ഗോത്രജനതയുടെ രക്തത്തില്‍ കെട്ടിപ്പടുത്ത കോര്‍പ്പറേറ്റ് സാമ്രാജ്യം

“അദാനി എന്റര്‍പ്രൈസസിന്റെ ആദ്യ വിദേശ പദ്ധതിയായ ഇന്തോനേഷ്യയിലെ ബുന്യു അയലന്റിലെ കല്‍ക്കരി ഖനന പദ്ധതി ആരംഭിച്ചതു തന്നെ വിവിധങ്ങളായ തദ്ദേശ ഗോത്രവിഭാഗങ്ങളെ അവരുടെ ആവാസ സ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിച്ചുകൊണ്ടായിരുന്നു…”
ഫാഷിസവും
ചങ്ങാത്ത മുതലാളിത്തവും
Part-5

_ കെ സഹദേവൻ

കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് ലോകത്തിലെ തന്നെ ഒന്നാമത്തെ ശക്തിയായി അദാനി ഗ്രൂപ്പ് മാറുന്നതില്‍ തദ്ദേശജനവിഭാഗങ്ങളുടെ കൂട്ടപ്പലായനത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും വലിയ കഥകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലും തദ്ദേശീയ ഗോത്രജനതയുടെ നിരന്തരമായ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ് അദാനി ‘കല്‍ക്കരി ഭീമന്‍’ പദവിയിലേക്ക് നടന്നെത്തുന്നത്.

അദാനി എന്റര്‍പ്രൈസസിന്റെ ആദ്യ വിദേശ പദ്ധതിയായ ഇന്തോനേഷ്യയിലെ ബുന്യു അയലന്റിലെ കല്‍ക്കരി ഖനന പദ്ധതി ആരംഭിച്ചതു തന്നെ വിവിധങ്ങളായ തദ്ദേശ ഗോത്രവിഭാഗങ്ങളെ അവരുടെ ആവാസ സ്ഥലങ്ങളില്‍ നിന്ന് ആട്ടിയോടിച്ചുകൊണ്ടായിരുന്നു. വലിയ തോതിലുള്ള വനനശീകരണത്തിന്റെയും, ജലമലിനീകരണത്തിന്റെയും അകമ്പടിയോടെയായിരുന്നു ഇന്തോനേഷ്യയില്‍ നിന്നും നിലവാരം കുറഞ്ഞ കല്‍ക്കരി ഇന്ത്യയിലേക്ക് അദാനി ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്.

ഇന്തോനേഷ്യയിലെ അദാനിയുടെ കല്‍ക്കരി ഖനന പദ്ധതി പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയുണ്ടായി. ഇന്തോനേഷ്യയില്‍ നിന്നും പുറപ്പെട്ട അദാനിയുടെ കല്‍ക്കരി കാര്‍ഗോ മുംബൈ തീരത്തോട് ചേര്‍ന്ന് മുങ്ങിയത് 2011 ആഗസ്ത് മാസത്തിലായിരുന്നു. 60000 ടണ്‍ കല്‍ക്കരി അടങ്ങുന്ന ആ കാര്‍ഗോ വലിയതോതിലുള്ള മലിനീകരണം ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തെപ്പോലും അവഗണിച്ചുകൊണ്ടാണ് അദാനി തന്റെ നിരുത്തരവാദപരമായ സമീപനം തുടരുന്നത്.

