“പുരോഗമന” സർക്കാരും യൂറോപ്യൻ കൊളോണിയൽ വർണ്ണവെറിയും


പ്രമോദ് പുഴങ്കര

മനുഷ്യരായി “വേണ്ടത്ര പരിണമിച്ചിട്ടില്ലാത്ത കറുപ്പും തവിട്ടും നിറങ്ങളിലുള്ള മൃഗസമാനരായ” മനുഷ്യരെ വേലിക്കകത്തും കൂട്ടിലുമിട്ട് അവരുടെ ആഫ്രിക്കൻ/തെക്കേ അമേരിക്കൻ/ഏഷ്യൻ വാസസ്ഥലങ്ങളുടെ മാതൃകകളുണ്ടാക്കി യൂറോപ്പിൽ “Human Zoo” പ്രദർശനങ്ങൾ 19-ആം നൂറ്റാണ്ട് മുതൽ 1958 വരെ നടന്നിരുന്നു. തങ്ങൾക്ക് കീഴടക്കാനും അടിമകളാക്കി പണിയെടുപ്പിക്കാനും വേണ്ടി മാത്രമുള്ള മൃഗസമാനരായാണ് കൊളോണിയൽ യൂറോപ്പ് മറ്റ് മനുഷ്യരെ കണ്ടിരുന്നത്. ആഫ്രിക്കയിൽ നിന്നും മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്നും കൊണ്ടുവന്ന “മനുഷ്യരൂപമുള്ള അടിമജന്തുക്കളെ” കാണാൻ ദശലക്ഷക്കണിന് യൂറോപ്യൻമാർ/വെള്ളക്കാർ അക്കാലങ്ങളിൽ ഒഴുകിയെത്തി.

1958-ൽ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ അവരുടെ കോളനിയായ കോംഗോയിൽ നിന്നും കൊണ്ടുവന്ന ആഫ്രിക്കക്കാരെ വേലിക്കെട്ടിലിട്ട് നടത്തിയ അവസാന Human Zoo നടക്കുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയിരുന്നു. 1960-ൽ കോംഗോ സ്വതന്ത്രമായി. Human Zoo എന്ന പരിപാടി നിലച്ചുപോയി. 2023-ൽ ആറര പതിറ്റാണ്ടിനുശേഷം “കമ്മ്യൂണിസ്റ്റ്” എന്നവകാശപ്പെടുന്ന രണ്ടു കക്ഷികളുടെ നേതൃത്വത്തിലുള്ള കേരളത്തിലെ മറ്റൊരു സർക്കാർ തിരുവനന്തപുരത്ത് Human Zoo തുറന്നിട്ടുണ്ട്. കാണാൻ ധാരാളം ആളുകളെത്തുന്നു. പ്രദർശനവസ്തുക്കളായ മനുഷ്യർക്കൊപ്പം ചിത്രമെടുക്കുന്ന കോളേജ് കുട്ടികളുടെ ചിത്രം “കമ്മ്യൂണിസ്റ്റ്” കക്ഷിയുടെ മുഖപത്രത്തിൽ ഇന്ന് സാനന്ദം നൽകിയിട്ടുമുണ്ട്. കേരളം യൂറോപ്യൻ നിലവാരത്തിലെത്തും എന്ന് ഇടയ്ക്കിടെ ഭരണാധികാരികൾ ആവർത്തിക്കുന്നത് ഇപ്പോഴാണ് സാർത്ഥകമാകുന്നത്.

മനുഷ്യരെ വേഷം കെട്ടിച്ച് ഗോത്രവർഗക്കാരെന്ന, ആദിവാസികളെന്ന, അവരുടെ ജീവിതമെന്ന പേരിൽ കാഴ്ചവസ്തുക്കളാക്കി ഇരുത്തുകയും “അവരെ കാണാനും കണ്ടാനന്ദിക്കാനും” നഗരവാസികളായ മനുഷ്യർ കൂട്ടമായി ഒഴുകിയെത്തുകയും ഒപ്പമിരുന്ന് ചിത്രമെടുക്കുകയും ചെയ്യുന്നൊരു പരിപാടിയുടെ അപ്പുറവുമിപ്പുറവും അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികൾ കേരള നവോത്ഥാനം, ഗാസയിലെ ഇസ്രായേൽ ആക്രമണം, തുല്യത, സമത്വം എന്നൊക്കെയായി വാചാലരാകുന്നുണ്ട്. Human Zoo നടന്നിരുന്ന അക്കാല കൊളോണിയൽ യൂറോപ്പിൽപ്പോലും ഇതിലും വലിയ പ്രതിഷേധങ്ങൾ അതിനെതിരെ ഉണ്ടായിരുന്നു. യൂറോപ്പിലും യുനൈറ്റഡ് സ്റ്റേറ്റ്സിലുമുള്ള നിരവധി നഗരങ്ങളിൽ അക്കാലത്ത് (19, 20 പകുതി വരെയുള്ള നൂറ്റാണ്ടുകളിൽ) Human Zoo വിജയകരമായി നടന്നിരുന്നു.

