അല്ലാഹു അക്ബര്‍ കേള്‍ക്കുമ്പോള്‍ അസ്വസ്ഥനാകുന്ന ശശി തരൂര്‍

ഇന്ത്യയില്‍ പുതിയ നിയമഭേദഗതിയില്‍ പൗരത്വം നിഷേധിക്കുന്നത് മുസ്‌ലിങ്ങള്‍ക്ക് മാത്രമാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, പൗരത്വ പട്ടിക എന്നിവ പൂര്‍ത്തിയാകുന്ന മുറക്ക് അത് തെളിയും. സ്വാഭാവികമായും മുസ്‌ലിങ്ങള്‍ ആയിരിക്കും ഇതിനെതിരായ സമരത്തിന്‍റെ മുന്‍നിരയിലും.

ഇടതുപക്ഷ, കോണ്‍ഗ്രസ് നേതാക്കളെ സൃഷ്ടിച്ച സമരങ്ങളുടെ പാരമ്പര്യമുളള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നല്ല ഈ വിപ്ലവം തുടങ്ങിയത് എന്ന് പ്രത്യേകം ഓര്‍ക്കുക. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലയില്‍ നിന്നാണ്. അതിന്‍റെ തുടര്‍ച്ച ആദ്യമുണ്ടായത് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും ലഖ്നോയിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ കോളജില്‍ നിന്നുമാണ്.

ജാമിഅയിലെ വിദ്യാര്‍ഥികളുടെ മേല്‍ അമിത് ഷായുടെ പോലിസ് നായാട്ട് നടത്തിയപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ പിന്തുണയുമായെത്തി. ഇത് ഒരു പ്രതീകമാണ്, മുസ്‌ലിങ്ങള്‍ നയിക്കുന്ന ഈ സമരത്തെ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലെ മുഴുവന്‍ പേരും പിന്തുണക്കുകയാണ് വേണ്ടത്.

മുസ്‌ലിങ്ങള്‍ ആണ് എന്നതാണ് പൗരത്വം നിഷേധിക്കാനുളള കാരണം.മുസ്‌ലിങ്ങള്‍ സ്വത്വം ഉപേക്ഷിച്ചു ഹിന്ദു ധാരയില്‍ ലയിച്ചാല്‍ ഞങ്ങള്‍ അംഗീകരിക്കാം എന്ന് 1939ല്‍ ആര്‍.എസ്.എസ് തലവന്‍ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചതാണ്. സ്വത്വം സംരക്ഷിക്കാന്‍ ആണ്, സ്വത്വത്തോടെ ഇന്ത്യയില്‍ ജീവിക്കാനാണ് മുസ്‌ലിങ്ങള്‍ പൊരുതുന്നത്. അവിടെ മുസ്‌ലിങ്ങള്‍ അവരുടെ വിശ്വാസം, വിശുദ്ധ ഗ്രന്ഥം, ആചാരങ്ങള്‍, അനുഷ്ഠനങ്ങള്‍, വേഷം, മുദ്രവാക്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല.

ആര്‍.എസ്.എസ് നടപ്പാക്കുന്ന വിവേചന പദ്ധതിയെ ചെറുക്കുന്നത് ആത്മാര്‍ഥതയോടെയാണെങ്കില്‍ നിങ്ങള്‍ക്ക് മുസ്‌ലിങ്ങളുടെ തക്ബീര്‍, വേഷം തുടങ്ങിയവയോട് എതിര്‍പ്പ് ഉണ്ടാകേണ്ടതില്ല. അങ്ങനെ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നെങ്കില്‍ നിങ്ങള്‍ക്ക് ഈ സമരം വെറും രാഷ്ട്രീയ പ്രചാരണമാണ്. നിങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സ്വത്വം മറച്ചുപിടിക്കാന്‍ മുസ്‌ലിങ്ങള്‍ തയ്യാറല്ല.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വിളിച്ച മുദ്രാവാക്യം ‘വന്ദേ മാതരം’ ആണ്. ആ മുദ്രാവാക്യം ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ നോവലില്‍ ബംഗാളി സവര്‍ണ ഹിന്ദുക്കള്‍ മുസ്‌ലിങ്ങള്‍ക്കെതിരേ കലാപത്തിനു പുറപ്പെടുമ്പോള്‍ കാളിയെ വന്ദിക്കാന്‍ വിളിച്ചതാണ്. അതില്‍ ശശി തരൂരിന് അസ്വസ്ഥത തോന്നാത്തതെന്താണ് ?

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരേ സംഘപരിവാരം കേരളം മുഴുവന്‍ കലാപം നടത്തിയത് ‘സ്വാമി ശരണം’ വിളിച്ചാണ്. ആ സമരത്തില്‍ കോണ്‍ഗ്രസ് അണിനിരന്നപ്പോള്‍, സ്വാമി ശരണം വിളിച്ചപ്പോള്‍ ശശി തരൂര്‍ ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് നേതാവിനും അസ്വസ്ഥത തോന്നിയില്ല.

സര്‍ക്കാര്‍ പരിപാടിയില്‍ ഹിന്ദു ആചാരമായ നിലവിളക്ക് കൊളുത്താന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരേ നിലവിളക്ക് സമരം നടത്തിയ ഡി.വൈ.എഫ്.ഐയാണ് പൗരത്വ നിഷേധത്തിനെതിരേ മുസ്‌ലിങ്ങള്‍ നടത്തുന്ന സമരത്തില്‍ തക്ബീര്‍ മുഴക്കിയതില്‍ തകരാറ് കണ്ടെത്തുന്നത്. ഭൂമി പൂജ നടത്തിയും ഗണപതിക്ക് തേങ്ങയുടച്ചും നിലവിളക്ക് കൊളുത്തിയും സര്‍ക്കാരിന്‍റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നവരാണ്, മുസ്‌ലിങ്ങള്‍ അവരുടെ സമരത്തില്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചതിന്‍റെ ഫിഖ്ഹ് തിരയുന്നത്.

ഈ പൗരത്വ നിഷേധം മുസ്‌ലിങ്ങളുടെ ചരിത്രത്തില്‍ പുതിയതല്ല. ഇത്തരം നിരവധി വംശഹത്യകളെ അതിജീവിച്ചാണ് ഈ സമൂഹം എത്തിനില്‍ക്കുന്നത്. അതിന് സഹായിച്ചത് നിങ്ങള്‍ പറയുന്ന ഘടകങ്ങളൊന്നുമല്ല. മറിച്ച്, അല്ലാഹുവിലുളള അചഞ്ചലമായ വിശ്വാസമാണ്. അതിന് മാത്രമേ ഞങ്ങളെ ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കാന്‍ കഴിയൂ

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു; ”നിങ്ങള്‍ക്കു മുമ്പ് പല ദൈവിക നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ച് സത്യ നിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവീന്‍”

”നിങ്ങള്‍ ദുഃഖിക്കുകയോ ദൗര്‍ബല്യം കാണിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍”

”നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് അക്കൂട്ടര്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ ദിവസങ്ങളിലെ ജയപരാജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയാനും നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കാനും കൂടിയാണ്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.”
_ സി പി മുഹമ്മദലി

Leave a Reply