ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ച; പ്രചരണങ്ങളും യാഥാർത്ഥ്യങ്ങളും

“ഈ കമ്പനികളെ ഇതിനായി തിരഞ്ഞെടുത്തത് എങ്ങിനെയെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. എന്തെങ്കിലും തരത്തിലുള്ള ലേലം വിളികളോ കരാര്‍ ഉറപ്പിക്കലോ ഉണ്ടായതായി ഒരു ഔദ്യോഗിക രേഖകളും പറയുന്നില്ല. ഈ രണ്ട് കമ്പനികള്‍ക്കുമായി മോദി വെച്ചു നീട്ടിയ ഉപഹാരത്തിന്റെ മൂല്യം 10,000 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്…”
ഫാഷിസവും
ചങ്ങാത്ത മുതലാളിത്തവും
Part-6

_ കെ സഹദേവൻ

മോദി മോഡല്‍ വികസന പ്രചാരകന്മാരുടെ ശബ്ദകോലാഹലത്തില്‍ പല യാഥാര്‍ത്ഥ്യങ്ങളും മറച്ചുവെക്കപ്പെടുന്നുണ്ട്. ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇതേ രീതിയില്‍ സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് അവര്‍ ചെയ്യുന്നത്. ’90കളുടെ പാതി തൊട്ട് നരേന്ദ്ര മോദി ഭരിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവു വരെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തല്ല ഗുജറാത്ത് എന്ന കാര്യം നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്. 1990-2000 വര്‍ഷങ്ങളില്‍ അത് രണ്ടാം സ്ഥാനത്തായിരുന്നുവെങ്കില്‍ 2000-2010 കാലയളവില്‍ ഉത്തരാഖണ്ഡിനും (11%), ഹരിയാന(8.95%) ശേഷം മൂന്നാമതായാണ് ഗുജറാത്തിന്റെ സ്ഥാനം.

ഇവിടെ സവിശേഷമായി സൂചിപ്പിക്കേണ്ട വസ്തുത, ഇതേ കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങളായ ബീഹാര്‍, ഒറീസ്സ എന്നിവ പോലും സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ 4.70%, 4.42% എന്ന നിലയില്‍ നിന്ന് യഥാക്രമം 8.02%, 8.13% എന്നതിലേക്ക് ഉയരുകയുണ്ടായി. സിക്കിം (11.01%), അരുണാചല്‍പ്രദേശ് (8.96%) തുടങ്ങിയ കൊച്ചു സംസ്ഥാനങ്ങള്‍ പോലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുകയുണ്ടായി.

2005-2009ല്‍ ഒറീസ്സ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വ്യാവസായിക വളര്‍ച്ചാ നിരക്ക് 17.5%, 13.3% എന്നിങ്ങനെയായിരുന്നു. അതേസമയം ഗുജറാത്തിന്റേത് 12.6%വും. ആളോഹരി വാര്‍ഷിക വരുമാനത്തിന്റെ കാര്യത്തിലും ഈ അന്തരം കാണാം. വന്‍തോതില്‍ സാമ്പത്തിക മുന്നേറ്റം സാധിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ആളോഹരി വാര്‍ഷിക വരുമാനത്തിന്റെ കാര്യത്തില്‍ ആറാം സ്ഥാനം (63,996രൂപ) മാത്രമേയുള്ളൂ ഗുജറാത്തിന്. ഹരിയാന (രൂ. 92,327), മഹാരാഷ്ട്ര (83,471), പഞ്ചാബ് (67,473), തമിഴ്‌നാട് (72,993), ഉത്തരാഖണ്ഡ് (68292) എന്നിങ്ങനെയാണ് സ്ഥിതിവിവരക്കണക്കുകള്‍ (2011).

വ്യാവസായിക വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജ്ജോത്പാദനം പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കായി 35 ശതമാനത്തിലധികം ചെലവഴിക്കപ്പെട്ടതും 1995-2000 വര്‍ഷങ്ങളിലായിരുന്നു. ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് സംബന്ധിച്ചും ഗുജറാത്തിന്റെ സ്ഥാനം പിന്നിലാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2006-2010ല്‍ 5.35 ലക്ഷം കോടി രൂപയ്ക്കുള്ള കരാറുകള്‍ ഗുജറാത്ത് ഒപ്പുവെക്കുകയുണ്ടായി. 6.47 ലക്ഷം തൊഴിലുകളാണ് ഇതുവഴി അവര്‍ ലക്ഷ്യമിട്ടിരുന്നത്. അതേസമയം മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ 4.20 ലക്ഷം കോടി, 1.63 ലക്ഷംകോടി എന്നിവയ്ക്കുള്ള കരാറുകള്‍ ഒപ്പുവെക്കുകയും 8.63 ലക്ഷം 13.09 ലക്ഷം എന്നീ നിരക്കില്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തിരുന്നു.

നരേന്ദ്രമോദി ചെയ്യുന്ന രീതിയില്‍ പ്രചരണ കോലാഹലങ്ങള്‍ ഒന്നും നടത്താതെ തന്നെ ഇതേ കാലയളവില്‍ 3.61 ലക്ഷം കോടി, 2.99 ലക്ഷം കോടി എന്നിവയ്ക്കുള്ള കരാറുകള്‍ ഛത്തീസ്ഗഡ്, ഒറീസ്സ എന്നീ സംസ്ഥാനങ്ങള്‍ നേടിയെടുത്തിരുന്നു.

