ചൂടുപിടിക്കുന്ന ഈ ശൈത്യം വസന്തത്തിന്റെ ഭാവിയെ നിർണ്ണയിക്കാനുള്ളത്
ഉത്തരേന്ത്യയിലെ ഈ ശൈത്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ വസന്തത്തിന്റെ ഭാവിയെ നിർണ്ണയിക്കാൻ ശേഷിയുള്ളതാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനിടയിലെ ഏറ്റവും കടുത്ത ശൈത്യത്തിലാണ് ഡൽഹിയിപ്പോൾ. അത് ഈ റിപ്പബ്ലിക്കിന്റെ അസ്ഥി തുളയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ഭീകരതയുടെ ആക്രമണകാലത്താണ് എന്നത് ഈ ശീതത്തിന് ചൂട് പിടിപ്പിക്കുന്നുണ്ട്. ഒരു ശൈത്യം ഒരു ജനാധിപത്യത്തെ എങ്ങനെ നിർണയിക്കാൻ പോകുന്നു എന്നത് ഒരു കാലാവസ്ഥ പ്രതിഭാസമല്ല, ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. ഇന്ത്യ അതിനെ മൂടിക്കെട്ടിയ മഞ്ഞിനോട് പൊരുതുകയാണ്.
ചരിത്രത്തിൽ ഫാഷിസത്തിന്റെ തുടർച്ചയായ കടന്നാക്രമണങ്ങൾക്ക് അന്ത്യം കുറിച്ചത് ഇതിനെക്കാളും എത്രയോ കഠിനമായ മറ്റൊരു ശൈത്യത്തിലാണ്. നദികളുറയുന്ന ഒരു റഷ്യൻ ശീതകാലത്ത് രണ്ടു കോടി റഷ്യക്കാരുടെ ജീവത്യാഗത്തിനൊടുവിൽ ഹിറ്റ്ലറുടെ ഫാഷിസ്റ്റ് പട പരാജയപ്പെട്ടപ്പോൾ അത് ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ഒരു രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ വിജയം കൂടിയായിരുന്നു. 1941 ജൂൺ 22-നു 2700 ജർമ്മൻ യുദ്ധ വിമാനങ്ങൾ സോവിയറ്റ് യൂണിയന്റെ അതിരുകൾക്കുള്ളിലേക്ക് ഇരമ്പിഎത്തുമ്പോൾ ഹിറ്റ്ലർ മാത്രമല്ല യു എസും ബ്രിട്ടനും അടക്കമുള്ള മുതലാളിത്ത രാജ്യങ്ങളും ധരിച്ചത് സോവിയറ്റ് യൂണിയന്റെ പതനം ഒരു സമയക്രമം നിശ്ചയിക്കുന്നതിലെ കാലതാമസം മാത്രമാണ് എന്നാണ്.
