ ശൃംഖലയെ ആശ്രയിച്ചാണ് ഇത് ചെയ്യുന്നത്. ഇപ്പോഴത്തെ യുദ്ധത്തിൽ എല്ലാ പോരാട്ട ശക്തികളും ഐക്യപ്പെട്ടിരിക്കുന്നതിനാൽ, വിമോചന പോരാളികളുടെ ചെറുത്തുനിൽപ്പ് മുമ്പത്തേക്കാൾ ശക്തമായിരിക്കും. ഇത്രയും ദിവസങ്ങൾക്ക് ശേഷവും ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങൾ തുടരുന്നതിൽ നിന്ന് അതിന്റെ പ്രതിരോധശേഷി വ്യക്തമാണ്. വിമോചന പോരാളികൾ തീർച്ചയായും യുദ്ധം നീട്ടാൻ ശ്രമിക്കും. നഗര അവശിഷ്ടങ്ങളിൽ പോരാടുമ്പോൾ പ്രതിരോധസേനക്കാണ് ഒരു ആക്രമണ ശക്തിയെ അപേക്ഷിച്ച് എല്ലായ്പ്പോഴും മുൻതൂക്കം. സയണിസ്റ്റുകൾക്ക് വലിയ വില നൽകേണ്ടിവരുമെന്ന് ഉറപ്പാണ്. ദിവസങ്ങൾ കഴിയുന്തോറും ഇത് അവർക്കിടയിലെ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കും. മാത്രവുമല്ല, ലെബനൻ, സിറിയൻ അതിർത്തികളിലെ ഏറ്റുമുട്ടലുകൾ പൂർണ്ണഅർത്ഥത്തിൽ യുദ്ധമുഖങ്ങളായി മാറുന്നതും പ്രതീക്ഷിക്കാം. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഫലസ്തീൻ ജനതയെ കശാപ്പ് ചെയ്യുമ്പോൾ തങ്ങൾ മാറിനിൽക്കില്ലെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിവിധ ശക്തികൾ ഉൾപ്പെടുന്ന ഒരു വലിയ പ്രാദേശിക യുദ്ധമായി യുദ്ധം മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇത് ഒരു വലിയ ലോകതല യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എല്ലാ സാമ്രാജ്യത്വ ശക്തികളും പ്രമുഖ മൂന്നാം ലോക രാജ്യങ്ങളും യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അവരാരും ഉടനെ ഒരു യുദ്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യപ്പെടുന്നില്ല. ഉക്രൈനിലെ സംഭവവികാസങ്ങളിൽ നിന്ന് നമുക്ക് അത് വിലയിരുത്താം. പക്ഷേ, കാര്യങ്ങൾ നടക്കുന്നത് അവരുടെ കണക്കുകൂട്ടലുകൾക്കനുസരിച്ചാവണമെന്നില്ല. ലോക തലത്തിലുള്ള വൈരുദ്ധ്യങ്ങളുടെ ഗതിക്രമം അതിനെ തകിടംമറിച്ചെന്നു വരാം. സയണിസ്റ്റുകളുടെ പ്രതിരോധം തകർത്ത് ഫലസ്തീൻ വിമോചന ശക്തികൾ നടത്തിയ വൻ ആക്രമണം ലോകമെമ്പാടുമുള്ള മർദ്ദിതരെ അത്യധികം ആവേശഭരിതരാക്കിയിട്ടുണ്ട്. സയണിസ്റ്റുകൾക്കും അവരുടെ സാമ്രാജ്യത്വ യജമാനന്മാർക്കും കരയുദ്ധത്തിൽ കനത്ത നഷ്ടം സംഭവിച്ചാൽ, പശ്ചിമേഷ്യയിലും ലോകമെമ്പാടും അതിന്റെ പ്രത്യാഘാതം എന്തായിരിക്കും? രണ്ട് സാമ്രാജ്യത്വ ചേരികൾക്കിടയിൽ മത്സരം രൂക്ഷമാകുന്ന പശ്ചാത്തലത്തിലും ചൂഷണവും അസമത്വങ്ങളും അടിച്ചമർത്തലും അങ്ങേയറ്റം എത്തിയിരിക്കുന്ന ഒരു ലോകത്തുമായിരിക്കും അത് സംഭവിക്കുക. ജനകീയ ശക്തികൾ, പ്രത്യേകിച്ച് മാവോയിസ്റ്റ് മുന്നണിപ്പടകൾ, ഇപ്പോഴും ദുർബലരാണ്. എന്നാൽ മർദ്ദിത രാഷ്ട്രങ്ങളും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധ്യം ഇപ്പോഴും ശക്തവും പ്രധാനവുമാണ്. ഈ വൈരുദ്ധ്യത്തിന്റെ സാന്നിദ്ധ്യമാണ് ആഫ്രിക്കയിലെ സഹേൽ മേഖലയിൽ അരങ്ങേറുന്ന സംഭവങ്ങളിൽ കാണുന്നത്. ഫ്രഞ്ച് സാമ്രാജ്യത്വം പിന്തുണച്ച അഴിമതിക്കാരായ ഭരണാധികാരികൾ തുടർച്ചയായ സൈനികഅട്ടിമറികളിലൂടെ നിലംപൊത്തി. റഷ്യൻ സാമ്രാജ്യത്വത്തിന് ഇതിൽ പങ്കുണ്ട്. എന്നാൽ ഇത് സാമ്രാജ്യത്വങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ വിഷയമായി ചുരുക്കുന്നത് വിഡ്ഢിത്തമാണ്. ആ അട്ടിമറികളോടുള്ള ബഹുജനങ്ങളുടെ അതിശക്തമായ അനുകൂല പ്രതികരണം റഷ്യൻ സാമ്രാജ്യത്വവാദികൾ അവരുടെ കുതന്ത്രങ്ങളിൽ ഉപയോഗപ്പെടുത്തിയ ജനകീയ അസംതൃപ്തി വെളിപ്പെടുത്തി. മുകളിൽ വിവരിച്ച സാധ്യത യഥാർത്ഥത്തിൽ സംഭവിക്കുകയാണെങ്കിൽ ഇതിന് സമാനമായ എന്തെങ്കിലും പശ്ചിമേഷ്യയിലും പ്രതീക്ഷിക്കാം. വമ്പിച്ച എണ്ണ സമ്പത്തുള്ള പശ്ചിമേഷ്യയിൽ ചൈനയ്ക്കോ റഷ്യക്കോ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടായാൽ അമേരിക്കൻ സാമ്രാജ്യത്വ ചേരിക്ക് അത് സ്വീകാര്യമാകുമോ?

