മോദി ഭരണം; അനിൽ അംബാനി 46,000 കോടി രൂപയുടെ കടക്കെണിയിൽ
അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് 46,000 കോടി രൂപയുടെ കടക്കെണിയിൽ പെട്ട് തകർച്ചയെ നേരിട്ടുകൊണ്ടിരിക്കെ തന്നെ റിലയൻസിന്റെ മറ്റൊരു സ്ഥാപനം കൂടി കടക്കെണിയിൽ പെട്ട് ഇൻസോൾവൻസി നടപടികളെ നേരിടുകയാണ്.
റിലയൻസ് നേവലിന്റെ സബ്സിഡിയറിയായ റിലയൻസ് മറൈൻ എന്ന സ്ഥാപനമാണ് അടുത്ത ദിവസങ്ങളിൽ ഇൻസോൾവൻസി നടപടികൾക്കായി അപേക്ഷിച്ചിരിക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നായി 1000 കോടി രൂപയുടെ കടമാണ് റിലയൻസ് മറൈന് ഉള്ളത്. അതായത്, കമ്പനിയുടെ മാർക്കറ്റ് വാല്യുവിനേക്കാൾ 100 ഇരട്ടി.
2015ൽ പിപാവാവ് എന്ന കമ്പനി ഏറ്റെടുത്ത്, മോദി സർക്കാരിൽ നിന്ന് നാവിക പ്രതിരോധ എഞ്ചിനീയറിംഗ് കോൺട്രാക്ടുകൾ കരസ്ഥമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന റിലയൻസ് നേവലിന്റെ സബ്സിഡിയറിയാണ് റിലയൻസ് മറൈൻ. 2500 കോടിയുടെ കോൺട്രാക്ടുകൾ ഈ കാലയളവിൽ അനിൽ അംബാനിയുടെ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.
വിശ്വാസ്യതാ നഷ്ടത്തെത്തുടർന്ന് അംബാനിയുടെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഓഡിറ്റിംഗ് കമ്പനികൾ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന വാർത്തകളും പുറത്തുവന്നു കൊണ്ടിരിക്കുന്നു. റിലയൻസ് കാപിറ്റലിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് രാജിവെക്കുയുണ്ടായി. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിലെ കള്ളക്കണക്കുകളെപ്പറ്റി പഥക് എച്ച്.ഡി & അസോസിയേറ്റ്സ് പുറംലോകത്തെ അറിയിക്കുകയുണ്ടായി.
_ കെ സഹദേവന്‍