ലക്ഷദ്വീപിൽ മോഡി എന്താണ് ലക്ഷ്യംവെയ്ക്കുന്നത്?

ലക്ഷദ്വീപുകാരുടെ ജീവിതം താറുമാറാക്കുന്ന നയങ്ങൾ തുടരെ തുടരെയാണ് അവിടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇന്നലെ അംഗനവാടികൾ അടച്ചുപൂട്ടലായിരുന്നെങ്കിൽ ഇന്ന് കപ്പൽഗതാഗത സംവിധാനം കേന്ദ്രസർക്കാർ ഉടമയിലുള്ള ഷിപ്പിങ്ങ് കോർപ്പറേഷന് കൈമാറുന്ന പ്രഖ്യാപനമാണ്. ദ്വീപുകാർക്കുണ്ടായിരുന്ന ഒരു തൊഴിലവസരം, അതോടെ അഖിലേന്ത്യാ തൊഴിൽ വിപണിയിലെ മത്സരത്തിൽ അകപ്പെടും. ഫലം ഊഹിക്കാവുന്നതേയുള്ളു…

കെ മുരളി

ദ്വീപുകാരുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ജനാധിപത്യ ശക്തികളുടെയും ശക്തമായ എതിർപ്പ് വകയെയ്ക്കാതെയുള്ള ഈ നീക്കങ്ങൾക്കു പിന്നിൽ എന്താണ് പ്രേരണ? ഒന്നല്ല, പലതുമുണ്ട്. പുതിയ ഭരണാധികാരിയുടെ സ്വേച്ഛാധിപത്യപരമായ സമീപനവും അതിൽ ഒന്നാണ്. കേന്ദ്രഭരണപ്രദേശമായ ഡിയുവിലും ഇങ്ങനെയൊക്കെയാണ് ഇയാൾ ചെയ്തത്. അവിടെ ഭരിപക്ഷം ഹിന്ദുക്കളാണ്. ദ്വീപിൽ ചെയ്യുന്നതുപോലെ അവിടെയും കടപ്പുറത്തുള്ള മത്സ്യതൊഴിലാളി ഷെഡുകളും മറ്റും ഇടിച്ചുനിരത്തി, തീരം ഏതാണ്ട് മുഴുവനായും ടൂറിസം വ്യവസായികൾക്ക് കൈമാറി. അംഗനവാടികളിൽ മുട്ട കൊടുത്തിരുന്നത് നിർത്തി, സസ്യാഹാരം നിർബന്ധമാക്കി. ഏതാണ്ട് 600 പ്രാദേശികരെ പിരിച്ചുവിട്ടു. ഇതിന്റെ തനിയാവർത്തനം മാത്രമാണോ ദ്വീപിൽ കാണുന്നത്?

അതിലും അപ്പുറം സംഘപരിവാറിന്റെ ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തിന്റെ സവിശേഷ താല്പര്യം ശ്രദ്ധേയമാണ്. ഏതാണ്ടെല്ലാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബീഫ് ഭക്ഷിക്കുന്നവർ ധാരാളമുണ്ട്. മിക്കതിലും ബിജെപി നേരിട്ടോ സഖ്യശക്തികൾ വഴിയോ ഭരിക്കുന്നു. എന്നിട്ടും ദ്വീപിൽ ബീഫ് നിരോധനം അടിച്ചേല്പിക്കാൻ കാണിച്ച തിരക്ക് ഇവിടങ്ങളിൽ കണ്ടില്ല. അവിടെ ക്രൈസ്തവരാണ് ബീഫ് കഴിക്കുന്നുത്. ദ്വീപ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ദേശദ്രാഹി സംഘികളുടെ ഹിറ്റ്ലിസ്റ്റിൽ ക്രൈസ്തവർ തൽക്കാലം ഒന്നാം നിരയിൽ ഇല്ലല്ലൊ. ദ്വീപിന്റെ കച്ചവടം ബേപ്പൂരിൽ നിന്ന് മംഗലൂരുവിലേയ്ക്ക് മാറ്റിയതിന് പിന്നിലും ഈ ഫാസിസ്റ്റ് സംഘത്തിന്റെ സവിശേഷ താല്പര്യം കാണാം. കർണ്ണാടകത്ത് അതിന് ഏറ്റവുമധികം സ്വാധീനമുള്ള ജില്ലയാണ് മംഗലൂരു തലസ്ഥാനമായ ദക്ഷിണ കന്നഡ.

