ഈ തീരദേശ ജനത ആർക്ക് വോട്ട് ചെയ്യണം? എന്തിനു വോട്ട് ചെയ്യണം?

വലിയൊരു ദുരന്തമുഖത്താണ് ആ പ്രദേശവും ജനങ്ങളും. മേരി ചേച്ചി ഈ പാരിസ്ഥിതിക പ്രതിസന്ധിയുടെ ഇരയാണ്. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് പ്രത്യേകിച്ച് ഒരു പദ്ധതിയും ഇല്ല…

അഡ്വ. തുഷാർ നിർമ്മൽ സാരഥി

ഇതു മേരിച്ചേച്ചി. ചെല്ലാനം കമ്പനിപ്പടിയിൽ ഉള്ള അവരുടെ വീടാണ് ചിത്രത്തിൽ. സുഖമില്ലാത്ത മകനുമൊത്തു അവർ ഈ വീട്ടിൽ താമസിക്കുന്നു. കായലിൽ വെള്ളം പൊങ്ങിയാൽ അവരുടെ വീടിനു ചുറ്റും വെള്ളം കയറും. എക്കൽ അടിഞ്ഞു കായൽ നികന്നു പോയി കൊണ്ടിരിക്കുന്നതാണ് കായലിൽ വെള്ളം പൊങ്ങാനുള്ള കാരണങ്ങളിൽ ഒന്ന്‌. അശാസ്ത്രീയമായ വികസന-നിർമ്മാണ പദ്ധതികളുടെ അനന്തര ഫലമാണ് എക്കൽ അടിഞ്ഞു കൂടാൻ കാരണം. ഈ എക്കൽ കായലിലൂടെ ഒഴുകി കടലിൽ എത്തുകയും തീരക്കടലിലെ ഒഴുക്കിൽ കൂടി തീര സമ്പുഷ്‌ടീകരണത്തിന് ലഭ്യമാകേണ്ടതുമാണ്.

എന്നാൽ പ്രകൃതിയുടെ ഈ ചലനങ്ങളെ പരിഗണിക്കാതെയുള്ള നിർമ്മാണങ്ങളും വികസന പദ്ധതികളും കാരണം എക്കൽ കായലിൽ നിഞ്ഞും കടലിലേക്ക് ഒഴുകി എത്തുന്നില്ല. കായൽ തീരത്തിനടുത്ത് എക്കൽ അടിഞ്ഞു കായൽ നികർന്ന് പോകുകയോ ആഴം ഗണ്യമായി കുറയുകയോ ചെയ്യുന്നു. ഫലമോ? കായൽ തീരത്തെ പ്രദേശങ്ങളിൽ വേലിയേറ്റ സമയത്തു വെള്ളം കയറുന്നു.

കിഴക്ക് കൊച്ചി കായലും പടിഞ്ഞാറു അറബിക്കടലും അതിരിടുന്ന ചെല്ലാനം തീരത്തെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. കൊച്ചി കപ്പൽച്ചാലിന്റെ ആഴം കൂട്ടി കൊണ്ടിരിക്കുന്നതിനാൽ ഓരോ വർഷം കഴിയും തോറും വേലിയേറ്റ സമയത്തെ കുത്തൊഴുക്കിന്റെ ശക്തിയും ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവും കൂടുകയാണ്. ഇത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു.

വലിയൊരു ദുരന്തമുഖത്താണ് ആ പ്രദേശവും ജനങ്ങളും. മേരി ചേച്ചി ഈ പാരിസ്ഥിതിക പ്രതിസന്ധിയുടെ ഇരയാണ്. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് പ്രത്യേകിച്ച് ഒരു പദ്ധതിയും ഇല്ല. ആകെ അവർ ചെയ്യാൻ ശ്രമിക്കുന്നത് കായലിലെ എക്കൽ ഡ്രഡ്ജ്ജ് ചെയ്തു നീക്കാനാണ്. പക്ഷെ അത് ശാശ്വതമായ ഒരു പരിഹാരമല്ല. ഏതാനും വര്ഷങ്ങൾക്കകം വീണ്ടും എക്കൽ അടിഞ്ഞു സമാനമായ അവസ്ഥയിൽ എത്തും.

ചെല്ലാനം-കൊച്ചി തീരം പുനർനിർമ്മിക്കുകയാണ് ഈ പ്രശ്നത്തിനു പരിഹാരം കാണാനുള്ള ആദ്യ നടപടി. അതിനു കായൽ ഡ്രഡ്ജ് ചെയ്തെടുക്കുന്ന എക്കൽ ഉപയോഗിക്കാവുന്നതാണ്. ഈ നിർദ്ദേശം സർക്കാരിന് മുന്നിൽ ചെല്ലാനം-കൊച്ചി ജനകീയ വേദി അവതരിപ്പിച്ചിട്ടുള്ളതാണ്. പക്ഷെ സർക്കാരിന് അതിൽ താൽപ്പര്യമില്ല. അടുത്ത വെള്ളപ്പൊക്കം വരുമ്പോൾ എന്തു ചെയ്യും എന്ന ആശങ്കയിലാണ് ഈ ജനത.

വെള്ളം കയറുമ്പോൾ കക്കൂസ് മാലിന്യം ഉൾപ്പടെ പുറത്തു ഒഴുകി നടക്കുന്ന അവസ്ഥയാണ്. വേലിയിറക്കത്തിന്റെ സമയം വരെ കക്കൂസ് ഉപയോഗിക്കാതെ ജീവിക്കേണ്ട ഗതികേടിലാണ് ഈ ജനങ്ങൾ. ഈ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ എവിടെയെങ്കിലും ചർച്ച ആകുന്നുണ്ടോ? ഇതൊക്കെ പരിഹരിച്ച് തീരവാസികളെയും തീരത്തെയും സംരക്ഷിക്കാൻ ഒരു പദ്ധതിയും പരിപാടിയും ഇല്ലാത്ത രാഷ്ട്രീയപ്രസ്ഥാനങ്ങൾ വോട്ട് ചോദിച്ചു വരികയാണ്. തീരത്തിന്റെ ഈ ദുരവസ്ഥക്ക് കാരണം ഇന്നുവരെ ഇവിടം ഭരിച്ചു മുടിച്ച ഈ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.

ഇനി പറയൂ, ഈ തീര ജനത ആർക്ക് വോട്ട് ചെയ്യണം? എന്തിനു വോട്ട് ചെയ്യണം?

Like This Page Click Here

Telegram
Twitter