തളർന്നു കിടക്കുന്ന വൃദ്ധയായ അമ്മയുടെ മുമ്പിൽ വെച്ചാണ് അറിവൊലിയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഗണപതിയുടെ ഇന്റർവ്യൂ പല മാധ്യമങ്ങളിലും കഴിഞ്ഞ വർഷം അച്ചടിച്ചു വന്നിരുന്നു. സഖാക്കളായ അറിവൊലിയും സുരേഷും ഗണപതിയുടെ ഇന്റർവ്യൂ തമിഴിലേക്ക് മൊഴിമാറ്റം നടത്തി മനിതൻ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു. തമിഴ് നാട് സർക്കാർ ഈ ഇന്റർവ്യൂ ദേശവിരുദ്ധമെന്നു ആരോപിച്ചു അറിവൊലിയെയും സുരേഷിനെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു.
അറിവൊലിയുടെ അമ്മ മങ്കയർകരസിക്ക് 80 വയസിനുമേൽ പ്രായമുണ്ട്. വാർധക്യസഹജമായ പല രോഗങ്ങളും അവരെ അലട്ടുന്നുണ്ടായിരുന്നു. അറിവൊലിയുടെ അമ്മക്ക് പരസഹായമില്ലതെ എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അമ്മയുടെ പ്രാഥമികകാര്യങ്ങൾക്കെല്ലാം സഹായിച്ചിരുന്നത് അറിവൊലി ആയിരുന്നു. ആ അമ്മയുടെ കൺമുൻപിൽ വെച്ചാണ് അദ്ദേഹത്തെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതുകണ്ട് അമ്മ മാനസികമായി തളരുകയും വൈകാതെ മരിക്കുകയും ചെയ്തു.
എന്നാൽ, അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അറിവൊലിയെ ഭരണകൂടം അനുവദിച്ചില്ല. ഭരണകൂടം ഈ അമ്മയോടും മകനോടും ക്രൂരമായാണ് ഇടപെട്ടതെങ്കിലും അറിവൊലിയുടെ അമ്മ മങ്കയർകരസി മരണാനന്തരം തന്റെ മൃതദേഹം സമൂഹത്തിനു സമർപ്പിച്ചു. സഖാവിന്റെ ‘അമ്മ തന്റെ കണ്ണുകളും മൃതദേഹവും ചിദംബരത്തെ രാജാമുത്തയ്യ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകുകയായിരുന്നു.
സുരേഷിനോടും മനുഷ്യത്വവിരുദ്ധമായാണ് പോലീസ് പെരുമാറിയത്. ജയിലിവെച്ചു കാലിൽ മാരകമായ മുറിവുണ്ടായതിനെ തുടർന്ന് സുരേഷിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എങ്ങനെ മുറിവ് സംഭവിച്ചു എന്നതിനെ കുറിച്ചു ആദ്യം ഒരു വിവരവും നൽകാത്ത ജയിൽ അധികൃതർ, പിന്നിട് പറയുന്നത് കാല് വഴുതിവീണു മുറിവുണ്ടായി എന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്, ജയിലിലെ മതിൽ ഇടിഞ്ഞു കാലിൽ വീണു എന്നായിരുന്നു. എന്തിനാണ് ജയിൽ അധികൃതർ ഇങ്ങനെ കള്ളം പറയുന്നത് ?
രാഷ്ട്രീയ തടവുകരായ സഖാക്കൾ അറിവൊലിക്കും സുരേഷിനുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അവിടെ ശബ്ദങ്ങൾ ഉയരുന്നുണ്ട്. തമിഴ്‌നാട്ടിലെ ഹിന്ദുത്വ ഫാസിസ്റ്റ് സർക്കാരും പോലീസും നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകട്ടെ.
_ ഹരി