പോളണ്ട്, ഡെന്മാർക്, ബെൽജിയം, ഹോളണ്ട്, ഫ്രാൻസ്, റൊമാനിയ, യൂഗോസ്ളാവിയ, ഗ്രീസ് അങ്ങനെയങ്ങനെ യൂറോപ്പ് സ്വസ്തികയുടെ കോടി പുതച്ച് നാസി വിധേയത്വത്തിന്റെ മൗനമരണത്തിലേക്ക് നീണ്ടു നിവർന്നു കിടന്നു കഴിഞ്ഞിരുന്നു. ഭൂപടത്തിൽ ഹിറ്റ്‌ലർ തൊടുന്നയിടങ്ങളിലേക്ക് അതിരുകൾ ഭേദിച്ച് ജർമ്മൻ സേനയെത്തിക്കൊണ്ടിരുന്നു. ഫാഷിസ്റ്റുകളുടെ ദല്ലാളുകൾ ഓരോ രാജ്യത്തും മാളങ്ങളിൽ നിന്നും പുറത്തുവന്നു. വംശീയതയുടെ അശ്ലീലഭാഷ യൂറോപ്പിൽ അധികാരത്തിന്റെ ഭാഷയായി. തടങ്കൽപ്പാളയങ്ങളിൽ നാഗരികതയുടെ നാനാർത്ഥങ്ങളിലേക്ക് ഫാഷിസം പുതിയ നൃശംസതകൾ കയറ്റിവിട്ടു. ജൂതപ്പെൺകുട്ടികളുടെ കന്യാചർമ്മങ്ങൾകൊണ്ടവർ തൊപ്പികളുണ്ടാക്കി. എല്ലും പല്ലും കുപ്പായക്കുടുക്കുകളായി. രാസസംയുക്തങ്ങൾ പരീക്ഷിക്കപ്പെട്ട ശരീരങ്ങൾ നഖവും മുടിയും കൊഴിഞ്ഞു ശൂന്യമായ കണ്ണുകളോടെ അകലെയുള്ള മനുഷ്യർക്ക് വേണ്ടി നോക്കിയിരുന്നു. കമ്മ്യൂണിസ്റ്റുകാർക്കും ജൂതന്മാർക്കും വേണ്ടി വിഷപ്പുകയുടെ മരണഗുഹകൾ ജീവനോടെ തുറക്കുകയും മരണത്തിലേക്ക് അടക്കുകയും ചെയ്തു. സ്വകാര്യ മൂലധനത്തിന്റെ കൊള്ളലാഭത്തിനു മാത്രം കുറവൊന്നും വന്നിരുന്നില്ല. മുതലാളിത്ത ചൂഷണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് ഫാഷിസം എന്നതിനെ അവർ സാധൂകരിച്ചുകൊണ്ടിരുന്നു.
ഉക്രെയിൻ അതിർത്തി കടന്നെത്തിയ ജർമ്മൻ സേനക്ക് ഉക്രെയിൻ ദേശീയവാദികളിൽ നിന്നും പനിനീർപ്പൂക്കൾ വരെ കിട്ടി. ” നമ്മൾ വാതിലൊന്നു തട്ടി താഴെയിട്ടാൽ മതി. ജീർണിച്ച സംവിധാനം തകർന്നു വീണോളും”, എന്ന് ഹിറ്റ്ലർ സോവിയറ്റ് യൂണിയനിലേക്കുള്ള അധിനിവേശത്തിൽ ആത്മവിശ്വാസം നിറച്ചു. ആറാഴ്ച്ച കൊണ്ട് ഫ്രാൻസിനെ കീഴടക്കിയ ഹിറ്റ്ലർക്ക് ആത്മവിശ്വാസത്തിനു വകയുണ്ടായിരുന്നു. ആദ്യമാസങ്ങളിൽ ഹിറ്റ്ലറുടെ ആര്യസാമ്രാജ്യ സങ്കൽപ്പത്തിന്റെ അധിനിവേശസേനയുടെ പടയോട്ടത്തിൽ രണ്ടു ലക്ഷത്തോളം സോവിയറ്റ് സൈനികർ കൊല്ലപ്പെട്ടു. ആറരലക്ഷത്തോളം പേര് തടവുകാരായി. പക്ഷെ ഒരു യുദ്ധം നിങ്ങൾ തോൽക്കാൻ തുടങ്ങുന്നത് നിങ്ങൾ ഒരു ജനതയെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് എന്ന് ഹിറ്റ്‌ലർ തിരിച്ചറിയാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു.