കാൾ ഹാഗൻബാക് എന്ന വ്യാപാരി 1874-ൽ സമോവൻ, സമി വംശജരായ മനുഷ്യരെ വെച്ച് നടത്തിയ പ്രദർശനം വിജയമായതോടെ അത് വലിയ തോതിൽ വ്യാപിച്ചു. തുടർന്ന് ഈജിപ്ത്, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവടങ്ങളിൽ നിന്നെല്ലാമുള്ള മനുഷ്യരെ കൊണ്ടുവന്ന് അവരുടെ Mock Settlements ഉണ്ടാക്കിയുള്ള പ്രദർശനങ്ങൾ വ്യാപകമായി. 1889-ൽ പാരീസിലെ ലോക മേളയിൽ 400 വിഭാഗം “ഗോത്ര വിഭാഗങ്ങളെ” ഇത്തരത്തിൽ പ്രദർശിപ്പിച്ചപ്പോൾ 28 ദശലക്ഷം ആളുകളാണ് മേള കാണാനെത്തിയത്. കേരളീയത്തിൽ പോയി “ഗോത്ര ജീവിത” ചിത്രമെടുക്കുന്ന മനുഷ്യർ അവരുടെ തുടർച്ചയാണ്. കൂടുകളിലാണ് മനുഷ്യരെ പലപ്പോഴും പ്രദർശിപ്പിച്ചിരുന്നത്.

എസ്കിമോകൾ, പിഗ്മികൾ, തദ്ദേശീയ ഇന്ത്യക്കാർ എന്നിങ്ങനെ യൂറോപ്പിലെയും യുഎസിലെയും മനുഷ്യ പ്രദർശനശാലകൾ വിജയകരമായി ഇരുപതാം നൂറ്റാണ്ടിലും നടന്നുപോന്നു. 1906-ൽ ന്യൂ യോർക്ക് നഗരത്തിൽ നടന്ന പ്രദർശനത്തിൽ (അത് ചെയ്‌തത്‌ New York Zoological Society തലവനായ മാഡിസൺ ഗ്രാൻഡ് ആയിരുന്നു!) ഓറ്റ ബംഗ എന്ന കോംഗളീസ് പിഗ്മി വംശജനെ ആൾക്കുരങ്ങുകൾക്കും മറ്റ് മൃഗങ്ങൾക്കുമൊപ്പമിട്ടാണ് പ്രദർശിപ്പിച്ചത്. ചിമ്പാൻസികൾക്കും ദൊഹോങ് എന്ന് പേരിട്ടൊരു ഉറാങ് യൂട്ടാനും ഒപ്പമായിരുന്നു ബംഗയെ കൂട്ടിലിട്ടത്. ആഫ്രിക്കക്കാർ ആൾക്കുരങ്ങുകളോടാണ് പരിണാമപരമായി കൂടുതൽ അടുത്ത് നിൽക്കുന്നത് എന്ന് കാണിക്കലായിരുന്നു ഉദ്ദേശം. ബംഗ അമ്പെയ്ത് കാണിക്കുകയും ഉറാങ് ഉട്ടാനുമായി മല്ലുപിടിക്കുകയും ചെയ്തുകൊണ്ട് കാണികളെ രസിപ്പിച്ചു. കൊട്ടും പാട്ടുമായി തിരുവനന്തപുരത്തുകാരെ രസിപ്പിക്കുമായിരിക്കണം “ഇടതുപക്ഷ സർക്കാർ “നടത്തുന്ന പ്രദർശന വസ്തുക്കൾ!

