ശിവശക്തി പോയിന്റും അന്താരാഷ്ട്ര നിബന്ധനകളുടെ ലംഘനവും

“ചാന്ദ്രയാന്‍ കാലുകുത്തിയ പ്രദേശത്തിന് ‘ശിവശക്തി’ എന്ന് പേര് നല്‍കുമ്പോള്‍ അത് പ്ലാനറ്ററി സൈറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നത് സംബന്ധിച്ച് അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട നിബന്ധനകളുടെ ലംഘനമാണെന്ന് വിളിച്ചുപറയാന്‍ പോലും ഭീരു കൂട്ടങ്ങളായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മാറിയിരിക്കുന്നുവെന്നുകൂടിയാണ് വെളിപ്പെടുന്നത്. ഇത്തരത്തില്‍ അക്കാദമിക്-ശാസ്ത്ര മേഖലകളിലുള്ളവരെ വിധേയന്മാരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്നതാണ് വാസ്തവം…”
_ കെ സഹദേവന്‍

ഹിന്ദു ദേശീയതയും ആധുനിക ശാസ്ത്രവും – Part – 2

“War is Peace, Freedom is Slavery, Ignorance is Strength”
_ George Orwell, 1984

ജോര്‍ജ്ജ് ഓര്‍വൈല്ലിന്റെ 1984 എന്ന നോവലിലെ പ്രശസ്തമായ ഈ വാചകം ദൈനംദിന ജീവിതത്തില്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഓര്‍വെല്ലിയന്‍ വിരുദ്ധോക്തിയുടെ ഏറ്റവും കടുത്ത ഇരകളായി മാറിയിരിക്കുന്നത് അക്കാദമിക്-ശാസ്ത്ര മേഖലകളാണെന്നത് ഒരുവേള പലരും ശ്രദ്ധിക്കാതെ പോയ സംഗതിയാണ്. തഥാ കഥിത സ്വാതന്ത്ര്യം അടിമത്തമാണെന്ന് തിരിച്ചറിഞ്ഞാല്‍ പോലും ഒന്നുറക്കെ പ്രതിഷേധിക്കാന്‍പോലും പറ്റാത്ത രീതിയില്‍ അക്കാദമിക/ശാസ്ത്ര രംഗം മാറിയിരിക്കുന്നു.

ചന്ദ്രയാനുമായി ബന്ധപ്പെട്ട ഉദാഹരണമെടുക്കുക: ചാന്ദ്രയാന്‍ കാലുകുത്തിയ പ്രദേശത്തിന് ‘ശിവശക്തി’ എന്ന് പേര് നല്‍കുമ്പോള്‍ അത് പ്ലാനറ്ററി സൈറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നത് സംബന്ധിച്ച് അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട നിബന്ധനകളുടെ ലംഘനമാണെന്ന് വിളിച്ചുപറയാന്‍ പോലും ഭീരു കൂട്ടങ്ങളായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മാറിയിരിക്കുന്നുവെന്നുകൂടിയാണ് വെളിപ്പെടുന്നത്. ഇത്തരത്തില്‍ അക്കാദമിക്-ശാസ്ത്ര മേഖലകളിലുള്ളവരെ വിധേയന്മാരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്നതാണ് വാസ്തവം.

രണ്ടാം വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ കാലം തൊട്ടുതന്നെ ഇന്ത്യയുടെ അക്കാദമിക് മേഖലകളുടെ കാവിവല്‍ക്കരണത്തിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അക്കാലത്ത് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളീ മനോഹര്‍ ജോഷി (1998-99) സാധ്യമായ എല്ലാ വഴികളിലൂടെയും വേദഗ്രന്ഥങ്ങളെ പാഠ്യപദ്ധതികളിലേക്ക് തിരുകിക്കയറ്റാനുള്ള നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളില്‍ വേദാന്തം ഒരു പഠന വിഷയമായി മാറുകയും പ്രശസ്തമായ ഐ.ഐ.ടികളിലൊന്നില്‍ ഭൗതികശാസ്ത്രത്തെ വേദാന്തത്തിലെ ഒരധ്യായമായി അവതരിപ്പിക്കുകയും ചെയ്തത് ഇക്കാലയളവിലാണ്. അതോടൊപ്പം തന്നെ ‘ഹിന്ദുധര്‍മ്മം: അധ്യാപകര്‍ക്കൊരു വഴികാട്ടി’ എന്നൊരു കൈപ്പുസ്തകം അധ്യാപകര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുകയും ചെയ്തു. സനാതന ഹിന്ദുധര്‍മ്മം ആധുനിക ശാസ്ത്രത്തിലെ പല കണ്ടെത്തലുകളെയും നിഗമനങ്ങളെയും എത്രനേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് അധ്യപകരെ ബോധ്യപ്പെടുത്തുന്നതിനുള്ള കൈപ്പുസ്തകമായിരുന്നു ഇത്.

