വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന UAPAക്കെതിരെ പ്രക്ഷോഭമുയരണം

ഈ നിയമം നിരവധി ഭേദഗതികൾ നടത്തി, ഭരണകൂടം ശത്രുവായി പ്രഖ്യാപിക്കുന്ന ആര്‍ക്കു നേരെയും എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ഒരു പിസ്റ്റള്‍ പോലെ രൂപാന്തരപെടുത്തിയിരിക്കുന്നു…

_ മുഹമ്മദ് വഫ

ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിമതശബ്ദത്തിനുള്ള സ്വാതന്ത്ര്യമാണ്. സര്‍ക്കാരിന്‍റെ അരുതായ്മകൾക്കെതിരെ, ഹിംസാത്മക പ്രവർത്തനങ്ങൾക്കെതിരെ പ്രക്ഷോഭം നടത്താനും മുദ്രാവാക്യങ്ങൾ വിളിക്കാനുള്ള സ്വാതന്ത്ര്യമാണ് അടിസ്ഥാനപരമായി ജനായത്ത സംവിധാനത്തിന്‍റെ പ്രത്യേകതകളിലൊന്ന്. ഈയൊരു സങ്കൽപത്തിന് വിരുദ്ധമായി ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധത്തെ ഭരണകൂടത്തിന്‍റെ ഏകാധിപത്യ താൽപ്പര്യങ്ങൾ (സവർക്കറിന്‍റെ ഹിന്ദുത്വ സിദ്ധാന്തം) സംരക്ഷിക്കുന്നതിനുവേണ്ടി രാജ്യത്തെ ലോക്സഭയിൽ പാസാക്കിയെടുത്ത ഒരു നിയമമാണ് പൗരത്വ ഭേദഗതി ബില്ല്-സി.എ.എ. ഇതിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭങ്ങളും പുതിയ സമരരീതികളും ഉയർന്നുവന്നു. രാപകൽ ഭേദമില്ലാതെ ജാതിമതഭേദമന്യേ ഭൂരിപക്ഷ ജനങ്ങളും സമരത്തിൽ അണിനിരന്നു.

ഡല്‍ഹി ജാമിയ യൂണിവേഴ്സിറ്റിയിലും അലിഗഡിലും നിന്നു പടര്‍ന്ന പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുച്ചു. ഡല്‍ഹിയില്‍ തന്നെ നൂറുക്കണക്കിന് സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രധാന റോഡ് ഉപരോധിച്ചു ശഹീൻബാഗ് ഉയർന്നു. കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കടുത്ത പ്രതിസന്ധിയുണ്ടാക്കിയ സമരത്തിന് ഐക്യദാർഢ്യവുമായി മറ്റ് സംസ്ഥാനങ്ങളിലും ശഹീൻബാഗുകൾ ഉയർന്നുവന്നു. ആദ്യം മുതൽ തന്നെ സി.എ.എ വിരുദ്ധ സമരക്കാരോട് ഏത് നയം സ്വീകരിക്കണമെന്ന് കൃത്യമായ ബോധ്യം അമിത് ഷാക്ക് ഉണ്ടായിട്ടായിരിക്കണം ഡൽഹിയില്‍ 53 ആളുകൾ കൊല്ലപ്പെട്ട വംശഹത്യ. കര്‍ണ്ണാടകയിലും യുപിയിലും അസമിലും സമരക്കാര്‍ക്കാരെ വെടിവെച്ചു കൊലപ്പെടുത്തി. ആയിരക്കണക്കിനുപേരെ അറസ്റ്റ് ചെയ്യുകയും സ്വത്തുവകകള്‍ കണ്ടെത്തുകയും ചെയ്തു.

സി.എ.എ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയും രാജ്യത്തിന്‍റെ നഗരങ്ങള്‍ കടന്നു ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതിനിടയിലാണ് കോവിഡ്-19 ഇന്ത്യയിൽ കടന്നുവരുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതും. മഹാമാരിക്കാലത്തെ മര്യാദകകളെല്ലാം ലംഘിച്ചുകൊണ്ടു ലോക്ഡൗണിന്‍റെ മറവില്‍ പൗരത്വ സമരക്കാരെ യു.എ.പി.എ ചുമത്തി വേട്ടയാടുന്നത് തുടര്‍ന്നു. സി.എ.എ വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തു. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായ സഫൂറ സര്‍ഗാറിനെ അവര്‍ ഗര്‍ഭിണിയാണെന്ന പരിഗണന പോലുമില്ലാതെയാണ് കോവിഡ് കാലത്ത് നിര്‍ദയം ജയിലിലടച്ചത്. അതേസമയം പരസ്യമായി ഡൽഹി കലാപത്തിന് ആഹ്വാനം ചെയ്തവർ അവരുടെ വീടുകളിൽ സുഖമായി ഇരിക്കുകയായിരുന്നു.

ഈ വേട്ടയുടെ തുടര്‍ച്ചയെന്നോണം, ഇന്ത്യയിലെ മുസ്‌ലിംവിരുദ്ധ വംശീയതക്കെതിരെയുള്ള കുവൈത്ത് പാർലമെന്‍റിന്‍റെ നിലപാടിന് നന്ദിയറിയച്ചതിന്‍റെ പേരിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫ്റുൽ ഇസ്‌ലാം ഖാനെതിരെ, ഇസ്‌ലാമോഫോബിയെകെതിരെ നിലപാട് എടുത്തുവെന്നതിന്‍റെ പേരിൽ മാത്രം രാജ്യദ്രോഹ കേസ് ചുമത്തി കേസെടുത്തു. വിമത ശബ്ദങ്ങളെ വേട്ടയാടുന്നതിനു വേണ്ടി നിർമിച്ച ഒരു നിയമത്തിന്‍റെ പ്രാബല്യത്തിലാണ് ഈ അറസ്റ്റുകള്‍ എല്ലാം തന്നെ.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നന്നവരെ നേരിടുന്ന ടൂള്‍

സര്‍ക്കാരിന്‍റെ ഹിംസാത്മക പ്രവർത്തനങ്ങൾക്കതിരെ ആര് സംസാരിക്കുന്നുവോ, അവർക്കെതിരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ടൂൾ ആണ് യു.എ.പി.എ ( UNLAWFUL ACTIVITIES PREVENTION ACT). ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും സംഘടിക്കാനുള്ള അവകാശത്തിനും മേല്‍ സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി നിയന്ത്രണം ഏർപ്പെടുത്തുന്നു. മറ്റൊന്ന്, സര്‍ക്കാരിന് രാജ്യസുരക്ഷയുടെ പേരിൽ നിയമങ്ങൾക്കും ഭരണഘടന്നക്കും അതീതമായി അധികാരം നൽകുന്നു എന്നതാണ്.

1967ൽ പ്രാബല്യത്തിൽ വന്ന ഈ നിയമം നിരവധി ഭേദഗതികൾ നടത്തി, ഭരണകൂടം ശത്രുവായി പ്രഖ്യാപിക്കുന്ന ആര്‍ക്കു നേരെയും എളുപ്പത്തിൽ പ്രയോഗിക്കാവുന്ന ഒരു പിസ്റ്റള്‍ പോലെ രൂപാന്തരപെടുത്തിയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ മുഖ്യധാര രാഷ്ട്രീയപാർട്ടികൾക്കൊന്നും തന്നെ ഇതിൽ നിന്ന് മാറി നിൽക്കാൻ സാധിക്കില്ല. 2008ലെ ഭേദഗതിയും 2019ലെ ഭേദഗതിയുമാണ് യുഎപിഎയെ കൂടുതൽ അപകടകാരിയാക്കിയത്. 2008 മുതലാണ് വ്യാപകമായ രീതിയിൽ ഉപയോഗിച്ചു തുടങ്ങിയത്. അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം ആയിരുന്നു ഈ നിയമം ലോക്സഭയിൽ പാസാക്കിയത്. ഇടതുപക്ഷമടക്കം ഭൂരിപക്ഷം പാര്‍ട്ടികളും നിയമത്തെ പിന്തുണച്ചു.

സാധാരണഗതിയിൽ ജുഡീഷ്യൽ വാറണ്ട് വേണ്ടിയിടത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ താൽപര്യത്തിനു വേണ്ടിയും ഈ നിയമം പ്രയോഗിക്കപ്പെടുന്നു. ഒരു വിചാരണ തടവുകാരന് ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും കാറ്റിൽ പറത്തുന്ന ഒരു നിയമം. എന്നാൽ 2019ൽ അമിത് ഷാ അവതരിപ്പിച്ച ഭേദഗതി കൂടുതല്‍ തീവ്രസ്വഭാവമാര്‍ജ്ജിച്ചു. വ്യക്തികളെ തീവ്രവാദിയായി പ്രഖ്യാപിക്കാനും സ്വത്ത് കണ്ടുകെട്ടാനും എൻ.ഐ.എ ഡയറക്ടർ ജനറലിന്‍റെ ഒരൊപ്പ് മതി, സംസ്ഥാന സർക്കാർ ഒന്നും അറിയുക പോലും വേണ്ട.

അമിത് ഷാ ലോകസഭയില്‍ ബില്ല് അവതരിപ്പിക്കുമ്പോൾ ഘോരം ഘോരം പ്രസംഗിച്ച ജനപ്രതിനിധികള്‍ നേരം പുലർന്നപ്പോൾ അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതാണ് കണ്ടത്. 8-നെതിരെ 287 വോട്ടുകൾക്കാണ് ലോകസഭ ഈ ഭേദഗതി പാസാക്കി എടുത്തത്. ഫാസിസത്തിന്‍റെ മൂർധന്യഭാവത്തിൽ രാഷ്ട്രത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നവരെ തിരിച്ചറിയാതെ, നിയമത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇന്നലെകളിലെ ചരിത്രത്തെ അവര്‍ കാണാതെ പോവുകയായിരുന്നു.

കോളനിവത്കരണത്തിന്‍റെ വിപരീത ചരിത്രത്തെക്കുറിച്ചു പഠിച്ച സൈദ്ധാന്തിക പ്രിയംവദ ഗോപാൽ അവരുടെ ‘ഇൻസർജന്‍റ് എംപയർ’ എന്ന പുസ്തകത്തിൽ കരീബിയൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സി.എൽ.ആർ. ജെയിംസിന്‍റെ കുറ്റസമ്മതം ഇങ്ങനെ ഉദ്ധരിക്കുന്നു; “അതുവന്നപ്പോൾ, ഞങ്ങളെല്ലാം അതിനെതിരായിരുന്നു. പക്ഷേ, അധികാരം കിട്ടിയാൽ ഫാസിസം എങ്ങനെയായിരിക്കുമെന്ന് ഞങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിരുന്നില്ല. ഞങ്ങൾ കരുതിയിരുന്നത്, അത് തൊഴിലാളികളോടുള്ള, യാഥാസ്ഥിതിക ചിന്ത പുലർത്തുന്ന ഇടത്തരക്കാരുടെ വിദ്വേഷത്തിന്‍റെ കൂടിയ രൂപമാണെന്നാണ്. എന്നാൽ, അത് അതിനെക്കാളൊക്കെ ഭീകരമായിരുന്നു. 1789ലെ ഫ്രഞ്ച് വിപ്ലവത്തിനുശേഷം യൂറോപ്പ് ആർജിച്ചെടുത്ത എല്ലാറ്റിനെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു ശ്രമമായിരുന്നു അത്.” ( പേജ് 532 , വെർസോ , 2019 , ന്യൂയോർക്ക് ).

ഇതു തന്നെയാണ് ഇന്ത്യയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്, ബ്രിട്ടീഷ് അധിനിവേശാനന്തരം നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം നമ്മള്‍ സ്വാതന്ത്ര്യം നേടിയത്, അതേ സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും ജനാധിപത്യവും ഹനിക്കുന്ന ഫാസിസ്റ്റു ശക്തികൾക്കു മുന്നിൽ അടിയറവ് വെക്കാനല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും.

Click Here