ഇത്തരം പ്രദർശനങ്ങളിലേ “Ethinic Village”കളിൽ “ഗോത്ര വിഭാഗക്കാർ” അവരുടെ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ വെള്ളക്കാരായ നഗരവാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുമായിരുന്നു. കുട്ട നെയ്യാനും അടുക്കള പാത്രങ്ങൾ പ്രദർശിപ്പിച്ചും ആഘോഷവേളകളിലേയും മരണസമയത്തേയും ആചാരനൃത്തങ്ങൾ കളിപ്പിച്ചും ആദിവാസികളെക്കൊണ്ട് “പുരോഗമന സർക്കാർ” നടത്തുന്ന പ്രദർശനം എത്ര ഭീകരമായാണ് യൂറോപ്യൻ കൊളോണിയൽ വർണ്ണവെറിയെ പകർത്തുന്നതെന്നത് കേരളത്തിന്റെ ഭരണരാഷ്ട്രീയ നേതൃത്വത്തിന്റെ ചരിത്രപരമായ പ്രതിലോമസ്വഭാവത്തെ തുറന്നുകാട്ടുന്നുണ്ട്.

സാറാ ബാർട്ട്മാൻ
ലണ്ടനിലും പാരീസിലും വെള്ളക്കാർക്ക് മുന്നിൽ “തടിച്ച പൃഷ്ഠവും വലിയ ലൈംഗികാവയവങ്ങളും” ഉള്ള കറുത്ത വർഗക്കാരിയായി പ്രദർശിപ്പിക്കപ്പെട്ട സാറാ ബാർട്ട്മാൻ എങ്ങനെയാണ് അടിമകളാക്കപ്പെട്ട കറുത്ത മനുഷ്യൻ പ്രദർശനവസ്തുവാകുന്നത് എന്നതിന്റെ ഭീതിദമായ കാഴ്ചയായിരുന്നു. 1789-ൽ ദക്ഷിണാഫ്രിക്കയിലെ ജനിച്ച സാറയെ 1810-ൽ ഒരു ഇംഗ്ലീഷ് കപ്പലിലെ ഡോക്ടറായ വില്യം ഡൺലപ്പും ഇത്തരം പ്രദർശനങ്ങളുടെ കച്ചവടക്കാരനായ ഹെൻറിക് സീസേഴ്സും കൂടി ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നു. അവരുടെ തടിച്ച പൃഷ്ഠവും (Steatopygia) വലിയ ലൈംഗികാവയങ്ങളും ആയിരുന്നു പ്രദർശനാകർഷണമായി പ്രചരിപ്പിച്ചത്. ലണ്ടനിലെ പിക്കാഡല്ലി സർക്കസിലെ പ്രദർശനസ്ഥലത്ത് “Hottenhot Venus” എന്ന പേരിൽ സാറ പ്രദർശിപ്പിക്കപ്പെട്ടു. തിരുവന്തപുരത്തെന്നപോലെ ലണ്ടനിലും പരിപാടി വൻവിജയമായിരുന്നു.

ലണ്ടനിലെ കാഴ്ചക്കാരുടെ തള്ളിക്കയറ്റം ഒന്ന് കുറഞ്ഞപ്പോൾ സീസേഴ്സ് സാറയെ പാരീസിലേക്ക് കൊണ്ടുപോയി. 26 വയസിൽ സാറ മരിച്ചു. സാറയുടെ തലച്ചോറും ജനനേന്ദ്രിയങ്ങളും 1974-വരെ പാരീസിൽ പൊതുപ്രദർശനത്തിന് വെച്ചിരുന്നു. 1994-ൽ ദക്ഷിണാഫ്രിക്കയുടെ വിമോചനത്തിന് ശേഷം നെൽസൺ മണ്ടേല പ്രസിഡണ്ടായപ്പോൾ സാറയുടെ ഭൗതികാവിഷ്ടങ്ങൾ നൽകണമെന്ന് ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. അങ്ങനെ തന്റെ യൂറോപ്യൻ പ്രദർശനയാത്രക്കായി കപ്പൽ കയറി 192 വർഷങ്ങൾക്ക് ശേഷം സാറ ബാർട്ട്മാൻ ദക്ഷിണാഫ്രിക്കയിലെ ഹാൻകെയിൽ സംസ്കരിക്കപ്പെട്ടു. കൊളോണിയൽ വിരുദ്ധ വിമോചന സമരത്തിന്റെ രാഷ്ട്രീയ കടമയായിരുന്നു ആ ശവസംസ്ക്കാരം. സാറയോടുള്ള ആഫ്രിക്കയുടെ ആദരവ് കടലുകളിലെറിഞ്ഞും യൂറോപ്പിലെയും യു എസിലെയും അടിമത്താവളങ്ങളിൽ നരകിച്ചും പോയ ഒരു മഹാഭൂഖണ്ഡത്തിലെ പേരറിയാത്ത എല്ലാ കറുത്ത മനുഷ്യർക്കുമുള്ള ആദരവായിരുന്നു. മനുഷ്യാന്തസ്സിനുവേണ്ടി അതിധീരമായ സമരങ്ങളുടെ നടവഴികൾ തീർത്ത കേരളത്തിൽ അതിന്റെ വിത്തെടുത്തു കുത്തിത്തിന്നുന്ന പുത്തൻ സീസർമാർ ആദിവാസി ജീവിതത്തെ പ്രദർശനവസ്തുവാക്കുന്നത് ശത്രുക്കൾപ്പോലും കരുതാത്ത പതനമാണ്.

