ഈ ഭൂരഹിതർ അറസ്റ്റിലായത് മരിച്ചാൽ കുഴിച്ചിടാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്തതിന്
ആളുകൾ കൂട്ടം ചേരരുതെന്നും കഴിവതും വീടുകളിൽ തന്നെ കഴിയണമെന്നുമൊക്കെയുള്ള മുന്നറിയിപ്പും നിർദ്ദേശവുമൊന്നും കാര്യമാക്കാതെ ഈ മനുഷ്യർ ഇങ്ങനെ കുത്തിയിരിക്കുന്നത് കൊല്ലം കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലാണ്.
കൊല്ലം കുളത്തൂപ്പുഴയിൽ 8 വര്‍ഷമായി തുടരുന്ന അരിപ്പ ആദിവാസി ഭൂസമര ഭൂമിയിൽ നിന്നുള്ള സഹോദരങ്ങളും സമരനേതാക്കളുമാണിവർ. സമരഭൂമിയിൽ ഇക്കാലം വരെ തങ്ങൾക്കൊപ്പം ജീവിച്ച 36 വയസ്സുകാരനായ ദലിത് യുവാവ് ജോലി സ്ഥലത്ത് അപകടത്തില്‍ മരണപ്പെട്ടപ്പോൾ, ഇതുവരെ ജീവിച്ച അരിപ്പയിലെ മണ്ണിൽ അടക്കം ചെയ്യാൻ ഒരുങ്ങിയ അവരെ, അതിനനുവദിക്കാതെ മൃതദേഹം പിടിച്ചെടുക്കുകയെന്ന ക്രൂരതയാണ് കുളത്തൂപ്പുഴ പോലീസ് ചെയ്തത്.
മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അവർ ദലിത് ആദിവാസി സംയുക്ത ഭൂസമരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. മരിച്ച യുവാവിന്‍റെ കൂടപ്പിറപ്പുകളടക്കം 45 പേരെ പോലീസ് റോഡ് ഉപരോധത്തിന്‍റെ പേരിൽ അറസ്റ്റു ചെയ്തു. സ്റ്റേഷൻ ജാമ്യം അനുവദിച്ചെങ്കിലും മൃതദേഹം വിട്ടുനൽകാതെ തങ്ങൾ മടങ്ങില്ലെന്നുറപ്പിച്ച് അവർ പോലീസ് സ്റ്റേഷനിൽ കുത്തിയിരിക്കുകയാണ്.
ഭൂമിയുടെ അവകാശത്തിനായി ഒരുപക്ഷേ ലോകത്തെ തന്നെ ഏറ്റവും ദീർഘമായ സമരം ചെയ്യേണ്ട ദുർവ്വിധി അനുഭവിച്ചവരാണ്, ഇപ്പോഴും അതേ ദുര്യോഗത്തിൽ തുടരുന്നവരാണ്, പട്ടിണിയും രോഗവും മാത്രം മിച്ചമുള്ള മനുഷ്യരാണ്, മരിച്ചാൽ കുഴിച്ചിടാനുള്ള അവകാശത്തിനും മരിച്ച കൂടപ്പിറപ്പിന്‍റെ മരവിച്ച ഉടലിനും വേണ്ടി ഈ ഇരിപ്പിരിക്കേണ്ടി വന്നിരിക്കുന്നത്.
കേരളത്തിലെ പോലീസ് മുന്‍പ് എപ്പോഴാണ് ഇവ്വിധം മൃതദേഹത്തെ അറസ്റ്റു ചെയ്തിട്ടുള്ളത് ? മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ ഈ മനുഷ്യത്വഹീനതക്കെതിരേ ശബ്ദിക്കണം കേരളമേ.
_ വിനീത വിജയന്‍