എങ്കിലും ഒക്ടോബർ അവസാനത്തോടെ ദൂരദർശിനിക്കുഴലിലൂടെ മോസ്കോയിലെ ഗോപുരങ്ങൾ നോക്കി ജർമ്മൻ ജനറൽമാർ ഫ്യുറർക്ക് നൽകാനുള്ള സ്വീകരണത്തിന്റെ വരികൾ കണക്കുകൂട്ടാൻ തുടങ്ങി. പക്ഷെ റഷ്യയിൽ ശൈത്യം വീണു തുടങ്ങിയിരുന്നു. ജനങ്ങൾ തങ്ങളുടെ വിപ്ലവരാഷ്ട്രത്തെ സംരക്ഷിക്കാൻ യുദ്ധമുന്നണിയിലേക്ക് വീണുപോയ സൈനികരുടെതോക്കുകളെടുത്തു കൈകളിൽ നിന്നും കൈകൾ മാറി പോയികൊണ്ടിരുന്നു. ഡിസംബറായതോടെ മഞ്ഞുപുതഞ്ഞ മണ്ണിൽ ജർമ്മൻ ടാങ്കുകളും സൈനികരും മരവിച്ചു കിടക്കാൻ തുടങ്ങി. റഷ്യൻ ശൈത്യത്തിൽ സോവിയറ്റ് യൂണിയനിലെ ജനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പോരാട്ടവീറിൽ ജർമ്മൻ ഫാഷിസം അതിന്റെ ശവക്കുഴിയിലേക്ക് നടക്കാൻ തുടങ്ങി. ബെർലിനിലെ ഒരു ബങ്കറിൽ ഒരു കൈതോക്കെടുത്തു തന്റെ സ്വപ്നങ്ങളുടെ തലയിലേക്ക് ഉന്നം നോക്കിയ ഹിറ്റ്‌ലർ മരിച്ചു രണ്ടു നാൾക്കുള്ളിൽ ബെർലിനിലെ റെയ്സ്റ്റാഗ് മന്ദിരത്തിൽ അലെക്‌സായി കോവ്‌ലോവ്, അബ്ദുൽ ഹക്കിം ഇവാലോവ് എന്ന റഷ്യൻ സൈനികർ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുവന്ന പതാക ഉയർത്തുമ്പോൾ ഫാഷിസത്തിന്റെ ശൈത്യരാത്രികളുടെ കഥകൾ ഓഷ്വിറ്റ്സിലെയും മറ്റനേകം തടങ്കൽപ്പാളയങ്ങളിലെയും കവാടങ്ങൾ കടന്നു, നടക്കുന്ന നിഴലുകളായി തുറന്ന വാതിലുകൾ സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാത്ത വിധത്തിലുള്ള മനുഷ്യർ പതുക്കെ വരിതെറ്റിച്ചു പുറത്തേക്ക് നടക്കുകയായിരുന്നു.
റഷ്യൻ ശൈത്യമല്ല, ആ മഞ്ഞിലൂടെ മുന്നോട്ടുവന്ന മനുഷ്യരുടെ പോരാട്ടമാണ് ഹിറ്റ്ലറുടെ ഫാഷിസ്റ്റ് സാമ്രാജ്യ പദ്ധതിയെ തകർത്തത്. ദില്ലി തണുക്കുകയാണ്. ഉത്തരേന്ത്യയിൽ തണുപ്പ് ഒരു കാലമായി വരുന്നു. നീണ്ടുപോകുന്ന ഒരു ശൈത്യത്തിലേക്ക് നിശബ്ദമായി ഉറഞ്ഞുകൂടിയിരിക്കേണ്ടിവരും ഈ രാജ്യത്തിനു എന്ന നിശബ്ദവിലാപങ്ങൾക്കു മേൽ മനുഷ്യരുടെ പ്രതിരോധത്തിന്റെ ശബ്ദം കയറിവരികയാണ്. പുകമഞ്ഞിനിടയിലൂടെ ജനാധിപത്യത്തിന്റെ കൊടികൾ. ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ. ഇന്ക്വിലാബിന്റെ ഉറച്ച മുഷ്ടികൾ. മനുഷ്യരുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ, നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള അയനനൈരന്ത്യര്യത്തിന്റെ കാലടിശബ്ദങ്ങൾ. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ആക്രമണഹുങ്കാരങ്ങളിലേക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം കടക്കുന്നത്. ഈ ശൈത്യം ചരിത്രത്തിലേക്ക് നടക്കുകയാണ്. അതുകൊണ്ട് അതിന്റെ തണുപ്പിന് എന്നത്തേക്കാളും ചൂടുണ്ട്.
_ പ്രമോദ് പുഴങ്കര