സ്ത്രീകളുടെ സമരം വർഗ്ഗ സമരമാണ്; അനുരാധ ഘാന്‍ഡി

“ആഗോള തലത്തിൽ മുതലാളിത്ത യുഗത്തിലെ ഏറ്റവും ശ്രദ്ധേയമായ വികാസം സ്ത്രീ മുന്നേറ്റങ്ങളുടെ ഉദയവും വളർച്ചയുമാണ്. മനുഷ്യ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ സൂര്യന് താഴെയുള്ള തങ്ങളുടെ അവകാശങ്ങളും ഇടവും ആവശ്യപ്പെട്ടുകൊണ്ട് വലിയ തോതിൽ മുന്നോട്ട് വന്നു. നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിൽ നിന്നുമുള്ള സ്ത്രീകളുടെ വിമോചനം ഒരു നിർണ്ണായക പ്രശ്നമായി തീർന്നു. സ്ത്രീകളുടെ മേലുള്ള അടിച്ചമർത്തലുകളുടെ സൈദ്ധാന്തികമായ വിശകലനവും അതിനുള്ള പരിഹാരവും ഈ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ചു. സ്ത്രീ പ്രസ്ഥാനങ്ങൾ നിലവിലെ പുരുഷാധിപത്യ ചൂഷക സമൂഹത്തെ സൈദ്ധാന്തികമായും പ്രായോഗികമായും വെല്ലുവിളിച്ചു.”
_ അനുരാധ ഘാന്‍ഡി

“ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ താത്വിക ധാരകൾ” (Philosophical Trends in the Feminist Movement) എന്ന പുസ്തകത്തിലൂടെ തൊഴിലാളി വർഗ്ഗ ഫെമിനിസത്തിന് സൈദ്ധാന്തിക അടിത്തറ പാകിയ ഇന്ത്യൻ കമ്മ്യുണിസ്റ്റ് വിപ്ലവകാരിയായിരുന്നു അനുരാധ ഘാന്‍ഡി. അവർ സിപിഐ(മാവോയിസ്റ്റ്)ന്‍റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പാർട്ടിക്കുള്ളിലെ പോലും പുരുഷാധിപത്യത്തിനെതിരെ പോരാടിയ അവർ സ്ത്രീ, ജാതി പ്രശ്നങ്ങളിൽ അനന്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ലിബറൽ ഫെമിനിസ്റ്റുകൾ ആവശ്യപ്പെടുന്ന പരിഷ്കരണങ്ങൾക്കും സ്വത്വവാദ രാഷ്ട്രീയത്തിനും മുതലാളിത്ത ചൂഷണത്തിൽ നിന്നും സ്ത്രീകളെ വിമോചിപ്പിക്കാൻ സാധ്യമല്ലെന്ന ബോധ്യത്തിൽ നിന്നുള്ള ലോക തൊഴിലാളി വർഗ്ഗ സ്ത്രീകൾക്ക് വേണ്ടിയുള്ള ഫെമിനിസ്റ്റ് സിദ്ധാന്തത്തിന്‍റെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് മാവോയിസ്റ്റ് ഉദ്ഗ്രഥനമാണ് തൊഴിലാളി വർഗ്ഗ ഫെമിനിസം. സഖാവ് അനുരാധ അത് സിദ്ധാന്തവത്ക്കരിക്കുന്നതിനും തൊഴിലാളി വർഗ്ഗ ഫെമിനിസം നിർവ്വചിക്കുന്നതിനും മുൻപേ മരണമടഞ്ഞെങ്കിലും അവരുടെ ത്യാഗവും സൈദ്ധാന്തിക എഴുത്തുകളും ഇപ്പോഴും വിമോചനത്തിനായി പോരാടുന്ന സ്ത്രീകളുടെ ഉള്ളിൽ വിപ്ലവാഗ്നി കൊളുത്തി വിടുന്നു. നമ്മുടെ വർഗ്ഗത്തിന്‍റെയും ലോകമെമ്പാടും പോരാടുന്ന സ്ത്രീകളുടെയും രക്തസാക്ഷിയാണ് അനുരാധ ഘാന്‍ഡി. സ്ത്രീ വിമോചനം മുതലാളിത്തത്തിനെതിരെയുള്ള വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് തൊഴിലാളി വർഗ്ഗ ഫെമിനിസം മനസ്സിലാക്കുന്നു. ഇന്ന് അമേരിക്കയിലെ സ്ത്രീ പ്രസ്ഥാനങ്ങൾ ലിബറൽ പരിഷ്കണവാദവും, ഉത്തരാധുനികതയും, അന്യവൽകൃത അരാജകത്വവും കൂടിക്കലർന്നതാണ്. അവയിൽ ഒന്നും തന്നെ മുതലാളിത്ത – സാമ്രാജ്യത്വ ഉത്പാദന രീതിയെ തകർക്കാൻ ഉദ്ദേശിക്കുന്നില്ല.

ഉത്തരാധുനികതക്ക്‌ പാർശ്വവൽകൃതർക്കെതിരായ വിവേചനം ജനം, ഭാഷ, സ്വത്വ രാഷ്ട്രീയം എന്നിവയിൽ ഊന്നിക്കൊണ്ട് വിവിധതരം ചൂഷണങ്ങളുടെ പുറംതോട് മാന്താൻ മാത്രമേ സാധിക്കൂ. പക്ഷേ അവർ അതിനുള്ളിൽ മറഞ്ഞിരിക്കുന്ന ചൂഷണത്തിന്‍റെ യഥാർത്ഥ ഉറവിടങ്ങളെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഈ ഉറവിടങ്ങൾ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലൂടെയേ മനസ്സിലാക്കാൻ സാധിക്കൂ. ഉത്തരാധുനികത പുരോഗമനപരം എന്ന് അവകാശപ്പെടുമ്പോൾ തന്നെ അതിന്‍റെ വ്യക്തി കേന്ദ്രീകൃതമായ സ്വഭാവത്താൽ തൊഴിലാളി വർഗ്ഗ സ്ത്രീകളെ ഐക്യപ്പെടുത്തി അണിനിരത്താനുള്ള നമ്മുടെ സാമാന്യവൽക്കരണത്തെ അത് ദുർബലപ്പെടുതുന്നു. പീഢകരെ സ്വതന്ത്രമാക്കുന്ന ഇരവാദത്തെ തകർത്തുകൊണ്ട് കൂടുതൽ പീഢനങ്ങൾ തടയാനും സ്ത്രീവിരുദ്ധതക്കെതിരെ പോരാടാനുമായി സ്ത്രീകൾ അധികാരം നേടേണ്ടതിന്‍റെ ആവശ്യകത നമ്മൾ മനസ്സിലാക്കണം. സ്ത്രീകളെ അടിമത്തത്തിലും ചരക്കുവൽക്കരണത്തിലും തളച്ചിടുന്ന മുതലാളിത്ത ഉപകരണങ്ങളെ തകർക്കുന്ന വിപ്ലവകരമായ പോരാട്ടത്തിലൂടെ മാത്രമേ സ്ത്രീ വിമോചനം സാധ്യമാവൂ.

