അര്‍ബന്‍ നക്സല്‍; സംഘ് പരിവാറിന്‍റെ ചാപ്പകുത്തലില്‍ കേരളത്തിലെ ആദ്യ അറസ്റ്റ്

അര്‍ബന്‍ നക്സലെന്നും അര്‍ബന്‍ മാവോയിസ്റ്റെന്നുമുള്ള ചാപ്പ കുത്തല്‍ സ്വതന്ത്ര ചിന്തയെയും ഇടതുപക്ഷ ആശയങ്ങളെയും നേരിടാന്‍ സംഘപരിവാരം രൂപപ്പെടുത്തിയതാണെന്നും നമുക്കറിയാം. അതില്‍പ്പെടുത്തി കേരളത്തില്‍ നടന്ന ആദ്യ അറസ്റ്റാണ് അലന്‍ താഹമാരുടേത്… ഡോ. ആസാദ്, അശോകന്‍ ചെരുവിലിന് എഴുതിയ കത്ത്;

പ്രിയ അശോകന്‍ ചെരുവില്‍,

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരായ താങ്കളുടെയും താങ്കളുടെ നേതൃത്വത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും നിലപാട് അഭിനന്ദനീയവും ആദരണീയവുമാണ്. ആ സമരത്തില്‍ നമുക്കിടയില്‍ അഭിപ്രായഭേദമില്ല.

പൗരത്വ നിയമ ഭേദഗതി മാത്രമല്ല യു.എ.പി.എ, എന്‍.ഐ.എ നിയമ ഭേദഗതികളും അതിനുമുമ്പുണ്ടായ 370-ാം വകുപ്പ് എടുത്തു കളയലും മുത്തലാഖ് നിയമ ഭേദഗതിയുമെല്ലാം ആര്‍ എസ് എസ് അജണ്ടയുടെ പൂര്‍ത്തീകരണമാണെന്ന് നമുക്കറിയാം. അവര്‍ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണത്തിലാണ്. അതിനവര്‍ക്ക് കമ്യൂണിസ്റ്റുകാരെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം. ആ അറിവും ജാഗ്രതയും നമുക്ക് ഒരുപോലെയുണ്ട്.

ഇന്നോളം ഒരു കുറ്റവും ആരോപിക്കപ്പെടാത്ത അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി തടവിലടച്ചത് എന്തിനാണെന്ന സംശയം പൊതുസമൂഹത്തിനുണ്ട്. താങ്കള്‍ക്കും അതില്‍ വേറിട്ട ഒരു നിശ്ചയമുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. അര്‍ബന്‍ നക്സലെന്നും അര്‍ബന്‍ മാവോയിസ്റ്റെന്നുമുള്ള ചാപ്പ കുത്തല്‍ സ്വതന്ത്ര ചിന്തയെയും ഇടതുപക്ഷ ആശയങ്ങളെയും നേരിടാന്‍ സംഘപരിവാരം രൂപപ്പെടുത്തിയതാണെന്നും നമുക്കറിയാം. അതില്‍പ്പെടുത്തി കേരളത്തില്‍ നടന്ന ആദ്യ അറസ്റ്റാണ് അലന്‍ താഹമാരുടേത്.

ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തിന്റെ കര്‍മ്മപദ്ധതി മുന്നേറുകയാണ്. അലന്‍ താഹമാരുടെ അറസ്റ്റും യു.എ.പി.എ കേസും വരാനിരിക്കുന്ന വന്‍വിപത്തിന്റെ ആരംഭമായി കാണാന്‍ താങ്കള്‍ക്കും താങ്കളുടെ സംഘടനക്കും കഴിയുമെന്ന് ഞാന്‍ കരുതുന്നു. അവരുടെ വിമോചനത്തിന്, യു.എ.പി.എ റദ്ദാക്കുന്നതിന്, ഇന്ത്യന്‍ നാസികളുടെ ഹിന്ദുത്വ മതരാഷ്ട്ര സ്വപ്നം തകര്‍ക്കുന്നതിന്, നാം സാംസ്കാരിക പ്രവര്‍ത്തകരാകെ ഒരുമിക്കേണ്ടതുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ് അലന്‍ താഹമാരുടെ വിമോചനത്തിനുള്ള സമരവുമെന്ന് താങ്കള്‍ അംഗീകരിക്കും എന്നാണ് എന്റെ വിശ്വാസം. താങ്കളും താങ്കളുടെ സംഘടനയും അലന്‍ താഹമാരുടെ കാര്യത്തില്‍ തുറന്ന അഭിപ്രായ പ്രകടനം നടത്തണമെന്നും ശക്തമായ സമര നിലപാട് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
_ ആസാദ്
31 ഡിസംബര്‍ 2019

Leave a Reply