അഭിപ്രായപ്രകടനങ്ങളെ ക്രിമിനൽവൽക്കരിക്കുന്ന ‘സ്വകാര്യ അന്യായ ദേശീയത’

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫസ്റ്റ് പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ കുറിപ്പിന് ആധാരം.


അഡ്വ. തുഷാർ നിർമ്മൽ സാരഥി

1860ലെ ഇന്ത്യൻ ശിക്ഷാനിയമം നടപ്പിലാക്കപ്പെടുമ്പോൾ രാജ്യദ്രോഹകുറ്റം ഉൾപ്പെട്ടിരുന്നില്ല. 1898ൽ മാത്രമാണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹം ഒരു കുറ്റമായി ചേർക്കപ്പെടുന്നത്.1898 മുതൽ 1950 വരെയുള്ള കൊളോണിയൽ ഭരണകാലവും സ്വാതന്ത്ര്യാനന്തരം 3 വർഷവും കൂടി ഉൾപ്പെടുന്ന കാലത്തിനിടക്ക് രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യദ്രോഹ കേസുകളുടെ എണ്ണം 175 ആയിരുന്നു.

സ്വാതന്ത്ര്യാനന്തരം 1950 മുതൽ 2009 വരെയുള്ള കാലത്തിനിടക്ക് 172 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ 2010 മുതൽ 2019 വരെയുള്ള ഒമ്പത് വർഷത്തിനിടക്ക് 91 രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതിൽ തന്നെ 2014 മുതൽ 2019 വരെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അധികാര കാലവുമായി ബന്ധപ്പെട്ട അഞ്ചു വർഷത്തിനിടക്ക് 58 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. അതായത് 1950 മുതൽ 1970 വരെയുള്ള 20 വർഷക്കാലത്തിനിടയ്ക്ക് രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യദ്രോഹം കേസുകളുടെ എണ്ണത്തെക്കാൾ കൂടുതലാണ് നരേന്ദ്രമോദി സർക്കാറിന്റെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടക്ക് രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യദ്രോഹ കേസുകളുടെ എണ്ണം.

1950 മുതൽ 70 വരെയുള്ള കാലത്തിനിടയ്ക്ക് രജിസ്റ്റർ ചെയ്യപ്പെട്ടത് 49 കേസുകളാണ്. ഇത്തരം കേസുകളിൽ മഹാഭൂരിപക്ഷവും വ്യക്തികളോ സംഘടനകളോ കോടതിയിലോ പോലീസിലോ നൽകുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത് എന്നതാണ് വാസ്തവം.

‘സ്വകാര്യ അന്യായ ദേശീയത ‘ (Private Complaint Nationalism) എന്നു പേരിട്ടു വിളിക്കാവുന്ന ഒരു പ്രവണതയിലേക്കാണ് ഈ സ്ഥിതിവിവരക്കണക്കുകൾ വിരൽചൂണ്ടുന്നത്. ഇത്തരം കേസുകൾക്ക് പിന്നിലെ സംഘടിതമായ ഇടപെടലിനെയാണ് അടുത്തകാലത്ത് അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും എതിരായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലെ ഭീമമായ വർദ്ധനവ് വെളിവാക്കുന്നത്.

ഇത്തരം കേസുകളിൽ പരാതിക്കാരായി വരുന്നത് മിക്കവാറും സംഘ് പരിവാർ സംഘടനകളോ അവയുടെ പ്രവർത്തകരോ അനുഭാവികളോ ഒക്കെയാണ്. പാരമ്പര്യവും സംസ്കാരവും വിശ്വാസവും മറ്റും സംരക്ഷിക്കുന്നതിന് എന്നപേരിൽ രൂപീകരിച്ചിട്ടുള്ള ചില എൻജിഒ സംഘങ്ങളുടെ പേരിലും ഇത്തരം കേസുകൾ നൽകുന്നതായി കാണാം.

സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന സങ്കുചിത ദേശീയതയുടെയും ഭരണകൂടത്തിന്റെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളുടെയും സംഗമ കേന്ദ്രങ്ങളാണ് ഈ സ്വകാര്യ പരാതികൾ. സങ്കുചിതവും അക്രമാസക്തമായ സംഘപരിവാറിന്റെ സവർണ ഹൈന്ദവ ദേശീയതയ്ക്ക് ഭരണകൂട പിന്തുണയുണ്ടെന്ന് ഒരു പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു.

പോലീസ് ഇടപെടലുകളും കോടതി നടപടികളും കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന ഭയത്തിന്റെതായ അന്തരീക്ഷത്തിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളും ആശയസംവാദങ്ങളും തടസ്സപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124A വകുപ്പിൽ പറയുന്ന രാജ്യദ്രോഹ കുറ്റത്തെ കുറിച്ച് മാത്രമാണ് ഫസ്റ്റ് പോസ്റ്റ് ലേഖനം പരാമർശിക്കുന്നത്. ഭീകരവിരുദ്ധ നിയമം ഉൾപ്പെടെയുള്ള മറ്റു നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കേസുകൾ കൂടിയാകുമ്പോൾ നാം നേരിടുന്ന അപകടം വളരെ വലുതാണെന്ന് കാണാം.

ഹിന്ദുത്വ ഫാസിസ്റ്റുകളുടെ , ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ സങ്കുചിതദേശീയ ബോധത്തിനും മതവർഗീയതയ്ക്കും ജാതി ബോധത്തിനും സ്ത്രീവിരുദ്ധതക്കും വംശീയ ബോധത്തിനും എതിരായിട്ടുള്ള ഏതൊരു അഭിപ്രായപ്രകടനങ്ങളെയും ക്രിമിനൽവൽക്കരിക്കുകയും അതുവഴി അവയെ അരാഷ്ട്രീയവൽക്കരിക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് ‘സ്വകാര്യ അന്യായ ദേശീയത’ എന്ന ഈ പ്രവണത. നമ്മുടെ ഭരണകൂടസ്ഥാപനങ്ങളിലും വ്യവസ്ഥയിലും അന്തർലീനമായ ദൗർബല്യത്തെ കൂടി പ്രതിഫലിക്കുന്നതാണ് ഇത്. നീതിന്യായ രംഗത്ത് കാര്യമായ പുനർ വിചിന്തനവും പ്രതിരോധവും ഈ അപകടകരമായ പ്രവണതക്കെതിരെ ഉയരേണ്ടതുണ്ട്.

Leave a Reply