മോദി സര്‍ക്കാര്‍ ഏറെ അഭിമാനത്തോടെ പ്രചരിപ്പിച്ചിരുന്ന നിക്ഷേപസൗഹൃദ പരിപാടിയായിരുന്നു ‘വൈബ്രന്റ് ഗുജറാത്ത്’. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികളും രാഷ്ട്രത്തലവന്മാരും പങ്കെടുത്ത ഈ നിക്ഷേപ മാമാങ്കം ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി നടത്തിക്കൊടുത്തത് ആപ്‌കോ വേള്‍ഡ് വൈഡ് എന്ന പേരിലുള്ള പബ്ലിക് റിലേഷന്‍സ് കമ്പനിയാണ്. 2011ല്‍ നടന്ന വൈബ്രന്റ് ഗുജറാത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ട, മോദി സ്വയം അവകാശപ്പെട്ട, വ്യവസായിക നിക്ഷേപം 20 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിക്ഷേപമായി സംസ്ഥാനത്തേക്ക് വന്നത് 29,813 കോടി മാത്രമായിരുന്നു. 8,300 കരാറുകളാണ് വൈബ്രന്റ് ഗുജറാത്തില്‍ വെച്ച് ഒപ്പുവെക്കപ്പെട്ടത്, കേവലം 250 എണ്ണം മാത്രമേ യാഥാര്‍ത്ഥ്യമായിട്ടുള്ളൂ.

വിദേശ നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്ക് ഒഴുക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മോദി പ്രിയങ്കരനാണെന്നത് വാസ്തവം തന്നെയാണ്. അദാനി ഗ്രൂപ്പ്, റിലയന്‍സ്, ടാറ്റാ എന്നീ ഇന്ത്യന്‍ വ്യവസായ ഭീമന്മാര്‍ മോദിയെ ആവര്‍ത്തിച്ച് പുകഴ്ത്തുന്നതിന് പിന്നില്‍ പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നതിന് നിരവധി തെളിവുകളുണ്ട്. മോദിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്നു തന്നെ പറയാവുന്ന ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് ഗുജറാത്തിലെ പ്രകൃതി വിഭവങ്ങളും മറ്റും മോദി വ്യവസായ വികസനത്തിന്റെ മറവില്‍ ദാനം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യുതി വാങ്ങുക, ഭൂമി ദാനം ചെയ്യുക എന്നിവയ്ക്കു പുറമെ ഗോദാവരിയിലെ ഏതാണ്ട് 20000 കോടി വിലമതിക്കുന്ന എണ്ണശേഖരം നല്‍കിയതും പുറത്തുവന്ന കാര്യമാണ്.

ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന് വേണ്ടി എല്ലാ ഔദ്യോഗിക നൂലാമാലകളും എളുപ്പത്തില്‍ തീര്‍ത്ത് അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതായിരിക്കുന്നു സിവില്‍ ഉദ്യോഗസ്ഥന്മാരുടെ കര്‍ത്തവ്യം. ഐഎഎസ് എന്നത് ഇന്ത്യന്‍ അദാനി സര്‍വ്വീസ് എന്നായി മാറിയിരിക്കുന്നു ഗുജറാത്തില്‍.

ഗോദാവരി ബേസിനിലെ എണ്ണശേഖരം ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ കീഴിലായത് 2002ലാണ്. ഗവണ്‍മെന്റിന്റെ തന്നെ കണക്കനുസരിച്ച് 20 ബില്യണ്‍ (2000 കോടി) അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള എണ്ണ ശേഖരമാണ് അവിടുള്ളത്. വിദേശ കമ്പനികളായ ജിയോ ഗ്ലോബല്‍, ജൂബിലന്റ് എന്‍പ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി മോദി സര്‍ക്കാര്‍ ഉത്പാദന പങ്കാളിത്ത കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ഈ രണ്ടു കമ്പനികള്‍ക്കും തികച്ചും സൗജന്യമായി 10% പങ്കാളിത്ത പലിശ നല്‍കുകയായിരുന്നു. ഇതിനുപകരമായി എണ്ണ ഉത്പാദനത്തിനാവശ്യമായ സാങ്കേതിക സഹായം ജിയോ ഗ്ലോബല്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ഈ കമ്പനികളെ ഇതിനായി തിരഞ്ഞെടുത്തത് എങ്ങിനെയെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. എന്തെങ്കിലും തരത്തിലുള്ള ലേലം വിളികളോ കരാര്‍ ഉറപ്പിക്കലോ ഉണ്ടായതായി ഒരു ഔദ്യോഗിക രേഖകളും പറയുന്നില്ല. ഈ രണ്ട് കമ്പനികള്‍ക്കുമായി മോദി വെച്ചു നീട്ടിയ ഉപഹാരത്തിന്റെ മൂല്യം 10,000 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മോദി വന്‍കിട വ്യവസായ കുത്തകകള്‍ക്ക് പ്രിയങ്കരനാകുന്നതെങ്ങിനെയെന്ന് ഇതിലൂടെ ഊഹിക്കാം. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുവാന്‍ അവര്‍ക്കുള്ള താല്‍പ്പര്യവും മറ്റൊന്നല്ല.

പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ. ഇന്ദിര ഹിര്‍വേ പറയുന്നത് ശ്രദ്ധിക്കുക: ‘(ഗുജറാത്ത് വികസനത്തെ സംബന്ധിച്ച്) നിങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ഉന്നിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ ‘ഗുജറാത്ത് വിരുദ്ധനെ’ന്നും ‘വികസന വിരുദ്ധനെ’ന്നും മുദ്ര കുത്തപ്പെടുകയായി. ഗുജറാത്തിലെ വ്യവസായികവല്‍ക്കരണം നിര്‍ണ്ണയിക്കപ്പെടുന്നത് വിപണി ശക്തികളിലൂടെയല്ല മറിച്ച് ഏതാനും കോര്‍പ്പറേറ്റുകള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന ഇളവുകളിലൂടെയാണ്’.
(തുടരും)

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter