നീനു, അമൃത, കൗസല്യ; ഈ പേരുകളാൽ വേട്ടയാടപ്പെടും ഒളിച്ചുകടത്തുന്ന ജാതീയ കാപട്യങ്ങൾ!

ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്, നീനു, കൗസല്യ, അമൃത…


വിഷ്ണു വിജയൻ

” കെവിൻ താഴ്ന്ന ജാതിയാണെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിരുന്നു, കെവിനെ വിവാഹം കഴിച്ചാൽ അഭിമാനത്തിന് കോട്ടം തട്ടുമെന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. അച്ഛനും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയത്, ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്… ” നീനു ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മൊഴിയാണ്.

” I am more concerned about my status in the society than my daughter. I am not worried killing Pranay, I was prepared to go to jail and planned the murder… ” ദുരഭിമാന കൊലപാതകത്തിന് ഇരയായ അമൃതയുടെ അച്ഛൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്,

ഗർഭിണിയായ അമൃതയും ഭർത്താവ് പ്രണോയും ഹോസ്പിറ്റലിൽ പോയി വരുമ്പോൾ കൺമുമ്പിൽ വെച്ച് അച്ഛൻ അയച്ച വാടക ഗുണ്ടകളാൽ ഭർത്താവ് കൊലചെയ്യപ്പെടുന്നത് കാണേണ്ടി വന്നത്, ഇരുപത്തിയൊന്ന് വയസ്സ് മാത്രമേ പ്രായമുള്ള അമൃതവർഷിണി ഈ വാക്കുകൾ ആവർത്തിച്ചു പറയുന്നു.

” നൂറ്റാണ്ടുകളായിട്ടും മാറ്റമില്ലാതെ തുടരുന്ന ജാതിവാദമാണ് എന്‍റെ ഭര്‍ത്താവ് ശങ്കറിനെ ഇല്ലാതാക്കി, എന്‍റെ ജീവിതം തകര്‍ത്തത്. ജാതിയെ ഇല്ലാതാക്കാതെ ഈ നാട്ടില്‍ മനുഷ്യനായി ജീവിക്കുക സാധ്യമല്ല ”

തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ ദുരഭിമാന കൊലപാതകത്തിന് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ. ഇരുപത്തിയഞ്ച് വയസ്സിന് താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികൾ. എല്ലാത്തരം സാമൂഹിക വിവേചനങ്ങളെയും മറികടന്ന് ഇഷ്ടപ്പെട്ട ആളെ പ്രണയിക്കാൻ കഴിഞ്ഞ പെൺകുട്ടികൾ. അത്രമേൽ ഇഷ്ടപ്പെട്ടയാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ച പെൺകുട്ടികൾ. മൂന്നു പേരുടെയും സ്വപ്നങ്ങളും, അവർ ആഗ്രഹിച്ച ജീവിതവും തകർത്തത് ഒരേ കാരണം. അവസാനിക്കാത്ത രൂക്ഷമായ ജാതീയത.

ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്,

നീനു, കൗസല്യ, അമൃത…

ഒളിച്ചു കടത്തുന്ന ജാതീയ കാപട്യങ്ങൾ എക്കാലവും ഈ പേരുകളാൽ വേട്ടയാടപ്പെടും. അനേകലക്ഷം പേരുകളിൽ മൂന്നെണ്ണം മാത്രം.
Photo Courtesy_ Reju Arnold, The Week

Leave a Reply