കടുത്ത പ്രീ സെൻസർഷിപ്പിനിടയിലും വെളിച്ചം കണ്ട അടിയന്തരാവസ്ഥയിലെ കഥകൾ

ഗൂസ്ബെറി ബുക്സ് പുറത്തിറക്കുന്ന പുതിയ പുസ്തകമാണ് ‘അടിയന്തരാവസ്ഥയിലെ കഥകൾ.’ കെ വി കിഷോർ കുമാറും എൻ ബി രമേഷും ചേർന്ന് എഡിറ്റ് ചെയ്ത പുസ്തകത്തിൽ 13 കഥകളാണ് ഉള്ളത്. ഒ വി വിജയൻ്റെ ‘അരിമ്പാറ’ ; വി കെ എൻ്റെ ‘ഓട്ടോമെയ്ഷൻ’ ; കാക്കനാടൻ്റെ ‘കാളിയമർദ്ദനം’ ; സി വി ശ്രീരാമൻ്റെ ‘മീശ’ തുടങ്ങി പ്രതിരോധ സാഹിത്യത്തിൽ ഇടം പിടിച്ച ഒന്നാംതരം രചനകൾ. ഇതിൽ ഒ വി വിജയൻ്റെ ‘അരിമ്പാറ’ ഫാസിസത്തിനെതിരെ എഴുതപ്പെട്ട മലയാളത്തിലെ ഏറ്റവും മികച്ച കഥയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ശ്രദ്ധേയമായ കാര്യം, 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ, രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ നിലനിന്ന സമയത്ത്, കടുത്ത പ്രീ സെൻസർഷിപ്പിനിടയിലും വെളിച്ചം കണ്ട രചനകളാണ് സമാഹരിച്ചിട്ടുള്ളത് എന്നതാണ്. മുഖ്യധാരയിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും വന്ന കഥകളുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്, എഴുതാൻ മടിച്ചവർക്കും സുരക്ഷിതരാവാൻ മൗനം പാലിച്ചവർക്കും അധികാരത്തെ ഭയന്നവർക്കും സ്തുതിച്ചവർക്കും ഇടയിൽ ധീരരായവരുടെ എഴുത്ത്.

Follow us on | Facebook | Instagram Telegram | Twitter