വർഗ്ഗ സമരം സ്ത്രീകളുടെ സമരമാണ്, സ്ത്രീകളുടെ സമരം വർഗ്ഗ സമരവും. മാനവ ചരിത്രത്തിലെ ആദ്യ തൊഴിൽ വിഭജനം പുരുഷനും സ്ത്രീയും തമ്മിലായിരുന്നു. സ്ത്രീകൾ കുട്ടികൾക്ക് ജന്മം നൽകുകയും അവരെ പരിപാലിക്കുകയും പുരുഷന്മാർ ഉത്പാദന പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു രീതി. മനുഷ്യൻ ആദ്യകാലങ്ങളിൽ അമ്മയുടെ തായ്‌വഴിക്ക് ഭൂമിയും സ്വത്തും കൈമാറിയിരുന്ന, സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക പങ്കാളികളെ തിരഞ്ഞെടുക്കാൻ യാതൊരു നിബന്ധനകളും ഇല്ലാതിരുന്ന സമൂഹത്തിലാണ് അധിവസിച്ചിരുന്നത്. കാലത്തിനനുസരിച്ച് മനുഷ്യൻ ഉത്പാദന തൊഴിലിൽ പ്രത്യുൽപാദന തൊഴിലിന് മേലെ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചതോടെ, ഉദാഹരണത്തിന് കാർഷിക ഉത്പാദനത്തിലും മറ്റും വികാസം പ്രാപിച്ചതോടെ പുരുഷന്മാർക്ക്‌ സമ്പത്ത് സ്വരൂപിക്കാൻ കഴിഞ്ഞു. പുരുഷന് അവന്‍റെ ഭാര്യക്കും മക്കൾക്കും മേൽ ആധിപത്യം ഉറപ്പിക്കാനും, അവന്‍റെ സ്വകാര്യ സമ്പത്ത് മക്കൾക്ക് കൈമാറാനും കഴിയുന്ന വിവാഹമെന്ന സ്ഥാപനത്തോടെ സ്ത്രീകളുടെ മേലുള്ള അടിച്ചമർത്തൽ ആരംഭിച്ചു. ഇന്ന് കുടുംബം എന്ന സ്ഥാപനം ഉപയോഗിച്ചാണ് മുതലാളിത്തം സ്വകാര്യ സ്വത്ത് ഒരു തലമുറയിൽ നിന്നും അടുത്തതിലേക്ക്‌ കൈമാറുന്നതും അടുത്ത തലമുറയിലെ തൊഴിലാളി വർഗ്ഗത്തിന് ജന്മം നൽകുന്നതും. സ്ത്രീകളുടെ മേലുള്ള അടിച്ചമർത്തലിന് ഭൗതികവും ആശയപരവുമായ വശങ്ങളുണ്ട്. ബൂർഷ്വാസിയുടെ ഗുണലാഭത്തിനായി സ്ത്രീകളെ, പ്രത്യേകിച്ചും തൊഴിലാളി വർഗ്ഗ സ്ത്രീകളെ അടിച്ചമർത്താൻ ഈ രണ്ട് വൈരുദ്ധ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു.

