കാരാഗൃഹം നമ്മുടെ ഉള്ളിലും രൂപമെടുക്കുന്നുണ്ടോ; അഡ്വ ഷൈന പി എ

നിയമത്തിന്റെ പേരിലുള്ള എല്ലാ സ്വാതന്ത്ര്യ നിഷേധങ്ങളേയും അംഗീകരിക്കുന്നു എന്നത് സ്വാതന്ത്ര്യം മൗലികാവകാശമായി കണക്കാക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ദൗര്‍ബല്യമാണ് വെളിപ്പെടുത്തുന്നത്…


_ അഡ്വ ഷൈന പി എ

2015 മെയ് നാലാം തിയ്യതി. ആ ദിവസത്തിനെന്തെങ്കിലും പ്രത്യേകതയുള്ളതായി എനിക്കു തോന്നിയിരുന്നില്ല. അന്നും പതിവു പോലെ നേരം പുലര്‍ന്നു. കിളികള്‍ ചിലച്ചു, കാറ്റടിച്ചു. എന്റെ ജീവിതം ആ ദിവസത്തിനു മുമ്പ്, ശേഷം എന്നു വിഭജിക്കപ്പെടുമെന്ന് എനിക്കു തീരേ വിചാരമുണ്ടായിരുന്നില്ല. ജീവിതം അങ്ങനെയാണ്. അപ്രതീക്ഷിതമായ ചില തിരിവുകളില്‍ നമുക്കായി എന്തെങ്കിലും കാത്തു വെച്ചിരിക്കും. ആകാശത്തിലേക്കു കണ്ണു നീട്ടി തല ഉയര്‍ത്തിപ്പിടിച്ച് മാറു വിരിച്ച് നമ്മളങ്ങനെ വളവു തിരിയുമ്പോള്‍… ഡും…. ദാ, നമ്മള്‍ നിലം പരിശായി കിടക്കുന്നു. അന്നത്തെ ആ തിരിവില്‍ ഞാന്‍ വീണത് ജീവനും മരണത്തിനുമിടക്കുള്ള ഒരിടുക്കിലേക്കാണ്. ജീവന്‍ തിരിച്ചു കിട്ടിയതില്‍ ആശ്വസിച്ച് പൊടിതട്ടി എഴുന്നേറ്റപ്പോള്‍ എന്റെ ജീവിതം ഇനിയൊരിക്കലും പഴയതു പോലെയായിരിക്കില്ല എന്നെനിക്കു മനസ്സിലായി. എന്റെ സ്വാതന്ത്ര്യം ഉടഞ്ഞു പോയിരുന്നു. ജീവിതത്തിന്റെ ഗതി മാറിപ്പോയിരുന്നു.

മെയ് മാസത്തിലെ ഉഷ്ണം കനത്ത ആ പ്രഭാതത്തില്‍ ഭക്ഷണം കഴിച്ച് തിടുക്കത്തില്‍ രൂപേഷിന്റെ കവിളില്‍ ഒരുമ്മ കൊടുത്ത് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വരാനിരിക്കുന്ന ഒരുപാടു വര്‍ഷങ്ങളിലേക്കു നീളുന്ന ഒരു വേര്‍പാടിലേക്കാണ് നടന്നു പോകുന്നതെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഇപ്പോഴിതാ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു; മരണത്തിന്റെ സൂചിക്കുഴയിലൂടെ കടന്ന് ജീവിതത്തിലേക്ക് ഞങ്ങള്‍ തിരികെയെത്തിയിട്ട്, സ്വാതന്ത്ര്യവും പ്രണയവും ചീന്തിയെടുക്കപ്പെട്ടിട്ട്. ഇന്നും ഒന്നും പഴയതു പോലല്ല.