BUY NOW – Brief History Of Time: From Big Bang To Black Holes by Stephen Hawking

ആധുനിക ഭൗതികശാസ്ത്രവും ജീവശാസ്ത്രവും പ്രകൃതി, ശക്തി, ബ്രാഹ്‌മണം, ഗുണം എന്നീ ഹൈന്ദവ സങ്കല്‍പ്പങ്ങളെ സമന്വയിപ്പിച്ച് വൈരുദ്ധ്യങ്ങളേതുമില്ലാതെ ‘വൈദിക ശാസ്ത്രം’ (Vedic Science) എന്ന പരികൽപനകളിലൂടെ വിദ്യാഭ്യാസ പദ്ധതികളിന്മേല്‍ വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമായിരുന്നു മുരളീ മനോഹര്‍ ജോഷി തുടങ്ങിവെച്ചത്. ക്വാണ്ടം മെക്കാനിക്‌സ് മുതല്‍ പരിണാമ സിദ്ധാന്തം വരെയുള്ള ആധുനികശാസ്ത്രത്തിലെ എല്ലാ സിദ്ധാന്തങ്ങളെയും തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ പുനര്‍നിര്‍വ്വചിക്കാനുള്ള ശ്രമങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടപ്പിലാക്കപ്പെട്ടു. ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയ പലതും സര്‍വ്വകലാശാലാ ഗവേഷണ വിഷയങ്ങളായി മാറി. അത്തരം മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് കയ്യയഞ്ഞ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കപ്പെട്ടു. ജ്യോതിഷത്തിന് ബിരുദാനന്തര ബിരുദങ്ങള്‍ നല്‍കാന്‍ സംസ്ഥാന – കേന്ദ്ര സര്‍വ്വകലാശാലകള്‍ നിര്‍ബന്ധിതമായി.

ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയില്ലാതെ തങ്ങളുടെ വിശ്വാസാധിഷ്ഠിത ‘ശാസ്ത്ര’ത്തിന് നിലനില്‍പ്പില്ലെന്ന തിരിച്ചറിവ് തങ്ങളുടെ ഏത് പ്രവൃത്തിയെയും ആധുനികശാസ്ത്രത്തിന്റെ കുറ്റിയില്‍ കൊണ്ടുചെന്ന് കെട്ടാന്‍ അവരെ നിര്‍ബന്ധിതരാക്കി. ആധുനികശാസ്ത്രവുമായുള്ള പൊരുത്തപ്പെടല്‍ മറ്റേത് മതങ്ങളേക്കാളും കൂടുതല്‍ സാധ്യമാകുന്നത് തങ്ങള്‍ക്കാണെന്ന് ഹിന്ദുത്വയുടെ വക്താക്കള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലം നേടിയെടുക്കാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനമെന്താണ്? ഇവിടെ പ്രൊഫ. മീരാനന്ദയെ കൂടുതലായി ഉദ്ധരിക്കുന്നത് കാര്യങ്ങള്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ സഹായിക്കും. ”നിഷേധത്തില്‍ നിന്ന് ഒഴിഞ്ഞുമാറുക, വ്യക്തമായ വൈരുദ്ധ്യങ്ങളെ നിഷേധിക്കുക, ധാര്‍മ്മിക ക്രമം ഉയര്‍ത്തിപ്പിടിക്കുന്ന ടെലിയോളജിക്കല്‍ വായനയ്ക്കായി ശാസ്ത്രത്തിന്റെ സാംസ്‌കാരിക അധികാരം ഏറ്റെടുക്കുക എന്നിവയാണ് അടിസ്ഥാനപരമായ ലക്ഷ്യം. (ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം അതിദേശീയതയെ മുന്‍നിര്‍ത്തിയുള്ള താല്‍പര്യങ്ങള്‍ കൂടി പ്രധാനമാണ്.) ആധുനിക ശാസ്ത്രവുമായി ബന്ധപ്പെട്ട സകലതിനെയും എടുത്തുപ്രയോഗിക്കുവാന്‍ ഹിന്ദുത്വയുടെ വക്താക്കള്‍ തയ്യാറാകുന്നത് കാണാം.