ആശയപരമായ അടിച്ചമർത്തൽ

ജനനം മുതൽക്കേ സ്ത്രീകൾ സ്ത്രീത്വമുള്ളവരാകാൻ, അതായത് വിവാഹിതരായി കുട്ടികൾക്ക് ജന്മം നൽകാൻ നിർബന്ധിതരാകുന്നു. സ്ത്രീകൾ ഏർപ്പെടേണ്ട സാമൂഹിക കടമകൾ, സ്ത്രീത്വം എന്ന പേരിൽ എന്ത് തരം തൊഴിലിലാണ് (ഗാർഹിക വേലയോ അല്ലെങ്കിൽ പരമ്പരാഗത സ്ത്രൈണ തൊഴിലോ) അവർ ഏർപ്പടേണ്ടതെന്നും അവർ സാമൂഹിക ചുറ്റുപാടിൽ എങ്ങനെ പെരുമാറണമെന്നും പുരുഷന്മാരുടെ ലൈംഗിക സംതൃപ്തിക്ക്‌ വേണ്ടി അവർ എങ്ങനെ വേഷവിധാനം ചെയ്യണമെന്നും പറഞ്ഞ് വയ്ക്കുന്നു. സ്ത്രീകളുടെ മേലുള്ള ആശയപരമായ അടിച്ചമർത്തൽ മാധ്യമങ്ങൾ മുതൽ പ്രതിദിന സംഭാഷണങ്ങൾ വരെ മുതലാളിത്ത സംസ്കാരത്തിലെ ഓരോ മേഖലയിലും ദൃഢീകരിക്കപ്പെടുന്നു. മറ്റ് സ്ത്രീകളുമായി ലൈംഗിക പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെയോ, പൗരുഷത്തോടെ പെരുമാറുന്നതിലൂടെയോ ഈ സാമൂഹിക കടമകൾ നിഷേധിക്കുന്ന സ്ത്രീകൾ ആക്രമണങ്ങൾ നേരിടുകയും തൊഴിൽ കണ്ടെത്താൻ പ്രയാസപ്പെടുകയും കുടുംബത്തിൽ നിന്നും സുഹൃത്തുക്കൾക്കിടയിൽ നിന്നും പുറംതള്ളപ്പെടുകയും ചെയ്യുന്നു. തൊഴിലാളി വർഗ്ഗ ഫെമിനിസത്തെ കുറിച്ചുള്ള വ്യക്തമായ വിദ്യാഭ്യാസത്തിലൂടെയും സ്ത്രീകളെ സൈനികമായും നേതൃപരമായും സജ്ജരാക്കുന്നതിലൂടെയും മാത്രമേ ഇതിനെതിരെ പോരാടാൻ സാധിക്കൂ. പുരുഷന്മാരുടെ ഉള്ളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കാൻ അവർക്കും തൊഴിലാളി വർഗ്ഗ ഫെമിനിസത്തെ കുറിച്ച് ശരിയായ വിദ്യാഭ്യാസം നൽകേണ്ടതുണ്ട്.

ഭൗതികമായ അടിച്ചമർത്തൽ

മുൻപ് വിശദീകരിച്ച ആശയപരമായ കാരണങ്ങളാൽ സ്ത്രീകൾക്ക് അവരുടെ സ്വശരീരത്തെ നിയന്ത്രിക്കാനുള്ള അവകാശം പോലും നിഷേധിച്ചിരിക്കുന്നു. ഈ നിയന്ത്രണ നിഷേധത്തിന്‍റെ പ്രവർത്തനത്തിന് നിരവധി രീതികളുണ്ട് – ഭരണകൂടം ചിലവ് കുറഞ്ഞതും സുരക്ഷിതവുമായ ഗർഭ നിരോധനവും ഗർഭച്ഛിദ്രവും അനായാസം ലഭ്യമാക്കാതിരിക്കുക, കറുത്ത വർഗ്ഗക്കാരും തദ്ദേശവാസികളുമായ സ്ത്രീകളുടെ നിർബന്ധിത വന്ധ്യംകരണം, ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ അഭാവം, പുരുഷന്മാരിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ.

സ്ത്രീകൾ സാമൂഹികവൽക്കരണത്തിന്‍റെ ഭാഗമായി കൂടുതൽ ഗാർഹികവേലകളും കുട്ടികളെ പരിപാലിക്കുന്ന ജോലിയും നിർവഹിക്കുന്നു. സ്ത്രീകളുടെ ഈ അധ്വാനത്തിന്‍റെ ഗുണഭോക്താക്കൾ ബൂർഷ്വാസിയാണ്. കാരണം അത് തൊഴിലാളി വർഗ്ഗ.ത്തിന്‍റെ അടുത്ത തലമുറയെ സൃഷ്ടിക്കുന്നു.

സ്ത്രീകളുടെ ശത്രുക്കളായ പീഢകരെയും മറ്റ് അക്രമകാരികളെയും സൈനികമായി നേരിടാൻ സ്ത്രീകളെ സജ്ജരാക്കുകയും അവർക്ക് ഗർഭ നിരോധനവും സുരക്ഷിതമായ ഗർഭച്ഛിദ്രവും ലഭ്യമാക്കുന്നതിലൂടെയും മാത്രമേ ഇതിനെതിരെ പോരാടാൻ സാധിക്കൂ.

