കേരളത്തിലെ ജയിലുകളിൽ എന്താണ് സംഭവിക്കുന്നത്? | അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി

തടവുകാർക്ക് ജയിലിനകത്ത് എന്ത് സംഭവിക്കുന്നു എന്നത് പൊതുവിൽ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ വ്യവഹാരങ്ങളിൽ അവഗണിക്കപ്പെടുന്ന ഒരു വിഷയമാണ്. ജയിലുകളെ കുറിച്ച് പൊതുവിൽ പുറത്തു വരുന്നതാകട്ടെ തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചും എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ നിയന്ത്രിക്കാനുള്ള ജയിൽ ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളും ആണ്. ആഴ്ചയിൽ രണ്ടു ദിവസം മീൻകറിയും ഒരു ദിവസം ഇറച്ചിയും നൽകുന്ന ജയിലിലെ മെനു തടവകാർക്കു സുഭിക്ഷമായ ജീവിതമാണെന്ന മുറുമുറുപ്പിന്റെ അകമ്പടിയോടെ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്ങി വരും. പക്ഷെ വാസ്തവം അതാണോ ?

കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിൽ 87 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 2 ലെ കണക്കനുസരിച്ച് അവിടെ പാർപ്പിച്ചിരിക്കുന്നത് ആകെ 187 തടവുകാരെയാണ്. അതായത് ഉള്ള സൗകര്യത്തിന്റെ 115% അധികം. തടവുകാരെ സെല്ലുകളിൽ എപ്പോഴും പൂട്ടിയിടുന്നതിനെതിരെ കോടതിയിൽ ഒരു വിചാരണ തടവുകാരൻ പരാതി ഉന്നയിച്ചപ്പോഴാണ് ജയിൽ അധികൃതർ ഈ കണക്ക് കോടതിയെ അറിയിച്ചത്. പരാതി അടിസ്ഥാനരഹിതമാണെന്നും രാവിലെ 6.30 മുതൽ 8 മണിവരെയും വൈകീട്ട് 4 മുതൽ 5.30 വരെയും തടവുകാരെ സെല്ലിൽ നിന്നും പുറത്തിറക്കാറുണ്ട് എന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. രാവിലെ 6.30 മുതൽ 8 വരെയുള്ള സമയങ്ങളിൽ തടവുകാരെ പുറത്തിറക്കുന്നത് അവരുടെ പ്രഭാതകൃത്യങ്ങൾക്കാണ്. പല്ലുതേപ്പ്, കക്കൂസ് ഉപയോഗം, തുണി അലക്കൽ, കുളി എന്നിവയെല്ലാം ഈ സമയത്താണ്. 187 തടവുകാർ ഉള്ള ജയിലിൽ ഒരു തടവുകാരന് ഈ 90 മിനുട്ടിൽ ഇതിനെല്ലാം കൂടി ശരാശരി എത്ര സമയം കിട്ടും ? ആലോചിച്ചു നോക്കൂ.

രാവിലെയും വൈകീട്ടുമുള്ള ഈ 90 മിനുട്ടുകൾ മാറ്റി നിറുത്തിയാൽ ബാക്കിയുള്ള മുഴുവൻ സമയവും തടവുകാരെ സെല്ലുകളിൽ പൂട്ടിയിടുകയാണ് കാക്കനാട് ജില്ലാ ജയിലിൽ പതിവ്. കോടതിയിൽ ജയിൽ അധികൃതർ സമർപ്പിച്ച റിപ്പോർട്ടിൽ അത് അംഗീകരിക്കുന്നുമുണ്ട്. ജയിൽ ചട്ടങ്ങൾ അതനുവദിക്കുന്നുണ്ടോ ? ഇല്ല. ജയിൽ ചട്ടങ്ങൾ അനുസരിച്ച് രാവിലെ സെല്ലുകൾ തുറന്നു കണക്കെടുപ്പ് നടത്തിയാൽ പിന്നെ വൈകീട്ടാണ്‌ തടവുകാരെ ലോക്കപ്പ് ചെയ്യേണ്ടത്. സുരക്ഷയുടെയും ജയിൽ അച്ചടക്കത്തിൻറെയും പേരിൽ ജയിൽ നിയമങ്ങൾ പാലിക്കാതിരിക്കുകയാണ് ജയിൽ അധികൃതർ.

