ഈ സാമൂഹ്യശാസ്ത്രജ്ഞനെ വേട്ടയാടി നശിപ്പിക്കുകയല്ല, പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്
“വ്യത്യസ്ത ജനവിഭാഗങ്ങളുടെ സവിശേഷതകളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ കൃത്യമായി മനസിലാക്കിയ, അവരുടെ പ്രശ്നങ്ങളെ സത്യസന്ധമായി വിലയിരുത്തിയ ധിഷണാശാലിയായ അധ്യാപകനും സാമൂഹ്യ ശാസ്ത്രജ്ഞനുമാണദ്ദേഹം. ഇന്ത്യയുടെ സങ്കീർണമായ സാമൂഹ്യ യാഥാർഥ്യങ്ങളെ ആഴത്തിൽ ഗ്രഹിച്ചു മനസിലാക്കിയ ഒരു സാമൂഹ്യ ശാസ്ത്രജ്ഞനെ വേട്ടയാടി നശിപ്പിക്കുകയല്ല, അംഗീകരിക്കുകയും പ്രയോജനപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്…”
_ എ എം നദ്‌വി
മൈനോറിറ്റി റൈറ്റ്സ് വാച്ച്
പ്രൊഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി അസാധുവാക്കണമെന്ന് മഹാരാഷ്ട്ര ഗവണ്മെന്റ് അപ്പീൽ നൽകി മണിക്കൂറുകൾക്കുള്ളിൽ അത് പരിഗണിക്കാൻ സുപ്രീം കോടതി ഇന്ന് വാദം കേൾക്കുകയാണ്. 90 ശതമാനം ചലന ശേഷിയില്ലായ്മയും ഗുരുതരമായ നിരവധി ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയ ശേഷവും നിഷ്ഠൂരമായി അഞ്ചു കൊല്ലത്തോളം ജയിലിലടച്ച നടപടി പുനപരിശോധിച്ച് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഈ നീക്കം നീതിയാഗ്രഹിക്കുന്നവരിൽ ഏറെ ആശങ്കയുണർത്തുന്നതാണ്.
തടവുകാരുടെ അവകാശങ്ങൾക്കും മോചനത്തിനും വേണ്ടി നിരന്തരം സമരം ചെയ്ത മനുഷ്യാവകാശ പോരാളിയാണ് പ്രൊഫ ജി.എൻ സായിബാബ. 2008ലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ഡൽഹി കോൺഫറൻസിന്റെ സംഘാടക സമിതിയിൽ വെച്ച്. പിന്നീട് പലപ്പോഴായി യൂണിവേഴ്സിറ്റി ഔദ്യോഗിക വസതിയിലും വ്യത്യസ്ത മനുഷ്യവകാശ സംഗമങ്ങളിലും വെച്ച് അടുത്തറിഞ്ഞു. വ്യത്യസ്ത ജനവിഭാഗങ്ങളുടെ സവിശേഷതകളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ കൃത്യമായി മനസിലാക്കിയ, അവരുടെ പ്രശ്നങ്ങളെ സത്യസന്ധമായി വിലയിരുത്തിയ ധിഷണാശാലിയായ അധ്യാപകനും സാമൂഹ്യ ശാസ്ത്രജ്ഞനുമാണദ്ദേഹം. ഇന്ത്യയുടെ സങ്കീർണമായ സാമൂഹ്യ യാഥാർഥ്യങ്ങളെ ആഴത്തിൽ ഗ്രഹിച്ചു മനസിലാക്കിയ ഒരു സാമൂഹ്യ ശാസ്ത്രജ്ഞനെ വേട്ടയാടി നശിപ്പിക്കുകയല്ല, അംഗീകരിക്കുകയും പ്രയോജനപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.
പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വരെ പരസഹായം ആവശ്യമുള്ള, ശരീരത്തിന്റെ 90 ശതമാനവും ചലനശേഷി നഷ്ടപ്പെട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസര്‍ ജി.എന്‍ സായിബാബയെ 2014 മെയ് ഒമ്പതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നട്ടെല്ലിന് രോഗം ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിടുന്ന സായിബാബയെ ഡല്‍ഹി പോലീസിന്റെ സഹായത്തോടെ സര്‍വ്വകലാശാലാ കാംപസില്‍ വെച്ചാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2017ലാണ് സായിബാബ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അന്ന് മുതല്‍ അദ്ദേഹം ജയിലിലാണ്. നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവറയിലാണദ്ദേഹം കഴിഞ്ഞത്. 19 ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് സായിബാബ. ആരോഗ്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചപ്പോഴെല്ലാം ജാമ്യം നിഷേധിക്കുകയാണ് കോടതി ചെയ്തത്.
ലോക്ഡൗണ്‍ കാലത്ത് തടവുകാരെ പരോളില്‍ വിടണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായി. അന്ന് 45 ദിവസത്തെ പരോളിന് വേണ്ടി അപേക്ഷ നല്‍കി. പക്ഷെ, കോടതി അതും നിരസിച്ചു. സ്ഥിരമായി ഫിസിയോതെറാപ്പി ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ജയില്‍ അധികൃതര്‍ അവയൊന്നും സായിബാബക്ക് അനുവദിച്ചില്ല. ജയിലിൽ അദ്ദേഹത്തിന്റെ വലത് കൈയ്യും പ്രവര്‍ത്തനരഹിതമായിരുന്നു. വിരലുകള്‍ മടങ്ങുന്നില്ല. ഒരു സ്പൂണ്‍ പിടിച്ച് ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്നു അദ്ദേഹം. തത്വത്തിൽ സായി 100 ശതമാനം ചലന പ്രയാസം നേരിടുകയാണ് ഇപ്പോൾ.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും കുറ്റക്കാരനാണെന്നതിന് ശക്തമായ ഒരു തെളിവ് പോലും ഇല്ലാഞ്ഞിട്ടും ദീർഘകാലം തടവറയിലിട്ട ശേഷവും പകയോടെയും പ്രതികാര ദാഹത്തോടെയും നിയമം പ്രയോഗിക്കുന്ന ഭരണകൂട നിലപാട് തികച്ചും അപരിഷ്കൃതവും മനുഷ്യത്വ വിരുദ്ധവുമാണ്. കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി അട്ടിമറിക്കാനുള്ള നീക്കം നീതിയും നിയമ വ്യവസ്ഥയും സങ്കുചിത ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദുഷ്ട ലക്ഷ്യങ്ങൾക്ക് വഴിപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഡിജിറ്റൽ പെയിന്റിംഗ്_ അസ്മ നസ്രിൻ