“അഞ്ചു വര്‍ഷമായി”- രാവിലെ ഫോണില്‍ അവന്‍ പറഞ്ഞു. എനിക്കറിയാമെന്ന് ഞാന്‍ മറുപടി പറഞ്ഞു. അവന്റെ ഏറ്റവും ഒടുവിലെ ജാമ്യാപേക്ഷയും ഏതാനും ദിവസം മുന്‍പ് എന്‍.ഐ.എ കോടതി തള്ളിക്കളഞ്ഞിരുന്നു. കാരണം യു.എ.പി.എ നിയമത്തില്‍ പ്രഥമ ദൃഷ്ട്യാ കേസുണ്ടെങ്കില്‍ ജാമ്യത്തിന് വകുപ്പില്ല. ഈ പ്രഥമ ദൃഷ്ട്യാ എന്നത് വല്ലാത്ത കുഴപ്പം പിടിച്ച ഒരു സംഗതിയാണ്. കൃത്യമായി ഇത് നിര്‍വ്വചിക്കാനാവില്ലെന്നതാണ് പ്രധാന പ്രശ്‌നം. അതുകൊണ്ടു തന്നെ ഓരോ ജഡ്ജിയും ഓരോ തരത്തിലാണ് അതിനെ വ്യാഖ്യാനിക്കുക. സാധാരണ ഗതിയില്‍ ഒരു കുറ്റകൃത്യം നടക്കുമ്പോഴാണ് കേസെടുക്കുക എന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ കേസുണ്ടോ എന്നത് വളരെ വിശാലമായി പരിഗണിച്ചാല്‍ ഒരു യു.എ.പി.എ കേസിലും ജാമ്യം കൊടുക്കാന്‍ സാധിക്കില്ല. സാധാരണ യു.എ.പി.എ കേസുകളില്‍ മിക്കതിലും ജഡ്ജിമാര്‍ കേസുകളുടെ സ്വഭാവവും ജയിലില്‍ കിടന്ന കാലവുമൊക്കെ പരിഗണിച്ച് ജാമ്യം നല്‍കാറുണ്ട്. പക്ഷേ എന്‍.ഐ. കോടതികളെ പോലുള്ള പല കോടതികളും കേന്ദ്രതലത്തിലുള്ള എന്‍.ഐ.എയുടെ സ്വാധീന ശക്തിയും പ്രഭാവവും ശക്തമായ എതിര്‍പ്പുമെല്ലാം മൂലം ജാമ്യം നല്‍കാന്‍ മടി കാണിക്കാറുണ്ട്. മനുഷ്യാവകാശ ലംഘനമായി ഫലത്തില്‍ ഇത് മാറുകയും ചെയ്യും. പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നതിന് അര്‍ത്ഥം കുറ്റാരോപിതരായ ആളുകള്‍ കുറ്റം ചെയ്തിട്ടുണ്ടെന്നല്ല, അത് തെളിയുന്നത് വിചാരണ കഴിയുമ്പോള്‍ മാത്രമാണ്. ഏഴോ എട്ടോ പത്തോ വര്‍ഷത്തെ വിചാരണ കഴിഞ്ഞ് കുറ്റവിമുക്തരാകുന്നത്, നിരപരാധികളെന്നു തെളിയിക്കപ്പെടുന്നത്, ഏതു തരം മനുഷ്യാവകാശ ലംഘനമാണെന്നോര്‍ക്കുക.

ഒരു കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്ന ആള്‍ പോലും പത്തു വര്‍ഷം കൊണ്ട് ശിക്ഷയനുഭവിച്ച് പുറത്തു വരുന്നത് സാധാരണമാണെന്നിരിക്കേയാണ് ഒരു കുറ്റവും ചെയ്യാത്ത ആളുകള്‍ ജാമ്യം പോലുമില്ലാതെ ജയിലില്‍ കിടക്കുന്നത്. കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ കിട്ടുന്നവര്‍ക്കു പോലും വിചാരണ കാലാവധിയില്‍ 90 ദിവസങ്ങള്‍ കഴിയുമ്പോള്‍ സാധാരണ ഗതിയില്‍ ജാമ്യം ലഭിക്കാറുണ്ട്. അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് ജാമ്യം നിഷേധിക്കുക. ഇനി ശിക്ഷിച്ചാലും പരോളും ഇളവും എല്ലാം ലഭിക്കും. എന്നാല്‍ കുറ്റം ചെയ്യാത്ത യു.എ.പി.എ-ക്കാരന് ഇതൊന്നുമില്ലാതെ ജയിലിലെ ഏകാന്തവാസം മാത്രം.

രൂപേഷിന്റെ കാര്യമെടുക്കുകയാണെങ്കില്‍, രൂപേഷിന് ഇനി ഈയൊരു എന്‍.ഐ.എ കേസില്‍ മാത്രമേ ജാമ്യം ലഭിക്കാന്‍ ബാക്കിയുള്ളൂ. ജയിലില്‍ അഞ്ചാമത്തെ വര്‍ഷം കഴിയുമ്പോഴും കേരളത്തിലെ ഒരു കേസിന്റെ പോലും വിചാരണ ആരംഭിച്ചിട്ടില്ല. എന്നാരംഭിക്കുമെന്ന് പറയാന്‍ സാധിക്കുകയുമില്ല. കുറ്റപത്രം പോലും വായിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളുമുണ്ട്. സമര്‍പ്പിച്ചവയില്‍ തന്നെ പുനരന്വേഷണവും തുടരന്വേഷണവും ഒക്കെ അനന്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു.

“ഇനിയുമൊരഞ്ചു വര്‍ഷം കിടക്കാന്‍ ഞാന്‍ മനസ്സാ തയ്യാറായിട്ടുണ്ട്.”- രൂപേഷ് പറഞ്ഞു. അവന്റെ ശബ്ദത്തിലെ വേദന എനിക്കു മനസ്സിലായി. എന്നാല്‍ ഞങ്ങള്‍ രണ്ടു പേരും അത് മനസ്സിലായില്ലെന്ന് നടിച്ചു. അതേ കേസിലുള്ള, പ്രായാധിക്യവും ഹൃദ്രോഗവും പ്രമേഹവും മൂലം രൂപേഷിനേക്കാള്‍ പ്രയാസമനുഭവിക്കുന്ന, ഇബ്രാഹിംക്കയുടെ ജാമ്യത്തിന്റെ കാര്യം എന്തായി എന്നതിനെക്കുറിച്ച് അവന്‍ അന്വേഷിച്ചു. ഞങ്ങളോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട അനൂപ് ഇന്നു രാവിലെ വിളിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അവന് മുപ്പത് വയസ്സായിരുന്നു. അവിവാഹിതനാണ്. അവന്റെ യൗവ്വനത്തിന്റെ ഏറ്റവും തീക്ഷ്ണമായ വര്‍ഷങ്ങളാണ് ജയില്‍ കവര്‍ന്നെടുക്കുന്നത്.
ഇവരോരോരുത്തരുടേയും നഷ്ടമായ ജീവിതത്തിന് ആരു മറുപടി പറയും?

യു.എ.പി.എ ഒരു നിര്‍ദ്ദയമായ നിയമമായതിനാല്‍ തന്നെ വിശാലമായി അതിനെ വ്യാഖ്യാനിക്കുന്നത് ഭരണഘടനാ ലംഘനമാകുമെന്നും ഒരാള്‍ ഒരു ഭീകര സംഘടനയില്‍ അംഗമാണെന്നു തെളിഞ്ഞാല്‍ പോലും അയാള്‍ സ്വയം അക്രമത്തില്‍ ഏര്‍പ്പെടുകയോ മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ മാത്രമേ ശിക്ഷിക്കാനാകൂ എന്നും ഇതില്‍ കുറ്റകൃത്യം വളരെ സൂക്ഷ്മമായി തെളിയിക്കപ്പെടണമെന്നും നിരവധി കേസുകളില്‍ സുപ്രീം കോടതി വിധികളുണ്ട്. എന്നിട്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ മാത്രം പിന്‍ബലത്തില്‍ രാജ്യത്തെ പ്രമുഖ ജനാധിപത്യവാദികളും ബുദ്ധിജീവികളും വിദ്യാര്‍ത്ഥി നേതൃത്വവുമടക്കം ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ ജയിലറകളില്‍ തുടരുന്നു.

