ഖവ്വാലിക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ തീരുമോ അമീർ ഖുസ്രുവിന്റെ ചരിത്രം?
“ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രശസ്ത കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയുടെ സൂഫി ഖവ്വാലി അവതരണം അധികൃതര്‍ തടസപ്പെടുത്തി. വ്യാഴാഴ്ച രാത്രി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സൂഫി ഭക്തിഗാനത്തോടെയുള്ള ഖവ്വാലി തുടങ്ങിയപ്പോള്‍ മ്യൂസിക് ഓഫ് ചെയ്യുകയായിരുന്നു. “ഇവിടെ ഖവ്വാലി വേണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി, ഇന്നത്തെ ഷോ എന്റെ ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടും”, മഞ്ജരി ചതുര്‍വേദി പറഞ്ഞു…”
നാസര്‍ മാലിക്
യുപിയിൽ ഖവ്വാലി അവതരിപ്പിക്കുന്നതിന് വരെ യോഗി സർക്കാർ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മുസ്‌ലിം സമുദായത്തെ സാമൂഹികമായി അപരവൽക്കരിക്കുന്നതിന് ഒപ്പം സാംസ്കാരികമായും ഭാഷാപരമായും ചരിത്രപരമായും കൂടി അപരവൽക്കരിക്കുക എന്നത് ഹിന്ദുത്വ ഫാസിസ്റ്റുകൾ കാലങ്ങളായി തുടങ്ങിയ ജോലിയാണ് . സ്വന്തം പേരിൽ വെറുപ്പിന്റെയും ഹിംസാത്മകതയുടെയും അല്ലാത്ത ഒരു ചരിത്രവും അവകാശപ്പെടാൻ ഇല്ലാത്തവർ താജ് മഹൽ തേജോ മഹൽ ആക്കിയും, ഉറുദു ഭാഷയെ റദ്ദ് ചെയ്തും , നഗരങ്ങളുടെ പേരുകൾ മാറ്റിയും അപരവൽക്കരണത്തിന്റെ മറ്റൊരു വശം അതി സമർത്ഥമായി തന്നെ മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്.
മുസ്‌ലിം സാംസ്‌കാരിക പൈതൃകങ്ങളെ പേരുകൾ മാറ്റി ഹിന്ദുത്വ സാംസ്കാരികതയിലേക്ക് ചേർക്കുക എന്നത് കൊണ്ട് കൃത്യമായ ഫാസിസ്റ്റ് രാഷ്ട്രീയം തന്നെയാണ് ഹിന്ദുത്വവാദികൾ ലക്ഷ്യം വെക്കുന്നത് . സാമൂഹികമായി മാത്രം മുസ്‌ലിം ജനതയെ പുറം തള്ളിയത് കൊണ്ട് മാത്രം മുസ്‌ലിം സമൂഹത്തിന്റെ ഈ മണ്ണിലുള്ള പാരമ്പര്യത്തെ പുറം തള്ളാൻ കഴിയില്ല കാരണം അത്രമേൽ അന്തർലീനമാണ് വാസ്തുശിൽപ മേഖലയിലും ഭാഷാ സാഹിത്യത്തിലും, സംഗീതത്തിലും അടക്കം മുസ്‌ലിം സാംസ്കാരിക ലോകത്തിന്റെ സംഭാവനകൾ.
ഇക്കാര്യം ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകൾ സാമൂഹിക അപരവൽക്കരണം എന്നതിന് അപ്പുറം ചരിത്രപരമായും സാംസ്കാരിക ഭാഷാപരമായൊക്കെ മറ്റൊരു അപരവൽക്കരത്തിന്റെ പരമ്പര തന്നെ സൃഷ്ടിക്കുന്നത്. ആദ്യം വാസ്തുശിൽപ പാരമ്പര്യത്തിൽ കൈ വെച്ചു. പിന്നീട് ഭാഷയിൽ കൈ വെച്ചു, അതിനുശേഷം നഗരങ്ങളുടെ പേരുകളിൽ കൈവെച്ചു . ഒടുവിൽ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ ക്‌ളാസിക് സംഗീത കലയെയും സാംസ്കാരിക മേഖലയിൽ നിന്നും പുറംതള്ളാൻ നോക്കുന്നു . ഇത്തരം ഒരു ഘട്ടത്തിൽ ചിലത് പറയണം എന്ന് തോന്നി. അതുകൊണ്ടാണ് ഈ കുറിപ്പ്
