പൗരത്വ ഭേദഗതി ബില്ലിനെ ചെറുക്കുക, വിജയം നമ്മളുടേത്; പോരാട്ടം

പൗരത്വ ഭേദഗതി ബിൽ; ഇന്ത്യയെന്ന ഭൂപടം ലോകത്ത് നിവർത്തുന്നതിൽ ചോരയും നീരുമൊഴുക്കി ജീവൻ ത്യജിച്ച മുസ്‌ലിങ്ങളെ ഒഴിവാക്കാനുള്ള ബിൽ…

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐക്യപ്പെട്ടു പോരാടാൻ ആഹ്വാനം ചെയ്ത് “പോരാട്ടം”. ഹിന്ദുത്വ രാജ്യം സ്ഥാപിക്കുക എന്ന അക്രമാസക്ത ബ്രാഹ്മണവാദ ലക്ഷ്യമാണ് പൗരത്വ ഭേദഗതി ബിലിന്റെ ലക്ഷ്യമെന്നും ഇത് സവർക്കരുടെ സ്വപ്നമായിരുന്നുവെന്നും പോരാട്ടം ജനറൽ കൗൺസിലിനുവേണ്ടി ചെയർ പേർസൺ എം എൻ രാവുണ്ണിയും ജനറൽ കൺവീനർ ഷാന്റോ ലാലും പത്രപ്രസ്താവനയിൽ പറയുന്നു.

പൗരത്വ ഭേദഗതി ബിൽ, ഇന്ത്യയെന്ന റിപബ്ലിക്കിന്റെ ഭൂപടം ലോകത്ത് നിവർത്തുന്നതിൽ ചോരയും നീരുമൊഴുക്കി ജീവൻ ത്യജിച്ച ഒരു ജനവിഭാഗത്തെ മുസ്‌ലിം ജനവിഭാഗത്തെ മത വിശ്വാസത്തിന്റെ പേരിൽ ഒഴിവാക്കാനുള്ളതാണ്. ഹിന്ദുത്വ രാജ്യം സ്ഥാപിക്കുക എന്ന അക്രമാസക്ത ബ്രാഹ്മണവാദ ലക്ഷ്യമാണ് ഇതിലുള്ളത്. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചെരുപ്പു നക്കിയും ഗാന്ധിവധത്തിലെ ഗൂഢാലോചകനണെന്ന് കുറ്റം ചുമത്തപ്പെട്ടവനുമായിരുന്ന സവർക്കരുടെ സ്വപ്നമാണ്.

ഈ ബിൽ ഭരണഘടനയുടെ അനുഛേദം: 14, 21ന്റെ നിഷേധമാണ്. മതവിശാസത്തിന്റെ പേരിലാണ് ഇന്നത്തെ വിവേചനമെങ്കിൽ നാളെ അത് ഇതര വിശ്വാസങ്ങൾക്കെതിരേയും നീളുമെന്ന വിപത്തുകൂടിയുണ്ട്. മാത്രമല്ല, വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള പൗരത്വ നിർണ്ണയം ഭരണഘടനയുടെ അടിസ്ഥാന പ്രഖ്യാപനമായ ‘ഇന്ത്യ ഒരു മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ്, ‘ എന്ന പ്രമാണത്തിന് തന്നെ വിരുദ്ധവുമാണ്.

ഈ ബിൽ മാന്യമോ ന്യായമോ സ്വാഭാവിക നീതിക്ക് നിരക്കുന്നതോ പോലുമല്ല. അതുകൊണ്ടു തന്നെ ഇന്ത്യ കൂടി ഒപ്പുവെച്ചിട്ടുള്ള ജനീവ കരാറിന്റെ ലംഘനം കൂടിയാണ്. ഈ ബില്ല് നടപ്പാക്കാനുള്ള തിടുക്കത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നൂറംബർഗ്ഗ് വിചാരണ പോലുള്ള കുറ്റവിചാരണ നടത്തി ശിക്ഷിക്കാൻ പോലും ജനങ്ങൾക്കധികാരമുണ്ട്. മുസോളിനിയുടെ വധം ചരിത്രം അങ്ങിനെയാണ് ന്യായികരിച്ചത്.

അതുകൊണ്ടു, ഭരണഘടനാവിരുദ്ധമായ സ്വാഭാവിക നീതിക്കു പോലും എതിരായ ഒന്നിനെ ഉയർത്തിപ്പിടിക്കാനോ നടപ്പിലാക്കാനോ ഉള്ള ബാധ്യത ഇന്ത്യയിലെ ഒരു പൗരനൊ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സർക്കാരുകൾക്കൊ ഇല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ “ഈ ബിൽ കേരളം നടപ്പാക്കുകയില്ല” എന്ന് പ്രഖ്യാപിച്ചത് സത്യസന്ധമാണെങ്കിൽ സന്തോഷം. ഇത് ശബരിമല വിഷയത്തിലെന്ന പോലെ വെറും വാചകമടി എന്നതിലപ്പുറം, സി.പി.എമും ഇടതെന്നു പറയുന്ന കേരള സർക്കാരും ഭരണഘടനയോടും കേരള ജനതയോടും കൂറുപുലർത്താനും തോളോടുതോൾ നിൽക്കാനും മുന്നോട്ടു വരണം, കുറഞ്ഞത് പൗരത്വ ബില്ലിന്റെ കാര്യത്തിലെങ്കിലും. അന്തിമമായി എല്ലാറ്റിന്റേയും വിധികർത്താക്കൾ പൊരുതുന്ന ജനതയാണ്. ഉണരുക, ഐക്യപ്പെടുക, ചെറുക്കുക വിജയം നമ്മളുടേതാണ്, പ്രസ്താവനയിൽ പറയുന്നു.

Leave a Reply