അലന്‍, താഹ കേസ്: കേരളം സര്‍ക്കാര്‍ നിലപാടറിയിക്കണം; എന്‍.സി.എച്ച്.ആര്‍.ഒ

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ മാപ്പുസാക്ഷിയാകാന്‍ പ്രേരിപ്പിക്കുന്നുവെന്ന അലന്‍റെ വെളിപ്പെടുത്തലില്‍ കേരള സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്.ആര്‍.ഒ) കേരള ഘടകം ആവശ്യപ്പെട്ടു. വിവാദമായ ഈ കേസ് തുടക്കം മുതല്‍ തന്നെ കെട്ടിച്ചമച്ചതാണെന്ന മനുഷ്യാവകാശ സംഘടനകളുടെ നിരീക്ഷണം ശരിവയ്ക്കുന്നതാണ് എന്‍.ഐ.എ കോടതിയുടെ വിചാരണയ്ക്കിടെ അലന്‍റെ വെളിപ്പെടുത്തലിലൂടെ സംഭവിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ ജയിലിനുള്ളില്‍ അധികൃതരുടെ അറിവോടുകൂടി മാത്രമേ ഇത്തരം കാര്യങ്ങള്‍ നടക്കൂ എന്നത് പകല്‍പോലെ വ്യക്തമാണ്.

എന്നാല്‍ സര്‍ക്കാരിന്‍റെ മൗനം എന്‍.ഐ.എ നടത്തിയിരിക്കുന്ന കള്ളക്കളികള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതാണെന്ന് വ്യക്തമാകുന്നു. കേരളത്തില്‍ പാനായിക്കുളം, മാവേലിക്കര തുടങ്ങിയ പല കേസുകളിലും എന്‍.ഐ.എ മാപ്പുസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടാണ് ജയിച്ചത്. നാറാത്ത് കേസില്‍ ഇതുപോലെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ച് പരാജയപ്പെട്ടത് മറ്റൊരു ഉദാഹരണമാണ്. വ്യാജ തെളിവുകളും സാക്ഷികളെയും നിര്‍മിച്ചു കെട്ടിച്ചമച്ച ഒരു കേസിനെ യാഥാര്‍ഥ്യമാണെന്ന് വരുത്തുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ രീതികള്‍ നീതിന്യായ വ്യവസ്ഥക്ക് കൂടുതല്‍ കളങ്കം ഉണ്ടാക്കിയിരിക്കുകയാണ്.

ജയില്‍ വകുപ്പ്, കുറ്റാന്വേഷണ വിഭാഗം, സംസ്ഥാന പോലീസ് എന്നിവരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഒപ്പം അലന്‍റെ നിര്‍ണ്ണായക വെളിപ്പെടുത്തലില്‍ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും എന്‍.സി.എച്ച്.ആര്‍.ഒ കേരള ഘടകം പ്രസിഡന്‍റ് വിളയോടി ശിവന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Click Here