യോഗിക്ക് അറിയുമോ ഖവ്വാലിയുടെ ഉൽഭവം എവിടെ നിന്നാണ് എന്നത് ? ഇന്ന് യോഗി വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് മുസ്‌ലിം സമൂഹത്തെ കൊന്ന് ചോര കുടിക്കുന്ന യുപിയുടെ മണ്ണിൽ നിന്നാണ് ഖവ്വാലി എന്ന ഗ്ലോബൽ മ്യൂസിക് ആർട്ടിന്റെ പിറവി . യുപിയിലെ പാട്യലയിലാണ് വിശ്രുത സൂഫി ശൈഖ് അമീർ ഖുസ്രുവിന്റെ ജനനം . ഹിന്ദുസ്ഥാനി സംഗീതത്തെ പേർഷ്യൻ സംഗീത ധാരയുമായി സമന്വയിപ്പിച്ചതിൽ തുടങ്ങി ഖയാന , തരാന തുടങ്ങി ഹിന്ദുസ്ഥാനിയിലെ പേര് കേട്ട സംഗീത രീതികൾക്ക് രൂപം നൽകി ഒടുവിൽ ഖവ്വാലി എന്ന വിശ്വ വിഖ്യാതമായ സംഗീത ശാഖക്ക് വരെ അമീർ ഖുസ്രു രൂപം നൽകിയത്, ഇന്ന് യോഗി ചോര ചിന്തുന്ന യുപിയിലാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇന്ത്യയുടെ തത്ത എന്നാണ് അതുല്യനായ സംഗീതജ്ഞനും കവിയുമായ അമീർ ഖുസ്രുവിനെ വിളിക്കുന്നത്. എന്നാൽ അതെ യുപിയിൽ തന്നെ ഇന്ത്യയുടെ ശവംതീനി കഴുകൻ എന്ന പേരിൽ യോഗി സംഹാര താണ്ഡവമാടുന്നു . ചരിത്രത്തിന്റെ താളുകളിൽ യോഗി ശവംതീനിയും അമീർ ഖുസ്രു ഇന്ത്യയുടെ തത്തയുമായി തന്നെ നിലനിൽക്കും. അത് തന്നെയാണ് സ്വന്തമായി വംശഹത്യാ പ്രത്യയശാസ്ത്രം പേറുന്ന ഹിംസയുടെ വക്താക്കളും സാന്ത്വനം വിതറുന്ന ആത്മീയ ചൈതന്യങ്ങളും തമ്മിലുള്ള അന്തരം. എത്രയൊക്കെ ഖവ്വാലിയെ പുറം തള്ളാൻ ശ്രമിച്ചാലും ഈ മണ്ണിൽ നിന്ന് അത് പുറംതള്ളപ്പെടില്ല . അത്രമേൽ ഈ നാടിനോട് നിഗൂഡമായി അന്തർലീനമാണ് ഖവ്വാലി എന്നത്.
വിഡ്ഢിയായ യോഗി ആദിത്യനാഥ്, ഖവ്വാലി എന്ന സംഗീത ശാഖയെ വേദികളിൽ നിന്ന് മാറ്റി നിർത്തിയാൽ തീരുമോ അമീർ ഖുസ്രുവിന്റെ ചരിത്രം ? രക്തം കുടിച്ചു ശീലമുള്ള നിന്റെ പത്ത് തലമുറകൾ വിചാരിച്ചാലും നടക്കാൻ പോവുന്നില്ല ഖുസ്രുവിനെ ഈ മണ്ണിൽ നിന്ന് പിഴുതെറിയാൻ. ഖവ്വാലി മാത്രം മാറ്റി നിർത്തിയാൽ പോരാ, യോഗി ചില കാര്യങ്ങൾ കൂടി ചെയ്യണം. ഇന്ത്യൻ സംഗീതത്തിൽ നിന്ന് ലോകത്തിന് സംഭാവനയായി ലഭിച്ച രണ്ട് സംഗീത ഉപകരണങ്ങൾ ഉണ്ട്, ‘തബലയും സിത്താറും’- ഇവ രണ്ടും കണ്ടെത്തിയത് അമീർ ഖുസ്രുവാണ്. അതുകൊണ്ട് തബലയും സിത്താറും നിരോധിക്കുമോ ? തബലയും സിത്താറും ഉള്‍പ്പെട്ട പാട്ടുകൾ നിരോധിക്കുമോ ? ഇവരണ്ടും വരുന്ന ഭജനകൾ അമ്പലങ്ങളിൽ നിന്ന് എടുത്തെറിയുമോ ?
അമീർ ഖുസ്രു കണ്ടെത്തിയ ജോൺപുരി എന്ന ഹിന്ദുസ്ഥാനി രാഗത്തിൽ പിറന്ന ഇന്ത്യയിൽ നിന്നുള്ള ഗ്ലോബൽ ഹിറ്റുകളായ ഇളയരാജയുടെ “ഇഞ്ചി ഇടുപ്പ് അഴക്”, ജാസി ഗിഫ്റ്റിന്റെ “ലജ്ജാവതി” എന്നീ പാട്ടുകൾ നിരോധിക്കുമോ ? പകരം, “പട പൊരുതണം തല കൊയ്യണം” എന്ന പാട്ടാണൊ ലോകത്തിന് നിങ്ങള്‍ നൽകുന്നത് ? അങ്ങിനെ അമീർ ഖുസ്രുവൊക്കെ പുറംതള്ളപ്പെട്ട ഇന്ത്യ, നാളെ യോഗിയുടെ പേരിൽ അറിയപ്പെടണോ ?
_ നാസർ മാലിക്