ദല്ലാൾ ഉദ്യോഗസ്ഥ മേധാവിത്ത മുതലാളിവർഗത്തിൽ ഇപ്പോൾ മേൽകൈ നേടിയിരിക്കുന്ന അംബാനി, അഡാനി മുതലായവരുള്ള ഗുജറാത്തി ലോബിയുടെ താല്പര്യവും പുതിയ ദ്വീപ് നയങ്ങളിൽ നേരിട്ടു പങ്കുവഹിയ്ക്കുന്നു. ഗുജറാത്തിന്റെ സമ്പദ്ഘടനയിൽ വലിയ സ്ഥാനമുള്ള അമൂൽ സംഘത്തിന്റെ പാല് ദ്വീപുകാർ വാങ്ങണമെന്ന നിർബന്ധം ഒരു തുടക്കം മാത്രമായിരിക്കും. വരാനിരിക്കുന്ന നി‍ർമ്മാണ പ്രവർത്തനങ്ങളിലും ടൂറിസം പദ്ധതികളിലും ഈ ദല്ലാൾ കുത്തകകളുടെ പങ്ക് വലുതായിരിക്കും. അഖണ്ഡ ഭാരത്തത്തിന്റെ ഏക പ്രതിനിധി തങ്ങളാണെന്ന സംഘികളുടെ അവകാശവാദവും അതിലെ ഗ്രൂപ്പുകളെ യഥാർത്തത്തിൽ നയിക്കുന്ന വ‍ർഗതാല്പര്യങ്ങളും സങ്കുചിത പ്രാദേശിക പക്ഷപാതങ്ങളുമാണ് ഇവിടെ വെളിപ്പെടുന്നത്.

പ്രത്യക്ഷത്തിൽ കാണുന്ന ഇത്തരം കാര്യങ്ങളെ കൂടാതെ മറ്റൊന്നു കൂടിയല്ലേ? പുതിയ നയങ്ങൾ നടപ്പാക്കിയ രീതിയാണ് ആ സംശയം ഉയർത്തുന്നത്. കവറത്തിയിൽ മത്സ്യതൊഴിലാളികളുടെ കടപ്പുറത്തുള്ള ഷെഡുകൾ റംസാന്റെ അന്നാണ് പൊളിച്ചത്. കരുതിക്കൂട്ടി വർഗീയപ്രകോപനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നപോലെ. പ്രകോപനങ്ങളും ഗുണ്ടാ ആക്ടും. ഇനി ഏതെങ്കിലും ഒരു ദ്വീപിൽ ഒന്നോ രണ്ടോ ബാംബുകൂടി പൊട്ടിച്ചാൽ മതി. ചിത്രം പൂർണ്ണമാകും. ഇതെന്തിനുള്ള പുറപ്പാടാണ്? അസ്വസ്ഥരായ ജനങ്ങൾ നടത്തിയേക്കാവുന്ന പ്രക്ഷോഭങ്ങളോ ഇസ്‌ലാമിക തീവ്രവാദ ഭീഷണിയെന്ന ഉമ്മാക്കിയോ ഉയർത്തികാട്ടി ദ്വീപുകളെ വലിയതോതിൽ സൈനികവത്കരിക്കാനാണോ മോഡി ലക്ഷ്യംവെയ്ക്കുന്നത്? യുഎസ്-ചൈന മത്സരത്തിൽ ഇന്ത്യയെ കരുവാക്കുന്നതിന്റെ തുടർച്ച ഇതിലുണ്ടോ? ഇന്ത്യാ സമുദ്രത്തിലെ തന്ത്രപ്രധാന സ്ഥാനത്താണ് ലക്ഷദ്വീപുകൾ.

Follow | Facebook | Instagram Telegram | Twitter