1897-ലാണ് ബെൽജിയത്തിലെ രാജാവ് (Leopald 2) തന്റെ കോളനിയായിരുന്ന കോംഗോയിൽ നിന്ന് തന്റെ പ്രജകൾക്ക് കണ്ടു രസിക്കാൻ ബ്രസൽസിലേക്ക് 267 കോംഗോ നിവാസികളെ കൊണ്ടുവന്നത്. ബെൽജിയത്തിലെ നാല് ദശലക്ഷം മനുഷ്യരിൽ 1.3 ദശലക്ഷം പേരും തിക്കിത്തിരക്കി ആ പ്രദർശനം കണ്ടു. അവസാന പ്രദർശനം 1958-ൽ നടക്കുമ്പോൾ തിരക്കിത്തിരി കുറഞ്ഞെങ്കിലും “കൗതുകം” ശമിച്ചിരുന്നില്ല. 2023-ൽ ആ കൗതുകം തിരുവനന്തപുരത്ത് ആവർത്തിക്കുമ്പോൾ അതിന്റെ ചരിത്രപരമായ മനുഷ്യത്വവിരുദ്ധത മനസിലാക്കാൻ പോലും കഴിയാത്തവിധത്തിൽ കപടന്മാരായിക്കഴിഞ്ഞിരിക്കുന്നു കേരളത്തിന്റെ ഭരണരാഷ്ട്രീയ നേതൃത്വം.

എന്തുകൊണ്ടാണ് കേരളത്തിലെ നായർ തറവാടുകളും അവിടുത്തെ ജീവിതവും വീട്ടുകാരും, നമ്പൂതിരി ഇല്ലങ്ങളും മറക്കുടയും ഘോഷയുമായി ഓട്ടുവളകളണിഞ്ഞ നമ്പൂതിരി സ്ത്രീകളും, കൃസ്ത്യൻ വീടുകളുമൊന്നും ഇത്തരം പ്രദർശനശാലകളിലില്ലാത്തത് എന്നതിന്റെ ഉത്തരം എന്തുകൊണ്ടാണ് ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും പ്രദർശിപ്പിച്ചിടത്ത് വെള്ളക്കാരനെ പ്രദർശിപ്പിക്കാഞ്ഞത് എന്നതുതന്നെയാണ്. ഈ മനുഷ്യത്വവിരുദ്ധമായ ആഭാസത്തിന് കേരള സർക്കാർ മാപ്പു പറയേണ്ടിയിരിക്കുന്നു. ഒപ്പം അവിടെ തിക്കിത്തിരക്കുന്ന മനുഷ്യർ കേരളത്തിന്റെ ഫാഷിസ്റ്റ് സമൂഹത്തിലേക്കുള്ള പ്രയാണത്തിനെക്കുറിച്ചുള്ള ഭീതിദമായ ഉൾക്കാഴ്ച തരുന്നുണ്ട്. ഫാഷിസ്റ്റ് സമൂഹത്തിലെ തെരഞ്ഞെടുപ്പുകളിൽ ആര് വിജയിക്കും എന്നാകുന്നു കേരളത്തിലെ രാഷ്ട്രീയം എന്നുവരികയാണ്.

Follow us on | Facebook | Instagram Telegram | Twitter | Threads