ഓരോ മുസ്ലിമിലും മുഹമ്മദ് സനാവുള്ളായെ കാണാം
ഈ മുഖത്തേക്ക് നോക്കുക, വേഷത്തിലെ ഔദ്യോഗിക അടയാളങ്ങൾ ശ്രദ്ധിക്കുക. അബ്ദുൽ കലാം ആസാദിനെ പോലെ തനി ഇന്ത്യൻ. കശ്മീരിലും മണിപൂരിലും ചോരപ്പുഴയൊഴുക്കുന്നതിൽ പങ്കുവഹിച്ചു, ‘ഞാനൊരു യഥാർത്ഥ ഇന്ത്യനാണ്’ എന്ന് അഭിമാനിക്കുന്ന സൈനികൻ.
ഓരോ അഞ്ചു വർഷവും ഈ ഹിന്ദുത്വ വ്യവസ്ഥിതിയെ സംരക്ഷിക്കാൻ വിരലിൽ വയലറ്റ് ചാപ്പ കുത്തും. ഭരണഘടനയുടെ സംരക്ഷകനായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് വിശ്വസിച്ചു, റെഡ് ഫോർട്ടിൽ ആഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം മാർച്ച് നടത്തും.
പേര്, മുഹമ്മദ് സനാവുള്ളാ, മുപ്പത് വർഷക്കാലം പട്ടാളക്കാരനായി ജോലി ചെയ്തു. പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കി കൊണ്ടായിരുന്നു വിശിഷ്ട സേവനത്തിന് രാജ്യം ഈ സൈനികനെ ആദരിച്ചത്. അനധികൃത കുടിയേറ്റക്കാരൻ എന്ന ചാപ്പ ചുമലിൽ പതിച്ചു ജയിലിലും അടച്ചു.
മുഹമ്മദ് സനാവുള്ളാ സൈനികൻ ആയാലും മുസ്ലിം ആണ്. മുഖ്താർ അബ്ബാസ് നഖ്വിയും ഷാനവാസ് ഹുസൈനും എം ജെ അക്ബറും നജ്മ ഹെപ്തുള്ളയും അസ്മ ഖാൻ പത്താനും ബി.ജെ.പിയിൽ ആയാലും മുസ്ലിം ആണ്.
അധികാരത്തിലിരുന്നും ഓരോ ഭരണവർഗ പാർട്ടിയിൽ പ്രവർത്തിച്ചും ഈ സങ്കുചിത ദേശീയതയെ സംരക്ഷിക്കുന്നവരുള്പ്പെടെ, ഓരോ മുസ്ലിമിലും പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കപ്പെട്ടു ജയിലിലടക്കപ്പെട്ട മുഹമ്മദ് സനാവുള്ളായെ കാണാം.
_ പ്രശാന്ത് സുബ്രഹ്മണ്യൻ