ലൈംഗിക അടിച്ചമർത്തൽ

ആശയപരമായ അടിച്ചമർത്തലും ഭൗതികമായ അടിച്ചമർത്തലും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തിലൂടെ രൂപം കൊള്ളുന്നതാണെങ്കിലും ഇത് വളരെ സങ്കീർണ്ണമാണ്. ശരീരം പുരുഷന്റെ ലൈംഗിക ആസ്വാദനത്തിന് വേണ്ടി മാത്രമുള്ള വസ്തുവാണെന്ന് ബൂർഷ്വാ പ്രത്യയശാസ്ത്രം സ്ത്രീകളെ പഠിപ്പിക്കുന്നു. അത് സ്ത്രീക്കും പുരുഷനും മനുഷ്യ ലൈംഗികതയെ കുറിച്ച് വികലമായ അറിവാണ് നൽകുന്നത്. കഴിഞ്ഞ അൻപത് വർഷക്കാലമായി (ലിബറലും വിപ്ലവകാരികളുമായ) ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ബൂർഷ്വാ പ്രത്യയശാസ്ത്രം സ്ത്രീ ലൈംഗികതയെ കുറിച്ചുള്ള ഉപരിപ്ലവകരവും പുരോഗമനപരമെന്ന് കരുതുന്നതുമായ ആശയങ്ങൾ സ്വീകരിക്കാൻ കാരണമായി. ഈ പുരോഗമനം സാമ്രാജ്യത്വ രാജ്യങ്ങളിൽ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അപകടകരമായ സംസ്കാരം രൂപപ്പെടാൻ കാരണമായി. ഇന്ന് ഉത്തരാധുനികത സ്ത്രീ വിമോചനത്തെ തല തിരിച്ച് വ്യാഖ്യാനിക്കുന്നു. വ്യഭിചാരവും സ്ട്രിപ്പിങും പോണോഗ്രഫിയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതൽ തീവ്രമാക്കുന്ന ലൈംഗിക ചരക്കുവൽകരണം ആണെന്നിരിക്കെ അതെല്ലാം സ്ത്രീകളെ വിമോചിപ്പിക്കുന്നവയാണെന്ന് അവർ പറയുന്നു.

പീഢകരും കൂട്ടിക്കൊടുപ്പുകാരും പോലെയുള്ള സ്ത്രീകളുടെ ശത്രുക്കളെ സൈനികമയി നേരിടുകയും വ്യഭിചാരം പോലെയുള്ള ലൈംഗിക ചരക്കുവൽക്കരണം ഉപേക്ഷിക്കാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് മതിയായ സഹായ സൗകര്യങ്ങൾ നൽകുന്നതിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കണം.

തൊഴിലാളി വർഗ്ഗ ഫെമിനിസം കേവലമൊരു വാക്യം മാത്രമല്ല. സ്ത്രീകളുടെ മേലുള്ള അടിച്ചമർത്തൽ ഇല്ലാതാക്കാനും കൈവിലങ്ങുകൾ പൊട്ടിച്ചെറിയാനുമുള്ള വിമോചന സിദ്ധാന്തമാണ്. ഇത് മുതലാളിത്തത്തിനുള്ളിൽ സാധ്യമല്ല. സ്ത്രീകളുടെ ആകെയുള്ള പ്രതീക്ഷ തൊഴിലാളി വർഗ്ഗത്തിന്‍റെ നേതൃത്വത്തിലുള്ള പുതിയ അധികാരവും ഒരു പുതിയ ലോകവുമാണ്.

_ അമേരിക്കയിലെ Women’s Militant Front എന്ന സ്ത്രീകളുടെ സംഘടന അവരുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ വിവര്‍ത്തനം.

അനുരാധ ഘാന്‍ഡിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ

Follow us on | Facebook | Instagram Telegram | Twitter