പലസ്തീൻ വിമോചന ശക്തികൾ അവരുടെ പോരാട്ടം നീട്ടിക്കൊണ്ടു പോകുന്നതിൽ വിജയിച്ചാൽ ഉക്രൈൻ യുദ്ധത്തിന്റെ ഗതി എന്താകും? പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾക്ക് ഉക്രൈൻ, സയണിസ്റ്റ് സൈന്യങ്ങളെ എത്രനാൾ സഹായിക്കാൻ കഴിയും? യുഎസ് സാമ്രാജ്യത്വ ചേരിക്ക് സയണിസ്റ്റ് ഭരണകൂടമാണ് തന്ത്രപരമായി കൂടുതൽ പ്രധാനം. രണ്ട് യുദ്ധങ്ങൾ നടത്തിപ്പിക്കുന്നത് വളരെ ആയാസകരമാവുകയാണെങ്കിൽ, വെടിനിർത്തൽ അംഗീകരിക്കാൻ ഉക്രൈൻ ഭരണാധികാരികളെ അവരുടെ സാമ്രാജ്യത്വ മേലാളന്മാർ നിർബന്ധിക്കുന്ന ഒരു രംഗം സംഭവ്യമാണ് ഉക്രൈനിനെ ഉൾപ്പെടുത്തി നാറ്റോയെ വിപുലീകരിക്കാനുള്ള പദ്ധതി അട്ടത്ത് വച്ചെന്നും വരാം. ഉക്രൈൻ ജനതയിൽ ഇത് എന്ത് സ്വാധീനം ചെലുത്തും? യൂറോപ്യൻ ജനങ്ങൾക്കിടയിൽ എന്താകും അവസ്ഥ? തങ്ങൾ വലിയൊരു കളിയിലെ പാവകൾ മാത്രമാണെന്ന തിരിച്ചറിവ്, എന്ത് വിലകൊടുത്തും ഉക്രൈനിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന സാമ്രാജ്യത്വ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്, അന്തിമ തീർപ്പ് ജനങ്ങളുടെ താൽപര്യമല്ല, ഏറ്റവും ശക്തനായ സാമ്രാജ്യത്വശക്തിയുടെ താൽപ്പര്യമാണ് വിധിക്കുന്നത് എന്ന തിരിച്ചറിവ് – ജനങ്ങൾക്കിടയിൽ എന്തായിരിക്കും ഇതിന്റെയെല്ലാം പ്രതിഫലനം?

ഫലസ്‌തീൻ ദേശീയ വിമോചനയുദ്ധത്തിന്റെ പുതിയ ഘട്ടം ഫലസ്‌തീന്റെ അതിരുകൾക്കപ്പുറത്തേക്ക്‌ വ്യാപിക്കുന്ന പ്രതിധ്വനികൾ സൃഷ്ടിക്കും. ഈ സാധ്യതകൾ മനസ്സിൽ സൂക്ഷിക്കുക എന്നതാണ് ജനകീയ ശക്തികളുടെ മുമ്പിലുള്ള ദൗത്യം. മാവോ ചൂണ്ടിക്കാണിച്ചതുപോലെ, “ഒന്നുകിൽ വിപ്ലവം യുദ്ധത്തെ തടയും, അല്ലെങ്കിൽ യുദ്ധം വിപ്ലവത്തിലേക്ക് നയിക്കും”. ഇതിലേതായാലും, വിപ്ലവശക്തികൾ മുൻകൈയെടുക്കുകയും ജനങ്ങളുടെ അളവറ്റ ശേഷിയിൽ പൂർണ്ണമായും വിശ്വാസമർപ്പിച്ച് മുന്നേറുകയും വേണം. ഈ മഹത്തായ ശേഷി ഇന്നത്തെ ലോകത്ത് നിലനിൽക്കുന്നുണ്ടെന്നും അതിന്റെ എല്ലാ വിപ്ലവപ്രതാപത്തിലും അതിനെ കെട്ടഴിച്ചുവിടാനായി അത് കാത്തിരിക്കുന്നുവെന്നും ഫലസ്തീൻ ദേശീയ വിമോചനയുദ്ധത്തിലെ സമീപകാല ആക്രമണം വേണ്ടുവോളം ബോധ്യപ്പെടുത്തുന്നു.
_ കെ മുരളി(അജിത് )
മാവോയിസ്റ്റ് സൈദ്ധാന്തികൻ

Follow us on | Facebook | Instagram Telegram | Twitter | Threads