NPRന് രേഖകൾ വേണ്ടെന്ന് അമിത്ഷാ പറയുന്നത് ഇളവല്ല, ചതിയാണ്

NPRന് രേഖകൾ സമർപ്പിക്കേണ്ടതില്ല എന്നതും രേഖകൾ സമർപ്പിക്കാത്തവരെ D-citizen (സംശയാസ്പദ പൗരൻ) ആയി രേഖപ്പെടുത്തുകയില്ല എന്നതും അമിത്ഷായുടെ പുതിയ ഇളവല്ല. ഈ ‘സൗജന്യം’ രാജ്യസഭാ ടി വി ചാനലിന് കഴിഞ്ഞ മാസം അദ്ദേഹം നൽകിയ അഭിമുഖത്തിൽ പ്രഖ്യാപിക്കുകയും മറ്റു ചാനലുകൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നതുമാണ്. അന്ന് തന്നെ രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും ഈ സൗജന്യത്തെ പുച്ഛിച്ച് തള്ളിയതുമാണ്.

എന്യൂമറേറ്റർമാർ രേഖകൾ ചോദിക്കും. ഉള്ളവർക്ക് സ്വമേധയാ സമർപ്പിക്കാം. ഇല്ലാത്തവർ നൽകേണ്ടതില്ല. ഇത് വോളണ്ടറിയാണ്. രേഖകൾ ഹാജരാക്കാത്തവരെ ജനസംഖ്യാ രജിസ്റ്ററിൽ നിന്ന് (പൗരത്വ രജിസ്റ്ററിൽനിന്ന് അല്ല) ഒഴിവാക്കുകയോ, അത്തരക്കാരുടെ പേരിന് നേരെ സംശയാസ്പദ പൗരൻ എന്ന് രേഖപ്പെടുത്തുകയോ ഇല്ല. ഇത്രയുമാണല്ലോ ഇന്നലെ ആഭ്യന്തരമന്ത്രി രാജ്യസഭയിൽ പറഞ്ഞതിന്റെ ചുരുക്കം. ഇതെല്ലാം ശരിയാണ്. മുമ്പും കേന്ദ്ര ആഭ്യന്തരമന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം NPRൽ അല്ല, ശേഷം വരാൻ പോകുന്ന NRCയിലാണ്.

NPR ജനസംഖ്യാ രജിസ്റ്റർ ആണ്. പൗരത്വ രജിസ്റ്റർ അല്ല. രാജ്യത്ത് നിവസിക്കുന്ന എല്ലാവരെ സംബന്ധിച്ചുമുള്ള കണക്കെടുപ്പാണ് ഇത്. ഇതിൽ വിദേശികളും സ്വദേശികളും പൗരൻമാരും അല്ലാത്തവരും എല്ലാവരുടേയും പേരും വിലാസവും ചേർക്കണമെന്നാണ് നിയമം. വിദേശികളുടെ പേരിന് നേരെ പോലും ‘സംശയാസ്പദ പൗരൻ’ എന്ന് രേഖപ്പെടുത്തില്ല. കാരണം ഇത് പൗരത്വ രജിസ്റ്റർ അല്ല. ജനസംഖ്യാ രജിസ്റ്റർ ആണ്. രാജ്യത്ത് നിവസിക്കുന്നവരുടെ മുഴുവൻ കണക്കും രേഖപ്പെടുത്തുന്ന രജിസ്റ്റർ.

NPRന് രേഖകൾ ഹാജരാക്കണമെന്ന് നിർബന്ധിച്ചാൽ രാജ്യത്ത് നിവസിക്കുന്ന വിദേശികളുടെയും രേഖകൾ കൈവശം ഇല്ലാത്തവരുടേയും വിവരങ്ങൾ എവിടുന്ന് ലഭിക്കും? ഇത്തരക്കാരെ പിന്നീട് ജയിലിൽ അടക്കുകയോ പുറത്താക്കുകയോ ചെയ്യണമെങ്കിൽ അവരുടെയെല്ലാം കണക്കെടുപ്പ് ആദ്യം നടത്തണം. അതാണ് NPR. അതിനാൽ, എൻ. പി. ആറിന് രേഖകൾ നിർബന്ധമില്ല, ആരെയും സംശയാസ്പദ പൗരനാക്കി മാർക്ക് ചെയ്യുകയുമില്ല. എന്നിട്ട് NRC വരുമ്പോൾ ഇത്തരക്കാരെ d-citizen പട്ടികയിൽ ചേർക്കും. ഇതാണ് പദ്ധതി.

ഇപ്പോൾ തയ്യാറാക്കുന്ന NPR ഉപയോഗപ്പെടുത്തി, ഡൽഹിയിൽ ഇരുന്ന് പിന്നീട് NRC തയ്യാറാക്കും. NRC നടപ്പിലാക്കാൻ ഇത് വരെ തീരുമാനച്ചിട്ടില്ലെന്നേ പറഞ്ഞിട്ടുള്ളൂ. നടപ്പിലാക്കില്ല എന്ന് ഭരണകൂടം പറഞ്ഞിട്ടില്ല. നടപ്പിലാക്കാൻ മന്ത്രിസഭ ഇത് വരെ തീരുമാനിച്ചിട്ടില്ല എന്ന് മാത്രം. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ അനുകൂല വിധി സമ്പാദിക്കാനുള്ള അടവു നയമാണ് ഇത്. വിധി വന്ന് കഴിഞ്ഞാൽ NRC നടപ്പിലാക്കാൻ തീരുമാനിക്കുമെന്ന് ഉറപ്പാണ്. ഇങ്ങിനെ തയ്യാറാക്കപ്പെടുന്ന NRCയിൽ ആരെയെല്ലാം ഉൾപ്പെടുത്തുമെന്നതാണ് പ്രശ്‌നം. NPRന് രേഖവേണ്ട, അതിൽ ആരെയും d-citizen ആക്കില്ല എന്നൊക്കെ പറഞ്ഞ് എങ്ങിനെയെങ്കിലും NPR പൂർത്തിയാക്കി NRCയിലേക്ക് വഴി തെളിയിക്കാനുള്ള കള്ളച്ചതിയാണ് അമിത്ഷായുടെ പുതിയ വിശദീകരണം.
– അഡ്വ. എൻ കെ അബ്ദുൽ ഹമീദ്