87 തടവുകാർ താമസിക്കേണ്ടിടത്ത് 187 പേരെ താമസിപ്പിക്കുക. ദിവസത്തിൽ അധിക സമയവും അവരെ സെല്ലുകളിൽ പൂട്ടിയിടുക. തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഇതെങ്ങനെ ബാധിക്കും എന്നാലോചിച്ചു നോക്കൂ. ഇപ്പോഴാകട്ടെ ഈ കടുത്ത ചൂടുള്ള കാലാവസ്ഥയിൽ ഈ അടച്ചിടൽ തുടരുന്നത് എത്രമാത്രം ഭീകരമാണെന്നു കൂടി ഒന്ന് ചിന്തിച്ചു നോക്കൂ.

ജയിൽ നിയമവും ചട്ടങ്ങളും തടവുകാർക്ക് അറിയാൻ പാകത്തിന് ജയിലിൽ പ്രദർശിപ്പിക്കണം എന്ന് സുനിൽ ബാത്ര കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ചതാണ്. പക്ഷെ ഇപ്പോഴും ആ നിർദ്ദേശം വിധിന്യായത്തിലെ ജീവനില്ലാത്ത വാചകം മാത്രമാണ്. തടവുകാർ ചോദിച്ചാൽ ഒരു പക്ഷെ ജയിൽ അധികൃതർ നൽകിയാൽ ആയി എന്നതാണ് ഇപ്പോഴും അവസ്ഥ. കേരള സർക്കാർ പുതിയ ജയിൽ നിയമം കൊണ്ടുവന്നത് 2010 ൽ ആണ്. അതനുസരിച്ചുള്ള ചട്ടങ്ങൾ പാസാക്കിയത് 2014 ലും. എന്നാൽ ഇതേ വരെ ഈ ചട്ടങ്ങളുടെ ഇംഗ്ലീഷ് പതിപ്പിന് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയിട്ടില്ല. അംഗീകൃത ഇംഗ്ലീഷ് പരിഭാഷ ഇല്ല എന്ന കാരണം മലയാളം അറിയാത്ത തടവുകാർക്ക് ജയിൽ ചട്ടങ്ങൾ നൽകാതിരിക്കുന്നതിനുള്ള ന്യായമായി മാറുകയാണ്. തടവുകാരുടെ സംശുദ്ധീകരണവും സന്മാർഗ്ഗീകരണവും ക്ഷേമവും ഒക്കെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.

സാമൂഹ്യ ജീവിത നിലവാര സൂചികകളിൽ ലോകത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലാണ് കേരളം എന്ന അവകാശവാദത്തിന് പക്ഷെ ജയിലുകളിൽ എത്തുമ്പോൾ എന്ത് സംഭവിക്കുന്നു ? ജയിൽ ഭക്ഷണത്തെ കുറിച്ചുള്ള വമ്പു പറച്ചിൽ കൊണ്ട് മാത്രം നമുക്ക് ആ ലോക നിലവാരം ആർജ്ജിക്കാൻ കഴിയുമോ?
_ അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി

ചിത്രം: തടവുകാരെ കുത്തി നിറച്ച മ്യാൻമറിലെ ഇൻസിൻ (Insein) ജയിലിലെ അവസ്ഥ കാണിക്കുന്ന ചിത്രം. Maung Pho എന്ന തടവുകാരൻ വരച്ച ഇതുൾപ്പടെയുള്ള 14 ചിത്രങ്ങൾ ആ ജയിലിൽ നിന്നും ഒളിച്ചു കടത്തുകയും പിന്നീട് മാധ്യമങ്ങളിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

Follow us on | Facebook | Instagram Telegram | Twitter | Threads