ഹരിതോര്‍ജ്ജ ഉത്പാദനത്തിന്റെ പേരില്‍ ഇന്ന് ഊറ്റംകൊള്ളുന്ന അദാനി എന്റര്‍പ്രൈസസ് കല്‍ക്കരി ഖനനത്തിന്റെയും ഇറക്കുമതിയുടെയും പേരില്‍ ആഗോളതലത്തില്‍ തന്നെ പേരുമോശം വന്ന കമ്പനിയാണെന്ന് അറിയുക. മോദിയുടെ ഇമേജ് സംരക്ഷിക്കാന്‍ ആപ്‌കോ വേള്‍ഡ്‌വൈഡിനെ ഇറക്കിക്കളിച്ച അദാനിക്ക് ആഗോളതലത്തില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ വോള്‍ഫ് ഒലിന്‍സ് (Wolff Olins) എന്ന പ്രചരണ ഏജന്‍സിയെ കൂലിക്ക് വെക്കേണ്ടിവന്നുവെന്നത് മറ്റൊരു ചരിത്രം. അദാനി എന്റര്‍പ്രൈസസിനെ ആഗോള മാര്‍ക്കറ്റിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങളായിരുന്നു വോള്‍ഫ് ഒലിന്‍സ് നടത്താനുണ്ടായിരുന്നത്.

2012 മുതല്‍ പുതിയ ലോഗോയില്‍ പഴയ കള്ളത്തരങ്ങളുമായി അദാനി പുറത്തുവന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് മോദിയെ എത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെ ഗുജറാത്തിലെ തന്റെ ബിസിനസ് താല്‍പര്യങ്ങള്‍ വിശാലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അദാനി സജീവമായി നടത്തിപ്പോന്നു. 2013ല്‍ സൂറത്ത് ജില്ലയിലെ ഹാസിരയില്‍ ഏക്കറുകണക്കിന് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചുകൊണ്ട്, 100കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് ഹാസിര തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചു.

യാതൊരുവിധ പാരിസ്ഥിതിക ക്ലിയറന്‍സും ലഭ്യമാക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ കണ്ടെത്തിയിട്ടും അദാനി ഗ്രൂപ്പിനെ പദ്ധതിയില്‍ നിന്ന് മാറ്റി നിര്‍ത്താനോ, പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള നടപടികള്‍ സ്വീകരിക്കാനോ ഗുജറാത്തിലെ മോദി സര്‍ക്കാര്‍ തയ്യാറായില്ല. പിന്നീട്. 2016ല്‍ കേവലം 25 കോടി രൂപ പിഴ അടച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അദാനിയെ അനുവദിക്കുകയാണ് ചെയ്തത് (National Green Tribunal, 2016).

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുന്നതിന് മുന്നെ 2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ചും ഗൗതം അദാനിയുടെ കമ്പനികള്‍ക്ക്, വേണ്ടി നടത്തിയ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അന്വേഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഏറ്റവും കുറഞ്ഞത് 5 റിപ്പോര്‍ട്ടുകളെങ്കിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സിഎജി പുറത്തിറക്കുകയുണ്ടായി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. (Times of India, July 26, 2014).

‘ഗുജറാത്ത് മോഡല്‍’, ‘വികാസ് പുരുഷ്’ തുടങ്ങിയ ബ്രാന്‍ഡിംഗുകളോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെ ആനയിക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് അദാനിയുടെ നേതൃത്വത്തിലുള്ള ‘റിസര്‍ജെന്റ് ഗ്രൂപ്പ് ഓഫ് ഗുജറാത്ത്’ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍ക്കായി ഗുജറാത്തിലെ നഗരങ്ങളിലേക്ക് കണ്ടക്ടഡ് ടൂറുകള്‍ സംഘടിപ്പിക്കപ്പെട്ടു. സൂറത്ത്, ബറൂച്ച്, ബറോഡ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഒരല്‍പം പോലും വഴിവിട്ട് സഞ്ചരിക്കാന്‍ ഒരു പത്രപ്രവര്‍ത്തകനും ധൈര്യം കാണിച്ചില്ല.

ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി മാറിക്കഴിഞ്ഞ അബ്ദുള്ളക്കുട്ടിയടക്കം ആവേശംപൂണ്ട, കൊട്ടിഘോഷിക്കപ്പെട്ട ‘ഗുജറാത്ത് മോഡലിന്റെ’ മറുവശമെന്താണെന്ന് നമുക്ക് നോക്കാം.
(തുടരും)

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter