പ്രളയത്തിൽ ഒലിച്ചു പോകുമ്പോഴും ഇന്ത്യയിലെ പൗരനാണെന്ന് തെളിയിക്കാൻ പാടുപെടുന്ന മനുഷ്യർ

ഇത്രനാളും സമ്പാദിച്ചതെല്ലാം, നാടും നഗരവും കാടും മലകളും മുക്കി വരുന്ന വെള്ളാപ്പച്ചിലിൽ ഒലിച്ചു പോകുന്നത്‌ കണ്ടു കരയുവാൻ പോലുമാകാതെ ഇരിക്കുന്നവർ ഇപ്പോൾ രേഖകൾ തേടി അലയുകയാണ്…


ജിജീഷ് പി ബി

അസ്സാമിൽ പ്രളയമാണ്. മനുഷ്യരും മൃഗങ്ങളും എല്ലാം ജീവൻ നിലനിർത്താൻ വേണ്ടി പായുകയാണ്. അതിനിടയിലാണ് ദേശീയ പൗരത്വ രജിസ്റ്റർ. ലക്ഷക്കണക്കിന് മനുഷ്യരുടെ പേര് ആദ്യ ലിസ്റ്റിൽ ഇല്ല. അവരൊക്കെ ജനിച്ചു വളർന്ന നാട്ടിൽ അന്യരാക്കപ്പെടുകയാണ്.

പതിറ്റാണ്ടുകൾ ഇന്ത്യൻ സേനയിലും ബോർഡർ പൊലീസിലുമൊക്കെയായി സേവനം അനുഷ്ഠിച്ചവർ, പൗരത്വം തെളിയിക്കാനാകാതെ ഒരു ഫാനിൽ കെട്ടി തൂങ്ങി ജീവിതം അവസാനിപ്പിച്ച വിരമിച്ച ഗവണ്മെന്റ് സ്‌കൂൾ അധ്യാപകൻ, മുൻ എം.പി, പേരുപോലും ആരും ഒരു നാളും അറിയാൻ പോകുന്നില്ലാത്ത ലക്ഷക്കണക്കിന് നിരാലംബരായ മനുഷ്യർ. ജൂലൈ 31 വരെയാണ് പൗരത്വം തെളിയിക്കാൻ അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയം.

ഇത്രനാളും സമ്പാദിച്ചതെല്ലാം, നാടും നഗരവും കാടും മലകളും മുക്കി വരുന്ന വെള്ളാപ്പച്ചിലിൽ ഒലിച്ചു പോകുന്നത്‌ കണ്ടു കരയുവാൻ പോലുമാകാതെ ഇരിക്കുന്നവർ ഇപ്പോൾ രേഖകൾ തേടി അലയുകയാണ്. കയ്യിൽ കിട്ടിയ കടലാസുകളെല്ലാം എങ്ങിനെയും ഉണക്കിയെടുത്തു സൂക്ഷിക്കാൻ പെടാപ്പാട് പെടുകയാണ്. പ്രളയം ഒഴിഞ്ഞാലും സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയും എന്ന് ഉറപ്പില്ലാത്തവർ.

നീതി തേടി ആരെ സമീപിക്കാനാണ്? അവസാന അത്താണിയായ സുപ്രീംകോടതിയുടെ തന്നെ നേതൃത്വത്തിൽ ആണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. പ്രതിനിധി സഭകൾ നിർമിക്കുന്ന നിയമങ്ങൾ, സർക്കാറുകളുടെ നയങ്ങൾ, അതിന്റെ നടപ്പിലാക്കൽ, അവിടെ അനീതിയുണ്ടെന്നു തോന്നിയാൽ സമീപിക്കാൻ കോടതികൾ. നിയമവും, നയവും, നടപടികളും ഭരണഘടനാപരമാണോ എന്ന പരിശോധന. അങ്ങനെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാധാരണ മനുഷ്യർക്ക്‌ വേണ്ടിയുള്ള Checks & Balances എല്ലാം ഫലത്തിൽ അട്ടിമറിക്കപ്പെട്ട പ്രക്രിയയാണ് NRC. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബഞ്ചിന്റെ മുദ്ര വച്ച കവറുകൾ വഴിയുള്ള ഇടപാടുകളിലൂടെയാണ് പൗരത്വ രജിസ്റ്റർ പുരോഗമിക്കുന്നത്.

ഈ കാലവും കടന്നുപോകും എന്ന് ആശ്വസിക്കാനല്ലാതെ, ഈ മനുഷ്യരോട്, പ്രളയത്തിൽ ജീവനെങ്കിലും കിട്ടിയെന്നു കരുതി സമാധാനപ്പെടാൻ കഴിയാത്ത മനുഷ്യരോട് എന്തു പറയാനാണ് ?

Leave a Reply