സഖാവ് ജോർജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്യുക

അന്തർസംസ്ഥാന തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് തൊഴിലാളി യൂണിയന്‍ നേതാവ് ജോർജ്ജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിവെച്ചു മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം എറണാകുളം ജനറൽ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പെരുമ്പാവൂർ കണ്ടത്തറ മനക്കാട്ട് ട്രേഡേഴ്സ് ഉടമകളായ മജീദ്, രമേശ് എന്നിവരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. സംഭവത്തെ കുറിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി എസ് മുരളി ഫേസ്ബുക്കില്‍ എഴുതിയ പ്രതികരണം;

സഖാവ് ജോർജ് ബ്രൂണോയെ തട്ടിക്കൊണ്ടുപോയി മർദിച്ച പെരുമ്പാവൂർ കണ്ടത്തറ മനക്കാട്ട് ട്രേഡേഴ്സ് ഉടമകൾ മജീദ്, രമേശ് എന്നിവർക്കെതിരെ പ്രതിഷേധിക്കുക! പ്രതികരിക്കുക!

പെരുമ്പാവൂർ കണ്ടത്തറയിൽ പ്രവർത്തിച്ചുവരുന്ന മണക്കാട് ട്രേഡേഴ്സ് എന്ന ആക്രി ഗോഡൗണിൽ ഒരു വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന ശൈഖ് മുക്തർ അലി എന്ന അന്തർ സംസ്ഥാന തൊഴിലാളിക്ക് 2020 സെപ്റ്റംബർ ഇരുപതാം തീയതി ജോലിക്കിടയിൽ അപകടമുണ്ടായി കൈപ്പത്തി നഷ്ടപ്പെടുകയുണ്ടായി, തുടർന്ന് ഉടമകൾ യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളും ചികിത്സാ സഹായങ്ങളും നൽകാതെ പിരിച്ചു വിടുകയാണ് ഉണ്ടായത്.

അതിനെ തുടർന്ന് ശൈഖ് മുക്തർ അലിയും സുഹൃത്തുക്കളും കാലടി പെരുമ്പാവൂർ അങ്കമാലി മൂവാറ്റുപുഴ എന്നീ പ്രദേശങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രോഗ്രസീവ് തൊഴിലാളി യൂണിയന്റെ നേതാവ് സഖാവ് ജോർജ്ജ് മാത്യുവിന്റെ സഹായമഭ്യർത്ഥിച്ച് അദ്ദേഹത്തെ വന്നു കാണുകയുണ്ടായി. തുടർന്ന് സഖാവ് തൊഴിലാളികൾക്കിടയിൽ നിന്നും ഏകദേശം 4,500 രൂപയോളം സമാഹരിച്ച് അപകടത്തിൽ പരിക്കേറ്റ ശൈഖ് മുക്തർ അലിയ്ക്ക് നൽകുകയുണ്ടായി. കൂടാതെ നിയമപ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുമ്പാവൂർ ലേബർ ഓഫീസിൽ പരാതി നൽകുകയുണ്ടായി. പ്രസ്തുത ഉടമകളെ ലേബർ ഓഫീസിൽ വിളിച്ചു വരുത്തുകയും ന്യായവും നിയമപ്രകാരമുള്ളതുമായ നഷ്ടപരിഹാരം 5,00,000 രൂപ നൽകണമെന്ന് അസിസ്റ്റൻറ് ലേബർ ഓഫീസർ ജയപ്രകാശ് ഉത്തരവിടുകയും ചെയ്തു.

ഇതിനെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ജോർജ്ജുമായി ശത്രുതയിലായ മണക്കാട് ട്രേഡേഴ്സ്ഉടമകളായ മജീദും രമേഷും പെരുമ്പാവൂരിലെ കരാർ മാഫിയാസംഘങ്ങളുടെ സഹായത്തോടുകൂടി ജോർജ്ജ് മാത്യുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി അവരുടെ ഗോഡൗണിൽ പൂട്ടിയിട്ടു. തുടർന്ന് മുക്തർ അലിയെ ഫോൺ വിളിച്ചുവരുത്തി മുദ്ര പേപ്പറുകളിൽ അദ്ദേഹത്തിന്റെ അവശേഷിക്കുന്ന കൈപ്പത്തിയുടെ, വിരലടയാളം രേഖപ്പെടുത്തി പഞ്ചാബ് നാഷണൽ ബാങ്കിന്റെ പേരിൽ
2,50,000 ഒരു ചെക്ക് (മൊയ്തീൻ എന്നയാളുടെ പേരിലുള്ളത്) 16-12-2020 തീയതി വെച്ച് നൽകിയിരിക്കുകയാണ്. ശൈഖ് മുക്തർ അലി മറ്റു തൊഴിലാളികളെ ഈ വിവരം അറിയിച്ചതിനെ തുടർന്നാണ് ജോർജ് മാത്യുവിനെ ഉടമകളുടെ പിടിയിൽനിന്നും രക്ഷപ്പെടുത്താനായത്.

തലയ്ക്ക് അടക്കമേറ്റ കടുത്ത മർദ്ദനവുമായി ബന്ധപ്പെട്ട് സഖാവിന് ഓർമ്മ വരെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. നിസ്വാർത്ഥമായി ഇതര സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങൾക്കായി അവർക്കിടയിൽ തന്നെ ജീവിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സഖാവിനെതിരെ നടന്നിട്ടുള്ള കൈയ്യേറ്റത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കാൻ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോൾ എറണാകുളത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഖാവിന് ഐക്യദാർഢ്യവുമായി എത്താൻ ശ്രമിക്കുക.

Like This Page Click Here

Telegram
Twitter