കൃത്യമായ ഭരണഭൂരിപക്ഷം പോലും ഇല്ലാതെ അധികാരത്തിലെത്തിയ ആദ്യകാലങ്ങളില്‍ തന്നെ ഇന്ത്യയുടെ സാമ്പ്രദായിക ആണവ നയങ്ങളെ നിരാകരിച്ചുകൊണ്ട്, രണ്ടാം ആണവ പരീക്ഷണത്തിന് വാജ്‌പേയ് സര്‍ക്കാര്‍ മുന്‍കൈ എടുത്തതും ഈയവസരത്തില്‍ ഓര്‍ക്കുക.

ഈ ഹൈപ്പര്‍ – സയന്റിസം ആധുനിക യുഗത്തിലെ ഒരു പ്രതിഭാസമാണെന്ന് പ്രൊഫ. മീരനന്ദ ചൂണ്ടിക്കാട്ടുന്നു. ആധുനികത്തിനു മുമ്പുള്ള കാലഘട്ടത്തില്‍, വിശ്വാസയോഗ്യവും ന്യായയുക്തവുമായി പ്രത്യക്ഷപ്പെടുന്നതിന് ശാസ്ത്രത്തിന് ദൈവശാസ്ത്ര(Theology)ത്തിന്റെ പിന്തുണയും സമ്മതവും ആവശ്യമായിരുന്നു. നമ്മുടെ കാലത്ത്, അത് നേരെ മറിച്ചാണ്: വിശ്വാസയോഗ്യവും യുക്തിസഹവും ആയി പ്രത്യക്ഷപ്പെടുന്നതിന് ശാസ്ത്രത്തിന്റെ പിന്തുണ ആവശ്യമുള്ളത് ദൈവശാസ്ത്രത്തിനാണെന്ന് വരുന്നു. അതുകൊണ്ടുതന്നെ, എല്ലാ മതമൗലികവാദികളും തങ്ങളുടെ സവിശേഷ ലോകവീക്ഷണത്തെ സ്ഥിരീകരിക്കുന്നതിന് ആധുനിക ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന യുക്തിഭദ്രതയെയും കാര്യകാരണബന്ധങ്ങളെയും അതിന്റെ സാര്‍വ്വലൗകിക സ്വഭാവത്തെയും സമ്പൂര്‍ണ്ണമായി നിരാകരിക്കുമ്പോള്‍ തന്നെ അവയെ അപ്രോപ്രിയേറ്റ് ചെയ്യാന്‍ ഹിന്ദുത്വ വക്താക്കള്‍ക്ക് സാധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ശാസ്ത്ര കോണ്‍ഗ്രസ്സുകളെ അഭിസംബോധന ചെയ്യുമ്പോള്‍ പൗരാണിക മിത്തുകളെ ശാസ്ത്രസത്യങ്ങളെന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് യാതൊരു വൈമനസ്യവും അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല, കേട്ടുനില്‍ക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് അവയിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവവും ഇല്ലെന്ന് വരുന്നു. അടിമത്തം സ്വാതന്ത്ര്യമായി ആഘോഷിക്കപ്പെടുന്ന ഓര്‍വെല്ലിയന്‍ വിരുദ്ധോക്തി പ്രവര്‍ത്തിക്കുന്നതിവിടെയാണ്.
തുടരും…

ഈ ലേഖനത്തിന്റെ ഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter | Threads