ജാമ്യമെന്നത് ഒരു അടിസ്ഥാന അവകാശമായി കണക്കാക്കേണ്ടതായിട്ടും (ജാമ്യമാണ് നിയമമെന്നും ജയില്‍ ഒരു അപവാദമാണെന്നും (exception) പല കേസുകളിലും സുപ്രീം കോടതിയും നിരവധി ലോ കമ്മീഷനുകളും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്) അത് പൂര്‍ണ്ണമായും നിഷേധിക്കുന്ന നിയമങ്ങളും വിധിന്യായങ്ങളും പെരുകുകയാണ്. നിയമത്തിന്റെ പേരിലുള്ള എല്ലാ സ്വാതന്ത്ര്യ നിഷേധങ്ങളേയും അംഗീകരിക്കുന്നു എന്നത് സ്വാതന്ത്ര്യം മൗലികാവകാശമായി കണക്കാക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ദൗര്‍ബല്യമാണ് വെളിപ്പെടുത്തുന്നത്.

ട്രെയിന്‍ അട്ടിമറിച്ച് ബോംബു സ്‌ഫോടനങ്ങള്‍ നടത്തി ആയിരങ്ങളെ കെന്നൊടുക്കിയവരോ രാഷ്ട്രീയ പ്രതിയോഗികളുടെ മുഖം പോലും തിരിച്ചറിയാനാകാത്ത വിധം വെട്ടിയും കുത്തിയും ഉന്മൂലനം ചെയ്തവരോ അല്ല ഇവരാരും. അങ്ങനെ ചെയ്തവരൊക്കെ നമ്മുടെ സമൂഹത്തില്‍ സ്വതന്ത്രരായി വിഹരിക്കുമ്പോഴും ജനങ്ങളുടെ, നീതിയുടെ പക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുകയും സമത്വ സുന്ദരമായ സ്വതന്ത്രലോകം സ്വപ്‌നം കാണുകയും ചെയ്തവര്‍ ഇരുമ്പഴികള്‍ക്കകത്തു കിടക്കുന്നു. അവരുടെ മോചനത്തിന്റെ ദിനം എന്നു വരും ?

കഴിഞ്ഞ ദിവസത്തെ NIA റെയ്ഡിന്റെ പശ്ചാത്തലത്തിൽ NIA കസ്റ്റഡിയിൽ എടുത്ത വിജിത്ത് വിജയൻ, എൽദോ വിത്സൺ എന്ന രണ്ടു ചെറുപ്പക്കാർക്ക് എന്തു സംഭവിച്ചു? അവരെ വെറുതെ വിട്ടോ? കോടതിയിൽ ഹാജരാക്കിയോ? ഒരു മാധ്യമങ്ങളും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ട്? ലോക് ഡൗൺ അടിയന്തിരാവസ്ഥയിലേക്ക് തുറക്കുന്ന ഒരു വാതായനമാണോ? നീതിക്ക് ആസ്ഥയുള്ള ഒരു സമൂഹത്തിലേ നീതി ലഭ്യമാകൂ എന്ന് ആനന്ദ്, അഭയാര്‍ത്ഥികളിലാണെന്നു തോന്നുന്നു, പറയുന്നുണ്ട്. നീതിയ്ക്കായ് നമ്മള്‍ ഒരുമിക്കുന്ന ഒരു സമയം എന്നാണു വരിക സുഹൃത്തുക്കളേ? വാതിലുകളും ജനലുകളും മുറുക്കെയടച്ച് നാവടക്കി സ്വയം നമ്മൾ ഒരു തടവറയായി രൂപപ്പെടുകയാണോ ?

Click Here